Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഹലാൽ വേശ്യാവൃത്തിയും' 'ഹലാൽ ഡേറ്റിങ്ങ് സൈറ്റുമുള്ള' രാജ്യം; ഒരു മണിക്കൂറിനുപോലും താൽക്കാലിക വിവാഹങ്ങൾ; എന്നിട്ടും പ്രശ്നം സ്ത്രീകൾ തലമറയ്ക്കാത്തതെന്ന്; തട്ടമിടാത്തതിന് 22കാരിയെ തല്ലിക്കൊന്ന് പൊലീസ്; ശിരോവസ്ത്രം ഊരിയെറിഞ്ഞും കത്തിച്ചും മുടിമുറിച്ചും സ്ത്രീകൾ തെരുവിൽ; ഇന്ത്യയിലെ ചോയ്സ് വാദക്കാർ ഈ രോഷം കാണണം; ഇറാൻ ഹിജാബ് കത്തിക്കുമ്പോൾ!

'ഹലാൽ വേശ്യാവൃത്തിയും' 'ഹലാൽ ഡേറ്റിങ്ങ് സൈറ്റുമുള്ള' രാജ്യം; ഒരു മണിക്കൂറിനുപോലും താൽക്കാലിക വിവാഹങ്ങൾ; എന്നിട്ടും പ്രശ്നം സ്ത്രീകൾ തലമറയ്ക്കാത്തതെന്ന്; തട്ടമിടാത്തതിന് 22കാരിയെ തല്ലിക്കൊന്ന് പൊലീസ്; ശിരോവസ്ത്രം ഊരിയെറിഞ്ഞും കത്തിച്ചും മുടിമുറിച്ചും സ്ത്രീകൾ തെരുവിൽ; ഇന്ത്യയിലെ ചോയ്സ് വാദക്കാർ ഈ രോഷം കാണണം; ഇറാൻ ഹിജാബ് കത്തിക്കുമ്പോൾ!

എം റിജു

രു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം നടന്നത് അധികകാലം ആയിട്ടില്ല. കർണ്ണാടകയിലൊക്കെ ദീർഘകാലം കോളജുകൾ അടഞ്ഞു കിടക്കുന്നതിനുപോലും ഇത് ഇടയാക്കി. ഹിജാബ് തങ്ങളുടെ ചോയ്സാണെന്നും, യൂണിഫോമിന് പകരമായി അംഗീകരിക്കാനാവില്ലെന്നുമുള്ള വാദമാണ് ഇവർ ഉയർത്തിയത്. എന്നാൽ ഇസ്ലാമിക രാഷ്ട്രമായ ഇറാനിലേക്ക് നോക്കുക. വെറുമൊരു ഇസ്ലാമിക രാഷ്ട്രം മാത്രമല്ല ഈ ഷിയാ രാജ്യം. ഇസ്ലാമിക കാർക്കശ്യത്തിന്റെ അവസാന വാക്കുകൂടിയാണ്. എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ ഫത്വ വന്നതും, അതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങൾക്ക്ശേഷം അദ്ദേഹം ആക്രമിക്കപ്പെട്ടതും പൊൽറ്റിക്കൽ ഇസ്ലാമിന് ഇറാന്റെ സംഭാവനകൾ തന്നെയാണ്. ആ രാജ്യത്ത് ഇന്ന് ശക്തമായ ഹിജാബ് വരുദ്ധ സമരം നടക്കയാണ്!

ഹിജാബ് കീറിയെറിഞ്ഞും, കത്തിച്ചും, മുടിമുറിച്ചും ആയിരക്കണക്കിന് സ്ത്രീകൾ തെരുവുകളിൽ പ്രതിഷേധിക്കയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമകാലീന ഇറാൻ കണ്ട ഏറ്റവും വലിയ വനിതാ പ്രതിഷേധം എന്നാണ് ഇതേക്കുറിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. സദാചാര പൊലീസിനും, മതകാർക്കശ്യങ്ങൾക്കും എതിരെ തുടങ്ങിയ സമരം, സത്യത്തിൽ ഇറാനിൽ ഖുമേനിയെ അനുകരിക്കുന്ന കടുത്ത മതമൗലികാവാദിയായ പുതിയ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കെതിരായ പ്രതിഷേധം കൂടിയാവുകയാണ്. ഇതിനൊക്കെ ഇടയാക്കിയത് ആവട്ടെ, ഹിജാബ് ധരിക്കാത്തതിന് മഹ്‌സ അമിനി എന്ന 22കാരിയെ പൊലീസ് ദാരണുമായി തല്ലിക്കൊന്ന സംഭവമാണ്.

മഹ്‌സ അമിനിയെ കൊന്നത് ആര്?

ഇറാനിൽ പുതിയ പ്രസിഡന്റായി റെയ്സി അധികാരമേറ്റതോടെയാണ്, ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് നിർബന്ധിതമായി ശിരോവസ്ത്രം വേണമെന്നും, അത് ലംഘിക്കുന്നവർക്ക് എതിരെ കർശനമായി നടപടി എടുക്കാനും തീരുമാനിച്ചത്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മറയ്ക്കുന്നുണ്ടോ, ഹിജാബ് ധരിക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി ഗഷ്തെ ഇർഷാദ് (ഗൈഡൻസ് പട്രോൾ) എന്ന ഒരു പൊലീസ് വിഭാഗവും ഉണ്ട്. ശരിക്കും ഭരണകൂടം നിയന്ത്രിക്കുന്ന സാദാചാര പൊലീസ് തന്നെയാണിത്. ഒരു ശിരോവസ്ത്രം താഴേപ്പോയാലും, നെരിയാണിക്ക് മുകളിൽ കണ്ടാലും ഇവർ ക്രൂരമായ മർദനമാണ് അഴിച്ചുവിടുക. നമസ്‌ക്കാര സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്ന പുരഷന്മാർക്കും കിട്ടും ചുട്ടയടി. ഇങ്ങനെ മരുന്ന വാങ്ങാൻ ഇറങ്ങിയ ഒരു വൃദ്ധനെ ചാട്ടക്ക് അടിച്ചതിന് നേരത്തെ ഗൈഡൻസ് പട്രോളുകാർ വിവാദത്തിൽ ആയിരുന്നു. അതിന് പിന്നാലെയാണ് മഹ്‌സ അമിനിയുടെ മരണ വാർത്ത പുറത്തുവരുന്നത്.

ടെഹ്‌റാനിൽ സഹോദരൻ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാൻ എത്തിയതായിരുന്നു കുർദ് വനിതയായ മഹ്‌സ അമിനി. സെപ്റ്റംബർ 13ന് ഇരുവരും ഷാഹിദ് ഹഗാനി എക്സ്പ്രസ് വേയിൽ എത്തിയപ്പോൾ ഉചിതമായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞു. ഇത് കേട്ടാൽ തോന്നു ബിക്കിനി ധരിച്ചാണ് മഹ്സ എത്തിയത് എന്നാണ്. എന്നാൽ തീർത്തും മാന്യമായ രീതിയിൽ അവർ വസ്ത്രം ധരിച്ചിരുന്നു. എന്നാൽ ഇസ്ലാമിക നിയമപ്രകാരം കണ്ണുകൾവരെ മൂടുന്ന രീതിയിൽ ശിരോവസ്ത്രവും തട്ടവും ധരിച്ചിരുന്നില്ല. ഇതോടെയാണ് അവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനെയിരെ യുവതി ചെറുക്കുന്നതും, പൊലീസ് മർദിക്കുന്നതുമെല്ലാം കൂട്ടുകാർ എടുത്ത വീഡിയോയിൽ വ്യക്തമാണ്.

യുവതിയെ പൊലീസ് നിർബന്ധിച്ച് വാനിൽ വോസാര അവനുവിൽ ഉള്ള സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നു യുവതിയുടെ സഹോദരൻ ആരോപിച്ചു. തടയാൻ ശ്രമിച്ച തനിക്കും മർദനമേറ്റു. പൊലീസ് സ്റ്റേഷനിൽ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ബോധവത്കരണത്തിനു ശേഷം മഹ്സയെ വിട്ടയ്ക്കുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും സഹോദരൻ പറയുന്നു. താൻ പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ തട്ടമിടാതെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത പന്ത്രണ്ടോളം യുവതികൾ അവിടെയുണ്ടായിരുന്നു. പലരും ഉച്ചത്തിൽ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. മഹ്സയെ പൊലീസ് വാനിൽ വച്ച് ക്രൂരമായി പൊലീസ് ആക്രമിച്ചുവെന്നും സഹോദരൻ ആരോപിച്ചു.

പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മഹ്‌സ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. പൊലീസ് മഹ്‌സയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞ് തങ്ങൾ അവിടെ ചെല്ലുമ്പോൾ അവൾ ഐസിയുവിലാണ് എന്നാണ് അറിയുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് യുവതിയുടെ മരണവാർത്ത എത്തുകയായിരുന്നു. മരിച്ചത് ഹൃദയാഘാതം കൊണ്ടാണെന്നാണ് സർക്കാർ പൊലീസ് പറയുന്നത്. എന്നാൽ വെറും 22 വയസ്സുള്ള പൂർണ്ണ ആരോഗ്യവതിയായ യുവതിക്ക് എങ്ങനെയാണ് ഹൃദയാഘാതം വരികയെന്നും, പൊലീസ് മർദനത്തിന്റെ രക്തസാക്ഷിയാണ് മഹ്‌സ അമിനിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നു.

ഹിജാബ് കീറിയും കത്തിച്ചും പ്രതിഷേധം

അമിനിയുടെ മരണവാർത്ത പുറത്തുവന്നതിനുപിന്നാലെ ജനം, പ്രത്യേകിച്ച സ്ത്രീകൾ, സാദചാര പൊലീസിനെതിരെ തിരിഞ്ഞു. പതിറ്റാണ്ടുകളായി തങ്ങൾ അനഭവിക്കുന്ന പീഡനത്തിന്റെ രോഷം ഒറ്റ ദിവസം കൊണ്ട് അണപൊട്ടി ഒഴുകി. ആശുപത്രിക്കുമുന്നിൽ ജനം തടിച്ചുകൂടി. പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചെന്ന് മനുഷ്യാവകാശസംഘടനകൾ ആരോപിച്ചു. തുടർന്ന് അമിനിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്‌കരിച്ചു. സംഘർഷ സാധ്യത മുൻനിർത്തി ചടങ്ങുകൾ ഒഴിവാക്കാൻ പൊലീസ് നിർബന്ധിച്ചെന്നും പരാതിയുണ്ട്.

പ്രതിഷേധത്തിനിടെ സ്ത്രീകൾ ഹിജാബ് ഊരിയെറിയുകയും കത്തിക്കുയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചിട്ടും ജനം പിരിഞ്ഞുപോയില്ല. യുവതിയുടെ സംസ്‌ക്കാര ചടങ്ങ് കഴിഞ്ഞിട്ടും പ്രതിഷേധം അടങ്ങിയില്ല. നിരവധി സ്ത്രീകൾ തെരുവിലറങ്ങി, പരസ്യമായി ഹിജാബ് ഊരിയെറിഞ്ഞ് കത്തിച്ചു. ചില സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിച്ചു. ഇറാനിയൻ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് ചില സ്ത്രീകൾ മുടി മുറിക്കുന്നതിന്റേയും ശിരോവസ്ത്രം കത്തിക്കുന്നതിന്റെയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പെട്ടന്നുതന്നെ ഈ പ്രതിഷേധം പ്രസിഡന്റിന് എതിരെയായി മാറി. 'സ്വേച്ഛാധിപതിക്ക് മരണം' എന്ന് മുദ്രാവാക്യം വിളിച്ചാണ് സ്ത്രീകൾ തെരുവിലിറങ്ങിയത്. സാദചാര പൊലീസിന്റെ കൺമുന്നിലൂടെ അവർ ശിരോവസ്ത്രമില്ലാതെ നടന്നു. '' ഒരു ശരാശരി ഇറാനിൻ വനിതയുടെ ജീവിതം പേടിച്ച് പേടിച്ചാണ്. തട്ടം പാറിപ്പോയാൽ, ശിരോവസ്ത്രം ഊർന്നുപോയാൽ, മുഖം കണ്ടാൽ ഞങ്ങൾ പിടിക്കപ്പെടും. ഈ സർക്കാറിന്റെ മുൻഗണന എന്താണ്. രാജ്യത്തിന്റെ പല ഭാഗത്തും കടുത്ത ദാരിദ്രമാണ്. ജനം വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കയാണ്. ആ സമയത്ത് സ്ത്രീകളുടെ വസ്ത്രം നോക്കലാണോ നിങ്ങൾക്ക് പ്രധാനം''- പ്രതിഷേധത്തിൽ പങ്കെടുക്കവേ സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സന ദാവൂദ് മാധ്യമങ്ങൾക്ക് മുമ്പാകെ പൊട്ടിത്തെറിച്ചു.

സാമൂഹികമാധ്യമങ്ങളിലും പൊലീസിനെതിരേ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇറാനിലേത് 'ഗൈഡൻസ് പട്രോൾ' അല്ല 'മർഡർ പട്രോൾ' ആണെന്നാണ് ഇവരുടെ ആക്ഷേപം. 'മർഡർ പട്രോൾ' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പലരും ട്വിറ്ററിൽ പ്രതിഷേധിച്ചത്. ഇറാനിലെ യുവതിയുടെ മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആംനെസ്റ്റി ഇന്റർനാഷണലും ആവശ്യപ്പെട്ടു.

ഇസ്ലാമിക രാഷ്ട്രമായ ഇറാനിൽ മതപരമായരീതിയിലുള്ള വസ്ത്രധാരണം അടക്കം ഉറപ്പുവരുത്തുക എന്നതാണ് 'ഗൈഡൻസ് പട്രോളി'ന്റെ ചുമതല. സദാചാര പൊലീസ്, ഫാഷൻ പൊലീസ് തുടങ്ങിയ പേരുകളിലും ഈ പൊലീസ് വിഭാഗം അറിയപ്പെടുന്നുണ്ട്. നേരത്തെയും പലതവണ ഇറാനിലെ ഗൈഡൻസ് പട്രോളിന്റെ നടപടികൾ രാജ്യാന്തരതലത്തിൽ വാർത്തയായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകളെ അറസ്റ്റുചെയ്യുന്നത് പ്രാകൃതമാണെന്ന് വ്യാപകമായ വിമർശനം വരുന്നുണ്ട്.

ഇതോടെ ഇബ്രാഹിം റെയ്‌സി സർക്കാറും ഏതാണ്ട് പെട്ടപോലെയാണ്. പഴയതുപോലെ സമരക്കാരെ അടിച്ചൊതുക്കാനൊന്നും അവർ ശ്രമിക്കുന്നില്ല. പ്രസിഡന്റ് ആഭ്യന്തര വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിന് ഇറാൻ കോടതി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചതായി അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.

മുത്അ എന്ന 'ഹലാൽ വേശ്യാവൃത്തി'

ഇങ്ങനെയൊക്കെ സ്ത്രീയുടെ ശരീരത്തിലെ ഒരു ചെറിയ ഭാഗം പോലും പുറത്തുകാണത്ത രീതിൽ സംരക്ഷിക്കുന്ന രാജ്യം ആയതുകൊണ്ട് വലിയ സദാചാരമൂല്യങ്ങൾ പിന്തുടരുന്ന ഒരു ഇസ്ലാമിക രാജ്യം എന്നായിരിക്കു പുറമെനിന്ന് നോക്കുമ്പോൾ ഇറാനെക്കുറിച്ച് തോന്നുക. എന്നാൽ ഈ ധാരണ തീർത്തും അബദ്ധമാണെന്നാണ് ഇറാനിൽ ജീവിച്ചവർ പറയുന്നത്. വേശ്യാവൃത്തിയും, വിവാഹേതര ബന്ധങ്ങളും, ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും, എല്ലാം ഇവിടെ വർധിച്ച് വരികയാണ്. പക്ഷേ അതിലൊക്കെയുള്ള ഒരു വ്യത്യാസം ഇറാൻ എല്ലാറ്റിനും ഒരു മതത്തിന്റെ മേമ്പൊടി കൊടുക്കുന്നു എന്നതാണ്!

മുത്വ എന്നു പറയുന്ന ഒരു തരം താൽക്കാലിക വിവാഹത്തിന്റെ മറവിലാണ് ഇവിടെ വേശ്യവൃത്തി കൊഴുക്കുന്നത്. ഇസ്ലാം മതത്തിലെ ഷിയാവിഭാഗത്തിലെ ഏറ്റവും കൂടുതൽ അനുയായികളുള്ള ഇസ്നാ അശ്അരി വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള താൽക്കാലിക വിവാഹത്തെയാണ് മുത്അ വിവാഹം എന്ന് പറയുന്നത്. ഒരാൾക്ക് ഒരു സ്ത്രീയെ ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ കൃത്യമായി നിശ്ചയിച്ച് വിവാഹം ചെയ്യുന്ന രീതിയാണിത്. ഇതിൽ മഹർ നിശ്ചയിച്ചിരിക്കും. വിവാഹ കാലാവധി പൂർത്തിയായാൽ വിവാഹം അവസാനിക്കുന്നതാണ്. വിവാഹ ബന്ധം അവസാനിച്ചാൽ സ്ത്രീകൾ 3 മാസത്തേക്ക് ഇദ്ദ ആചരിക്കണം.

അറേബ്യയിൽ ഇസ്ലാമിന്റെ വരവിനു മുമ്പെ ഉള്ള ആചാരമായിരുന്നു മുത്അ അല്ലെങ്കിൽ താൽക്കാലിക വിവാഹം. അക്കാലത്തുള്ള രീതിയനുസരിച്ച്, സ്ത്രീ താമസിക്കുന്ന ടെന്റിൽ പ്രവേശിക്കുന്ന പുരുഷൻ അവൾക്ക് പണം കൊടുക്കേണ്ടതും പുരുഷനു എപ്പോൾ വേണമെങ്കിലും ടെന്റിൽ നിന്നു പുറത്തുപോകുവാനും സ്ത്രീക്ക് അയാളെ പുറത്താക്കാനുമുള്ള സ്വാതന്ത്രമുണ്ടായിരുന്നു. കാലക്രമത്തിൽ അത്തരം ബന്ധത്തിനു ചില ഉപാധികളും വ്യവസ്ഥകളും ഉണ്ടാക്കുകയും അത് മുത്അ വിവാഹം എന്ന് അറിയപ്പെടുകയുണ്ടായി. യുദ്ധം ചെയ്യുവാനായും മറ്റും വീട് വിട്ട് പോകുന്ന പുരുഷന്മാരാണ് കൂടുതൽ ഇത്തരം വിവാഹങ്ങളിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ പ്രവാചകനായ മുഹമ്മദ് നബി ഇത്തരം വിവാഹങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ക്രമേണ അത് മതവിരുദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി.ഇത്തരം വിവാഹങ്ങളെക്കുറിച്ച് ഹദീസിൽ രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ കാണാം. പക്ഷേ ഇറാനിൽ അത് ഇപ്പോഴും തുടരുന്നു.

മുത്അ വിവാഹത്തിൽ അനന്തരാവകാശം ലഭിക്കുകയില്ല. എന്നാൽ ഇത്തരത്തിൽ ഒരു വ്യ്വസ്ഥ വിവാഹ ഉടമ്പടിയിൽ ഉണ്ടാക്കിയാൽ അനന്തരാവകാശത്തിനു അരഹതയുണ്ടാവുമെന്ന് വാദിക്കുന്നവരും ഷിയ വിഭാഗക്കാർക്കിടയിലുണ്ട്.  മുത്അ വിവാഹത്തിൽ ജീവനാംശം കിട്ടുകയില്ല. എന്നാൽ വിവാഹ ഉടമ്പടിയിൽ ഇക്കാര്യം വ്യവസ്ഥ ചെയ്താൽ ചെലവിനു കൊടുക്കുവാൻ ബാധ്യസ്ഥാനാണ്. മുതുവ വിവഹങ്ങളെ 'ഹലാൽ വേശ്യവൃത്തി' എന്നാണ് എക്സ് മുസ്ലീങ്ങൾ പരിഹസിക്കാറുള്ളത്.

വേശ്യാവൃത്തിക്കുള്ള നിയമപരമായ ഒരു ലൈസൻസായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇറാനിലെ യുവാക്കളും ഇതിനെ അനുകൂലിക്കുന്നവരാണ്. സദാചാര പൊലീസിന്റെ ഉപദ്രവമില്ലാതെ അവർക്ക് അവരുടെ കമിതാക്കൾക്കൊപ്പം ജീവിക്കാനും അവരുടെ പങ്കാളികളിൽ നിന്ന് വേണമെങ്കിൽ വേർപിരിയാനും ഇത് വഴി സാധിക്കും. പാരമ്പര്യവാദികളെ സംബന്ധിച്ചിടത്തോളം, താൽക്കാലിക വിവാഹം സമ്പന്നനായ ഒരു പുരുഷന്, വിവാഹിതനാണെങ്കിൽ പോലും, ലൈംഗിക തൊഴിലാളികളുടെ അടുക്കൽ പോകാനുള്ള ഒരു വഴിയാണ്.

ശ്മശാന ഗുഹകളിലെ ലൈംഗികത്തൊഴിലാളികൾ

ഇറാനിൽ വേശ്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളില്ല. എന്നാലും ഒരു എൻജിഒയായ അഅഫ്തഅബ് സൊസൈറ്റിയുടെ ഹെഡ്, ഫറഹ്നാസ് സെലിം പറയുന്നത് ടെഹ്‌റാൻ പ്രവിശ്യയിൽ മാത്രം ഏകദേശം 10,000 സ്ത്രീകൾ ഈ ജോലിയിൽ ഉൾപ്പെടുന്നുവെന്നും, അതിൽ 35ശതമാനവും വിവാഹിതരാണെന്നുമാണ്. സർക്കാർ ഇതര സംഘടനകൾ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രായം ഈയിടെയായി 20 മുതൽ 30 വയസ്സിൽ നിന്ന് 12 മുതൽ 18 വയസ്സായി കുറഞ്ഞുവെന്നാണ്. 2019 ഡിസംബറിൽ റോഹ്ന വാർത്താ ഏജൻസി ടെഹ്‌റാനിലെ സെമിത്തേരിയിലെ ശ്മശാന ഗുഹകളിൽ താമസിക്കുന്ന ലൈംഗിക തൊഴിലാളികളെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. വെറുമൊരു ഫലഫെൽ സാൻഡ്വിച്ചിനായി സ്വന്തം ശരീരം വിൽക്കേണ്ട ഗതികേടുള്ളവർ. പലപ്പോഴും കുഴിമാടത്തിലാണ് അവർ ആളുകളെ കാത്തിരിക്കുന്നത്. അതും ചിലപ്പോൾ എൺപതും, നൂറും രൂപയ്ക്ക് ശരീരം വിൽക്കാൻ അവർ നിർബന്ധിതരാകുന്നു.

ഇത് കൂടാതെ, ഇറാനിൽ 2002 ൽ ആരംഭിച്ച 'ചാരിറ്റി ഹൗസ്' എന്നറിയപ്പെടുന്ന നിർധനരായ സ്ത്രീകളുടെ സർക്കാർ ഭവനങ്ങളിലും ഇത് നടന്നിരുന്നു. ആരാലും ആശ്രയമില്ലാത്ത പാവപ്പെട്ട സ്ത്രീകൾക്ക് അഭയം നൽകാനും, വിവാഹം കഴിക്കാൻ കഴിയാത്ത പുരുഷന്മാരുടെ ലൈംഗിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുമായുള്ള സ്ഥാപനമാണ് ഇത്. വേശ്യാലയങ്ങളുടെ കൂടുതൽ സ്വീകാര്യമായ പതിപ്പ്. വിവാഹമോചിതരായ, വിധവകളായ അല്ലെങ്കിൽ അവിവാഹിതരായ സ്ത്രീകളാണ് അവിടെയുണ്ടായിരുന്നത്. പിന്നീട് ഈ ആശയം വേണ്ടെന്ന് വച്ചുവെങ്കിലും, ഈ വീടുകളിൽ ചിലത് ഇപ്പോഴും നിലവിലുണ്ട്.

സ്ത്രീകൾക്ക് നേരെയുള്ള ചൂഷണം പല തൊഴിൽ മേഖലകളിലും നിലനിൽക്കുന്നു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധി, ലിംഗവിവേചനം, മതിയായ തൊഴിൽ അവസരങ്ങളുടെ അഭാവം എന്നിവ കാരണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത് ചൂഷണത്തിന് വളമാകുന്നു. പല കമ്പനി മേധാവികളും സ്ത്രീകൾക്കിടയിലെ ഈ ഉയർന്ന തൊഴിലില്ലായ്മ മുതലെടുക്കാൻ ശ്രമിക്കുന്നു. തൊഴിലിനോടൊപ്പം ലൈംഗിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള പരസ്യങ്ങളും അവിടെ കാണാം. ഒരു ഉദാഹരണം ഇങ്ങനെയാണ്: 'സെക്രട്ടറി സ്ഥാനത്തേക്ക് സുന്ദരിയായ, അവിവാഹിതയായ ഒരു സ്ത്രീയെ തിരയുന്നു. ഫ്ലെക്സിബിൾ ജോലി സമയവും, വാരാന്ത്യങ്ങളിൽ ജോലിചെയ്യാനുള്ള പ്രതിബദ്ധതയും പ്രതീക്ഷിക്കുന്നു. പ്രായപരിധി 27 വയസ്സ്.'

ഓൺലൈനിൽ ഇത്തരം നിരവധി പരസ്യങ്ങൾ കാണാം. ഫ്ളാറ്റിന് വേണ്ടിയുള്ള ഒരു ഓൺലൈൻ പോർട്ടലിൽ, ഒരു പുരുഷൻ 25 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീ ഫ്ലാറ്റ്മേറ്റിനെ തിരയുന്നു. അയാളുടെ 130 ചതുരശ്ര മീറ്റർ ഫ്ലാറ്റ് പങ്കിടാൻ അവൾ പ്രതിമാസം 262 രൂപയാണ് നൽകേണ്ടത്. മറ്റൊരാൾ തന്റെ കുട്ടികളെ പരിപാലിക്കാൻ ഒരു ആയയെ തിരയുന്നു. പ്രായപരിധി 40 വയസ്സാണ്. അയാളുമായി ഒരു താൽക്കാലിക വിവാഹത്തിൽ ഏർപ്പെടാൻ അവൾ തയ്യാറാകണമെന്ന് പരസ്യം പറയുന്നു. അതുപോലെ, ഒരു താൽക്കാലിക വിവാഹ ഏജൻസി അതിന് താൽപ്പര്യമുള്ള സ്ത്രീകളുടെ പ്രൊഫൈലുകളുകൾ പ്രസിദ്ധീകരിക്കുന്നു. ഇതൊന്നും യാതൊരു രീതിയിൽ നിയന്ത്രിക്കാൻ ഇറാൻ സർക്കാറിന് കഴിയുന്നില്ല. എന്നിട്ടാണ് അവർ തെരുവിൽ ഇറങ്ങുന്ന സാധാരണക്കാർക്ക് നേരെ തിരിയുന്നത്.


ഒപ്പം ആനന്ദ വിവാഹങ്ങളും

അതുപോലെ ഇറാഖിലെ ഷിയകൾക്കിടയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു അന്ദന്ദ വിവാഹങ്ങൾ ഇറാനിലും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാൻ പുരോഹിതന്മാരുടെ മുൻകൈയിൽ 'ആനന്ദ വിവാഹങ്ങൾ' നടക്കുന്നത്. ഒരു മണിക്കൂറോളവും മറ്റും നീണ്ടുനിൽക്കുന്ന താൽക്കാലിക 'വിവാഹം' നടത്തി ലൈംഗികാവശ്യങ്ങൾക്കായി വിൽക്കുന്നുവെന്ന് റിപ്പോർട്ട്. 'ആനന്ദ വിവാഹം' എന്ന പേരിലാണ് ഈ നിർബന്ധിത വേശ്യാവൃത്തി നടക്കുന്നത്. പുരോഹിതന്മാർ ഇടനിലക്കാരായിനിന്നാണ് ഇത് നടക്കുന്നത്.

.ഇസ്ലാമിന്റെ വരവിന് മുമ്പ് ഇറാഖിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ ഉള്ള ആചാരണങ്ങൾ നിലനിന്നിരുന്നു. ഇതാണ് ഇപ്പോൾ ചില പുരോഹിതന്മാർ പണത്തിന് വേണ്ടി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് നിശ്ചിത തുക നൽകി പെൺകുട്ടികളെ നിശ്ചിത മണിക്കൂറിലേക്കോ ദിവസത്തെക്കോ 'വിവാഹം' ചെയ്യും. അതിന് ശേഷം അവരെ ഉപേക്ഷിച്ച് കടന്നുകളയുകയാണ് പതിവ്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവർ പലപ്പോഴും വേശ്യാവൃത്തി ചെയ്ത് ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും ബിബിസിയുടെ 'അണ്ടർ കവർ വിത്ത് ക്ലറിക്ക്സ്, ഇറാഖ്സ് സീക്രട്ട് സെക്‌സ് ട്രേഡ്' എന്ന പരിപാടിയിൽ വ്യക്തമാക്കുന്നു.

വിവാഹം എല്ലാ കാലത്തേക്കുമായാണ് നടത്തുന്നതെന്ന് വിശ്വസിപ്പിച്ചാണ് പല പെൺകുട്ടികളെയും ആകർഷിക്കുന്നതെന്ന് ബിബിസിയുടെ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട ഇരകളുടെ മൊഴികൾ സൂചിപ്പിക്കുന്നു. മറ്റു ചിലർ ജീവിക്കാൻ മാർഗമില്ലാതെ മത പുരോഹിതന്മാരുടെ വാക്കുകൾക്ക് വഴങ്ങുകയും ചെയ്യുന്നു. പറ്റിക്കപ്പെടുന്നവർ സ്ഥിരമായി വേശ്യവൃത്തി നടത്താൻ വിധിക്കപ്പെടുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

'ഇസ്ലാമിക നിയമപ്രകാരം ഒൻപത് വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് ഒട്ടും പ്രശ്നമുള്ള കാര്യമല്ലെന്ന്' ഒരു പുരോഹിതൻ ബിബിസിയോട് പറഞ്ഞു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കിരാതമായ ആചാരമാണിത്. ഇന്നത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണ്. ഭാര്യമാരുമായി അകന്നു കഴിയുന്ന പുരുഷന്മാർക്ക് നിയമാനുസൃതമായ ബന്ധം സ്ഥാപിക്കാനുള്ള താൽക്കാലിക സംവിധാനമായി ആനന്ദ വിവാഹം കണക്കാക്കപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ ഇറാഖിലെ പല പ്രദേശങ്ങളിലും മതപുരോഹിതന്മാരുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ബിബിസി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഷിയാക്കൾക്ക് ഇടയിൽ ഇറാനിലും ഇത്തരം ആനന്ദവിവാഹങ്ങൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഹലാൽ ഡേറ്റിങ്ങ് ആപ്പ്

പക്ഷേ ഇങ്ങനെ ഒക്കെ ആയിട്ടും രാജ്യത്തെ യുവാക്കൾ വിവാഹത്തോട് താൽപ്പര്യ കുറവ് കാണിക്കുയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇറാനിൽ വിവാഹനിരക്ക് കുത്തനെ കുറയുന്ന അവസ്ഥയാണ്. വിവാഹമോചന നിരക്ക് കൂടുകയും ചെയ്യുന്നു. ഇതോടൊപ്പമാണ്, ജനസംഖ്യയിൽ ഉണ്ടാവുന്ന കുറവ്. ഇറാനിലെ ജനസംഖ്യയുടെ പകുതിയിലധികവും 35 വയസ്സിന് താഴെയുള്ളവരാണ്. ഈ പ്രവണത തുടർന്നാൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ വൃദ്ധർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ഇറാൻ മാറുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതോടെയാണ് ഇണകളെ കണ്ടെത്തുന്നതിന് 'ഹലാൽ' മാർഗങ്ങളുമായി ഇറാൻ മൊബൈൽ ആപ്പ് കഴിഞ്ഞ വർഷം തുടങ്ങിയത്. പേർഷ്യൻ ഭാഷയിൽ പങ്കാളി എന്ന് അർത്ഥവുന്ന ഹംദാൻ എന്നാണ് ആപ്പിന്റെ പേര്. ഡേറ്റിങ് ആപ്പ് എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, സാമ്പ്രദായിക ഡേറ്റിങ് ആപ്പുകളുടെ രീതിയല്ല ഇതിന്. കുടുംബങ്ങളുടെ അറിവോടെ ഇണകളെ കണ്ടെത്താനും സർക്കാർ അനുമതിയോടെ വിവാഹം ചെയ്യാനും പ്രേരിപ്പിക്കുന്നതാണ് ഈ ആപ്പ്. നിരവധി ഡേറ്റിങ് ആപ്പുകൾ ഇറാനിൽ പ്രചാരത്തിലുണ്ടെങ്കിലും, സർക്കാർ അനുമതിയുള്ള ഏക ആപ്പ് ഹംദാൻ ആയിരിക്കും. മറ്റ് ആപ്പുകളെല്ലാം ഇതോടെ നിയമവിരുദ്ധമായി.

ഇറാൻ ഭരണകൂടത്തിനു കീഴിൽ പ്രവർത്തിക്കുന്ന തെബിയാൻ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ ആപ്പ് തയ്യാറാക്കിയത്. ''ഒരൊറ്റ ഇണ, സുസ്ഥിരമായ വിവാഹം-ഈ താൽപ്പര്യമുള്ള അവിവാഹിതർക്ക് ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആദ്യം അവരുടെ ഐഡന്റിറ്റി സാക്ഷ്യപ്പെടുത്തണം. ഒപ്പം, ഒരു മാനസികാരോഗ്യ പരിശോധന വിജയിക്കണം. ഇതു കഴിഞ്ഞാൽ, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് വെബ്‌സൈറ്റ് തന്നെ പറ്റിയ ഇണകളെ കാണിച്ചുകൊടുക്കും. അനുയോജ്യരായ പങ്കാളിയെ കണ്ടെത്തി കഴിഞ്ഞാൽ സർക്കാർ അംഗീകാരമുള്ള ഒരു സർവീസ് കൺസൽട്ടന്റ് മുഖാന്തിരം ഇരുകുടുംബങ്ങളെയും തമ്മിൽ ബന്ധപ്പെടുത്തുന്നു. വിവാഹത്തിന് ശേഷമുള്ള നാലുവർഷം ഈ കൺസൽട്ടന്റ് ഇരു കുടുംബങ്ങളുമായും ബന്ധം പുലർത്തും. ഇറാന്റെ സാംസ്‌കാരിക തനിമയുടെ ഭാഗമായ കുടുംബ ബന്ധങ്ങളെ അട്ടിമറിക്കാൻ ശത്രുക്കൾ ശ്രമിക്കുന്നതായി തെബിയാൻ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞിരുന്നു.

വിവാഹത്തിനും രണ്ട് കുട്ടികളിൽ കൂടുതലുള്ള ദമ്പതികൾക്കും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനും ഇറാൻ പാർലമെന്റ് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇങ്ങനെ സ്ത്രീ സൗഹൃദം എന്ന തോന്നൽ ഉണ്ടാക്കുവാനും, നല്ല കുടുംബങ്ങൾ കെട്ടിപ്പെടുക്കാനുമൊക്കെ സർക്കാർ തലത്തിൽതന്നെ ശ്രമം നടക്കുന്നതിന് ഇടയിലാണ് വനിതകളെ മൊത്തം വെറുപ്പിക്കുന്ന സദാചാരപൊലീസ് ആക്രമണം ഉണ്ടാവുന്നത്.


