കീവ്: അനങ്ങാതിരുന്ന നായുടേ വായിൽ കൈയിട്ട് കടിവാങ്ങിയ അവസ്ഥയാണ് ഇപ്പോൾ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെത്. യുക്രെയിൻ സൈന്യം ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയതോടെ കീഴടക്കിയ പ്രദേശങ്ങൾ പലതും കൈവിട്ട് പലായനം ചെയ്യുകയാണ് റഷ്യൻ സൈന്യം. ഒരുപക്ഷെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത്ര ഭീകരമായ മറ്റൊരു യുദ്ധം ഉണ്ടായിട്ടില്ല എന്നാണ് യുക്രെയിന്റെ തിരിച്ചടിയെ കുറിച്ച് പാശ്ചാത്യ യുദ്ധ നിരീക്ഷകർ പറയുന്നത്.

കീവിൽ നിന്നും ദയനീയമായി പിന്മാറിയതിനു ശേഷം റഷ്യൻ സൈന്യം നേരിടുന്ന അതി ദയനീയമായ പരാജയമാണ് ഇപ്പോൾ ദർശിക്കുന്നത് എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ സർക്കാർ മാധ്യമത്തിന്റെ യുദ്ധകാല റിപ്പോർട്ടർ വരെ, ധാരാളം റഷ്യൻ സൈനികർ മരണമടഞ്ഞിരിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എത്തിയിരിക്കുകയാണ് കാര്യങ്ങൾ ഇപ്പോൾ. ഒരു മധ്യസ്ഥ ചർച്ചക്ക് റഷ്യയെ നിർബന്ധിതമാക്കുന്ന സാഹചര്യത്തിലേക്കാണ് യുക്രെയിൻ കാര്യങ്ങൾ കൊണ്ടുപോയി എത്തിക്കുന്നതെന്ന് ചില പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നു.

വെറും ഒരാഴ്‌ച്ചയിൽ താഴെ മാത്രം സമയത്ത് റഷ്യൻ അധിനിവേശത്തിലുള്ള 3000 ചതുരശ്ര കിലോമീറ്റർ ഇടമാണ് യുക്രെയിൻ സേന മോചിപ്പിച്ചത്. ഇതുതന്നെ റഷ്യൻ സൈന്യത്തിന്റെ ദൗർബല്യം വിളിച്ചോതുന്നു. പലയിടങ്ങളിലും റഷ്യൻ സൈനികർ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. റഷ്യയുടെ വിതരണ ശൃംഖല തകർത്തതോടെ പുതിയ സൈനികരോ, ആവശ്യമുള്ള ആയുധങ്ങളോ ഭക്ഷണമോ എത്താത്ത പരിതസ്ഥിതിയാണുള്ളത്. അതുകൊണ്ടു തന്നെ പലയിടങ്ങളിലും റഷ്യൻ സൈനികർ നിരുപാധികം കീഴടങ്ങുകയാണെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം,. ഈ തിരിച്ചടി താത്ക്കാലികമാണെന്നും, സൈന്യത്തെ പുനർ വിന്യസിക്കുവാനുള്ള തന്ത്രമാണെന്നും റഷ്യൻ പ്രതിരോധ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കേണ്ടതില്ല എന്നാണ് പാശ്ചാത്യ യുദ്ധ തന്ത്രജ്ഞരുടെ അഭിപ്രായം. പിടച്ചടക്കിയ ഭൂമി ഓരോന്നായി നഷ്ടപ്പെടുന്നവൻ തന്റെ ജാള്യത മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത് മാത്രമാണ് ഇത്തരം അവകാശ വാദങ്ങൾ എന്ന് അവർ പറയുന്നു. അതിനിടെ, കടുത്ത പരാജയം രുചിക്കാൻ തുടങ്ങിയതോടെ റഷ്യക്കകത്തും യുദ്ധത്തിനെതിരെയുള്ള മുറവിളികൾ ശക്തമാകാൻ തുടങ്ങിയിട്ടുണ്ട്.

ക്രീമിയയിൽ നിന്നും ഓടി രക്ഷപ്പെട്ട് റഷ്യൻ ജനത

2014- ൽ റഷ്യ പിടിച്ചടക്കിയ ക്രീമിയയയും ഇപ്പോൾ റഷ്യക്ക് നഷ്ടപ്പെട്ടേക്കും എന്ന സാഹചര്യമെത്തിയതോടെ പുടിന്റെ കമാൻഡർമാർ ഉൾപ്പടെ പലരും വീടുകൾ കിട്ടിയ വിലക്ക് വിറ്റ് കുടുംബത്തോടൊപ്പം റഷ്യയിലേക്ക് മടങ്ങുകയാണ്. റഷ്യയുടേ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അതുപോലെ ഇപ്പോൾ ഭരിക്കുന്ന സർക്കാരിന്റെ ആളുകളും ഇവിടം വിട്ടു പോകാനുള്ള ശ്രമത്തിലാണ്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ യുക്രെയിൻ സൈന്യം നടത്തുന്ന മുന്നേറ്റമാണ് അവരെ ആധിപിടിപ്പിക്കുന്നത്.

അതിനിടെ, പരാജയം രുചിച്ച റഷ്യ ഇപ്പോൾ സമാധാന സംഭാഷണത്തിന് ഒരുങ്ങുകയാണെന്ന് യുക്രെയിൻ ഉപപ്രധാനമന്ത്രി ഓൽജ സ്റ്റെഫാനിഷിന പറഞ്ഞു. പരസ്യമായും അല്ലാതെയും പല റഷ്യൻ ഉന്നതരുടെ ഭാഗത്തുനിന്നും അത്തരം ഇടപെടലുകൾ നടക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, തങ്ങളുടെ മണ്ണിൽ റഷ്യ നടത്തിയ ക്രൂരതകൾക്കൊക്കെ മറുപടി നൽകും എന്നാണ് യുക്രെയിന്റെ നിലപാട്.

അതേസമയം, ക്രീമിയ തിരികെ പിടിക്കുന്നതാണ് ഇപ്പോൾ സൈന്യത്തിന്റെ പ്രഥമ പരിഗണനയിലുള്ള കാര്യമെന്ന് സെലെൻസ്‌കിയും വ്യക്തമാക്കി. ഇത് റഷ്യയെ കൂടുതൽ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. നിലവിലെ യുദ്ധം ജയിക്കാൻ ആയില്ല എന്നു മാത്രമല്ല, നേരത്തേപിടിച്ചടക്കിയ പ്രദേശങ്ങൾ പോലും നഷ്ടപ്പെടുന്ന അവസ്ഥ വന്നാൽ അത് പുടിനെതിരെയുള്ള വികാരങ്ങൾക്ക് ശക്തി നൽകും എന്നതും ഒരു യാഥാർത്ഥ്യമാണ്.

പുടിന്റെ കാർ ആക്രമിക്കപ്പെട്ടു

കഴിഞ്ഞ ദിവസം മോസ്‌കോയിലെ കൗൺസിലുകൾ പുടിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. അതിനു മുൻപായി സെയിന്റ് പീറ്റേഴ്സ് ബർഗ് കൗൺസിലുകളും സമാനമായ പാത പിന്തുടർന്നിരുന്നു. ഇതുവരെ ഒളിഞ്ഞു നിന്ന് പുടിനെതിരെ സംസാരിച്ചവർ യുക്രെയിനിൽ റഷ്യൻ സൈന്യം പരാജയം നുകരാൻ തുടങ്ങിയതോടെ പരസ്യമായി രംഗത്ത് വരാൻ തുടങ്ങിയിട്ടുണ്ട്. കരാള നിയമങ്ങൾ കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും പുടിനെതിരെയുള്ള പ്രതിഷേധം റഷ്യയിൽ കനക്കുകയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതിന്റെ തുടർച്ചയെന്നോണം ഇന്നലെപുടിന്റെ ലിമോസിൻ കാറിനു നേരെ ആക്രമണമുണ്ടായി. ഒരു കൊലപാതക ശ്രമമായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ലിമോസിന്റെകാറിന്റെ ഇടതുഭാഗത്ത് മുൻഭാഗത്തെ ടയർ വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും അവിടമാകെ പുക നിറയുകയുമായിരുന്നു. എന്നാൽ പുടിന് പരിക്കുകളൊന്നും ഏറ്റിട്ടില്ല എന്നാണ് റഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.

പ്രവദയുടെ പത്രാധിപർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള പ്രവദയുടെ എഡിറ്റർ ഇൻ ചീഫ് വ്ലാഡിമിർ നിക്കോലായേവിച്ച് ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഇത്തരത്തിൽ കൊല്ലപ്പെടുന്ന പുടിന്റെ ഏറ്റവും അടുത്ത അനുയായികളിൽ അവസാനത്തെയാളാണ് ഈ 68 കാരൻ. ഇന്നലെ, ശ്വാസം മുട്ടൽ വന്നതോടെയാണ് ഇയാൾ മരണപെട്ടതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

സഹപ്രവർത്തകരുമൊത്ത് ഖബരോവ്സ്‌കിലെ ക്ക് യാത്രചെയ്യുന്നതിനിടെയാണ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്. ഉടൻ മോസ്‌കോയിലേക്ക് കൊണ്ടു പോകാൻ തുനിഞ്ഞെങ്കിലും അദ്ദേഹം ബോധരഹിതനാവുകയായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ശുദ്ധവായു ധാരാളം ലഭിക്കുന്നിടത്തേക്ക് മാറ്റിയെങ്കിലും പ്രയോജനം ഉണ്ടായില്ല എന്ന് സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ പുടിനെ ഏറെ പ്രശംസിച്ചുകൊണ്ട് പ്രവദയിൽ ഒരു ലേഖനമെഴുതിയ ഇദ്ദേഹത്തെ പുടിനും ഏറെ പ്രശംസിച്ചിരുന്നു.

കാറപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് സെലെൻസ്‌കി

അതിനിടയിൽ കീവിൽ ഉണ്ടായ ഒരു കാറപകടത്തിൽ നിന്നും യുക്രെയിൻ പ്രസിഡണ്ട് സെലെൻസിം അത്ഭുതകരമായി രക്ഷപ്പെട്ടെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. സെലെൻസ്‌കിയുടെ വാഹനവ്യുഹത്തിലേക്ക് ഒരു കാർ ഇടിച്ചു കയറുകയായിരുന്നു. അദ്ദേഹത്തോടൊപ്പ ഉണ്ടായിരുന്ന ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് ആരോഗ്യസ്ഥിതി ഉറപ്പു വരുത്തി. പരിക്കുകൾ ഒന്നും തന്നെയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇടിച്ചു കയറിയ കാറിന്റെ ഡ്രൈവറെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.