ഷിംല: എണ്ണവിലയിലെ വർധനവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ഹിമാചൽ ജനത ഇക്കുറി തെരഞ്ഞെടുപ്പിൽ മനസ്സു മാറ്റുമോ? ഈ ഭയം ശക്തമായിരിക്കേയാണ് ബിജെപി തെരഞ്ഞെടുപ്പിലെ നേരിടാൻ ഒരുങ്ങുന്നത്. മുൻകാലങ്ങളിൽ കോൺഗ്രസിനെ മാത്രം ഭയന്നാൽ മതായായിരുന്നു ബിജെപിക്ക്. എന്നാൽ, ഇക്കുറി ചിത്രം മാറുകയാണ്. ആം ആദ്മി തങ്ങളുടെ രാഷ്ട്രീയം പയറ്റാൻ ഹിമാചൽ പ്രദേശിലേക്ക് രംഗത്തിറങ്ങുന്നതോടെ പോരാട്ടം പൊടിപാറുകയാണ്.

ഡൽഹി മാതൃകയിലുള്ള ഭരണവും സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ആപ് കളംപിടിച്ചപ്പോൾ ഭരണകക്ഷിയായ ബിജെപി. പ്രതിരോധത്തിലായി. ഇതിനിടയിൽ സാന്നിധ്യമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ചെറിയ സംസ്ഥാനമാണ് ഹിമാചൽ. 68 നിയമസഭാംഗങ്ങളും നാല് ലോക്സഭാംഗങ്ങളുംമാത്രമുള്ള സംസ്ഥാനത്തിന്റെ ഭരണം 1993 മുതൽ കോൺഗ്രസും ബിജെപി.യും മാറിമാറിയാണ് കൈയാളുന്നത്. എന്നാൽ, ഈ ദ്വികക്ഷിരാഷ്ട്രീയത്തിലേക്ക് ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് വേദി സങ്കീർണമാക്കിയിരിക്കയാണ്. പഞ്ചാബിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് അയൽസംസ്ഥാനമായ ഹിമാചലിലേക്ക് ആപ് പ്രവേശിക്കുന്നത്. പതിവുരീതിയിൽ ആം ആദ്മി പാർട്ടി കളംപിടിച്ചു തുടങ്ങിയപ്പോൾ പരമ്പരാഗത പാർട്ടികളിൽ അങ്കലാപ്പ് പ്രത്യക്ഷമാണ്.

ഡൽഹി-പഞ്ചാബ് ഭരണമാതൃകകൾ, സൗജന്യവൈദ്യുതി, 15 ലക്ഷം പേർക്ക് തൊഴിൽ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ വാഗ്ദാനങ്ങളാണ് ആപ് വോട്ടർമാർക്ക് നൽകിയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മലയിളക്കി നടത്തുന്ന പ്രചാരണത്തിൽ വിപുലമായ ആൾസാന്നിധ്യവുമുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് പല കേന്ദ്രങ്ങളിലും വേരുകളുള്ള സിപിഎം. ആപിന് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ആപിന്റെ വരവിനെ തുടക്കത്തിൽ അവഗണിച്ച ബിജെപി.യും കോൺഗ്രസും രണ്ടാംഘട്ടമായപ്പോൾ അപകടം തിരിച്ചറിഞ്ഞു.

കോൺഗ്രസ് ദുർബലമായ കേന്ദ്രങ്ങളിൽ മാത്രമല്ല, ബിജെപി.യുടെ തട്ടകങ്ങളിലും ആപ് സാന്നിധ്യമുറപ്പിച്ചു. ഇതോടെ ആപ്പിന്റെ സൗജന്യവാഗ്ദാനങ്ങളെ വിമർശിച്ച് ഇരുപാർട്ടിയും രംഗത്തുവന്നു. സൗജന്യവാഗ്ദാനങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ ആഞ്ഞടിച്ചു. മോദിക്കുപുറമേ അമിത് ഷാ, ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ നേരത്തേതന്നെ പ്രചാരണരംഗത്ത് സജീവമാണ്. ബിജെപി.തന്നെ ഭരണംപിടിക്കുമെന്ന് ചില തിരഞ്ഞെടുപ്പ് സർവേകൾ പറയുന്നുണ്ട്. എന്നാൽ, ദീർഘകാലം ഭരണം കൈയാളിയ നിലവിലെ പ്രതിപക്ഷമായ കോൺഗ്രസ് അപകടം തിരിച്ചറിഞ്ഞിട്ടും സജീവമാകാൻ കഴിയാത്ത നിലയിലാണ്.

ഉൾപ്പാർട്ടി പ്രശ്‌നങ്ങൾമൂലം വശംകെട്ട പാർട്ടിക്ക് കടുത്ത ആഘാതമേകി വർക്കിങ് പ്രസിഡന്റ് ഹർഷ മഹാജൻ ബിജെപി.യിൽ ചേക്കേറിയത് അടുത്തിടെയാണ്. സംസ്ഥാനത്തെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ വിമതപക്ഷമായ ജി 23നൊപ്പമാണ്. സംസ്ഥാന തിരഞ്ഞെടുപ്പുസമിതി ചെയർമാൻസ്ഥാനംപോലും രാജിവച്ചാണ് ശർമയുടെ നിൽപ്പ്. വൈകിയെങ്കിലും കോൺഗ്രസിന്റെ പ്രചാരണത്തിന് വെള്ളിയാഴ്ച സോളനിൽ പ്രിയങ്ക തുടക്കമിട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾ മാറി മാറി അധികാരത്തിൽ വരുന്ന ചരിത്രമാണ് രണ്ടു പതിറ്റാണ്ടായി ഹിമാചൽ പ്രദേശിനുള്ളത്. ഇതുവരെ ആറ് തവണ കോൺഗ്രസ് അധികാരത്തിലെത്തി. മൂന്ന് തവണ ബിജെപിയും. 2017ൽ ബിജെപിയുടെ സംസ്ഥാനത്തെ മുഖമായിരുന്ന പ്രേം കുമാർ ധൂമാൽ ഫോൺ ചോർത്തൽ വിവാദത്തിൽപെട്ട് മണ്ഡലത്തിൽ പരാജയപ്പെട്ടതോടെയാണ് ജയറാം താക്കൂർ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.

അന്നുമുതൽ പ്രേം കുമാർ ധൂമാലിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ ഒരു വിഭാഗം ജയറാം താക്കൂറിനെതിരെ നീങ്ങുകയാണ്. 2021 ൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോകസഭാ മണ്ഡലത്തിലും കോൺഗ്രസ് വിജയിച്ചു. ഇതോടെ ഭരണ വിരുദ്ധ വികാരം നേരിടുന്നതിനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങി. ഇത്തവണയും ജയറാം താക്കൂറിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി രണ്ടു മാസം മുമ്പേ പ്രചാരണം തുടങ്ങിയിട്ടുണ്ട്. 68 സീറ്റുകളുള്ള ഹിമാചൽ പ്രദേശിൽ 35 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനുവരി 8 നാണ് സംസ്ഥാനത്തെ നിയമസഭയുടെ കാലാവധി തീരുന്നത്. 2017 ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 44 സീറ്റും, കോൺഗ്രസ് 21 സീറ്റും നേടിയിരുന്നു.