Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നു, കാർ ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു; സഹായിച്ചിരുന്നവർ പോലും പിന്മാറുന്ന അവസ്ഥയെന്ന് സ്വപ്‌ന സുരേഷ്; എച്ച്ആർഡിഎസ് നൽകിയ പുതിയ വീടും മാറേണ്ടി മാറേണ്ടി വരും; സ്വപ്നയ്ക്ക് 'ചെല്ലും ചെലവും' എച്ച്ആർഡിഎസ് അവസാനിപ്പിച്ചതിന് പിന്നിൽ സർക്കാർ വേട്ടയാടൽ മാത്രമോ?

പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നു, കാർ ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു; സഹായിച്ചിരുന്നവർ പോലും പിന്മാറുന്ന അവസ്ഥയെന്ന് സ്വപ്‌ന സുരേഷ്; എച്ച്ആർഡിഎസ് നൽകിയ പുതിയ വീടും മാറേണ്ടി മാറേണ്ടി വരും; സ്വപ്നയ്ക്ക് 'ചെല്ലും ചെലവും' എച്ച്ആർഡിഎസ് അവസാനിപ്പിച്ചതിന് പിന്നിൽ സർക്കാർ വേട്ടയാടൽ മാത്രമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്നാ സുരേഷിനെ ജോലിയിൽ നിന്നും നീക്കി എച്ച്ആർഡിഎസ് തീരുമാനം കൈക്കൊള്ളുമ്പോൾ അതിന് പിന്നിലെന്തെന്ന ചോദ്യം ശക്തമാകുകയാണ്. സ്വപ്‌നക്ക് സുരക്ഷ ഒരുക്കുന്നു എന്നതിന്റെ പേരിൽ എച്ച്ആർഡിഎസിനെയും സർക്കാർ വേട്ടയാടുന്ന സമീപനമാണ് സ്വപ്നയെ കൈവിടാൻ കാരണമായതെന്നാണ് വിശദീകരണം. അതേസമയം ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നതാണെന്നാണ് സ്വപ്‌നയും പ്രതികരിക്കുന്നത്.

എച്ച്ആർഡിഎസിൽ നിന്നുള്ള പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറയുകയും ചെയ്തു. കാർഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു. സഹായിച്ചിരുന്നവർ പോലും പിന്മാറുന്നു. എച്ച്ആർഡിഎസ് നൽകിയ പുതിയ വീടും മാറേണ്ടി വരുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി എച്ച് ആർഡിഎസ് വാർത്താക്കുറിപ്പിലാണ് അറിയിച്ചത്. സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു.

സ്വപ്ന സുരേഷിന് സംഘപരിവാർ ബന്ധമുള്ള ഒരു സ്ഥാപനം ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെത്തുടർന്നാണ് നടപടി. ഈ ആരോപണം മുഖവിലയ്ക്കെടുത്താണ് നടപടിയെന്ന് പറയുമ്പോഴും സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പോലും സംരക്ഷിക്കാൻ എച്ച്ആർഡിഎസ് തയ്യാറായിരുന്നു. ഇപ്പോൾ ആ തീരുമാനത്തിൽ നിന്നും മാറാൻ കാരണമെന്താണെന്നതിൽ കാര്യമായ വ്യക്തതകളില്ല.

സ്വപ്‌നക്ക് നിയമോപദേശം നൽകുന്നവർ എച്ച്ആർഡിഎസിൽ നിന്നും രാജിവെക്കണമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നതായി സൂചനയുണ്ട്. സ്വപ്‌ന രാജിവെച്ചു എന്ന ഘട്ടം വന്നാൽ വാർത്ത പലവിധത്തിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യത ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സ്വപ്നയെ ചുമതലകളിൽ നിന്നും നീക്കുന്നതായി വാർത്താക്കുറിപ്പ് പുറത്തുവിട്ടത്. അതേസമയം സ്വപ്‌നയുടെ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താനുമാണ് എച്ച്ആർഡിഎസ് ഒരുങ്ങുന്നത്.

സ്ത്രീശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തി. സംഘടനയിൽ സൗജന്യസേവനം നടത്തുവാനുള്ള സ്വപ്ന സുരേഷിന്റെ അഭ്യർത്ഥന മാനിച്ചാണ് ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. നിയമനം റദ്ദാക്കിയതോടെ ശമ്പളമോ യാത്രാ ബത്തയോ ഇനി സ്വപ്നയ്ക്ക് ലഭിക്കില്ല. അധ്യക്ഷ പദവികളിൽ ഉള്ളവർക്ക് നിലവിൽ സംഘടന വേതനം നൽകുന്നില്ല.

'സ്വപ്നയെ ചെല്ലും ചെലവും കൊടുത്ത് എച്ച്ആർഡിഎസ് സംരക്ഷിക്കുകയണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പരാതി ഉന്നയിച്ചതിന്' പിന്നാലെയാണ് നടപടിയെന്ന് എച്ച്ആർഡിഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സ്വപ്നക്ക് ജോലി നൽകിയതോടെ എച്ച്ആർഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി മാറിയെന്നും എച്ച്ആർഡിഎസ് പറഞ്ഞു. 2022 ഫെബ്രുവരി 18 നാണ് സ്വപ്നാ സുരേഷിനെ എച്ച്ആർഡിഎസ് ഇന്ത്യയുടെ സ്ത്രീശാസ്ത്രീകരണം സിഎസ്ആർ വിഭാഗം ഡയറക്ടറായി നിയമിച്ചത്.

സർക്കാർ ഐടി വിഭാഗത്തിന്റെ കീഴിലെ സ്പേസ് പാർക്കിലും യുഎഇ കോൺസുലേറ്റിലും ഉന്നത പദവികൾ കൈകാര്യം ചെയ്ത സ്വപ്നയുടെ നിയമനം തികച്ചും സദുദ്ദേശത്തോടെയാണെന്നും എച്ച്ആർഡിഎസ് വിശദീകരിക്കുന്നു. സ്വന്തം ഫണ്ടിൽ നിന്നാണ് സ്വപ്നക്ക് ശമ്പളം നൽകിയത്. സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കും വാഹന, താമസ സൗകര്യങ്ങൾ നൽകി വരുന്നുണ്ട്. സ്വപ്നാ സുരേഷിന് ജോലി നൽകിയെന്ന അപരാദം മാത്രമേ എച്ച്ആർഡിഎസ് ചെയ്തിട്ടുള്ളൂ. സ്വർണക്കടത്ത് കേസ് ഉൾപ്പെടെ മറ്റ് കാര്യങ്ങളെല്ലാം തന്നെ സ്വപ്നാസുരേഷിന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സ്ഥാപനം വിശദീകരിച്ചു.

സ്വപ്നാ സുരേഷിനൊപ്പം തന്നെ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ സർക്കാർ ജോലിയിൽ തുടരുന്ന സാഹചര്യമുണ്ട്. സ്വപ്നയെ ജോലിക്കെടുത്തതിന്റെ പേരിൽ എച്ച്ആർഡിഎസിനെ ക്രൂശിക്കുന്ന സർക്കാർ ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച്ആർഡിഎസ് പുറത്തുവിട്ട പ്രസ്താവനയിൽ പരാമർശിക്കുന്നു.

വിദേശ ഏജൻസികളുടെ ഉൾപ്പെടെ സഹായം കൊണ്ട് നടത്തുന്ന എച്ച് ആർ ഡി എസ്സിന്റെ പദ്ധതികൾ അട്ടിമറിക്കുന്നതിന് സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന കുത്സിത ശ്രമങ്ങളേ ചെറുത്തു നിൽക്കുന്നതിന് സ്ഥാപനത്തിന് ശേഷിയില്ലെന്നും ഇത്തരത്തിലുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും എച്ച ആർ ഡി എസ് പ്രസ്താവനയിലൂടെ അറിയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP