കണ്ണൂർ: ആർഎസ്എസ് പയ്യന്നൂർ ജില്ലാ കാര്യാലയം ബോംബെറിഞ്ഞ് തകർത്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സ്ഥലം എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. അക്രമം ഒന്നോ രണ്ടോ പേർ ആസൂത്രണം ചെയ്തതല്ല. മറിച്ച് സിപിഎം നേതൃതലത്തിൽ നടത്തിയ കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് കാര്യാലയത്തിന് നേരെയുള്ള അക്രമം.

അക്രമി സംഘത്തിന് ആരാണ് ബോംബെത്തിച്ച് നൽകിയതെന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്താൽ മനസ്സിലാകും. കൃത്യമായ പരിശീലനം ലഭിച്ചവരാണ് അക്രമം നടത്തിയതെന്ന് വ്യക്തമാണ്. തികച്ചും സമാധാനം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നടത്തുന്ന ഇത്തരത്തിലുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണണമെന്നും എൻ ഹരിദാസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അതി മാരകശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകളാണ് അക്രമികൾ ഉപയോഗിച്ചത്. കാര്യാലയത്തിന് നേരെയുള്ള അക്രമത്തിൽ പയ്യന്നൂരിൽ വലിയ കലാപമാണ് സിപിഎ നേതൃത്വം ആസൂത്രണം ചെയ്തത്. എന്നാൽ ബിജെപി, ആർഎസ്എസ് സംഘടനകൾ സംയമനത്തോടെ കാര്യങ്ങളെ സമീപിച്ചതോടെ സിപിഎം നേതൃത്വത്തിന് കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു. പൊലീസിനെയും നിയമ വ്യവസ്ഥയെയും പൂർണ്ണമായും വിശ്വാസത്തിലെടുത്താണ് ബിജെപി മുന്നോട്ട് പോയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഭവം ആസൂത്രണം ചെയ്തവരെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണം.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ചിട്ടി തട്ടിപ്പ്, പാർട്ടി ഓഫീസ് നിർമ്മാണഫണ്ട് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ സിപിഎം നേതൃത്വത്തിനെതിരെ വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണം ഉന്നയിച്ച മുൻ ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെതിരെ നടപടി സ്വീകരിച്ചതോടെ അണികളിൽ ഭൂരിഭാഗവും നേതൃത്വത്തിനെതിരെ തിരിഞ്ഞു. കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം നിർത്തി മാറി നിൽക്കുകയാണെന്ന് പ്രഖ്യാപിച്ചതും പാർട്ടിക്ക് തിരിച്ചടിയായി.

ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂധനനെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും വിഭാഗീയത പരിഹരിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. പ്രവർത്തകർ ഒന്നടങ്കം മധുസൂദനനെതിരെ തിരിഞ്ഞപ്പോഴാണ് കാര്യാലയം അക്രമം ആസൂത്രണം ചെയ്തത്. അക്രമത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.