Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വി.പി.സത്യൻ മെമോറിയൽ പ്രഥമ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് വിജയികളായി

വി.പി.സത്യൻ മെമോറിയൽ പ്രഥമ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് വിജയികളായി

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: ഫിലാഡൽഫിയയിൽ വച്ച് കഴിഞ്ഞ ശനിയാഴ്ച നടത്തപ്പെട്ട ഒന്നാമത് വി.പി. സത്യൻ മെമോറിയൽ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് വിജയികളായി എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ഗ്രൂപ്പ് 'എ' യിലും ഗ്രൂപ്പ് 'ബി' യിലുമായി എട്ടു ടീമുകൾ മാറ്റുരച്ച വാശിയേറിയ സോക്കർ മത്സരത്തിൽ ഫൈനൽ റൗണ്ടിൽ ഫിലി ആർസെനൽ ടീമിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 7-6 ഗോളുകൾക്ക് തോൽപിച്ചാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ് വിജയികളായത്. ഒരു മണിക്കൂർ വീതം നടത്തപ്പെട്ട ടൂർണ്ണമെന്റിൽ കളി അവസാനിക്കുമ്പോൾ 3 - 3 ഗോളുകൾ നേടി ഇരു ടീമുകളും സമനിലയിൽ ആയെങ്കിലും പത്തു മിനിട്ട് അധിക സമയം നൽകി കളി തുടർന്നു. ഇരു ടീമുകളും വാശിയേറി മത്സരിച്ചതിനാൽ എക്‌സ്ട്രാ ടൈമിൽ വീണ്ടും സമ നില തുടർന്ന പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ നിശ്ചയിക്കുവാൻ സാധിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾക്കും കാണികൾക്കും ഉദ്വേഗജനകമായ പല നിമിഷങ്ങളും സമ്മാനിച്ചാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കിയത്.

പുതുതായി രൂപീകരിക്കപ്പെട്ട അമേരിക്കയിലെയും ക്യാനഡയിലെയും ഫുട്‌ബോൾ പ്രേമികളുടെ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗാണ് (NAMSL) 2006-ൽ ഈ ലോകത്തോട് വിട പറഞ്ഞ ഇന്ത്യയിലെ പ്രശസ്തനായ ഫുട്‌ബോൾ താരം വി.പി. സത്യന്റെ ഓർമ്മക്കായി എവർ റോളിങ്ങ് ട്രോഫി ഏർപ്പെടുത്തി സോക്കർ ടൂർണമെന്റ് എല്ലാ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത വി.പി. സത്യൻ മെമോറിയൽ സോക്കർ മത്സരത്തിന്റെ പ്രഥമ വാർഷിക ടൂർണമെന്റാണ് ഫിലാഡൽഫിയയിൽ വച്ച് നടത്തപ്പെട്ടത്. ഫിലി ആർസെനൽ ഫുട് ബോൾ ക്ലബ്ബാണ് ഈ ഒന്നാമത് വാർഷിക മത്സരത്തിന് ആതിഥേയത്വം നൽകിയത്.

ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റനും കേരളാ പൊലീസ് ടീമിന്റെ നായകനുമായിരുന്ന പ്രശസ്ത ഫുട്‌ബോൾ താരം വി. പി. സത്യനാണ് 1995 -ൽ ചെന്നൈയിൽ വച്ച് നടത്തപ്പെട്ട സാഫ് ഗെയിമ്‌സിൽ (SAF Games) ഇന്ത്യൻ ടീമിന് സ്വർണ്ണ മെഡൽ നേടികൊടുക്കുവാൻ നേതൃത്വം വഹിച്ചത്. 1991 -ൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയ സത്യൻ 1993-ൽ ലെബനൻ ബെയ്റൂട്ടിൽ വച്ചും പിന്നീട് സിയോളിൽ വച്ചും നടത്തപ്പെട്ട വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ച ഫുടബോൾ ക്യാപ്റ്റനായിരുന്നു. 1992-ൽ കേരളാ ഫുടബോൾ ടീമിന് സന്തോഷ് ട്രോഫി കരസ്ഥമാക്കുവാനും നയിച്ചത് സത്യൻ എന്ന ഇതിഹാസം ആയിരുന്നു.

ഫിലാഡൽഫിയയിലെ അക്കാദമി ഓഫ് ന്യൂ ചർച്ച് സെക്കൻഡറി സ്‌കൂൾ (ANC Secondary School) ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ ഗ്രൂപ്പ് 'എ' വിഭാഗത്തിൽ ഷിക്കാഗോ ഹൺഡേഴ്സ് ഫുട്‌ബോൾ ക്ലബ്ബ്, ഫിലാഡൽഫിയ ആർസെനൽ ഫുട്‌ബോൾ ക്ലബ്ബ്, ബാൾട്ടിമോർ ഖിലാഡിസ് സോക്കർ ക്ലബ്ബ് , ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് എന്നീ ടീമുകളും, ഗ്രൂപ്പ് 'ബി' വിഭാഗത്തിൽ ഫുട്‌ബോൾ ക്ലബ്ബ് കരോൾട്ടൺ, ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് ഐലൻഡേഴ്സ്, റോയൽ കേരളാ ഫുട്‌ബോൾ ക്ലബ്ബ് , ഹ്യുസ്റ്റൺ യുണൈറ്റഡ് മലയാളീ സ്പോർട്സ് ക്ലബ്ബ് എന്നീ ടീമുകളുമാണ് മാറ്റുരച്ചത്.

NAMSL പ്രസിഡന്റ് സക്കറിയ മത്തായി (ന്യൂയോർക്ക്), സെക്രട്ടറി മാത്യു വർഗീസ് (ഫിലി), ട്രഷറർ ജോസഫ് ചെറുശ്ശേരി (ബാൾട്ടിമോർ), കമ്മറ്റി അംഗങ്ങളായ ജസ്റ്റിൻ ജോസ് (ഫിലി), അജിത് വർഗീസ് (ഓസ്റ്റിൻ), അഷാന്ത് ജേക്കബ് (ഹൂസ്റ്റൺ), പോൾ സ്റ്റീഫൻ (ഹൂസ്റ്റൺ), മാത്യു ദേവസ്സ്യ (ടൊറാന്റോ), വിനോദ് ചാക്കോ (ഡാളസ്), സജി തോമസ് (ന്യൂയോർക്ക്), ജോണി ചെറുശ്ശേരി (ബാൾട്ടിമോർ), പ്രദീപ് ഫിലിപ്പ് (ഡാളസ്), ജോസഫ് റെജി (ടൊറാന്റോ), ജോബിൻ ജോപ്പൻ (ഷിക്കാഗോ), സാമു തോമസ് (ഷിക്കാഗോ), വിനു വി. സണ്ണി (ടൊറാന്റോ) എന്നിവരാണ് ഈ ടൂർണമെന്റിന് നേതൃത്വം നൽകിയത്. അടുത്ത വർഷത്തെ സോക്കർ ടൂർണമെന്റിന് ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ഫുട്‌ബോൾ ക്ലബ്ബാണ് ആതിഥേയത്വം നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP