കോട്ടയം: ലിംഗനീതിക്കായുള്ള പോരാട്ടങ്ങൾ ഇന്നും കേരളത്തിൽ തുടരുന്നുണ്ട്. നീതിക്കായി നിയമവഴിയിൽ പോയി പൊരുതി നേടിയവരുടെ കഥകൾ പറയുമ്പോൾ ആദ്യം ഓർക്കേണ്ട പേരുകളിൽ ഒന്നാണ് മേരി റോയിയുടേത്. മകൾ അരുന്ധതി റോയി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ സാഹിത്യക്കാരിയെങ്കിലും അവരുടെ അഡ്രസിൽ ആയിരുന്നില്ല മേരി റോയി അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യൻ സ്ത്രീകൾക്കായി അവർ പൊരുതി നേടിയതാണ് ക്രൈസ്തവ സ്വത്തവകാശ നിയമം.

1916ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ച നിയമത്തിനെതിരെ നടത്തിയ പോരാട്ടമാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. ഇത്തരമൊരു ജീവിത പോരാട്ടത്തിലേക്ക് ഇറങ്ങാൻ അവരെ പ്രേരിപ്പിച്ചത് ജീവിതത്തിൽ നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങളാണ്. ക്രൈസ്തവ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു മേരി റോയിക്ക് പ്രധാനം. സ്ത്രീകൾ രണ്ടാംകിടക്കാരായി തലകുനിച്ച് നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അവർക്ക് നിർബന്ധമുണ്ടായിരുന്നു. മേരിയുടെ ആ വാശിയാണ് കേരളത്തിൽ സുപ്രധാനമായ ഒരു ഏടു പിറന്ന വിധിക്ക് വഴിവെച്ചത്.

കുടുംബത്തിലെ നാലുമക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു മേരി. മേരിക്ക് നാലു വയസുള്ളപ്പോൾ വിദേശ വിദ്യാഭ്യാസം കഴിഞ്ഞ് കൃഷി വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായ അച്ഛൻ ഐസക്കുമൊത്ത് കുടുംബം കോട്ടയം ജില്ലയിലെ അയ്മനത്തു നിന്ന് ഡൽഹിയിലേക്ക് വണ്ടി കയറി. 1937ലായിരുന്നു അത്. അവിടത്തെ കോൺവെന്റിലായിരുന്നു വിദ്യാഭ്യാസം. അച്ഛൻ ജോലിയിൽ നിന്ന് റിട്ടയർ ചെയ്തപ്പോൾ ഊട്ടിയിൽ വീടു വാങ്ങി. പിന്നീട് ഊട്ടിയിലെ നസ്രേത് കോൺവെന്റിലാണ് മേരി തുടർന്നു പഠിച്ചത്. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളായി. ഒരു ദിവസം മക്കളുമൊത്ത് മേരി റോയിയുടെ അമ്മ അച്ഛന്റെ അടുത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് കഷ്ടപ്പാടുകളുടെ കാലമായിരുന്നു.

മദ്രാസിലെ ക്വീൻ മേരീസ് കോളജിലാണ് മേരി പഠിച്ചത്. അക്കാലത്ത് അദ്ധ്യാപകർക്ക് വലിയ തലവേദനയായിരുന്നു താനെന്ന കാര്യം ഒരിക്കൽ അവർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സാമ്പത്തിക ഞെരുക്കം കൂടി അനുഭവിച്ച കാലമായിരുന്നു അത്. ബി.എ ബിരുദ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള പണം പോലും കൈയിലുണ്ടായിരുന്നില്ല. വീട്ടിലും കടുത്ത ദാരിദ്ര്യമായിരുന്നു. അപ്പോഴേക്കും ഓക്‌സ്ഫഡ് പഠനം കഴിഞ്ഞ് സഹോദരന് കൊൽക്കത്തിയിൽ ജോലി കിട്ടി. ബിരുദ പഠനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞശേഷം മേരി കൊൽക്കത്തയിലേക്ക് പോയി. അവിടെ ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പഠിച്ചു. അതിനു ശേഷം മെറ്റൽ ബോക്‌സ് എന്ന കമ്പനിയിൽ ജോലിക്കു കയറി.

കൊൽക്കത്തയിലെ ജീവിതവും മേരി റോയിക്ക് ദുരിതങ്ങളാണ് സമ്മാനിച്ചത്. കൊൽക്കത്തയിൽ വച്ചാണ് ജീവിത പങ്കാളിയായ രാജീബ് റോയിയെ കണ്ടുമുട്ടിയത്. ബംഗാളി ബ്രാഹ്മണനായിരുന്നു അദ്ദേഹം. യാഥാസ്ഥിതിക ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടി ഒരു ബ്രാഹ്മണനെ വിവാഹം കഴിക്കുന്നതിൽ അന്ന് കുടുംബം എതിർത്തില്ല. വിവാഹ ബന്ധം അധികകാലം മുന്നോട്ടുപോയില്ല. മദ്യപാനി ആയതിനാൽ രാജീബ് ഒരു ജോലിയിലും ഉറച്ചു നിന്നില്ല. അധികം വൈകാതെ രണ്ട് കുട്ടികളുമായി മേരി രാജീബിൽ നിന്ന് വിട്ടുപോയി. അപ്പോൾ മകൾ അരുന്ധതിക്ക് മൂന്നും മകൻ ലളിതിന് അഞ്ചും വയസ് ആയിരുന്നു പ്രായം. മേരിയിൽ നിന്ന് വിവാഹ മോചനം നേടാതെ തന്നെ രാജീവ് പിന്നീട് ഒന്നിലേറെ തവണ വിവാഹം കഴിച്ചുവെന്നാണ് പിന്നീടറിഞ്ഞത്.

ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് മക്കളെയും കൊണ്ട് ഊട്ടിയിലെ അച്ഛന്റെ വീട്ടിലേക്ക് പോയി. അവിടെ ചെറിയ ജോലി ലഭിച്ചു. എന്നാൽ ഊട്ടിയിലെ വീട്ടിൽ നിന്ന് അധികം വൈകാതെ സഹോദരൻ ജോർജ് ഇവരെ പുറത്താക്കി. അപ്പന്റെ വീട് മേരി കൈവശ പ്പെടുത്തിയാലോ എന്ന് ഭയന്ന് സഹോദരൻ ജോർജ് ഗുണ്ടകളെ വിട്ടാണ് വീട് ഒഴിപ്പിച്ചത്. ആ സംഭവമാണ് ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾക്കും പിന്തുടർച്ചാവകാശം നേടിയെടുക്കണമെന്ന് പോരാട്ടത്തിലേക്ക് മേരിയെ നയിച്ചത്. കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ ആൺമക്കൾക്കു നൽകുന്ന സ്വത്തിന്റെ നാലിലൊന്നോ, അയ്യായിരം രൂപയോ ഏതാണ് കുറവ് അത്ര മാത്രമേ ലഭിക്കുകയുള്ളൂ. 1984ൽ 1916ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാവകാശ നിയമത്തെ ചോദ്യം ചെയ്ത് മേരി നിയമയുദ്ധം തുടങ്ങി.

വിൽപത്രം എഴുതിവെക്കാതെ മരിക്കുന്ന പിതാവിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്തിൽ തുല്യാവകാശം ഉണ്ടെന്ന് 1986ൽ സുപ്രീംകോടതി വിധിച്ചു.
ഏറെ പോരാട്ടങ്ങൾക്കു ശേഷം അനുകൂല വിധി സമ്പാദിച്ചുവെങ്കിലും കേസ് വഴി കിട്ടിയ ഭൂമി തങ്ങൾക്കു വേണ്ടെന്ന മകൻ ലളിത് റോയിയുടെയും മകൾ അരുന്ധതി റോയിയുടെയും അഭിപ്രായത്തെത്തുടർന്ന് അത് സഹോദരന് തന്നെ തിരിച്ച് നൽകാൻ മേരി തയാറായി.

കേസ് നടക്കുന്നതിനിടയിൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്ക് 1966ൽ ഇഷ്ടദാനമായി നൽകിയിരുന്നു. ആ വീട് വിറ്റ് 1967ൽ കോട്ടയത്ത് കോർപസ് ക്രിസ്റ്റി ഹൈ സ്‌കൂൾ എന്ന പേരിൽ ഒരു സ്‌കൂൾ ആരംഭിച്ചു. ലാറി ബക്കറാണ് സ്‌കൂൾ രൂപ കൽപന ചെയ്തത്. തുടക്കത്തിൽ മേരിയും മക്കളും ലാറി ബക്കറുടെ മകളും ഉൾപ്പെടെ ഏഴുപേരാണ് സ്‌കൂൾ നടത്തിയത്. സ്‌കൂൾ കോമ്പൗണ്ടിലെ കോട്ടേജിൽ തന്നെ താമസിച്ചായിരുന്നു അക്കാലത്ത് ഇവർ സ്‌കൂൾ കാര്യങ്ങൾ നടത്തിയത്. ഇന്ന് പള്ളിക്കൂടം എന്ന പേരിലാണ് ആ സ്‌കൂൾ അറിയപ്പെടുന്നത്.

ആ സ്‌കൂൾ ഇത്രയും ഉയരങ്ങളിലെത്തുമെന്ന് താൻ വിചാരിച്ചില്ലെന്ന് അവർ പിന്നീട് പറഞ്ഞു. വിദ്യാഭ്യാസവിചക്ഷണയായ മേരി റോയിയുടെ മേൽനോട്ടത്തിൽ, നിലവിലെ പഠനസമ്പ്രദായത്തിൽനിന്ന് തികച്ചും വിഭിന്നമായ ഒരു കാൽവയ്പായിരുന്നു അത്. ഇന്ന് ആയിരക്കണക്കിനു വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ, ഇന്ത്യയിലെ മികച്ച സ്‌കൂളുകളിലൊന്നായി പള്ളിക്കൂടം സ്‌കൂൾ മാറിക്കഴിഞ്ഞു. സ്‌കൂൾ നടത്തിപ്പിനിടയിലും കോടതിക്കാര്യങ്ങൾക്കു മുടക്കംവന്നില്ല.

''ഞാൻ സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയിൽ പോയത്. അന്നത്തെ നിയമവാഴ്ചയ്‌ക്കെതിരേയുള്ള പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷേ, മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്.