Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുറത്തിറങ്ങുന്നവർക്ക് എല്ലാ സുരക്ഷയും നൽകുമെന്ന ഉറപ്പ് നൽകിയത് പൊലീസും സർക്കാരും; വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയവർക്ക് നേരിടേണ്ടി വന്നത് ബൈക്കിലെത്തുന്ന മുഖം മൂടി സംഘങ്ങളുടെ ആക്രമണം; നേതാക്കളെ എൻഐഎ പൊക്കിയപ്പോൾ ഹർത്താൽ ദിന അക്രമത്തിൽ അണികളും അകത്ത്; പോപ്പുലർ ഫ്രണ്ട് വലച്ചത് ജനത്തെ; നശിപ്പിച്ചത് പൊതുമുതലും

പുറത്തിറങ്ങുന്നവർക്ക് എല്ലാ സുരക്ഷയും നൽകുമെന്ന ഉറപ്പ് നൽകിയത് പൊലീസും സർക്കാരും; വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയവർക്ക് നേരിടേണ്ടി വന്നത് ബൈക്കിലെത്തുന്ന മുഖം മൂടി സംഘങ്ങളുടെ ആക്രമണം; നേതാക്കളെ എൻഐഎ പൊക്കിയപ്പോൾ ഹർത്താൽ ദിന അക്രമത്തിൽ അണികളും അകത്ത്; പോപ്പുലർ ഫ്രണ്ട് വലച്ചത് ജനത്തെ; നശിപ്പിച്ചത് പൊതുമുതലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹർത്താലിന് പൊതു ജനത്തിന് എല്ലാ സുരക്ഷയും ഒരുക്കുമെന്നും കെ എസ് ആർ ടി സി ബസുകൾ ഓടുമെന്നും കടകൾ തുറക്കണമെന്നും ആഹ്വാനം ചെയ്തത് പൊലീസും സർക്കാരുമാണ്. ഹർത്താലിനെ നേരിടാൻ എല്ലാം ചെയ്തുവെന്നും വിശദീകരിച്ചു. ഇതു വിശ്വസിച്ചാണ് ഇന്നലെ മലയാളികൾ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. അപ്പോഴാണ് പൊലീസും സർക്കാരും പറഞ്ഞതൊന്നും നടക്കുന്ന കാര്യല്ലെന്ന് മനസ്സിലായത്. ചില കെ എസ് ആർ ടി സി ഡ്രൈവമാർക്ക് കണ്ണ് നഷ്ടപ്പെട്ടു. കാഴ്ചക്കാരൻ ആവാൻ ആഗ്രഹിക്കാത്ത പൊലീസുകാരന് നേരെ ഹർത്താൽ അനുകൂലികൾ ബൈക്ക് കയറ്റി ഇറക്കി. ബസുകളും വാഹനങ്ങളും അടിച്ചു തകർത്തു. അങ്ങനെ എല്ലാ അർത്ഥത്തിലും പോപ്പുലർ ഫ്രണ്ട് ഹർത്താൽ ജനത്തെ വലച്ചു. പൊലീസ് കാഴ്ചക്കാരുമായി. മുൻ ഉത്തരവ് ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ.

കെഎസ്ആർടിസി സർവീസ് നടത്തുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ യാത്ര സാധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, രാവിലെ മുതൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു. റോഡിലിറങ്ങാനും കടകൾ തുറക്കാനും ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ട് അതിരാവിലെ തന്നെ പലയിടത്തും അക്രമങ്ങളുണ്ടായി. സംസ്ഥാനത്താകെ 24 പേർക്കു പരുക്കേറ്റു. എല്ലാം പൊലീസ് നോക്കി നിന്നു. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമവും കല്ലേറും ബോംബേറും നടന്നു. അക്രമങ്ങളിൽ 170 പേർ അറസ്റ്റിലായി. സംസ്ഥാനത്താകെ 157 കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ കേസ് കണ്ണൂർ സിറ്റിയിലാണ്. പ്രതിരോധ നടപടികൾക്കായി 368 പേരെ കരുതൽ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു. അങ്ങനെ നേതാക്കൾക്ക് പിന്നാലെ അണികളും അകത്തായി.

