പുതുമുഖ സംവിധായകർക്ക് പണം കൊടുക്കില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ച് അർഥം മാറ്റിയതാണെന്നും അജു വർഗീസ്. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും അജു വർഗീസ് പറഞ്ഞു. പുതുമുഖ സംവിധായകർക്ക് വേതനം നൽകേണ്ട ആവശ്യമില്ല എന്ന് താൻ പറഞ്ഞെന്ന രീതിയിൽ വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. നവാഗതനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അജു വർഗീസ് പറയുന്നു.

അജു വർഗീസിന്റെ വാക്കുകൾ:

''പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ അഭിമുഖത്തിലെ ചില പരാമർശങ്ങൾ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന പലർക്കും വേദനിച്ചു എന്നറിഞ്ഞു. അതിനാൽ ഇന്റർവ്യൂവിലെ ആ ഭാഗം ഇവിടെ ചേർക്കുന്നു.

1) പണിയെടുക്കുന്നവർക്കു വേതനം കൊടുക്കണം എന്ന് ഞാൻ തുടക്കം തന്നെ പറയുന്നു.

2) ശംഭു(വിശാഖ് സുബ്രഹ്മണ്യം) വിനെ ഉദാഹരണം ആയി പറയുമ്പോൾ, 'മാസം ഇത്രേം ഉള്ളൂ എന്നും അല്ലേൽ 'മാസം ഒന്നുമില്ലെന്നോ' ആദ്യം പറയും. ഇതിൽ തലക്കെട്ടു വന്നത് 'മാസം ഒന്നുമില്ലെന്ന്' മാത്രം. ഞാൻ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങൾ എന്റെ വാക്കുകൾ അല്ലാതായി' ശരിക്കും പറഞ്ഞാൽ അത് തമാശ ആയിട്ടുള്ള ഒരു ചർച്ചയായിരുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.''

പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും അജു വർഗീസും ഒരു യൂട്യൂബ് ചാനലിന് വേണ്ടി പങ്കെടുത്ത ചർച്ചയിലാണ് വിവാദത്തിനു ആസ്പദമായ പരാമർശം ഉണ്ടായത്.

അഭിമുഖത്തിലെ വിവാദമായ അജുവിന്റെ പ്രസ്താവന ഇങ്ങനെ: ''ഞാൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുമ്പോൾ ശംഭു നിർമ്മാതാവാണെങ്കിൽ ഞാൻ ശംഭുവിനോട് കാശ് ചോദിക്കില്ല. എനിക്ക് അവിടെ പ്രധാനം സിനിമയാണെങ്കിൽ ഞാൻ ചോദിക്കില്ല. പക്ഷേ ഞാൻ നിർമ്മിക്കുമ്പോൾ എനിക്ക് മുടക്കുമുതൽ എങ്കിലും തിരിച്ചു കിട്ടണ്ടേ? എനിക്ക് അതെ ഉള്ളൂ, ബാക്കി ബോണസ് ആണ്. മുടക്ക് മുതൽ തിരിച്ചു കിട്ടാനുള്ള എല്ലാ കള്ളത്തരവും സിനിമയ്ക്ക് മുൻപ് പറയണം. അത് ലവ് ആക്ഷൻ ഡ്രാമ ചെയ്തപ്പോൾ നമ്മൾ ചെയ്തതാണ്.

ഒരു രൂപയെങ്കിൽ ഒരു രൂപ പണിയെടുക്കുന്നവർക്ക് കൊടുക്കണം. എന്റെ കോൺസെപ്റ്റിൽ, പുതുമുഖ സംവിധായകർക്ക് കാശ് കൊടുക്കുന്നില്ലെങ്കിൽ അത് ആദ്യമേ പറയണം, നിനക്ക് ഈ സിനിമയിൽ കാശില്ല, എന്ന്. അത് ഞാൻ ചെയ്യും. അതായത്, ശംഭു ഇപ്പൊ എന്റെ അടുത്ത് വർക്ക് ചെയ്യാൻ വരികയാണെങ്കിൽ, ശംഭുവിന് മാസം ഇത്ര രൂപയേ ഉള്ളൂ എന്നോ, അല്ലെങ്കിൽ മാസത്തിൽ കാശ് ഇല്ല എന്നോ ആദ്യം തന്നെ പറയും. പൂർണമായും മനസിന് സമ്മതമാണെങ്കിൽ മാത്രം ചെയ്താൽ മതി. സന്തോഷത്തോടെയും വേണം. ഇല്ലെങ്കിൽ സന്തോഷത്തോടെ എനിക്ക് കാശ് വരുമ്പോൾ പിന്നെ നമുക്ക് ചെയ്യാം.''