Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടം; ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിഅടിപൊളി ആക്ഷൻ; ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്; പഴയ ഫോർമാറ്റിലുള്ള മാസ് മസാലയാണെങ്കിലും ബോറടിയില്ല; കലാമേന്മ അധികമില്ലെങ്കിലും ചിത്രം കൊമേർഷ്യൽ വിജയം; 'കടുവ' ശരിക്കും പുലിയാണ്!

പൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടം; ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിഅടിപൊളി ആക്ഷൻ; ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്; പഴയ ഫോർമാറ്റിലുള്ള മാസ് മസാലയാണെങ്കിലും ബോറടിയില്ല; കലാമേന്മ അധികമില്ലെങ്കിലും ചിത്രം കൊമേർഷ്യൽ വിജയം; 'കടുവ' ശരിക്കും പുലിയാണ്!

എം റിജു

ഞ്ചുപേരെ തികച്ച് കിട്ടാത്തതുകൊണ്ട്, കേരളത്തിലെ തീയേറ്ററുകളിൽ ഷോ ക്യാൻസൽ ചെയ്യുന്ന കാലമാണിത്. അപ്പോഴാണ് തീയേറ്ററുകളെ പൂരപ്പറമ്പാക്കിയ അനുഭവമുള്ള പഴയ ഹിറ്റ് മേക്കർ ഷാജി കൈലാസ് തിരിച്ചെത്തുന്നത്. 'കടുവ' എന്ന പേരും പൃഥ്വിരാജിന്റെ കൊലമാസ് ഗെറ്റപ്പും, ഷാജി കൈലാസിന്റെ സ്റ്റാമ്പിങ്ങ് ഷോട്ടുകളുള്ള ടീസറുമൊക്കെ കാണുമ്പോൾ, എന്തു ഫീലാണോ ഒരു ശരാശരി പ്രേക്ഷകന് കിട്ടുന്നത്, അതൊക്കെ കൊടുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വാണിജ്യ സിനിമയുടെ വീക്ഷണകോണിൽനിന്ന് നോക്കിയാൽ ഈ 'കടുവ' ശരിക്കും പുലിയാണ്! ഈ പെരുമഴക്കാലത്ത് തീയേറ്ററുകാർക്ക് വീണു കിട്ടിയ വരദാനം.

യുക്തികളുടെയും പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെയും കണ്ണിലുടെ മാത്രം നോക്കി മലയാള ചലച്ചിത്രലോകത്തെ ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പൃഥ്വിരാജ് അടക്കമുള്ളവർ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. കെജിഎഫും ആർആർആറും, കമൽഹാസന്റെ വിക്രമുമൊക്കെ കോടികൾ വാരിക്കൂട്ടിയ, മാസ് മസാല ഫോർമാറ്റുമായാണ്, നീണ്ട ഒമ്പതുവർഷത്തെ ഇടവേള കഴിഞ്ഞ്, ഷാജികൈലാസ് വീണ്ടും സംവിധാന രംഗത്തേക്ക് എത്തിയിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ പൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടമാണ് ചിത്രം. ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിയുള്ള ആ അടിപൊളി ആക്ഷൻ രംഗങ്ങൾ ഒന്നു കണ്ട് നോക്കണം.

നായകനായ കടുവയെയും, അതിനൊത്ത വില്ലനായ വിവേക് ഒബ്റോയിയുടെ ഐജിയെയും, അങ്ങോട്ട് അഴിച്ചുവിട്ടിരിക്കയാണ് സംവിധായകൻ. ഇരുവരും തമ്മിലുള്ള കോമ്പോ സീനുകളൊക്കെ ത്രില്ലിങ്ങാണ്. പക്ഷേ കലാപരമായി നോക്കുമ്പോൾ അത്രയൊന്നും മേന്മ ഈ ചിത്രത്തിന് അവകാശപ്പെടാനില്ല. അതിന്റെ അണിയറ ശിൽപ്പികൾ അങ്ങനെ അവകാശപ്പെടുന്നുമില്ല. കി കി ഡുക്കിന്റെ ചിത്രം കാണുന്ന മൂഡിലല്ലല്ലോ, ഷാജി കൈലാസിന്റെ ചിത്രത്തിന് നാം ടിക്കറ്റ് എടുക്കുക. ഒരു ഫെസ്റ്റിവൽ സിനിമയുടെ എല്ലാ സംത്രാസവും പ്രേക്ഷകന് കൊടുക്കന്ന ആക്ഷൻ ഓറിയൻഡൻഡ് ഫാമിലി എന്റർടെയിനറാണ് ഈ ചിത്രം.

ഈ പെരുമഴക്കാലത്ത് തീയേറ്ററുകൾ നിറച്ചതിന്, മലയാള ചലച്ചിത്ര ലോകം ഷാജിയോടും പൃഥ്വിയോടും കടപ്പെട്ടിരിക്കും. പാലക്കാരൻ കുരുവിനാക്കുന്നിൽ കുറുവച്ചനുമായുള്ള കേസു കാരണം, കുറുവച്ചനെ ഒറ്റയാഴ്ച കൊണ്ട് കുര്യച്ചനാക്കി അതെവിടെയും മുഴച്ച് നിൽക്കാതെ തിയേറ്ററിൽ എത്തിച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ സമ്മതിക്കണം. ഡബ്ബിങ്ങിൽ എവിടെയും ഇങ്ങനെ ഒരു മാറ്റം അറിയുന്നുപോലുമില്ല.

കടുവ ഗർജജിക്കുമ്പോൾ

ഒരു മാസ് മസാലക്കുവേണ്ട എല്ലാ ചേരുവുകളും തിരക്കഥാകൃത്ത് ജിനു എബ്രഹാം 'കടുവയിൽ' ചേർത്തിട്ടുണ്ട്. ഒരു കാട്ടിലെ വന്യമൃഗങ്ങളും മാൻപേടകളും എല്ലാമുണ്ട് ചിത്രത്തിൽ. നാട്ടുകാർ കടുവാക്കുന്നേൽ കുര്യച്ചൻ എന്ന് വിളിക്കുന്ന, പാന്റേഷൻനും ബാർ ബിസിനസ്സും ഒക്കെയായി കഴിഞ്ഞുകൂടിയ നാട്ടിലെ പ്രമാണിയായ ഒരു പാലക്കാരന്റെ കഥയാണിത്. അയ്യപ്പനും കോശിയുംപോലെ മുഖ്യകഥാപാത്രങ്ങളുടെ ഈഗോ വരുത്തിവെക്കുന്ന പ്രശ്നങ്ങൾ ഇവിടെയുമുണ്ട്.

കുര്യച്ചനും നാട്ടുകാരൻ കൂടിയായ ഐജി ജോസഫ് ചാണ്ടിയും തമ്മിലുള്ള ചെറിയ കശപിശ പിന്നീട് വഴക്കായും അതും കഴിഞ്ഞ് രണ്ടിലൊരാൾ മരിച്ചാലേ അവസാനിക്കൂ എന്ന് പറയുന്ന ഘോരയുദ്ധമായും മാറുന്നു. ഷാജികൈലാസ് തന്നെ മുമ്പ് മോഹൻലാലിനെവെച്ച് എടുത്ത 'നാട്ടുരാജാവ്' എന്ന ചിത്രത്തിന്റെ കഥയുമായും കടുവയ്ക്ക് ചില സാമ്യങ്ങൾ തോന്നിക്കുന്നുണ്ട്.