കെഎസ്ആർടിസി ബസുകളും ലോറികളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പലയിടത്തും കടകളും സ്ഥാപനങ്ങളും അടിച്ചുതകർത്തു. കെഎസ്ആർടിസിയുടെ 8 ഡ്രൈവർമാർ ഉൾപ്പെടെ 24 പേർക്കു പരുക്കേറ്റു. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ. അക്രമങ്ങളുമായി ബന്ധപ്പെട്ട് 157 കേസുകൾ രജിസ്റ്റർ ചെയ്തു. 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കി. ഏറ്റവും കൂടുതൽ കേസ് കണ്ണൂരിലും (30) അറസ്റ്റ് കോട്ടയത്തും (87) കരുതൽ തടങ്കൽ മലപ്പുറത്തുമാണ് (118).

സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. ലോറികൾക്കു നേരെയും കല്ലെറിഞ്ഞു. ഡ്രൈവർമാർ ഉൾപ്പെടെ പത്തുപേർക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ ജിനുവിനു പരുക്കേറ്റു. അക്രമത്തെ തുടർന്ന് പല ജില്ലകളിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു.

കണ്ണൂരിൽ ബോംബേറും ആർഎസ്എസ് ഓഫീസ് ആക്രമണവും

കണ്ണൂർ മട്ടന്നൂർ പാലോട്ട് പള്ളിയിൽ ലോറിക്കുനേരെ പെട്രോൾ ബോംബെറിഞ്ഞു. ലോറിയുടെ ചില്ല് തകർന്നു. ഇരിട്ടിയിൽനിന്നും തലശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായി എഡിജിപി അറിയിച്ചു. കണ്ണൂരിൽ മിൽമ ടീ സ്റ്റാൾ അടിച്ചുതകർത്തു. ജോലി ചെയ്യുകയായിരുന്ന അതിഥിത്തൊഴിലാളിക്ക് തലയ്ക്ക് പരുക്കേറ്റു. കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കല്യാശേരിയിൽ ബോംബുമായി ഒരാളെ കസ്റ്റഡിയിലെടുത്തു.

മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. ജനൽചില്ല് തകർന്നു. ഓഫിസിലെ കിടക്കയ്ക്ക് തീപിടിച്ചു. സ്‌കൂട്ടിയിലെത്തിയ രണ്ടുപേരാണ് ബോംബ് എറിഞ്ഞത്. കൊല്ലത്ത് പൊലീസുകാർക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിച്ചു കയറ്റി. കോട്ടയം സംക്രാന്തിയിൽ ലോട്ടറി കട അടിച്ചുതകർത്തു. ചങ്ങനാശേരിയിൽ ഡോക്ടർക്ക് കല്ലേറിൽ പരുക്കേറ്റു. ഈരാറ്റുപേട്ടയിലും സംഘർഷമുണ്ടായി. പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി.

തൃശൂർ ചാവക്കാട് ആംബുലൻസിനു നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിലും കോഴിക്കോട്ടും ഹോട്ടലുകൾ അടിച്ചുതകർത്തു. നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് അക്രമത്തിൽ പരുക്കേറ്റു. ഹോട്ടലിനു മുൻപിൽ നിർത്തിയിട്ട ബൈക്കും തകർത്തു.

മുഖം മറച്ച് ബൈക്കിലെത്തി അടിച്ചുതകർത്തു

പത്തനംതിട്ട ജില്ലയിൽ 3 കെഎസ്ആർടിസി ജീവനക്കാർക്കും ഒരു സർക്കാർ ഉദ്യോഗസ്ഥനും പരുക്കേറ്റു. മലപ്പുറം ജില്ലയിൽ അങ്ങാടിപ്പുറത്തും പൊന്നാനിയിലും കെഎസ്ആർടിസി ബസുകൾക്കു നേരെ ആക്രമണമുണ്ടായി. പൊന്നാനിയിൽ മുഖം മറച്ച് ബൈക്കിലെത്തിയവർ കല്ലെറിയുന്നത് ലോറി ഡ്രൈവർ വിഡിയോയിൽ പകർത്തിയതിനെത്തുടർന്ന് 3 പേരെ അറസ്റ്റ് ചെയ്തു. മുഖം മറച്ച് ബൈക്കിലെത്തിയായിരുന്നു കേരളത്തിലെ മിക്ക സ്ഥലത്തും അക്രമം നടത്തിയത്. അതുകൊണ്ട് തന്നെ പല സ്ഥലത്തും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

ആലപ്പുഴ നീർക്കുന്നത്ത് 3 കെഎസ്ആർടിസി ബസുകൾക്കും വളഞ്ഞവഴിയിൽ ലോറിക്കും കാക്കാഴത്ത് കണ്ടെയ്‌നർ ലോറിക്കും കാറിനും കല്ലെറിഞ്ഞു. എറണാകുളം ജില്ലയിൽ പലയിടത്തായി 6 കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടറുടെ കാർ കല്ലെറിഞ്ഞു തകർത്തു. കോഴിക്കോട് നാലാം ഗേറ്റിനു സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ കാറിനു നേരെയും ആക്രമണമുണ്ടായി.

സർക്കാർ അറിഞ്ഞിട്ടില്ല-സിപിഎം

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാർ അറിഞ്ഞിട്ടേയില്ലെന്ന് സിപിഎം. മതത്തെ ഉപയോഗിച്ച് ന്യൂനപക്ഷ വർഗീയത പ്രചരിപ്പിക്കുന്നവരാണ് പോപ്പുലർ ഫ്രണ്ട്. റെയ്ഡ് നടത്തിയതിന്റെ പേരിലുള്ള ഹർത്താലിനെ സിപിഎം അനുകൂലിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

തൃശൂരിൽ രോഗിയുമായി പോയ ആംബുലൻസിനു നേരെയും കോഴിക്കോട് താമരശേരിയിൽ ഡയാലിസിസിനു രോഗിയെ കൊണ്ടുപോയ വാഹനത്തിനു നേരെയും കല്ലേറുണ്ടായി. കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ചുവീഴ്‌ത്തി. തൃശൂർ പാവറട്ടി വാക സെന്ററിൽ കള്ളുഷാപ്പുകൾക്കു മുന്നിൽ ഊരിപ്പിടിച്ച വാളുകളുമായി ഹർത്താലനുകൂലികളെത്തി.

കെഎസ്ആർടിസിയുടെ 70 ബസുകൾ തകർത്തെന്നും 42 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും അധികൃതർ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ, ബസുകൾ തകർത്തതുമൂലം ഷെഡ്യൂളുകൾ മുടങ്ങില്ലേയെന്നു ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നഷ്ടം കോടികളാവില്ലേയെന്നും ചോദിച്ചു. ബസുകൾ തകർത്തവരിൽ നിന്നു നഷ്ടം ഈടാക്കണമെന്നും കോടതി പറഞ്ഞു.

പൊലീസുകാരെ ബൈക്കിടിച്ചു വീഴ്‌ത്തി; ഗുരുതര പരുക്ക്

ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്കിൽ ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ഹർത്താൽ അനുകൂലികൾ ബൈക്കിടിച്ചു വീഴ്‌ത്തി. ഇരവിപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആന്റണി, കൊല്ലം എആർ ക്യാംപിൽ നിന്നു ഡ്യൂട്ടിക്കെത്തിയ നിഖിൽ എന്നിവർക്കു ഗുരുതര പരുക്കേറ്റു.

ബൈക്കിലെത്തി യാത്രക്കാരെ അസഭ്യം വിളിച്ച ഹർത്താൽ അനുകൂലികളെ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു അതിക്രമം. പൊലീസിന്റെ ബൈക്കിലേക്ക് ഇവരുടെ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കണ്ണിനു താഴെ എല്ലിനു പൊട്ടലുണ്ടായ ആന്റണിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP