Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എട്ടുസഹോദരങ്ങളുടെയും മരണം കണ്ട ബാലൻ; പ്രൊഫസറിൽ നിന്ന് സ്വയം സേവകനിലേക്ക്; ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബൈബിളായ വിചാരധാരയുടെ കർത്താവ്; ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും രാജ്യത്തിന്റെ ശത്രുക്കളെന്ന്; നാസികളുടെ ആരാധകൻ; വെറുപ്പിന്റെ ആചാര്യൻ എന്ന് വിമർശകർ; 'ഗുരുജി' ഗോൾവാൾക്കറുടെ ജീവിത കഥ

എട്ടുസഹോദരങ്ങളുടെയും മരണം കണ്ട ബാലൻ; പ്രൊഫസറിൽ നിന്ന് സ്വയം സേവകനിലേക്ക്; ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബൈബിളായ വിചാരധാരയുടെ കർത്താവ്; ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും രാജ്യത്തിന്റെ ശത്രുക്കളെന്ന്; നാസികളുടെ ആരാധകൻ; വെറുപ്പിന്റെ ആചാര്യൻ എന്ന് വിമർശകർ; 'ഗുരുജി' ഗോൾവാൾക്കറുടെ ജീവിത കഥ

എം റിജു

''ബുദ്ധനും, ഛത്രപതി ശിവജിക്കും, വിവേകാനന്ദനും, ബാലഗംഗാധര തിലകനുമൊപ്പം ഞാൻ ആരാധിക്കുന്ന വ്യക്തിയാണ് എംഎസ് ഗോൾവാൾക്കർ''- നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയതാണിത്. മാധവ് സദാശിവ് ഗോൾവാൾക്കർ എന്ന മറാത്താ നേതാവിന്റെ പേര്, ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏത് അക്കാദമിക്ക് ചർച്ചയിലും, ആദ്യം ഉയർന്നുകേൾക്കുന്നതാണ്. സ്വയം സേവകരുടെ ഇടയിൽ 'ഗുരുജി' എന്ന് അറിയപ്പെടുന്ന, ആർഎസ്എസിന്റെ രണ്ടാമത്തെ സർ സംഘചാലക്. ഇന്ത്യയിലെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ ബൈബിൾ എന്ന് അറിയപ്പെടുന്ന 'വിചാരധാര'യുടെ കർത്താവ്. അങ്ങനെ പല നിലയിലും ഗോൾവാൾക്കർ ഇടക്കിടെ രാജ്യത്ത് ചർച്ചയാവാറുണ്ട്. പക്ഷേ ഇപ്പോഴിതാ കേരളത്തിലും, മുമ്പെങ്ങും ഇല്ലാത്ത വിധം ഗോൾവാൾക്കറിന്റെ പേര് ഉയന്നുകേൾക്കയാണ്. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയത് രാജിവെക്കേണ്ടി വന്ന സിപിഎം മന്ത്രി സജി ചെറിയാൻ പറഞ്ഞത്, ഗോൾവാൾക്കർ ഉന്നയിക്കുന്ന അതേ ആശയങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പറഞ്ഞതാണ് വിവാദത്തിന്റെ കമ്പക്കെട്ടിന് തിരി കൊളുത്തിയത്.

ആർഎസ്എസ് ആവട്ടെ ഈ വിഷയത്തിൽ വി ഡി സതീശന് മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് ആയച്ചിരിക്കയാണ്. എന്നാൽ ഗോൾവാൾക്കറുടെ 'ബഞ്ച് ഓഫ് തോട്ട്സ്' അഥാവ വിചാരധാര എന്ന പുസ്തകം ഉദ്ധരിച്ചുകൊണ്ട്, അതിന് മറുപടി നൽകിയ സതീശൻ, കേസിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിരിക്കയാണ്്. ഇതിന് പിന്നാലെയാണ് സതീശൻ ആർഎസ്എസിന്റെ വോട്ട് തേടിയെന്നും, ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയെന്നുമുള്ള വാർത്തകൾ പുറത്തുവരുന്നത്.

1925ൽ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ സ്ഥാപിച്ച ആർഎസ്എസിനെ ഇത്രയും സുസംഘടിതമാക്കിയത് ഗോൾവാൾക്കർ ആണ്. ആർഎസ്എസിനകത്ത് ഹെഡ്‌ഗേവാർ ഡോക്ടർജി എന്നറിയപ്പെടുമ്പോൾ ഗോൾവാൾക്കർ 'ഗുരുജി'യാണ്.



എട്ടുസഹോദരങ്ങളും കൗമാരത്തിൽ മരിക്കുന്നു

1906 ഫെബ്രുവരി 19ന്, മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഗോൾവാൾക്കർ ജനിച്ചത്. സദാശിവറാവു, ലക്ഷ്മിബായ് എന്നിവരായിരുന്നു മാതാപിതാക്കൾ. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം മാതാപിതാക്കളുടെ ഒൻപതുമക്കളിൽ നാലാമനായിരുന്നു. ഈ മകനൊഴികെ ബാക്കിയെല്ലാ കുട്ടികളും ചെറുപ്രായത്തിൽത്തന്നെ മരണമടഞ്ഞു. വൈദ്യശാസ്ത്രം കാര്യമായി വികസിച്ചിട്ടില്ലത്ത അക്കാലത്ത് ഇത്തരം മരണങ്ങൾ നാട്ടിൽ പതിവായിരുന്നു. പക്ഷേ ബാലനായ മധുവിന് പല മരണങ്ങളും താങ്ങാവുന്നതിന് അപ്പുറത്തായിരുന്നെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണാം.

അത്യാവശ്യം സമ്പന്നരായിരുന്നു ആ കുടുംബം. കമ്പിത്തപ്പാൽ വകുപ്പിലെ മുൻ ഗുമസ്തനായിരുന്ന പിതാവ് സദാശിവറാവു, പിന്നീട് കേന്ദ്ര പ്രവിശ്യകളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിക്കുകയും, ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനായി വിരമിക്കയും ചെയ്തു. പിതാവ് ജോലി സംബന്ധമായി രാജ്യമെമ്പാടും പതിവായി സ്ഥലം മാറിയതിനാൽ നിരവധി സ്‌കൂളുകളിലായാണ് മധു വിദ്യാഭ്യാസം നിർവ്വഹിച്ചത്. ശാസ്ത്ര വിഷയങ്ങളിലയാരുന്നു താൽപ്പര്യം. അന്നൊന്നും രാഷ്ട്രീയ താൽപ്പര്യം ഒട്ടുമില്ലാത്ത കുട്ടിയായിരുന്നെന്നും ജീവചരിത്രം പറയുന്നു. പക്ഷേ കൗമാരപ്രായത്തിൽ അദ്ദേഹത്തിന്റെ മനസ്സിൽ മതം, ആത്മീയ എന്നിവ ആഴത്തിൽ വേരൂന്നിയിരുന്നു.

സ്‌കുൾ വിദ്യാഭ്യാസം നല്ല മാർക്കിൽ പുർത്തിയാക്കിയ ഗോൾവാൾക്കാർ, നാഗ്പൂരിൽ വൈദികർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹിസ്ലോപ്പ് കോളേജിൽ പഠനത്തിന് ചേർന്നു. കലാലയത്തിൽവച്ച്, ക്രിസ്തുമതത്തിന്റെ പ്രത്യക്ഷമായ പ്രചരണത്തിലും ഹിന്ദുമതത്തെ നിന്ദിക്കുന്നതിലും ഗോൾവാൾക്കർക്ക് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ സെമിറ്റിക്ക് മതങ്ങളോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയത് എന്നും പറയുന്നുണ്ട്.

ഹിസ്ലോപ്പ് കോളജ് വിട്ട് ബനാറസ് ഹിന്ദു സർവ്വകാലാശാലയിൽ ഉപരിപഠനത്തിന് പോയ ഗോൾവാൾക്കർ 1928ൽ എം.എസ്സി ബയോളജി പൂർത്തിയാക്കി. മദ്രാസിൽനിന്ന് ഒരു വർഷം നീണ്ട ഗവേഷണത്തിന് ശേഷം 1930ൽ ലക്ചററായി അദ്ദേഹം ബനാറസ് സർവ്വകലാശാലയിൽ തിരിച്ചെത്തി. അതിനും അഞ്ചുവർഷം മുമ്പ് രൂപവത്കരിച്ച് ആർഎസ്എസുമായുള്ള ബന്ധം ഗോൾവാൾക്കർക്കുണ്ടാകുന്നത് ഈ കാലഘട്ടത്തിലായിരുന്നു.

പ്രൊഫസറിൽനിന്ന് സ്വയം സേവകനിലേക്ക്

ആർഎസ്എസിന്റെ ആദ്യകാല അംഗങ്ങളിലൊരാളായ പ്രഭാകർ ദാനി, ബനാറസ് ഹിന്ദുസർവ്വകലാശാലയിൽ ബിരുദപഠനത്തിനായി എത്തുന്നത്, ഗോൾവാൾക്കർ അവിടെ പഠിപ്പിക്കുന്ന കാലത്തായിരുന്നു. 1928ൽ ദാനി, ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ, സർവ്വകലാശാലയുടെ സ്ഥാപകൻ മദന്മോഹൻ മാളവ്യയുടെ ആശീർവാദത്തോടെ, ആർഎസ്എസ് ശാഖ ആരംഭിച്ചു. ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകനായിരുന്നുവെങ്കിലും ഗോൾവാൾക്കർ അക്കാലങ്ങളിൽ സുഹൃത്തുക്കളേയും ശിഷ്യരേയും സഹായിക്കാൻ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം, ഗണിതം, തത്വചിന്ത എന്നീ വിഷയങ്ങൾ പഠിപ്പിക്കാറുണ്ടായിരുന്നു. ''പ്രഭാകർ ദാനി അദ്ധ്യാപകൻ എന്ന നിലയിലുള്ള ഗോൾവാൾക്കറിന്റെ കഴിവുകളുടെ ഗുണഫലം കഴിയുന്നത്ര ഉപയോഗിക്കാനാണ് ശ്രമിച്ചത്. മാധവറാവുവിനെ ഇടയ്ക്ക് ശാഖകൾ സന്ദർശിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. പഠനത്തിന് മാധവറാവുവിന്റെ സഹായം തേടിയത് പുറമേ അവർ ശാഖയിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.''- ഗോൾവാൾക്കറുടെ ജീവചരിത്രമായ 'ശ്രീ ഗുരജി ഒരു നവയുഗത്തിന്റെ അഗ്രഗാമി' എന്ന പുസ്തകത്തിൽ സി.പി ഭിഷികർ പറയുന്നു.

1932ൽ ആർഎസ്എസിന്റെ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഗോൾവാൾക്കറെ ഹെഡ്‌ഗേവാർ നാഗ്പൂരിലേയ്ക്ക് ക്ഷണിച്ചു. ''ആ ദിവസങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം ഡോക്ടർജി, ശ്രീ ഗുരുജിക്ക് നൽകി. അതിന്റെ ഫലമായി ബനാറസിൽ തിരിച്ചെത്തിയ ശേഷം ആർഎസ്എസിന്റെ സർവകലാശാല ശാഖാ പ്രവർത്തനങ്ങളിൽ ഗുരുജി കൂടുതൽ ഭാഗവാക്കായി.''-ഭിഷികർ എഴുതുന്നു.

1933ൽ ഗോൾവാൾക്കർ വീണ്ടും നാഗ്പൂരിലെത്തി. ഗോൾവാൾക്കറെ വളരെ പെട്ടന്നുതന്നെ ഹെഡ്‌ഗേവാർ ശ്രദ്ധിച്ചു. എല്ലാക്കാലത്തും ആർഎസ്എസ് പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന നാഗ്പൂരിലെ ശാഖയുടെ ചുമതല ഹെഡ്‌ഗേവാർ ഗോൾവാൾക്കർക്ക് കൈമാറി. ഹെഡ്‌ഗേവാറിന്റെ മറ്റ് സഹപ്രവർത്തരിൽ നിന്ന് വിഭിന്നമായി ഗോൾവാൾക്കർക്ക് കോൺഗ്രസുമായോ ഹിന്ദുമഹാസഭയുമായോ മഹാസഭയായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആർഎസ്എസിന് വേണ്ടി പൂർണ്ണമായി അർപ്പിക്കാൻ ഗോൾവാൾക്കർക്ക് കഴിയുമെന്ന് ഹെഡ്‌ഗേവാറിന് അറിയാമായിരുന്നവെന്നാണ് ജീവചരിത്രത്തിൽ പറയുന്നത്.

എന്നാൽ ഗോൾവാൾക്കർ ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം നാഗ്പൂരിലെ രാമകൃഷ്ണമിഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയും വലിയ തോതിൽ സമയം ചെലവഴിച്ചു. പ്രത്യക്ഷത്തിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ തുടരണമോ അതോ ആത്മീയ പ്രവർത്തനമായ ആശ്രമ പരിപാടികളിൽ മുഴുകണമോ എന്ന ധർമ്മസങ്കടത്തിൽ അക്കാലത്ത് ഗോൾവാൾക്കർ പെട്ടിരുന്നു. 1936ൽ നാഗ്പൂർ വിട്ട് പശ്ചിമബംഗാളിലെ സർഗാചിയിലുള്ള രാമകൃഷ്ണാശ്രമത്തിലേയ്ക്ക് ഗോൾവാൾക്കർ പോയി. രാമകൃഷ്ണപരമഹംസന്റെ നേരിട്ടുള്ള ശിഷ്യന്മാരിൽ ഒരാളായ അഖടാനന്ദന്റെ ആത്മീയ പാതയിൽ ചേർന്ന് ഗോൾവാൾക്കർ പ്രവർത്തിച്ചു. അഖടാനന്ദന്റെ മരണത്തെ തുടർന്ന്, ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം, ഗോൾവാൾക്കർ ആർഎസ്എസ് പ്രവർത്തനം തുടരാനായി നാഗ്പൂരിലേയ്ക്ക് തിരിച്ചെത്തി.

ഗോൾവാൾക്കറിനെ കുറിച്ചുള്ള തന്റെ ലേഖനത്തിൽ നരേന്ദ്ര മോദി, അദ്ദേഹം വിഭിന്നമായ ആകർഷങ്ങളിൽ പെട്ടുപോയതിനെപ്പറ്റി പറയുന്നുണ്ട്. 1940ൽ ഹെഡ്‌ഗേവാറിന്റെ മരണത്തെ തുടർന്നാണ് ആർഎസ്എസിന്റെ സർസംഘചാലക് സ്ഥാനം ഗോൾവാൾക്കർ ഏറ്റെടുക്കുന്നത്. 1973ൽ മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കേണ്ട

ആർഎസ്എസിന്റെ നേതൃത്വം ഏറ്റെടുത്തിന് ശേഷം ഗോൾവാൾക്കർ സംഘടനയുടെ വികാസമാണ് ആദ്യം ലക്ഷ്യം വച്ചത്, പ്രത്യേകിച്ചും അവസാന മൂന്ന് വർഷങ്ങളിൽ ഹെഡ്‌ഗേവാർ മേൽനോട്ടം വഹിച്ചിരുന്ന വിദർഭ, സെൻട്രൽ പ്രവിശ്യകളിലിലേത്. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കുചേരണമോ എന്ന കാര്യത്തിൽ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഗോൾവാൾക്കറുടെ കീഴിൽ ആർഎസ്എസ് കൈക്കൊണ്ടത്.

ഹെഡ്‌ഗേവാർ വിശാലാടിസ്ഥാനത്തിൽ കോൺഗ്രസ് നയിക്കുന്ന സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചയാളാണ്. മുപ്പതുകളിൽ കോൺഗ്രസ് പൂർണ്ണസ്വരാജ് പ്രഖ്യാപിച്ചപ്പോൾ 'ആ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഏതൊരു സംഘടനയോടും സഹകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്'എന്നായിരുന്നു ഹെഡ്‌ഗേവാറിന്റെ നിലപാട്. അതേ വർഷം ഗാന്ധി ഉപ്പുസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോൾ ആർഎസ്എസ് ഒരു സംഘടനയെന്ന നിലയിൽ ഇതിനെ പിന്തുണക്കില്ല എന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഹെഡ്‌ഗേവാർ, 'വ്യക്തിപരമായി ഈ സമരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്വയംസേവകർക്ക് അതത് സംഘചാലകരുടെ അനുമതിയോടെ പങ്കെടുക്കാം' എന്ന നിലപാടാണ് സ്വീകരിച്ചത്.

കോൺഗ്രസ് 'ഹിന്ദു ധർമ്മവും ഹിന്ദു സംസ്‌കാരവും' സംരക്ഷിക്കാൻ യാതൊരു ശ്രമവും നടത്തുന്നില്ല എന്ന് വിമർശിച്ചപ്പോഴും 'ദേശീയ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിൽ വിലങ്ങുതടയാകാതെ, സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന ഏതൊരു പോരാട്ടത്തിലും കോൺഗ്രസുമായി സഹകരിക്കുക' എന്ന നിലപാടാണ് ഹെഡ്‌ഗേവാർ കൈക്കൊണ്ടത്. ്. അതേ വർഷം സർസംഘ്ചാലക് സ്ഥാനം രാജിവച്ച് ഹെഡ്‌ഗേവാർ സത്യാഗ്രഹസമരത്തിൽ പങ്കുചേർന്നു, കേന്ദ്രഭരണപ്രവിശ്യകളിലെ വനനിയമം ലംഘിച്ച് സമരം ചെയ്തതിന്റെ ഫലമായി അറസ്റ്റ് ചെയ്യപ്പെട്ട ഹെഡ്‌ഗേവാർ ഒൻപത് മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

നേരേമറിച്ച്, ഗോൾവാൾക്കറിന് രാഷ്ട്രീയ പ്രവർത്തനവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലായിരുന്നു. 1942ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ ഗോൾവാൾക്കറുടെ പ്രതികരണം ഇതായിരുന്നു: ''ചില കാര്യങ്ങളിൽ ചില നിയന്ത്രണങ്ങൾ പാലിക്കാൻ തുടക്കം മുതൽ ആർഎസ്എസ് തീരുമാനിച്ചിരുന്നു. പ്രക്ഷാഭത്തിന് ആഹ്വാനം നൽകുമ്പോൾ വേണ്ടെത്ര തയ്യാറെടുപ്പുകൾ നടത്തുന്നതിൽ കോൺഗ്രസ് നേതാക്കൾ പരാജയപ്പെട്ടു. കൂലങ്കഷമായ ആലോചനയ്ക്ക് ശേഷം എനിക്ക് മനസിലായത്, മുഴുവൻ ആർജ്ജവത്തോടെയും ഞങ്ങൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്താൽ പോലും ഞങ്ങളുടെ ലക്ഷ്യം നിറവേറില്ല എന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ സ്വാതന്ത്ര്യസമരത്തിലുള്ള ആർഎസ്എസിന്റെ പങ്കാളിത്തം ഒരു പ്രയോജനവും ഉണ്ടാക്കില്ല''- ഗോൾവാൾക്കർ എഴുതി.

ഹെഡ്‌ഗേവാറിൽ നിന്ന് വ്യത്യസ്തമായി സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുക്കാനുള്ള വ്യക്തിപരമായ താത്പര്യവും ഗോൾവാൾക്കർ പ്രകടിപ്പിച്ചില്ല. ഈ തീരുമാനം അണികളിലൊരു വിഭാഗത്തിന് മോഹഭംഗമുണ്ടാക്കിയെങ്കിലും സംഘടനയ്ക്ക് ഇക്കാലയളവിൽ വലിയ തോതിൽ വികസിക്കാനുള്ള സാഹചര്യമുണ്ടായി. ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ 76,000 പേർ ദിനംപ്രതി ശാഖകളിൽ പങ്കെടുക്കാറുണ്ട് എന്നാണ് ആർഎസ്എസിന്റെ ആദ്യകാലത്തെ കുറിച്ച് വാൾട്ടർ കെ. ആൻഡേഴ്‌സണും ശ്രീധർ ഡി. ഡാംലെയും ചേർന്ന് രചിച്ച പുസ്തകം ചൂണ്ടിക്കാണിക്കുന്നത്. സ്വാതന്ത്ര്യത്തിന്റേയും വിഭജനത്തിന്റേയും തുടർച്ചയായുണ്ടായ ദുരിതകാലത്ത് അഭയാർത്ഥികളെ സഹായിക്കുക തുടങ്ങിയ ഒട്ടേറെ സന്നദ്ധപ്രവർത്തനങ്ങളിൽ ആർഎസ്എസ് സജീവമായിരുന്നു. ഈ ഒരു സേവന മുഖത്തിനാണ് ഗോൾവാൾക്കർ കൂടുതൽ ഊന്നൽ നൽകിയത്.

 'ഭരണഘടന വികൃത സൃഷ്ടി'

ഇന്ത്യൻ ഭരണഘടനക്ക് എതിരായ നിലപാടാണ് തുടക്കം മുതൽ ഗോൾവാൾക്കർ എടുത്ത്. ഭരണഘടന നിർമ്മാണസമിതിക്ക് രൂപംകൊടുത്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ''രാഷ്ട്രത്തിന്റെ ഏകീകരണ ശിലയായ ഹൈന്ദവാത്മകതയ്ക്ക് യാതൊരു പരിഗണനയും കൊടുക്കാത്ത ഒരു സമിതിയാണത്.'' ഭരണഘടന അംഗീകരിക്കപ്പെടും മുൻപു തന്നെ അതിന്റെ കരട് സമൂഹത്തിൽ ചർച്ചാവിഷയം ആകവെ ജനാധിപത്യത്തോടുള്ള തങ്ങളുടെ നീരസം ഗോൾവാൾക്കർ വ്യക്തമാക്കി. പട്ടിക്കും പൂച്ചയ്ക്കും അവകാശം നൽകാനുള്ള നീക്കമാണ് ജനാധിപത്യമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. മുഴുവൻ രാഷ്ട്രത്തിനുവേണ്ടി ഒരൊറ്റ നിയമനിർമ്മാണസഭയും മന്ത്രിസഭയും മതിയാകുമെന്നും അദ്ദേഹം വാദിച്ചു.

രാജ്യവും രാഷ്ട്രവും ഭരണകൂടവും എല്ലാം ഹിന്ദുത്വത്തിന്റെ സ്വാധീനത്തിൽ ഒന്നായി ലയിച്ചു ചേരുന്ന രാഷ്ട്രസങ്കല്പം ആണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ഭരണഘടനയുടെ കരട് പുറത്തു വന്നപ്പോൾ അതേക്കുറിച്ച് കാൺപൂരിൽ ചേർന്ന ആർഎസ്എസ് സമ്മേളനത്തിൽ ഗോൾവാൾക്കർ പ്രസംഗിച്ചത് ഇങ്ങനെയാണ്: ''അവർ നമ്മെ പൂർണ്ണമായും മറന്നുകളഞ്ഞു. ഇന്ത്യയുടെ ഏകാത്മകതയ്ക്ക് പകരം വൈവിധ്യങ്ങൾക്ക് ഊന്നൽ കൊടുത്തവരാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചത്.''

വിചാരധാരയിൽ ഗോൾവാൾക്കർ പറയുന്നതിങ്ങനെയാണ്-''നമ്മുടെ ഭരണഘടന തന്നെയും ഇങ്ങനെ ക്ലിഷ്ടവും ഭിന്നാത്മകവുമായ, വിവിധ തുണ്ടുകൾ ചേർത്ത് ഉണ്ടാക്കിയതാണ്. പാശ്ചാത്യ നാടുകളിലെ വിവിധ ഭരണഘടനകളുടെ വകുപ്പുകൾ എടുത്ത്, തുന്നിച്ചേർത്ത് ഉണ്ടാക്കിയതാണ്. ഇതിൽ നമ്മുടേത് എന്ന് പറയാവുന്ന യാതൊന്നും ഇല്ല. നമ്മുടെ ദേശീയ ദൗത്യത്തെക്കുറിച്ചോ, നമ്മുടെ ജീവിതത്തിലെ മുഖ്യ ആദർശത്തെക്കുറിച്ചോ, ഒരു സൂചനപോലും അതിലെ നിർദ്ദേശകതത്വങ്ങളിൽ എങ്ങുമില്ല. ഐക്യരാഷ്ട്ര സഭയുടേയും മുമ്പത്തെ സർവരാഷ്ട്ര സമിതിയുടെയും, പ്രമാണങ്ങളിലെ ചില മുടന്തൻ തത്വങ്ങളും, അമേരിക്കയിലെയും ബ്രിട്ടനിലെയും ഭരണഘടനകളുടെ ചില പ്രത്യേകതകളും കൂട്ടിച്ചേർത്ത്, വികൃത സ്ഷ്ടിയാണ് ഇത്' - വിചാരധാര ( പേജ് -350 മലയാള തർജ്ജമ)

ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' 1947 ജൂലൈ 31ന് പുറത്തിറങ്ങിയത് 'ഹിന്ദുസ്ഥാൻ' എന്ന തലക്കെട്ടുള്ള മുഖപ്രസംഗത്തോടുകൂടിയാണ്. സ്വതന്ത്ര ഇന്ത്യയുടെ പേര് 'ഹിന്ദുസ്ഥാൻ' എന്നാക്കണമെന്നായിരുന്നു അതിലെ നിർദ്ദേശം. സ്വാതന്ത്ര്യത്തലേന്ന് പുറത്തിറങ്ങിയ 'ഓർഗനൈസറി'ലെ ആവശ്യം ദേശീയ പതാകയായി കാവിക്കൊടി അംഗീകരിക്കണമെന്നതായിരുന്നു. ത്രിവർണ്ണ പതാക പല നിറങ്ങൾ കൂടി ചേർന്നതാകയാൽ അത് ഹിന്ദുസ്ഥാന് നിരക്കുന്നതല്ലെന്നായിരുന്നു അവരുടെ വാദം.

സ്വാതന്ത്ര്യപ്പുലരിയിൽ രാജ്യം മുഴുവൻ ആഹ്ലാദിച്ചപ്പോൾ അതിൽ പങ്കുചേരാൻ ആർഎസ്എസ് കൂട്ടാക്കിയില്ല. 1973ൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ ഗോൾവാൾക്കർ നടത്തിയ പ്രസംഗം ഇങ്ങനെയാണ് ''ഫെഡറൽ ഭരണഘടനയ്ക്കു പകരം നാം ഒരു ഏകാത്മക്യ ഭരണഘടന പ്രഖ്യാപിക്കുകയാണ് വേണ്ടത്. ഉചിതമായ ഭേദഗതിയിലൂടെ യഥാസമയം അത് നേടാൻ നാം പരിശ്രമിച്ചുകൊണ്ടിരിക്കും.''

ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെ അതിരൂക്ഷമായ വിമർശനമാണ് ആർഎസ്എസ് നടത്തിയത്. അവരുടെ ഔദ്യോഗിക മാധ്യമമായ ഓർഗനൈസർ 1949 നവംബർ 30ന്റെ എഡിറ്റോറിയലിൽ ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കി. 'നമ്മുടെ ഭരണഘടനയിൽ പൗരാണിക ഭാരതത്തിന്റെ ഭരണഘടനാ വികാസത്തിന്റെ സവിശേഷമായ സ്വഭാവത്തെക്കുറിച്ച് ഒരു പരാമർശവുമില്ല. പേർഷ്യയിലെയും മറ്റും നിയമസംഹിതകൾക്കും വളരെമുമ്പ് എഴുതിയിട്ടുള്ളതാണ് മനുസ്മൃതി. ലോകമാകെ ഇത് അംഗീകരിച്ചിട്ടുണ്ടെങ്കിലും നമ്മുടെ ഭരണഘടനാ പണ്ഡിതരെ സംബന്ധിച്ചിടത്തോളം മനുസ്മൃതി ഒന്നുമല്ല.' ഇത് കുറെക്കൂടി ശക്തമായി സവർക്കറും ആവർത്തിക്കുന്നുണ്ട്. ഭരണഘടനയെ തള്ളിപ്പറയുകയും മനുസ്മൃതിയെ ഭരണഘടനയാക്കണമെന്നുമാണ് ഹിന്ദുത്വ ശക്തികൾ അന്നേ ആവശ്യപ്പെട്ടിരുന്നത് എന്ന് വ്യക്തം.

ഗാന്ധി മരിച്ചപ്പോൾ ലഡു വിതരണം

1948 ഫെബ്രുവരി മൂന്നിന്, ഗാന്ധിവധത്തിന് നാലു ദിവസം കഴിഞ്ഞ്, ഗോൾവാൾക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു ദിവസത്തിന് ശേഷം ആർഎസ്എസ് നിരോധിക്കുകയും ചെയ്തു. പക്ഷേ ഈ പ്രതിസന്ധികൾക്കിടയിലുടെയും ആർഎസ്എസിനെ മുന്നോട്ട് നയിച്ച് ഒരു വർഷത്തിനുള്ളിൽ ആത്യന്തികമായി പഴയ പ്രാമാണ്യത്തിലേയ്ക്ക് തിരികെയെത്തിക്കാനും ഗോൾവാൾക്കർക്ക് കഴിഞ്ഞു.

ഗാന്ധിവധത്തിന്റെ പ്രാഥമികമായ ഗൂഢാലോചനക്കുറ്റം ഹിന്ദുമഹാസഭയുടെ ഒരു വിഭാഗത്തിൽ ആരോപിതമായെങ്കിലും ആ കൊലപാതകത്തിനുവേണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ആർഎസ്എസിന് നിർണ്ണായക പങ്കുണ്ടെന്ന കാര്യമായിരുന്നു വിവാദമായത്. പക്ഷേ ഗാന്ധി വധത്തിൽ ആർഎസ്എസിന്റെ അംഗങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരെല്ലാം മോചിപ്പിക്കപ്പെട്ടു. ആ ഓഗസ്റ്റ് മാസത്തിൽ തന്നെ പൊതുപരിപാടികളിൽ പ്രസംഗിക്കരുത്, രചനകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സർക്കാരിന്റെ അനുമതി തേടണം എന്നിവയടക്കമുള്ള ഉപാധികളിൽ ഗോൾവാൾക്കറിനെ വിട്ടയച്ചു.

ഗാന്ധിജിയുടെ നിശിത വിമർശകൻ കൂടിയായിരുന്നു ഗോൾവാൾക്കർ. ഗാന്ധിജി മരിക്കുന്നതിന് ഒരാഴ്ചമുമ്പ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ഗോൾവാൾക്കർ അദ്ദേഹത്തെ കണക്കിന് വിമർശിച്ചതായി കവി ഒഎൻവി കുറുപ്പ് എഴുതിയിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകർ ഗാന്ധിജി മരിച്ചപ്പോൾ മധുരപലഹാര വിതരണം ചെയ്തതും താൻ നേരിട്ട് കണ്ടുവെന്നും ഒഎൻവി എഴുതിയിട്ടുണ്ട്. പലഭാഗത്തും നടന്ന ഈ മധുരപലഹാര വിതരണം അന്നത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായ് പട്ടേലും സ്ഥിരീകരിച്ചിട്ടുണ്ട്.


വിചാരധാരയിൽ ഉള്ളതെന്ത്?

മാധവ് സദാശിവ് ഗോൾവാൾക്കർ പലകാലങ്ങളിലായി നടത്തിയ പ്രസംഗങ്ങളുടെയും കറുപ്പികളുടെയും സമാഹാരമാണ് വിചാരധാര എന്ന ബഞ്ച് ഓഫ് തോട്ട്സ്. ഈ പുസ്തകത്തിൽ നാലു ഭാഗങ്ങളിലായി ആകെ 23 അധ്യായങ്ങളുണ്ട്. വിചാരധാരയെ ഹിറ്റ്ലറിന്റെ ആത്മകഥയായ മെയിൻകാംഫിന് സമാനമായ വെറുപ്പിന്റെ പുസ്തകം ആയിട്ടാണ്, രാമചന്ദ്രഗുഹയെപ്പോലുള്ളവർ വിലയിരുത്തുന്നത്.

ഗോൾവാൾക്കറിന്റെ വിമർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റുകളുമാണ്. ഒരു വലിയ അദ്ധ്യായം തന്നെ ഇക്കൂട്ടരുടെ ദേശഭക്തിയെ ചോദ്യം ചെയ്യാനായി അദ്ദേഹം നീക്കിവെച്ചിരിക്കുന്നു. ആഭ്യന്തര ശത്രുക്കളയാണ് അദ്ദേഹം ഇവരെ കാണുന്നത്. അതുപോലെതന്നെ ഗോൾവാൾക്കർ ജനാധിപത്യത്തെയും ഈ കൃതിയിലൂടെ ചോദ്യം ചെയ്യുന്നു, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 'ജനാധിപത്യം പ്രായോഗികമായി ഏറിയകൂറും ഒരു മിഥ്യയാണ്. 'വ്യക്തിസ്വാതന്ത്ര്യം' എന്ന ശബ്ദഘോഷം പോലും കഴിവുള്ളന് മറ്റുള്ളവരെ ചൂഷണം ചെയ്യാനുള്ള ഒരു ഉപാധിമാത്രമാണ്'.

വിചാരധാരയിൽ ഹിന്ദിയെ ഔദ്യോഗിക/രാഷ്ട്ര ഭാഷയായി നിർദ്ദേശിക്കുന്നതിനോടൊപ്പം (അദ്ധ്യായം 8), അഹിന്ദുക്കൾക്ക് പൗരത്വത്തിനുള്ള പരീക്ഷകളുടെ പട്ടിക (അധ്യായം. 9) നൽകുകയും, മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകളേയും ആന്തരികമായ ഭീഷണികളായി ചിത്രീകരിക്കുകയും (അധ്യായം. 12) ചെയ്യുന്നു. ഇതിൽ ബ്രാഹ്മണരും ക്ഷത്രിയരും രാജ്യഭരണം നടത്തുന്ന ബാക്കി ജാതികൾ ഇവരുടെ കീഴിൽ വരുകയും ചെയ്യുന്നരീതിയിലെ ഹിന്ദു ജാതി വ്യവസ്ഥയെ പുകഴ്‌ത്തി അതിനെ തിരിച്ചു കൊണ്ടുവരാൻ ആഹ്വാനം ചെയ്യുന്നുണ്ട് (അധ്യായം 4 ). സ്ത്രീകൾ പൊതുജീവിതത്തിന്റെ ഭാഗമാകുന്നതിനെയും പ്രസംഗങ്ങളും മറ്റും നടത്തുന്നതിനെയും പ്രോൽസാഹിപ്പിക്കാത്ത ഇത് (അധ്യായം 21) തൊട്ടുകൂടായ്മയിലേക്ക് തിരിച്ചുപോകാനും ഉദ്ഘോഷിക്കുന്നു.

കടുത്ത സംവരണ വിരുദ്ധതും ഗോൾവാൾക്കർ വെച്ചുപുലർത്തുന്നുണ്ട്.'' ജാതിയുടെ പേരിൽ മാത്രം പ്രത്യേക ആനുകൂല്യം നൽകുന്നത് അവരിൽ സ്ഥാപിതതാത്പര്യങ്ങൾ സൃഷ്ടിക്കാനും സമൂഹത്തിൽ പ്രത്യേക അസ്തിത്വമായി അവർ നിലകൊള്ളാനും കാരണമാകും. ഇത് സമൂഹത്തിലെ മറ്റുള്ളവരുമായുള്ള അവരുടെ ഏകീകരണത്തിന് തടസമാവുകയും ചെയ്യും.'' എല്ലാ ജാതിക്കാരിലും ദരിദ്രരും അഗതികളും അശരണരും ഉണ്ടാകുമെന്നും അദ്ദേഹം വിചാരധാരയിൽ വാദിക്കുന്നു.

സത്രീകളുടെ കാര്യമെടുത്താൽ, ആധുനികത അവരെ വഴിതെറ്റിക്കുകയാണ് എന്നതാണ് ഗോൾവാൾക്കറുടെ അഭിപ്രായം. ഇതു സംബന്ധിച്ച ഒരു ഈരടി പാടിക്കൊണ്ട് അദ്ദേഹം വിലപിക്കുന്നു-: ''ധർമ്മ നിഷ്ഠരായ വനിതകൾ അവരുടെ ശരീരം മറയ്ക്കും, പൊതുവിടങ്ങളിൽ ശരീരപ്രദർശനം നടത്തുന്നതിലാണ് 'ആധുനികത' നിലകൊള്ളുന്നത് എന്നാണ് ആധുനിക സ്ത്രീകൾ കരുതുന്നത്. എന്തൊരു അധ:പതനം!''

സമത്വത്തിനുവേണ്ടിയുള്ള വാദം എന്തായാലും പരിഹാസ്യമായ എന്തോ പോലെയാണ് ഗോൾവാൾക്കർക്ക് തോന്നിയിരുന്നത്. ''സത്രീ സമത്വത്തിനായും 'പുരുഷാധിപത്യത്തിൽ നിന്നുള്ള വിമോചന'ത്തിനുമായി ഇപ്പോൾ ഒരു നിലവിളി ഉയർന്നിട്ടുണ്ട്. ഭരണത്തിന്റെ വിവിധ തലങ്ങളിൽ പ്രത്യേക ലിംഗപദവിക്കനുസരിച്ച് സംവരണം കൊണ്ടുവരണമെന്നാണ് ആവശ്യം. ഇതോടെ പുതിയൊരു 'ഇസം' കൂടി വന്നു- കമ്മ്യൂണലിസം (വർഗ്ഗീയത), കാസ്റ്റിസം (ജാതീയത) തുടങ്ങിയവരുടെ കൂട്ടത്തിൽ ഒന്നു കൂടി- സെക്‌സിസം''- ഗോൾവാൾക്കർ വ്യക്തമാക്കി.

ഇന്ത്യയിൽ ജീവിക്കുന്ന ഹൈന്ദവേതരരെ സംബന്ധിച്ച് സവർകറുടെ കാഴചപ്പാടാണ് ഫലപ്രദമായി ഗോൾവാൾക്കറും പങ്കുവച്ചിരുന്നത്. രാജ്യത്തോടുള്ള കൂറിൽ നിന്ന് അവരുടെ മതം അവരെ അകറ്റിനിർത്തുമെന്നത്. ''പ്രധാനപ്പെട്ട ചോദ്യം അവർ ഈ മണ്ണിന്റെ മക്കളാണ് എന്നുള്ളത് അവർ ഓർമ്മിക്കാറുണ്ടോ എന്നതാണ്. നമ്മൾ മാത്രം ഇക്കാര്യം ഓർത്തിട്ടെന്തു കാര്യം? ആ വികാരം, ആ ഓർമ്മ അതവർ താലോലിക്കണം. ദൈവാരാധനയുടെ വൈവിധ്യം കൊണ്ട് മാത്രം ഒരു വ്യക്തി മണ്ണിന്റെ മകനല്ലാതാകുമെന്ന് പറയാൻ മാത്രം നികൃഷ്ടരല്ല ഞങ്ങൾ. ദൈവത്തെ എന്തുപേര് വിളിക്കുന്നതിലും ഞങ്ങൾക്ക് എതിർപ്പില്ല.'' ഇതു പറഞ്ഞതിന് ശേഷം ഗോൾവാൾക്കർ ചോദിക്കുന്നു. ''ഇസ്ലാമിലേക്കും ക്രിസ്തീയതയിലേക്കും മതം മാറ്റം നടത്തിയവരുടെ മനോഭാവം എന്താണ്? അവരീ മണ്ണിൽ ജനിച്ചവരാണ്, സംശയമില്ല. പക്ഷേ അവർ ഈ നാടിനോട് വിശ്വാസ്യത പുലർത്തുന്നുണ്ടോ? അവരെ വളർത്തി വലുതാക്കിയ നാടിനോട് അവർക്ക് കടപ്പാടുണ്ടോ? ഈ നാടിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും മക്കളാണ് എന്നുള്ള വിചാരം അവർക്കുണ്ടോ? ഈ നാടിന്റെ നല്ല ഭാവിക്കായി സേവനം ചെയ്യണമെന്നവർക്കുണ്ടോ? നാടിന് വേണ്ടി സേവനം ചെയ്യേണ്ടത് കർത്തവ്യമാണെന്ന് അവർക്ക് തോന്നുന്നുണ്ടോ? ഇല്ല! വിശ്വാസമാറ്റത്തോടെ രാജ്യസ്‌നേഹത്തിന്റേയും ഭക്തിയുടേയും ഉത്സാഹവുമവർക്ക് നഷ്ടപ്പെട്ടു.''

അഹിന്ദുക്കളുടെ രാജ്യത്തോടുള്ള കൂറും ഗോൾവാൾക്കർ ചോദ്യം ചെയ്യുന്നു. ''രാജ്യത്തിനകത്ത് മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്, അഥവാ ചെറു പാക്കിസ്ഥാനുകളുണ്ട്. അവിടങ്ങളിലൊക്കെ രാജ്യത്തിന്റെ പൊതു നിയമങ്ങൾ ചെറിയ മാറ്റങ്ങളോടെയേ നടപ്പാകൂ, തെമ്മാടികളുടെ തോന്ന്യവാസങ്ങളാകും അവസാന വാക്ക്.'' ഗോൾവാൾക്കർ തുടർന്ന് ആരോപിക്കുന്നു:''ഈ പ്രദേശങ്ങളൊക്കെ യഥാർത്ഥത്തിൽ, ഈ നാട്ടിലെ പാക്കിസ്ഥാൻ അനുകൂല ശക്തികളുടെ സർവവ്യാപകമായ ശൃംഖലയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.''- ഈ രീതിയിലുള്ള അതിശക്തമായ വെറുപ്പാണ് വിചാരധാര ഉയർത്തുന്നത്.


നാസി ജർമ്മനി നമുക്ക് പാഠം

വിചാരധാരയേക്കൾ ഭീകരമാണ് 1939ൽ ഗോൾവാൾക്കാർ എഴുതിയ 'വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്' ( നാം അഥവാ നമ്മുടെ രാഷ്ട്ര സ്വത്വം നിർവചിക്കപ്പെടുന്നു) എന്ന പുസ്തകത്തിലുള്ളത്. 1930കളിൽ ജർമ്മനിയിൽ യഹൂദന്മാർക്കെതിരായി നടന്ന നാസി വംശശുദ്ധീകരണത്തെ അദ്ദേഹം പിന്തുണച്ചു. ഇത് ഇന്ത്യക്കാർക്ക് പഠിക്കുകയും ഇതിൽനിന്ന് ലാഭം നേടുകയും ചെയ്യാവുന്നതാണ് എന്നും അദ്ദേഹം ഈ കൃതിയിൽ അഭിപ്രായപ്പെടുന്നു. ''വംശത്തിന്റെയും സംസ്‌കാരത്തിന്റെയും ശുദ്ധി നിലനിറുത്താനായി സെമിറ്റിക് വംശങ്ങളെ - യഹൂദന്മാരെ - ഉന്മൂലനം ചെയ്തുകൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. ഏറ്റവും ഉയർന്ന തലത്തിലുള്ള വംശാഭിമാനമാണ് ഇവിടെ വെളിവായത്. ആഴത്തിലുള്ള വ്യത്യാസങ്ങളുള്ള വംശങ്ങളെയും സംസ്‌കാരങ്ങളെയും ഒരു സമൂഹത്തിലേയ്ക്ക് കൂട്ടിച്ചേർക്കാനാവില്ല എന്നും ജർമനി കാട്ടിത്തരുന്നു. ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിച്ച് ഗുണഫലങ്ങളെടുക്കാവുന്ന ഒരു നല്ല പാഠമാണിത്.''

''ഹിന്ദുസ്ഥാനിലെ വിദേശ മതങ്ങൾ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിച്ച് ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണം. ഹൈന്ദവ ദേശത്തെ ഹിന്ദു വംശം, സംസ്‌കാരം എന്നിവയല്ലാത്ത ഒരു ആശയത്തേയും വാഴ്‌ത്താൻ പാടില്ല. അല്ലെങ്കിൽ ഒരു അവകാശവാദവും ഉന്നയിക്കാതെ, ഒരു ആനുകൂല്യത്തിനും അർഹതയില്ലാതെ, പൗരത്വ അവകാശമടക്കം ഒരു പരിഗണനയും ലഭിക്കാതെ ഹിന്ദു രാജ്യത്തിന് കിഴ്‌പ്പെട്ട് കഴിയണം''- ഗോൾവാൾക്കർ ചൂണ്ടിക്കാട്ടുന്നു.

ഈ പുസ്തകത്തോട് അന്നും ഇന്നും ആർഎസ്എസ് ഔദ്യോഗികമായി അൽപ്പം അകലം പാലിക്കുന്നുണ്ട്. 1948ൽ ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ ഭരണകൂടം ആർഎസ്എസ് നിരോധിച്ചതിന് ശേഷം അവർ പൊതുവേദിയിൽ ഉപയോഗിക്കുന്ന ഭാഷയിലും അവർ ഉയർത്തിക്കാണിക്കുന്ന പ്രതിച്ഛായയിലും സംഘടന കൂടുതൽ ശ്രദ്ധിക്കാനാരംഭിച്ചു. എന്നാൽ 19339ൽ എഴുതുമ്പോൾ അത്തരം ജാഗ്രതകൾ പാലിക്കേണ്ട ആവശ്യമില്ലല്ലോ. ആർഎസ്എസ് പിന്നീടതിനെ തള്ളിപ്പറഞ്ഞുവെങ്കിലും പുസ്തകമിറങ്ങി ഒരു വർഷത്തിനകം ഗോൾവാൾക്കറെ സർസംഘ്ചാലക് ആക്കാനുള്ള തീരുമാനം പുസ്തകത്തെ ആർഎസ്എസ് വ്യവസ്ഥ അംഗീകരിക്കുന്നു എന്നുള്ളതിന്റെ പ്രഖ്യാപനമാണ്. ഇന്ന് ഈ പുസ്തകത്തെ സംഘപരിവാർ അത്രക്ക് പ്രോൽസാഹിപ്പിക്കുന്നില്ല എന്നതും വസ്തുതയാണ്.


തള്ളാനും കൊള്ളാനും ആവാതെ ബിജെപി

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഗോൾവാൾക്കറിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ബിജെപി. ആർഎസ്എസ്പോലും ആ അവസ്ഥയിലാണ്. വലിയ പ്രമോഷൻ ഇപ്പോൾ പരിവാർ പ്രസിദ്ധീകരണ ശാലകൾ ഇത്തരം പുസ്തകങ്ങൾക്ക് കൊടുക്കുന്നില്ല. ആധുനിക ജനാധിപത്യ സമൂഹത്തിൽ പറയാൻ കൊള്ളാത്ത ആശയങ്ങളാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഉള്ളത് എന്നത് വ്യക്തമാണ്. ഉദാഹരണമായി സമത്വത്തിനൂം, മതേതരത്വത്തിനും വേണ്ടി നിലകൊള്ളുമെന്നും, ഭീതിയോ പ്രീതിയോ കൂടാതെ തന്റെ കർത്തവ്യം നിർവഹിക്കും എന്നും ഭരണഘടന അനുസരിച്ച് സത്യപ്രതിഞ്ജ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എങ്ങനെയാണ് ഞാൻ 'വിചാരധാര' അംഗീകരിക്കുന്നുവെന്ന് പരസ്യമായി പറയാൻ കഴിയുക. കാരണം 'വിചാരധാര' പ്രകാരം അഹിന്ദുക്കൾ ചതിയന്മാരാണ്. അഭാരതീയമായ ഒന്നിനെയും അംഗീകരിക്കാനും കഴിയില്ല.

ഇതേ പ്രതിസന്ധി ആർഎസ്എസിനുമുണ്ട്. 2018ൽ ആർഎസ്എസ് തലവൻ മോഹൻഭാഗവത് നടത്തിയ രണ്ട് ദിവസത്തെ പ്രഭാഷണ പരമ്പരയിൽ മാധവ് സദാശിവ് ഗോൾവാൾക്കറേ, സൗകര്യപൂർവം മാറ്റിനിർത്തിയത് വാർത്തയായിരുന്നു. മാത്രമല്ല ആ പ്രഭാഷണ പരമ്പരയിൽ, മുസ്ലീങ്ങളും ഉൾപ്പെട്ടതാണ് തങ്ങളുടെ ഹിന്ദുരാഷ്ട്രം എന്ന് ഭാഗവത് അവകാശപ്പെട്ടു. എന്നാൽ ഗോൾവാൾക്കറുടെ ഹിന്ദു രാഷ്ട്രത്തിൽ മുസ്ലീങ്ങൾക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. പക്ഷേ ഇത് പൊതുവേദിയിൽ മാത്രമാണ്. ആഭ്യന്തരമായുള്ള ബിജെപിയുടെയും ആർഎസ്്എസിന്റെയും ചർച്ചകളിലും ചിന്തകളിലും നിറഞ്ഞു നിൽക്കുന്നത് ഗോൾവാൾക്കാർ തന്നെയാണ്.

നാഗ്പൂരിൽ നിന്ന് അമ്പത് കിലോമീറ്ററോളം ദൂരെയുള്ള രാംടേക് പട്ടണത്തിലുള്ള ഗോൾവാൾക്കറുടെ കുടുംബവീട് ഇപ്പോൾ നവീകരിച്ച് അദ്ദേഹത്തിന്റെ സ്മാരകമായി സൂക്ഷിക്കുകയാണ്. ആർഎസ്എസിന്റെ ജില്ലാ ആസ്ഥാനം കൂടിയാണിത്. ഗോൾവാൾക്കറുടെയും ഹെഡ്ഗേവാറിന്റെയുമൊക്കെ ചിത്രങ്ങൾ ചില്ലിട്ടുവെച്ച് ഒരു ക്ഷേത്രംപോലെയാണ് ആർഎസ്എസ് പ്രവർത്തകർ ഈ വീടിനെ പാലിക്കുന്നത്!

വാൽക്കഷ്ണം: ഇനി വി ഡി സതീശനും ആർഎസ്്എസും തമ്മിലുള്ള വിവാദം നോക്കുക. അടിസ്ഥാനപരമായി ഗോൾവാൾക്കർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല. നമ്മുടെ സംസ്‌ക്കാരം ഉൾക്കൊള്ളാത്ത, വൈദേശികമാണ് അതെന്ന് അദ്ദേഹം അവർത്തിക്കുന്നുണ്ട്. പക്ഷേ 'ഇന്ത്യയിലെ ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻപറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്' എന്ന് സജി ചെറിയാൻ പറഞ്ഞത് ഗോൾവാൾക്കർ പറഞ്ഞിട്ടിട്ടില്ല എന്നുമാതം. മെറിറ്റിൽ നോക്കിയാൽ, സജി ചെറിയാനും, ഗോൾവാൾക്കറും ഭരണഘടനാ വിരുദ്ധർ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP