Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്ന് വർഷം ഒരുമിച്ച് ചിരിച്ചു കളിച്ചു നടന്ന കൂട്ടുകാരുടെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി സുഹൃത്തുക്കൾ; രാഹുലിനും ഡയസിനും വിട നൽകി സിഇടി ക്യാംപസ്: സാക്ഷിയായത് വികാര ഭരിതമായ നിമിഷങ്ങൾക്ക്

മൂന്ന് വർഷം ഒരുമിച്ച് ചിരിച്ചു കളിച്ചു നടന്ന കൂട്ടുകാരുടെ ചേതനയറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടി സുഹൃത്തുക്കൾ; രാഹുലിനും ഡയസിനും വിട നൽകി സിഇടി ക്യാംപസ്: സാക്ഷിയായത് വികാര ഭരിതമായ നിമിഷങ്ങൾക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡയസിന്റേയും രാഹുലിന്റെയും കളിചിരികൾ നിറഞ്ഞു നിന്നതായിരുന്നു ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ക്യാംപസ്. എന്നാൽ ഇന്നലെ കോളേജിലെ പുൽക്കൊടിയെ പോലും കണ്ണീരണിയിച്ചായിരുന്നു ഇരുവരും അവസാനമായി കോളേജിന്റെ പടിയിറങ്ങിയത്. ആംബുലൻസിൽ വെള്ളപുതച്ചെത്തിയ ഇരുവരുടേയും മൃതദേഹം കണ്ട് കൂട്ടുകാർ വിതുമ്പി കരഞ്ഞു. തോളോട് തോൾ ചേർന്ന് കളിച്ചു നടന്നവരിൽ രണ്ടു പേർ പെട്ടെന്ന് വിട്ടകന്നപ്പോൾ അത് കോളേജിനെ മുഴുവൻ ഈറനണിയിക്കുക ആയിരുന്നു.

രാഹുലും ഡയസും ഒന്നിച്ചാണ് കോളജിൽ നിന്ന് ബുധനാഴ്ച യാത്ര പുറപ്പെട്ടത്. ബുധനാഴ്ച വട്ടിയൂർക്കാവ് മൂന്നാമൂട് മേലേക്കടവിനു സമീപം കരമനയാറ്റിൽ കുളിക്കാനായിരുന്നു ഇരുവരും ചേർന്നുള്ള യാത്ര. എന്നാൽ അത് വൻ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ബുധനാഴ്ച കോളജിൽ സമരമായതിനാൽ ആറു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയപ്പോൾ കാൽ വഴുതി ആറ്റിൽ വീണ് ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.

ഇന്നലെ അവസാനമായി സഹപാഠികൾക്കരികിലേക്ക് ഡയസിന്റെ ജീവനറ്റ ശരീരം എത്തിയപ്പോഴേക്കും അന്ത്യാഞ്ജലികളേറ്റു വാങ്ങി രാഹുലിനെ വഹിച്ചുള്ള ആംബുലൻസ് കോളജ് ക്യാംപസിൽ നിന്നു പുറപ്പെട്ടു. സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന അന്ത്യയാത്രാമൊഴിയേറ്റുവാങ്ങി വൈകാതെ ഡയസും പ്രിയപ്പെട്ട ക്യാംപസിനോടു വിടപറഞ്ഞു. പ്രിയ സഹപാഠികൾ പഠനം പൂർത്തിയാക്കാതെ ക്യാംപസിന്റെ പടിവിട്ടിറങ്ങിയപ്പോൾ കൂട്ടുകാർ തേങ്ങിക്കരഞ്ഞു.

സിഇടി ആറാം സെമസ്റ്റർ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർത്ഥി കെ.രാഹുൽ (21), സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി ഡയസ് ജിജി ജേക്കബ് (22) എന്നിവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷമാണ് കോളജ് ക്യാംപസിലേക്കെത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുലിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി കോളജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിലെത്തി.

പുറത്തു പെയ്യുന്ന മഴ വകവയ്ക്കാതെ നൂറുകണക്കിനു സഹപാഠികൾ വരിവരിയായി അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. രണ്ടു മണിയോടെ രാഹുലിന്റെ മൃതദേഹം സ്വദേശമായ കോഴിക്കോട് ബാലുശേരിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകാൻ തുടങ്ങിയപ്പോഴേക്കും ഡയസിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കോളജ് ക്യാംപസിനുള്ളിലെത്തി.

രാഹുലിന്റെ സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് ബാലുശേരി വട്ടോളി ഓണിപ്പറമ്പിൽ വീട്ടിൽ നടക്കും. ഡയസിന്റെ മൃതദേഹം മൂവാറ്റുപുഴ ആവോലി തോട്ടുപുറത്തു വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സെന്റ് ഫൊറോന ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. കോഴിക്കോട് ബാലുശേരി എരമംഗലം അയ്യൻകുഴിയിൽ കെ.ശ്രീനിവാസന്റെയും (റിട്ട.ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്) വാസന്തിയുടെയും മകനാണ് രാഹുൽ. സഹോദരി : സൂര്യ. മൂവാറ്റുപുഴ ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ ജിജി ജേക്കബിന്റെയും ലിസി ജോണിന്റെയും ഏക മകനാണ് ഡയസ് ജിജി ജേക്കബ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP