മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാറിൽനിന്ന് മകനും സംസ്ഥാന മന്ത്രിയുമായ ആദിത്യ താക്കറെയെ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ. മുംബൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയിൽ ആദിത്യ താക്കറെയുടെ പേരില്ലെന്ന കാരണത്താലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഉദ്ധവിന്റെ കാറിൽനിന്ന് പുറത്തിറക്കിയത്.

സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ ആദിത്യാ താക്കറെയുടെ പേരില്ലായിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്. ആദിത്യയെ ഇറക്കി വിട്ടതിന് പിന്നാലെ അസ്വസ്ഥനായ ഉദ്ധവ് താക്കറെ, ആദിത്യയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദിത്യ താക്കറെ തന്റെ മകൻ മാത്രമല്ലെന്നും, മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അവകാശമുണ്ടെന്നും ഉദ്ധവ് വാദിച്ചു.

നീണ്ട വാദപ്രതിവാദത്തിനൊടുവിൽ ആദിത്യ താക്കറെയെ ഉദ്ധവിനൊപ്പം കാറിൽ യാത്ര തുടരാൻ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചു. മുംബൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ധവ് താക്കറെയ്ക്കൊപ്പം ആദിത്യ താക്കറെയും ചേർന്ന് സ്വീകരിക്കുകയും ചെയ്തു.