തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി സസ്‌പെൻഡ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ.

എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്നും ജന പ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേസിൽ പ്രതിയായതോടെ നടപടിയുണ്ടാകുമെന്ന് നേരത്തെ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. എൽദോസിനെ സംരക്ഷിക്കില്ലെന്ന് കെ.സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞദിവസം, പാർട്ടിക്ക് എൽദോസ് വിശദീകരണം നൽകിയിരുന്നു. താൻ നിരപരാധിയെന്നും ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു എൽദോസിന്റെ വിശദീകരണം. കേസ് രാഷ്ട്രീയ പ്രേരിതമാണ്. പാർട്ടി അച്ചടക്കനടപടി സ്വീകരിക്കും മുൻപ് തന്റെ ഭാഗം കൂടി കേൾക്കാൻ തയ്യാറാവണമെന്ന് എൽദോസ് കെപിസിസിക്ക് നൽകിയ വിശദികരണത്തിൽ പറയുന്നു. വക്കീൽ മുഖേനയൊണ് എൽദോസ് വിശദീകരണം നൽകിയത്.

ഒരു പിആർ ഏജൻസി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി തീർത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിശദീകരണത്തിൽ പറയുന്നു. തനിക്കെതിരായ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും നിലനിൽക്കുന്നതല്ല. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാനാകുമെന്നും വിശദീകരണക്കുറിപ്പിൽ പറുയുന്നു.

യുവതിക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്. അതിന്റെ പൂർണവിവരങ്ങളും പകർപ്പുകളും വിശദീകരണത്തിനൊപ്പം നൽകിയിട്ടുണ്ട്. നേരത്തെയും യുവതി പലർക്കുമെതിരെ ഇത്തരത്തിൽ വ്യാജപരാതി നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരുപരാതിയാണ് ഇത് എന്നും എൽദോസ് പറയുന്നു. കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ, ഒളിവിലായിരുന്ന എൽദോസ് വീട്ടിൽ തിരിച്ചെത്തിയിരുന്നു.

അദ്ധ്യാപികയുടെ പരാതിയിൽ ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിനായി എൽദോസ് കുന്നപ്പിള്ളി ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. തുടർന്ന് എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുൻകൂർ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. 

തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ എംഎൽഎയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എൽദോസിന്റെ ഫോണും പാസ്‌പോർട്ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യങ്ങൾക്ക് എൽദോസ് കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

നവംബർ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാനും മുൻകൂർ ജാമ്യ ഉപാധിയിൽ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം. 11 ദിവസമായി ഒളിവിലായിരുന്ന എംഎൽഎ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.

പാസ്‌പോർട്ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് അഡി. സെഷൻസ് കോടതി എൽദോസിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് ഒളിവിലായിരുന്ന എൽദോസ് പെരുമ്പാവൂരിലെത്തിയത്.