പ്രതിക്കുട്ടിൽ ഇബ്രാഹിം റെയ്‌സി

ഇറാനിലെ 'വനിതാകലാപത്തെ' വലിയ പ്രാധാന്യത്തോടെ ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഇബ്രാഹിം റെയ്‌സി സർക്കാർ ശരിക്കും പ്രതിക്കൂട്ടിൽ ആയിരിക്കയാണ്. പക്ഷേ ഇതിൽ ഇറാൻ രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് അത്ഭുദമില്ല. കാരണം, ജൂനിയർ ഖുമേനി എന്ന പേരിലാണ് ഇബ്രാഹിം റെയ്സി അറിയപ്പെടുന്നത്. ഇദ്ദേഹം അധികാരത്തിൽ ഏറിയപ്പോൾ തന്നെ ഇറാൻ കൂടുതൽ മതമൗലികാവാദത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പൊതു ഇടങ്ങളിലെ വനിതകളുടെ സാന്നിധ്യം അടക്കമുള്ള ഒട്ടേറെ വിഷയങ്ങളിൽ കടുത്ത നിലപാട് പുലർത്തുന്ന റെയ്‌സിയെ മുൻ പ്രസിഡന്റും ഇറാനിലെ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖമേനിയിയുടെ പിന്തുടർച്ചക്കാരനായാണ് വിദേശ മാധ്യമങ്ങൾ വിലയുരുത്തിയത്. ആയത്തുല്ല അലി ഖമേനിയെപ്പോലെ, കറുത്ത തലപ്പാവ് ധരിക്കുന്നയാളാണ് റെയ്‌സിയും.

82 കാരനായ ഖമേനി അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി റെയ്‌സിയെ പരാമർശിച്ചിരുന്നു. 2019ൽ ആയത്തുള്ള ഖമനയി ആണ് ഇബ്രാഹിം റെയ്സിയെ ജൂഡീഷ്യറി മേധാവിയായി നിയമിച്ചത്. 1979ൽ അമേരിക്കയുടെ പിന്തുണയുള്ള രാജഭരണത്തെ തകർത്തെറിഞ്ഞ് അധികാരത്തിലെത്തിയ അന്ന് മുതൽ ആയത്തുള്ള ഖമേനിയാണ് ഇറാന്റെ പരമാചാര്യൻ. മാസങ്ങൾക്കുള്ളിൽ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാൻ ഖമേനിക്ക് കൂട്ട് നിന്നത് ഇബ്രാഹിം റെയ്സിയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്ന വ്യക്തിയാണ് ഇബ്രാഹിം റെയ്‌സി. മിതവാദിയായ മുൻ സെൻട്രൽ ബാങ്ക് മേധാവി കൂടിയായ അബ്ദുൾനസീർ ഹിമ്മത്തിയെ തോൽപ്പിച്ചാണ്, ജുഡീഷ്യറിയുടെ തലവനും തീവ്രചിന്താഗതി പുലർത്തുന്നയാളുമായ ഇബ്രാഹീം റെയ്സി അധികാരമേറ്റത്.

തുടർന്നാണ് അദ്ദേഹം, ഹിജാബ് നിയമം കർക്കശമാക്കിയത്. പുതിയ വസ്ത്രധാരണച്ചട്ടം അനുസരിക്കാത്തവർക്ക് കർശനശിക്ഷ നൽകുമെന്നും റെയ്‌സി വ്യക്തമാക്കിയിരുന്നു. ഫേസ്യൽ റെകഗ്‌നിഷൻ അടക്കമുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ച് ഹിജാബ് ധാരണം നിർബന്ധമാക്കാനും പ്രസിഡന്റ് ഉത്തരവിട്ടു. അതിനു പിന്നാലെ മതപൊലീസ് ഈ പേരിൽ സ്ത്രീകളെ പിടികൂടുന്നത് വ്യാപകമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ സംഭവം.

ഇറാൻ ശരിക്കും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണ്. അപ്പോൾ അതിന് കണ്ണിൽ പൊടിയിടാൻ മതം എടുത്തു കളിക്കയാണ് റെയ്‌സി ചെയ്യുന്നത്. റുഷ്ദിയെ ഖുമേനി ലക്ഷ്യമിട്ടതിന് പിന്നിലും ഇതേ കാരണം ആയിരുന്നു.
ഇറാനിലെ ഒരു രാഷ്ട്രീയ കാലാവസ്ഥവെച്ച് സ്ത്രീവിരുദ്ധതയും, അമേരിക്കൻ വിരോധവും, ഇസ്രയേൽ വിരോധവും എല്ലാം നന്നായി വിറ്റുപോകും. അതുകൊണ്ടുതന്നെ ഇപ്പോൾ വനിതകൾ നടത്തുന്ന ഈ പ്രക്ഷോഭം ഒന്നും എവിടെയും എത്തില്ലെന്നും എവർക്കും നന്നായി അറിയാം.

പക്ഷേ ലോക വ്യാപകമായി ലിംഗനീതിക്കും സാമൂഹിക സമത്വത്തിനും വേണ്ടി നിൽക്കുന്നവർ, മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇറാനിലെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് വേണ്ടി 'ഹിജാബ് നോട്ട് മൈ ചോയ്സ്' എന്ന കാമ്പയിൻ കേരളത്തിലും നടക്കുന്നുണ്ട്.

വാൽക്കഷ്ണം: യൂണിഫോംപോലും ബാധകമല്ലാതെ മതവസ്ത്രങ്ങൾ അണിയണം എന്ന് നിർബന്ധം പിടിക്കുന്നവർ, കേരളത്തിലും ധാരാളമുണ്ട്. അവർ ഇത് തങ്ങളുടെ ചോയ്സ് ആണെന്നാണ് പറയുന്നത്. ഈ ചോയ്സ് വാദക്കാർ ഇറാനിലെ അനുഭവം ഓർക്കുന്നത് നന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP