- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെറ്റായ രാഷ്ട്രീയസന്ദേശം നൽകുന്ന പ്രതിഷേധത്തെ പരസ്യമായി തള്ളിയതിനൊപ്പം അതേരീതിയിലുള്ള തിരുത്തലും ഉണ്ടാകും; വയനാട് ജില്ലാ കമ്മറ്റിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ എസ് എഫ് ഐ; പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് പ്രതിരോധത്തിന് സിപിഎമ്മും; രാഹുലിന്റെ ഓഫീസ് ആക്രമണത്തിൽ ഗഗാറും വിശദീകരിക്കേണ്ടി വരും
തിരുവനന്തപുരം: രാഹുൽഗാന്ധി എംപി.യുടെ ഓഫീസ് തല്ലിത്തകർത്ത എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ നടപടിയെടുക്കാൻ സിപിഎം. നിർദ്ദേശം. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരോടാണ് സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചത്. സിപിഎമ്മിന്റെ വയനാട് ഘടകത്തിനും വീഴ്ചയുണ്ടായി. അതുകൊണ്ട് പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവർക്കെതിരെ നടപടി വന്നേക്കും.
മുൻകൂട്ടി നിശ്ചയിച്ചാണ് എസ്.എഫ്.ഐ. രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സമരത്തിന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണവും നൽകി. എന്നിട്ടും ജില്ലയിലെ പാർട്ടി നേതാക്കൾ ജാഗ്രതപാലിച്ചില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. എസ് എഫ് ഐയുടെ സംസ്ഥാനനേതൃത്വത്തിന്റെ അറിവോടെയല്ല സമരരീതി നിശ്ചയിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പ്രതിഷേധത്തിലപ്പുറം സമരത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തിനും അറിവുണ്ടായിരുന്നില്ലെന്ന രീതിയിലാണ് ഗഗാറിന്റെ വിശദീകരണം. പ്രതിഷേധം സംഘടിപ്പിക്കുന്നകാര്യം എസ്.എഫ്.ഐ. നേതാക്കൾക്ക് അറിയാമായിരുന്നു.
എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേരും. യോഗത്തിൽ സംസ്ഥാന സെന്റർ അംഗങ്ങൾ പങ്കെടുക്കും. എംപിയുടെ ഓഫീസാക്രമിച്ച സംഭവത്തിൽ നേതൃത്വത്തിനെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമാകും നടപടിയുണ്ടാകുകയെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ എസ്എഫ്‌ഐ കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ നേരത്തെ തന്നെ തള്ളിയിട്ടുണ്ട്. വയനാട് എസ്എഫ്‌ഐയുടെ പ്രവർത്തിയെ പിന്തുണയ്ക്കുന്നില്ലെന്നും അന്വേഷിച്ച് സംഘടനപരമായ നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.അതേ സമയം, രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് എസ്എഫ്‌ഐ പ്രവർത്തകരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. ഇവരിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടും.
തെറ്റായ രാഷ്ട്രീയസന്ദേശം നൽകുന്ന പ്രതിഷേധത്തെ പരസ്യമായി തള്ളിയതിനൊപ്പം അതേരീതിയിലുള്ള തിരുത്തലും വേണമെന്ന് സിപിഎം., എസ്.എഫ്.ഐ. നേതാക്കളെ അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ സാന്നിധ്യത്തിൽ വയനാട് ജില്ലാ കമ്മിറ്റി യോഗംചേരും. ഇതിനുശേഷമായിരിക്കും നടപടി. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരും. സംസ്ഥാന വ്യാപകമായി തന്നെ ഇന്നലെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവും ഇന്നലെ ഉണ്ടായി.
ആരോഗ്യമന്ത്രി വീണ ജോർജിനും ജല മന്ത്രി റോഷി അഗസ്ത്യനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു നേരേ കരിങ്കൊടി കാട്ടിയിരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരും. രാഹുലിന്റെ തല്ലിത്തകർത്തവർക്ക് മുന്നറിയിപ്പുമായി കൽപ്പറ്റയിൽ കോൺഗ്രസ് ഇന്നലെ വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. തിരിച്ചടിക്കാൻ തീരുമാനിച്ചാൽ ആരും കാണില്ലെന്നായിരുന്നു കെ സുധാകരന്റെ മുന്നറിയിപ്പ്. ഓഫീസ് തകർത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള യുഡിഎഫ് പ്രതിഷേധം വലിയ ആക്രമണങ്ങളായി മാറുന്നുവെന്ന പ്രചാരണവുമായി പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് എൽ ഡി എഫ്. യു ഡി എഫ് ആക്രമണങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനാണ് ആഹ്വാനം.
യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. കലാപം അഴിച്ചു വിടാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് ആരോപിച്ച ജയരാജൻ, ഇന്ന് മൂന്ന് മണിക്ക് കൽപറ്റയിൽ സിപിഎം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.