ഷാജി കൈലാസിന്റെ പതിവ് ശൈലിയിൽ, ഒരു പെരുമഴക്കാലത്ത് പാലാ പൊലീസ് സ്റ്റേഷനുമുന്നിൽ കുട ചൂടി നിൽക്കുന്ന, ഒരുപാടുപേരെ കാണിച്ച് കഥ നേരെ കോട്ടയം ജില്ലാ ജയിലേക്ക് പോവുന്നു. അവിടെ റിമാൻഡ് തടവുകാരനായി വരുന്ന നായകന്റെ ഒന്നൊന്നര ബിൽഡപ്പോടെയാണ് ചിത്രത്തിന്റെ തുടക്കം. ( നമ്മുടെ ന്യൂജൻ സിനിമക്കാർ ചവറ്റുകൊട്ടയിൽ ഇട്ട ഫോർമാറ്റാണ് ഇതൊക്കെ. പക്ഷേ ഇടക്ക് ഇങ്ങനെയും സിനിമ വന്നോട്ടെ) കുര്യച്ചന്റെ നാട്ടുകാരനും സഹതടവുകാരനുമായ പാഷാണം ഷാജിയുടെ കഥാപാത്രം, പുലിമുരുകൻ, പോക്കിരിരാജാ സിനിമകളുടെ സ്റ്റൈലിൽ കുര്യച്ചനെക്കുറിച്ച് തള്ളി മറിക്കുന്നുണ്ട്.

അങ്ങനെ ഒരാൾ അവിടെ വന്നിറങ്ങും മുൻപ് അയാൾ ധരിക്കുന്ന തൂവെള്ളക്കുപ്പായം മുതൽ വലിക്കുന്ന തടിമാടൻ ചുരുട്ട് വരെ സ്യൂട്ട് കേസ് പെട്ടിയിലായി പൊലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്.അങ്ങനെ അടിപൊളി ബിജിഎമ്മിന്റെ പിൻബലത്തോടെ നായകൻ ജയിലിൽ എത്തി, അഞ്ചുമിനിട്ട് കഴിയുന്നതിന് മുമ്പ് തന്നെ അതി ഗംഭീരമായ സംഘട്ടനവും തുടങ്ങുന്നു. അവിടെയൊക്കെ ചിത്രത്തിന്റെ ആക്ഷൻ മികവ് പ്രകടമാണ്. ശരിക്കും ഒരു അടിപിടിക്കിടയിൽ പെട്ടപോലെ.

ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവും, തന്റെ ബിസിനസുമായി കഴിഞ്ഞുകൂടിയ, നീതിക്ക് നിരക്കാത്തത് ഒന്നും ചെയ്യാത്ത കുര്യച്ചൻ ജയിലിൽ ആയത് എങ്ങനെയാണെന്നാണ് പിന്നീടുള്ള സിനിമ കാണിക്കുന്നത്. അതോടെ നായകനും വില്ലനും തമ്മിലുള്ള പൂണ്ടുവിളയാട്ടത്തിന് തുടക്കമായി. കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഈ രണ്ട് കഥാപാത്രങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ ആവേശത്തോടെ മാത്രമേ കണ്ടിരിക്കാൻ കഴിയുകയുള്ളൂ.

മരണമാസ് ആക്ഷനുമായി പൃഥി

മലയാളത്തിൽ ഏറ്റവും നന്നായി ആക്ഷൻ ചെയ്യാൻ കഴിയുന്ന നടൻ മോഹൻലാൽ ആണെന്നാണ് ഈ ലേഖകനൊക്കെ കരുതിയത്. 'കടുവ' കാണുന്നതുവരെ. എന്നാൽ ഈ പടത്തിലെ പൃഥിയുടെ ആക്ഷൻ രംഗങ്ങൾ ഗംഭീരമാണ്. പഴയ ജയനെ ഓർമ്മിപ്പിക്കുന്നു. ശരിക്കും തീപാറും. തോളെല്ലുകൾ ചലിപ്പിച്ച് പൊട്ടൽ ശബ്ദമുണ്ടാക്കി മുണ്ടും മടക്കിക്കുത്തിയുള്ള ആക്ഷൻ കൈയടി ഉയർത്തുന്നു. ഷാജി കൈലാസിന്റെ തന്നെ 'നരസിഹം' ഓർമ്മവരും. ഈ പടത്തിലെ അടിയും തടയുമായുള്ള ആ സ്റ്റെലൻ പെർഫോമൻസ് ഒരിക്കലും പൃഥിരാജിന്റെ ആരാധകർ മറന്നുപോകാൻ ഇടയില്ല. ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ മാഫിയ ശശി, കനൽ കണ്ണൻ ടീം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. പാവങ്ങളുടെ പീറ്റർ ഹെയിനാണ് സത്യത്തിൽ മാഫിയാ ശശി! എന്നുവെച്ച് ഇത് വെറുമൊരു അടിപ്പടം മാത്രമല്ല. ഫാമിലിക്ക് ആസ്വദിക്കാനുള്ള എല്ലാ വിഭവങ്ങളും അത്യാവശ്യം നല്ല മൂന്ന് പാട്ടുകളുമൊക്കെ ചിത്രത്തിലുണ്ട്.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ബലം കാസ്റ്റിങ്ങാണ്. പൃഥിക്ക് മറുഭാഗത്ത്, ലൂസിഫറിൽ നിന്ന് മുഖം കഴുകി വന്നപോലെ തോന്നിക്കുന്ന, വിവേക് ഒബ്റോയിയെ ഇട്ടതാണ് സിനിമയുടെ കരുത്ത് വർധിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ഡബ്ബിങ്ങും നന്നായിട്ടുണ്ട്. അപ്പുറത്ത് വിവേക് അല്ലായിരുന്നെങ്കിൽ ഈ ഒരു ഗാംഭീര്യം ചിത്രത്തിന് കിട്ടില്ലായിരുന്നു. നായിക സംയുക്തക്ക് സാരിയുടുത്ത് പൗഡറിട്ട് വൃത്തിയായി നിൽക്കുക എന്നല്ലാതെ കാര്യമായി ഒരു റോളുമില്ല. പക്ഷേ അത് സിനിമയെ ബാധിക്കുന്നില്ല. അതാണ് 'കടുവ'യുടെ ക്രാഫ്റ്റിന്റെ മിടുക്ക്. ജോയ് മാത്യൂ, ഷാജോൺ, ബൈജു, അലൻസിയർ, ജനാർദ്ദനൻ, സുധീഷ്, സീമ, അർജുൻ അശോകൻ തുടങ്ങിയ വലിയ ഒരു താര നിര ചിത്രത്തിലുണ്ട്. ആകെ മോശമായിപ്പോയത് ഇന്നസെന്റിന്റെ ഒരു പള്ളിലച്ചൻ കഥാപാത്രമാണ്. അടിമുടി കൃത്രിമത്വം നിറഞ്ഞ ഡയലോഗുകൾ. ആകെ സമാധാനം ഇത് വെറും രണ്ട് സീനിലേ ഉള്ളൂ എന്നതിലാണ്.

ജേക്സ് ബിജോയുടെ പശ്്ചാത്ത സംഗീതവും പൊളിയാണ്. 90കളിലെ കേരളത്തെ അഭിനന്ദൻ രാമാനുജന്റെ ക്യാമറ പുനസൃഷ്ടിച്ചിരിക്കയാണ്. ഷാജി കൈലാസിന്റെ മെയ്ക്കിങ് സ്‌കിൽ എവിടെയും പൊയിട്ടില്ല എന്ന് 'കടുവ' തെളിയിക്കുന്നു. ഈ ചിത്രം ഇറങ്ങുമ്പോൾ കരുതിയിരുന്നത്, ന്യൂ ജൻ ഫോർമാറ്റിലേക്ക് ഷാജി കൈലാസ് മാറും എന്നായിരുന്നു. പക്ഷേ ഷാജി തന്റെ ശൈലിയിൽ തന്നെയാണ് പടം എടുത്തിരിക്കുന്നത്. തന്റെ സ്റ്റാമ്പിങ്ങ് ഷോട്ടുകൾ, കാലത്തിന് അനുസരിച്ച് ഒന്നുകൂടി നവീകരിച്ചുവെന്ന് മാത്രം. ഷാജി കൈലാസിന്റെ പ്രശ്നം അദ്ദേഹത്തിന് സംവിധാനം ചെയ്യാൻ അറിയാത്തതല്ല, മറിച്ച് നല്ല കഥകൾ ഇല്ലാത്തതാണെന്ന് ഒരിക്കൽ കൂടി വ്യക്തമാവുന്നു. 2006ലെ ബാബാ കല്യാണിക്കുശേഷം, ഷാജി എടുത്ത ഒരു ഡസനോളം ചിത്രങ്ങളാണ് പൊട്ടിയത്.

അവസാനം 2013ൽ ജയറാമിനെ നായകനാക്കി എടുത്ത 'ജിഞ്ചർ' ഒക്കെ വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ ആയിരുന്നു. ഒരു കഥയുമില്ലാത്ത 'കഥകൾ' സിനിമയാക്കാൻ പോയതാണ് അദ്ദേഹത്തിന് പറ്റിയ പ്രശ്നം. ഈ രണ്ടാംവരവിലെങ്കിലും ഷാജിക്ക് തന്റെ പിശകുകൾ തിരുത്താൻ കഴിയട്ടെ. ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ചിലയിടത്തൊക്കെ പാളിച്ചയുണ്ടെങ്കിലും ടോട്ടാലിറ്റിയിൽ മോശമായിട്ടില്ല. ഇപ്പോൾ എല്ലാ മാസ് പടങ്ങളുടെയും പതിവായിട്ടുള്ളതുപോലെ ഒരു രണ്ടാം ഭാഗത്തിന് സ്‌കോപ്പിട്ടിട്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

അവസാനമായി ഒരു കാര്യം പറയട്ടെ. എവിടെയും പുതുമയും, ലോജിക്കും, പൊൽറ്റിക്കൽ കറക്ട്നസ്സും തേടുന്നവർക്ക് യോജിച്ചതല്ല ഈ സിനിമ. അത്തരക്കാർ ഈ ചിത്രം കാണാതിരിക്കുക ആയിരിക്കും ഉത്തമം. മസ്‌ക്യുലാൻ മലയാളി പരുഷനെ പ്രമോട്ട് ചെയ്യുന്നു, തന്ത മഹാത്മ്യം വിളമ്പി പാട്രിയാർക്കൽ ചിന്ത വളർത്തുന്നു എന്നത് തൊട്ട്, ഒരാൾക്ക് ഇത്രപേരെ അടിച്ചിടാൻ കഴിയുമോ, പൊലീസിനെ തല്ലാൻ ഇതെന്താ വെള്ളരിക്കപ്പട്ടണം ആണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ, ലോജിക്കിന്റെയും പൊളിറ്റിക്കൽ കറക്ടനെസ്സിന്റെ കണ്ണിലുടെ നോക്കിയാൽ ഒരുപാട് ഉണ്ടാവും. പക്ഷേ ഒരു അല്ലു പടവും, സൂര്യാ പടവും, വിജയ് പടവുംപോലെ ഒരു മാസ് മൂവി കാണാനായി എത്തുന്നവർക്ക് ആസ്വദിക്കാനുള്ള എല്ലാം പടപ്പും ഈ ചിത്രത്തിലുണ്ട്. അവർക്ക് കാശ് വസൂൽ ആവുകയും ചെയ്യും.

വാൽക്കഷ്ണം: ചിത്രം കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി. ഇതിന്റെ മൂലകഥ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് നാട്ടുകാർ വിളിക്കുന്ന പാലക്കാരൻ കുരുവിനാൽ കുറുവച്ചന്റെതു തന്നെയാണ്. കുറവച്ചനും ഭാര്യയുടെ ബന്ധവായ ഐജിയും തമ്മിലുള്ള പ്രശ്നങ്ങൾ മൂലം 12 വർഷമാണ് ഗർഭക്കേസുമുതൽ മോഷണക്കേസ് വരെ ചാർത്തിക്കൊടുത്ത് അയാളെ പീഡിപ്പിച്ചത്. പക്ഷേ കുറവച്ചന്റെ കഥയിൽ ഒരു രാഷ്ട്രീയ നാടകം ഒക്കെ ചേർത്ത് അൽപ്പം മാറ്റം വരുത്തിയിരിക്കന്നുവെന്ന് മാത്രം! പക്ഷേ അത് തുറന്ന് സമ്മതിക്കാനുള്ള ബൗദ്ധിക സത്യസന്ധത ഈ ചിത്രത്തിന്റെ അണിയറ ശിൽപ്പികൾക്ക് ഇല്ലാതെ പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP