Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഴയുടെ ശക്തി ഇനി നിശ്ചയിക്കുക ന്യൂനമർദം രൂപംകൊള്ളുന്ന സ്ഥലവും അതിന്റെ ഗതിയും; തോരാമഴ മാറിയത് ആശ്വാസം; മുല്ലപ്പെരിയാറിലെ ഷട്ടർ ഉയർത്തിയതിനാൽ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത; ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്ന് നിഗമനം; അണക്കെട്ടുകളെ നിരീക്ഷിച്ച് സർക്കാർ സംവിധാനം; മഴ കുറഞ്ഞെങ്കിലും ജാഗ്രത കുറയ്ക്കില്ല

മഴയുടെ ശക്തി ഇനി നിശ്ചയിക്കുക ന്യൂനമർദം രൂപംകൊള്ളുന്ന സ്ഥലവും അതിന്റെ ഗതിയും; തോരാമഴ മാറിയത് ആശ്വാസം; മുല്ലപ്പെരിയാറിലെ ഷട്ടർ ഉയർത്തിയതിനാൽ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത; ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്ന് നിഗമനം; അണക്കെട്ടുകളെ നിരീക്ഷിച്ച് സർക്കാർ സംവിധാനം; മഴ കുറഞ്ഞെങ്കിലും ജാഗ്രത കുറയ്ക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാനത്തിന് ആശ്വാസമായി മഴയുടെ തീവ്രത കുറയുന്നു. ഇന്നലെ രാത്രി കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇടുക്കിയിലും തെക്കൻ മലയോര മേഖലകളിലുമാണ് രാത്രി മഴ ലഭിച്ചത്. അതുകൊണ്ട് തന്നെ നദികളിൽ ജലനിരപ്പ് കുറയുകയാണ്. മഴ തെക്കൻ കർണാടകയിലേക്ക് മാറുന്നതായാണ് സൂചന. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. ഇതേതുടർന്ന് പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം നൽകി.വി1, വി2, വി3 എന്നീ ഷട്ടറുകൾ വഴി സെക്കന്റിൽ 534 ഘടയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി വെള്ളം തുറന്നുവിടും. ഡാമിലേക്ക് 9,096 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.

വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി വെള്ളം ഇടുക്കി ഡാമിലെത്തും. മുല്ലപ്പെരിയാറിൽ റൂൾ കർവ് പ്രകാരം ജലനിരപ്പ് 137.5 അടിയിലെത്തിയപ്പോഴാണ് തുറന്നുവിട്ടത്. ജില്ലാ കലക്ടറേറ്റ്, പീരുമേട് താലൂക്ക് ഓഫീസ്, മഞ്ചുമല, പെരിയാർ, ഉപ്പുതറ, കുമളി, അയ്യപ്പൻകോവിൽ, ആനവിലാസം, കാഞ്ചിയാർ, ഏലപ്പാറ എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഡാമിലേക്ക് നീരൊഴുക്ക് കൂടിയതാണ് ഡാം തുറക്കുന്നതിലേക്ക് തമിഴ്‌നാടിനെ പ്രേരിപ്പിച്ചത്. മുൻകൂർ അറിയിപ്പ് നൽകണമെന്ന് കേരളം നിർദേശിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ 10 മണിക്ക് തുറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ജലനിരപ്പ് നിശ്ചിത പരിധിയിൽ എത്താൻ വൈകിയതോടെ ഒരു മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ഇടുക്കി ഡാമിൽ ജലനിരപ്പ് 2403 അടിയായി. പരമാവധി സംഭരണശേഷി 2408.5 അടിയാണ്. ബ്ലൂ അലർട്ടാണ് നൽകിയിരിക്കുന്നത്.

അതിനിടെ ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പമ്പ, മണിമല, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടുക്കി തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമഴക്കുള്ള സാധ്യതയുള്ളതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെങ്കിലും ന്യൂനമർദം രൂപംകൊള്ളുന്ന സ്ഥലം അതിന്റെ ഗതി എന്നിവയെ ആശ്രയിച്ചേ കേരളത്തിൽ എത്രസ്വാധീനം ചെലുത്തും എന്ന് പറയാനാകൂ. അതി തീവ്രമഴ കുറഞ്ഞെങ്കിലും സംസഥാനത്ത് പരക്കെ മഴ കിട്ടുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും അനുഭവപ്പെടുന്നു. മലയോരമേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ശമനമില്ലാതെ തുടരുകയാണ്. എറണാകുളത്ത് ആശങ്ക ഒഴിഞ്ഞുവെങ്കിലും പുത്തൻവേലിക്കര, ചേന്ദമംഗലം പ്രദേശങ്ങളിൽ വീടുകളിൽ കൂടുതലായി വെള്ളം കയറുകയാണ്. വരും മണിക്കൂറുകളിൽ മഴ മാറി നിന്നാൽ വെള്ളം ഇറങ്ങും. മഴ തുടർന്നാൽ പ്രശ്നമാകും. ആലപ്പുഴയിൽ ജാഗ്രത തുടരുകയാണ്. കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളിൽ വെള്ളം ഉയരുകയാണ്. കോട്ടയം ചങ്ങനാശേരി റോഡിൽ വെള്ളക്കെട്ട് തുടരുന്നത് ഗതാഗതത്തെ ബാധിച്ചു പെരിയാറ്റിലും മൂവാറ്റുപുഴ ആറ്റിലും വെള്ളം താഴ്ന്നു തുടങ്ങിയെങ്കിലും ജാഗ്രത തുടരുന്നു. ചാലക്കുടിയിൽ ജലനിരപ്പ് 7.27 അടിയായി തുടരുന്നുവെന്ന് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു. രാത്രി കാര്യമായ മഴ പെയ്യാതിരുന്നത് ആശ്വാസമായി. എങ്കിലും ജാഗ്രത തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇടുക്കിയിൽ ജലനിരപ്പ് 2380.32 അടിയായി. മുല്ലപ്പെരിയാർ തുറക്കുന്നതോടെ ഇടുക്കി ഡാമും തുറക്കേണ്ടി വരുമോ എന്ന പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് എൻഡിആർഎഫിനെ വിന്യസിക്കും. തെന്മല ഡാം 11 മണിക്ക് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. കല്ലടയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. കക്കി റിസർവോയറിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. പെരിങ്ങൽകൂത്ത്, പിച്ചീ, ചിമ്മിനി, മലമ്പുഴ ഡാമുകളിൽ ജലനിരപ്പ് അപകടകരമായ നിരപ്പിലും താഴെയാണ്.

മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തും സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും ജാഗ്രത തുടരാനാണ് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇടുക്കി ജില്ലയിലെ പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. തൃശൂരിലെ പെരിങ്ങൽകുത്തിലും ഷോളയാറിലും ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. കക്കി , ഇടുക്കി ഡാമുകളിൽ ബ്്ളൂ അലർട്ടും മൂഴിയാറിൽ യെലോ അലർട്ടും നിലനിൽക്കുകയാണ്.

പ്രധാന നദികളുടെ വൃഷ്ടി പ്രദേശത്തെ മഴയും സംഭരണികളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും നിരന്തരമായി നിരീക്ഷിക്കാനാണ് കെ.എസ്.ഇ.ബി , ജലവിഭവഇറിഗേഷൻവകുപ്പുകളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP