Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാൻ നീക്കം; ഇമിഗ്രേഷൻ ജീവനക്കാരുടെ ഇടപെടലും ജനങ്ങളുടെ പ്രക്ഷോഭവും; ദുബായിലേക്ക് കടക്കാനുള്ള നീക്കത്തിൽ നാണംകെട്ട് ഗോതാബയ

ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാൻ നീക്കം;  ഇമിഗ്രേഷൻ ജീവനക്കാരുടെ ഇടപെടലും ജനങ്ങളുടെ പ്രക്ഷോഭവും; ദുബായിലേക്ക് കടക്കാനുള്ള നീക്കത്തിൽ നാണംകെട്ട് ഗോതാബയ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: പ്രക്ഷോഭങ്ങൾ കടുക്കുന്നതിനിടെ ശ്രീലങ്കയിൽ നിന്നും ദുബായിലേക്ക് കടക്കാൻ ശ്രമിച്ച് ശ്രീലങ്കൻ ഭരണാധികാരികൾ.എന്നാൽ ഇമിഗ്രേഷൻ ജീവനക്കാരുടെ ഇടപെടലും നാട്ടുകാരുടെ പ്രക്ഷോഭവും കാരണം ശ്രമം പരാജയപ്പെട്ടു.ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജ്യം വിടാൻ തിങ്കളാഴ്ച അർദ്ധരാത്രിയിൽ കഠിന ശ്രമങ്ങൾ നടത്തിയെങ്കിലും വിമാനത്താവള ജീവനക്കാർ വഴി തടഞ്ഞതിനെ തുടർന്ന് അപമാനിതനായി പിൻവാങ്ങേണ്ടി വന്നു.

ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് രജപക്സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇമിഗ്രേഷൻ ജീവനക്കാർ തടഞ്ഞു. പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്ന് സാധാരണ ക്യൂ ഉപയോഗിക്കാൻ അദ്ദേഹം തയ്യാറായതുമില്ല.ഇത്തരത്തിൽ യുഎഇയിലേക്കുള്ള നാല് വിമാനങ്ങളിൽ കയറികൂടാനുള്ള രാജപക്സെയുടെ ശ്രമങ്ങൾ വിമാനത്താവള ജീവനക്കാർ തടഞ്ഞുവെന്ന് ശ്രീലങ്കൻ അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാത്രി മുഴുവൻ രജപക്സെയും അദ്ദേഹത്തിന്റെ ഭാര്യയും ഒരു ഡസനോളം വരുന്ന കുടുംബാംഗങ്ങളും വിമാനത്താവളത്തിന് സമീപത്തുള്ള ഒരു കേന്ദ്രത്തിൽ തങ്ങി.

പ്രാദേശിക സമയം 6.25 ന് ദുബായിലേക്ക് പുറപ്പെടുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിനായിരുന്നു രജപക്സെയും കുടുംബവും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 15 പാസ്പോർട്ടുകളുമായി അദ്ദേഹത്തിന്റെ സഹായികൾ തിങ്കളാഴ്ച വിമാനത്താവളത്തിലെത്തി.
പരിശോധനകൾക്ക് നേരിട്ട് ഹാജരാകാത്തത് മൂലം പ്രസിഡന്റിന്റെ സഹായികൾ നൽകിയ പാസ്‌പോർട്ടുകൾ പ്രോസസ്സ് ചെയ്യാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു. ഒടുവിൽ, പ്രസിഡന്റിനെയും കുടുംബത്തെയും കയറ്റാതെ വിമാനം പുറപ്പെട്ടു.

തുടർന്ന് 9.20-ന് കൊളംബോയിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ട ഇത്തിഹാദ് വിമാനത്തിലും കയറികൂടാൻ രജപക്സെയും കുടുംബവും ശ്രമം നടത്തി. സമാനമായ പ്രശ്നങ്ങളെ തുടർന്ന് ആ വിമാനവും നഷ്ടമായി. തുടർന്ന് മറ്റു രണ്ടു ശ്രമങ്ങളും സമാനമായി തന്നെ പരാജയപ്പെട്ടു. ഈ സമയത്തെല്ലാം വിമാനത്താവളത്തിനടുത്തുള്ള ഒരു ലോഞ്ചിൽ തങ്ങുകയായിരുന്നു ഇവർ.

പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയ ശനിയാഴ്ച മുതലാണ് ഗോതാബയ രാജപക്സെയും കുടുംബവും അപ്രത്യക്ഷമായത്. നിലവിൽ അദ്ദേഹം ശ്രീലങ്കയിൽ തന്നെ അജ്ഞാത കേന്ദ്രത്തിലുണ്ടെന്നാണ് വിവരം. ഇതിനിടെ കടൽ മാർഗം ശ്രീലങ്കയിൽ നിന്ന് കടക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ഇന്ന് രാവിലെ ഗോതാബയയുടെ ഇളയ സഹോദരനും മുൻ ധനകാര്യ മന്ത്രിയുമായ ബാസിൽ രജപക്സെ കൊളംബോ വിമാനത്താവളം വഴി കടക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

ഇതിനിടെ വിമാനങ്ങളിൽ രാജ്യവിടുന്നത് പരാജയപ്പെട്ട ഗോതാബയ രജപക്സെ നാവികസേനയുടെ പട്രോളിങ് ബോട്ടുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്നതിനുള്ള നീക്കങ്ങൾ നടത്തിവരികയാണെന്ന് ശ്രീലങ്കൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ശനിയാഴ്ച പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ഇരച്ചു കയറുന്നതിന് തൊട്ടുമുമ്പ്, രാജപക്‌സെ നാവികസേനയുടെ ബോട്ട് ഉപയോഗിച്ച് വടക്കുകിഴക്കൻ തുറമുഖ നഗരമായ ട്രിങ്കോമാലിയിലേക്ക് പലായനം ചെയ്തുവെന്നാണ് റിപ്പോർട്ട്.

അദ്ദേഹത്തിന് ഏറ്റവും എളുപ്പമുള്ള കാര്യംകടൽ വഴിയുള്ള രക്ഷപ്പെടലാണെന്ന് ഒരു ശ്രീലങ്കൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. മാലിദ്വീപിലേക്കോ ഇന്ത്യയിലേക്കോ കടന്ന ശേഷം അവിടെ നിന്ന് ദുബായിലേക്ക് മാറാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ശ്രീലങ്കയിലെ മറ്റൊരു വിമാനത്താവളമായ മാൾട്ടയിൽ നിന്ന് വിമാനം കയറാനും ഗോതാബയ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ശ്രീലങ്കൻ സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്താൻ നോക്കിയെങ്കിലും ഇന്ത്യൻ അധികൃതർ ഇതിന് അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസ് സന്ദർശക വിസ നൽകാനും യുഎസ് എംബസി വിസമ്മതിച്ചുവെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

അതേസമയം രാജ്യംവിടാൻ ശ്രമിച്ച മുൻ ശ്രീലങ്കൻ ധനമന്ത്രിയെ വിമാനത്താവളത്തിൽ നാടകീയമായി തടഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ബേസിൽ രജപക്‌സെയെ ജനങ്ങൾ തിരിച്ചറിഞ്ഞതോടെ ഇമിഗ്രേഷൻ വിഭാഗമാണ് തടഞ്ഞത്. അതേ സമയം പ്രസിഡന്റ് ഗോത്തബയ രജപക്‌സെ നാളെ രാജി സമർപ്പിക്കും. പ്രതിഷേധക്കാർ നാലാം ദിനവും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ തുടരുകയാണ്.

പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ സഹോദരനാണ് രക്ഷപ്പെടാൻ ശ്രമിച്ച ബേസിൽ രജപക്‌സെ പുലർച്ചയോടെ കൊംളബോ ഇന്റർനാഷണൽ വിമാനത്താവളത്തിലെ വി.ഐ.പി ടെര്മിനലിലൂടെ രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷേ ബേസിലിനെ ജനം തിരിച്ചറിഞ്ഞു. ബഹളമായതോടെ ഇമിഗ്രേഷൻ വിഭാഗം യാത്ര തടഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം ദുബായ് വഴി അമേരിക്കയിലേക്ക് കടക്കാനായിരുന്നു ബേസിലിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP