Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ് സി-എസ് ടി നിയമ പ്രകാരം കേസെടുത്താൽ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയിലോ സെഷൻസ് കോടതിയിലോ കൊടുക്കാനാകില്ല; മേൽകോടതിക്കുള്ളത് അപ്പീൽ അധികാരം മാത്രം; കേന്ദ്ര നിയമത്തിന്റെ ഉദേശ്യം അവഗണിക്കാനാകില്ലെന്ന് ജസ്റ്റീസ് ബെച്ചു കുര്യനും; മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് വിലക്കും; എസ് സി-എസ് ടി നിയമം കർശനമാകുമ്പോൾ

എസ് സി-എസ് ടി നിയമ പ്രകാരം കേസെടുത്താൽ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയിലോ സെഷൻസ് കോടതിയിലോ കൊടുക്കാനാകില്ല; മേൽകോടതിക്കുള്ളത് അപ്പീൽ അധികാരം മാത്രം; കേന്ദ്ര നിയമത്തിന്റെ ഉദേശ്യം അവഗണിക്കാനാകില്ലെന്ന് ജസ്റ്റീസ് ബെച്ചു കുര്യനും; മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് വിലക്കും; എസ് സി-എസ് ടി നിയമം കർശനമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമ (എസ് സി/എസ് ടി നിയമം) പ്രകാരമെടുത്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ പ്രത്യേക കോടതികൾക്കു മുൻപാകെ മാത്രമാണു നൽകേണ്ടതെന്നു ഹൈക്കോടതി വിധിക്കുമ്പോൾ അത് ഇനിയുള്ള ഇത്തരം കേസുകളിൽ നിർണ്ണായകമാകും. ഹൈക്കോടതിയിലോ സെഷൻസ് കോടതിയിലോ മുൻകൂർ ജാമ്യ ഹർജി നൽകാനാവില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.

എസ് സി-എസ് ടി നിയമ പ്രകാരമെടുത്ത കേസുകളിൽ പ്രതികളായ കോഴിക്കോട് സ്വദേശി കെ.എം.ബഷീർ,പാലക്കാട് സ്വദേശി ബിനീഷ്, കുറവിലങ്ങാട് സ്വദേശി ഷൈനി സത്യൻ, ആലുവ സ്വദേശി എം.ദിനേശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വിശദമാക്കിയത്. എസ്സി/എസ്ടി നിയമം 18ാം വകുപ്പ് പ്രകാരം മുൻകൂർ ജാമ്യം അനുവദിക്കുന്നതിനു വിലക്കുണ്ട്. എന്നാൽ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കില്ലെങ്കിൽ വിലക്ക് ബാധകമല്ലെന്നു പൃഥ്വിരാജ് ചവാൻ കേസിൽ സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ പ്രഥമ ദൃഷ്ട്യാ കേസില്ലെന്നത് എവിടെ ഉന്നയിക്കുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ടായി. പ്രത്യേക കോടതികൾ കൂടി രൂപീകരിക്കുകയും ചെയ്തതോടെ അവ്യക്തത കൂടി. ഇതിന്റെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വിഷയം പരിശോധിച്ചത്. അഡ്വ.കെ.കെ.ധീരേന്ദ്ര കൃഷ്ണനെ അമിക്കസ്‌ക്യൂറിയായും നിയമിച്ചു.

പ്രത്യേക കോടതികൾക്ക് സവിശേഷമായ അധികാരങ്ങൾ സ്‌കീം പ്രകാരം നൽകിയിട്ടുണ്ടെന്നും പാർലമെന്റിന്റെ ഈ ഉദ്ദേശ്യം അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി വിശദീകരിച്ചു. ഹൈക്കോടതിക്ക് അപ്പീൽ അധികാരമാണു നൽകിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ, എസ് സി/എസ് ടി നിയമപ്രകാരമുള്ള കുറ്റകൃത്യമാണെങ്കിൽ മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടോയെന്നു പരിഗണിക്കേണ്ടതില്ല. മറിച്ചാണെങ്കിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഇതോടെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമ (എസ് സി/എസ് ടി നിയമം) പ്രകാരമെടുത്ത കേസിൽ കുടുങ്ങുന്നവർക്ക് അഴിയെണ്ണൽ ഉറപ്പായി.

എസ്‌സി എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാൻ ശക്തമായ നിയമം വേണമെന്ന് സുപ്രീംകോടതി നേരത്തെ വിശദീകരിച്ചിരുന്നു. പട്ടികജാതി പട്ടികവർഗ നിയമത്തിൽ നിയമത്തിൽ വെള്ളം ചേർക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നിലവിലെ നിയമം അതുപോലെ തുടരുമെന്നും വ്യക്തമാക്കി. കേന്ദ്രത്തിന്റെ എസ്‌സി എസ്ടി നിയമ ഭേദഗതിക്ക് സുപ്രീംകോടതി പൂർണ്ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ നേരത്തെ സുപ്രീംകോടതി ഇളവ് വരുത്തിയിരുന്നു. ഈ നിയമപ്രകാരമുള്ള പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റോ, വിചാരണയോ പാടുള്ളൂ എന്നായിരുന്നു സുപ്രീംകോടതി വിധി. ദളിതർക്കെതിരായ അതിക്രമക്കേസുകളിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം എന്നീ നിർദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുണ്ടായിരുന്നത്.

ഈ വിധി മറികടക്കണമെന്ന് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ ബില്ല് പാസാക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ ഈ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയാണ് നേരത്തെ സുപ്രീംകോടതി പരിഗണിച്ചത്. എന്നാൽ കേന്ദ്രസർക്കാരിന്റെ നിയമഭേദഗതിയിൽ ഇടെപടാൻ വിസമ്മതിച്ച സുപ്രീംകോടതി പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാൻ ശക്തമായ നിയമം വേണമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും.

പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരമുള്ള പരാതികളിൽ സർക്കാർ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നാണ് 2018 മാർച്ച് 20-ന് സുപ്രീം കോടതി വിധിച്ചത്. ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിച്ചു. പട്ടികജാതി, പട്ടികവർഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. പിന്നീട് കേന്ദ്രം കൊണ്ടു വന്ന ഭേദഗതി പ്രകാരം എസ്സി എസ്ടി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം വേണ്ട. ഇതിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയും ആവശ്യമില്ല.

നിയമപ്രകാരം എഫ്ഐആർ സമർപ്പിക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഓരോ പൗരനും സഹ പൗരന്മാരെ തുല്യമായി പരിഗണിക്കണമെന്നും സാഹോദര്യ സങ്കൽപത്തെ വളർത്തിയെടുക്കണമെന്നും ബെഞ്ചിലെ മറ്റൊരു അംഗം ജസ്റ്റിസ് രവീന്ദ്ര ഭട്ടും പറഞ്ഞു. മുൻകൂർ ജാമ്യത്തിലൂടെ പാർലമെന്റിന്റെ ഉദ്ദേശ്യശുദ്ധി പരാജയപ്പെടുമെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു. ഈ വികാരമാണ് ഹൈക്കോടതിയും ഉയർത്തിപ്പിടിക്കുന്നത്.

എസ്സി/എസ്ടി പീഡന നിരോധന നിയമ പ്രകാരമുള്ള അറസ്റ്റിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2018 മാർച്ച് ഇരുപതിനാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ആദ്യ വിധി പുറപ്പടുവിച്ചത്. എസ് സി, എസ്ടി നിയമപ്രകാരം കേസെടുത്താൽ 'ഓട്ടോമാറ്റിക്' അറസ്റ്റ് നടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടാൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നുമാണ് ജസ്റ്റിസ് എകെ ഗോയലും യുയു ലളിതും അടങ്ങിയ ബെഞ്ച് വിധിച്ചത്. പൊതു രംഗത്തുള്ളവരെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് അതാത് മേലധികാരികളിൽനിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും മുൻകൂർ ജാമ്യത്തിന് അവസരം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതായി പരാതി ഉയർന്നതു ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

വിധിക്കെതിരെ വ്യാപക പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. ദലിത് സംഘടനകളും മറ്റു മനുഷ്യാവകാശ സംഘടനകളും വിധിക്കെതിരെ രംഗത്തുവന്നു. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം വർധിക്കാൻ ഇടവരുത്തുന്നതാണ് വിധിയെന്ന് ആക്ഷേപം ഉയർന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുനപ്പരിശോധനാ ഹർജി നൽകുകയായിരുന്നു. പുനപ്പരിശോധനാ ഹർജി പരിഗണിച്ച രണ്ടംഗ ബെഞ്ച് ഇക്കാര്യത്തിൽ തീർപ്പു കൽപ്പിക്കാൻ മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തി.

ഇരുപക്ഷത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് സരൺ, എസ്ആർ ഭട്ട് എന്നിവർ അടങ്ങുന്ന ബെഞ്ച് വിധി പുനപ്പരിശോധിക്കാൻ തീരുമാനിച്ചത്. നിയമത്തിനെതിരെ വിധി പുറപ്പെടുവിക്കാൻ 142-ാം വകുപ്പു പ്രകാരമുള്ള അധികാരം കോടതി വിനിയോഗിക്കരുതായിരുന്നെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP