Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒന്നാംവരവിൽ മദാലസയായ വില്ലത്തി; രണ്ടാം വരവിൽ ഇര; മൂന്നാം വരവിൽ പ്രതികാരദാഹിയായ കണ്ണകി; കറൻസിക്കടത്തും ബിരിയാണി ചെമ്പ് വിവാദവുമായി മുഖ്യമന്ത്രിയെപ്പോലും പ്രതിക്കൂട്ടിൽ; വിശ്വസിച്ചവർ എല്ലാവരും ചതിച്ചു; ചിലർ സംസാരിച്ചാലും ചരിത്രം വഴിമാറും; ഇരട്ടച്ചങ്കനെ വിറപ്പിക്കുന്ന 'സ്വപ്ന സുന്ദരിയുടെ' കഥ!

ഒന്നാംവരവിൽ മദാലസയായ വില്ലത്തി; രണ്ടാം വരവിൽ ഇര; മൂന്നാം വരവിൽ പ്രതികാരദാഹിയായ കണ്ണകി; കറൻസിക്കടത്തും ബിരിയാണി ചെമ്പ് വിവാദവുമായി മുഖ്യമന്ത്രിയെപ്പോലും പ്രതിക്കൂട്ടിൽ; വിശ്വസിച്ചവർ എല്ലാവരും ചതിച്ചു; ചിലർ സംസാരിച്ചാലും ചരിത്രം വഴിമാറും; ഇരട്ടച്ചങ്കനെ വിറപ്പിക്കുന്ന 'സ്വപ്ന സുന്ദരിയുടെ' കഥ!

എം റിജു

സ്ത്രീകൾ ഉൾപ്പെടുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് എക്കാലവും മലയാളികൾ എന്ന് മാത്രമല്ല, ലോകത്തിൽ എവിടെയും മീഡിയക്ക് വളരെ വിലപ്പെട്ടതാണ്. പൊടിപ്പും, തൊങ്ങലും വെച്ച് അവളുടെ ലൈംഗിക ജീവിതവും മറ്റുമായി, നിറംപിടിപ്പിച്ച മസാലക്ക് എക്കാലവും മാർക്കറ്റ് ഉണ്ട്. ലോക ചരിത്രത്തിൽ മാതാഹരി മുതൽ മറിയംറഷീദ വരെയുള്ളവരുടെ ലിസ്റ്റുമായി അത് നീളുന്നു. അതുപോലെ സെ്കസും, സ്റ്റണ്ടും, ഡയലോഗുകളുമൊക്കെയുള്ള ഒരു മസാലാ ഫിക്ഷനായാണ്, സ്വപ്ന സുരേഷിന്റെ വിവാദങ്ങളെയും കേരളം ആദ്യം കണ്ടത്. സീരിയിൽ പ്രേമികൾ പോലും, ന്യൂസ് ചാനലിന് മുന്നിൽ ഇരുന്നുപോകുന്ന രീതിയിലുള്ള നിറം പിടിപ്പിച്ച കഥകളാണ്, ആദ്യഘട്ടത്തിൽ സ്വപ്നക്കെതിരെ ഉണ്ടായിരുന്നത്. ശരിക്കും ആരെയും മയക്കുന്ന മദാലസായ വില്ലത്തിയായി ആയിരുന്നു അവർ അക്കാലത്ത്.

എന്നാൽ സ്വർണ്ണക്കടത്തുകേസിലെ പ്രധാന ആരോപിതനും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ജീവിതാനുഭവങ്ങൾ നിറഞ്ഞ പുസ്തകം' അശ്വത്ഥമാവ് വെറുമൊരു ആനയല്ല', പുറത്തിറങ്ങിയതോടെ കളിമാറി. അതുവരെ കർട്ടനുമുന്നിൽ മറഞ്ഞിരുന്നു സ്വപ്ന, അതിശക്തമായി സംസാരിക്കാൻ തുടങ്ങി. ചടുലമായ ആംഗലേയത്തിൽ ആരെയും കൺവിൻസ് ചെയ്യിക്കുന്ന ശക്തമായ ഭാഷാ പ്രയോഗങ്ങളുമായി അവൾ, സ്വർണ്ണക്കടത്തിന്റെ ഉള്ളുകള്ളികൾ പറഞ്ഞപ്പോൾ, ഒറ്റ രാത്രികൊണ്ട് ശിവശങ്കർ ആവിയായിപ്പോയി. ശിവശങ്കർ അറിയാത്ത ഒരു മണിക്കൂർ പോയിട്ട് ഒരു നിമിഷം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും സ്വർണ്ണക്കടത്തിന്റെ സൂത്രധാരൻ അയാൾ തന്നെയാണെന്ന് സ്വപ്ന പറഞ്ഞപ്പോൾ കേരളം ഞെട്ടി. ശിവശങ്കറെ തന്റെ ജീവന്റെ ജീവനായാണ് കണ്ടിരുന്നതെന്നും, താൻ അറസ്റ്റിലായിട്ടും അദ്ദേഹത്തെ ഒറ്റുകൊടുത്തില്ല എന്നും പറഞ്ഞപ്പോൾ, നഷ്ടപ്രണയത്തിന്റെ ഒരു കഥ കൂടി അതിൽ വന്നു. ആളുകളെ മയക്കി കാര്യങ്ങൾ നേടുന്ന വില്ലത്തിയിൽനിന്ന് ഒരു ഇരയിലേക്കുള്ള ഇമേജ് മാറ്റമാണ് അക്കാലത്ത് സ്വപ്നക്ക് ഉണ്ടായിരുന്നത്.

ശിവശങ്കറിന്റെ ഇരുനൂറിലേറെ പേജുകളുള്ള പുസ്തകത്തേക്കാൾ ശക്തമായിരുന്നു, ഹൃദയത്തിലേക്ക് തുളച്ചുകയറുന്നതുപോലുള്ള സ്വപ്നയുടെ വാക്കുകൾ. ഊട്ടിയിലെ കുതിരെയെപ്പോലെ അവർ തന്നെ ഒരേ ദിശയിലേക്ക് നോക്കി ഓടാൻ പ്രേരിപ്പിക്കയായിരുന്നു എന്ന സ്വപ്നയുടെ വാക്കുകൾ, അശ്വത്ഥമാവിനേക്കാൾ ട്രൻഡിങ്ങ് ആയി. ചിലർ സംസാരിക്കുമ്പാഴും ചരിത്രം വഴിമാറുമെന്ന് ചുരുക്കം. ഈ അഭിമുഖങ്ങളിലെ സംസാരം കേട്ട് സ്വപ്നയോട് തനിക്ക് പ്രണയം തോനുന്നുവെന്ന് വരെ എഴുതിയവർ ഉണ്ട്! സ്വപ്ന സുന്ദരി എന്ന ഒരുപേര് പോലും അവർക്ക് സോഷ്യൽ മീഡിയയിൽ കിട്ടി. തനിക്ക് ആരോടും വ്യക്തി വൈരാഗ്യം ഇല്ലെന്നും, എല്ലാവും ബ്രഡ് ആൻഡ് ബട്ടറിനുവേണ്ടിയുള്ള ഓട്ടത്തിലാണെന്ന് തനിക്ക് അറിയാമെന്ന് മാധ്യമങ്ങളോട് പറയുമ്പോഴും സ്വപ്ന ഒരു സ്സ്പെൻസും ഇട്ടിരുന്നു. പറഞ്ഞത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന്. അതും നമ്മൾ പതിവുപോലെ പുഛിച്ച് തള്ളി.

പക്ഷേ ഇന്നലെ സത്യത്തിൽ കേരളം വീണ്ടും നടുങ്ങി. കറൻസി കടത്തും ബിരിയാണിച്ചെമ്പിലെ രഹസ്യവുമെല്ലാം, സ്വപ്ന വെളിപ്പെടുത്തിയപ്പോൾ, ഇരട്ടച്ചങ്കൻ എന്ന നാം വിളിച്ചിരുന്നു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ പോലും പ്രതിക്കൂട്ടിൽ ആവുന്ന കാഴ്ചയാണ് നാം കണ്ടത്.


കറൻസിക്കടത്തും ബിരിയാണി ചെമ്പും!

മുമ്പ ഹർഷദ് മേത്ത ഒരുകോടി രൂപ നരസിംഹറാവു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചതുപോലുള്ള ഒരു രാഷ്ട്രീയ കൊടുങ്കാറ്റിനാണ്, ഇന്നലെ സ്വപ്ന തിരി കൊളുത്തിയത്. സ്വർണ്ണക്കടത്തുകേസിൽ എറണാകുളം ജില്ലാ കോടതിയിൽ എത്തി 164 സ്റ്റേറ്റ്മെന്റ് നൽകിയ ശേഷമാണ് അവർ മാധ്യമങ്ങളോട് സംസാരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണണമാണ് അവർ ഉന്നതിച്ചത്. രഹസ്യമൊഴി അന്വേഷണത്തിന്റെ നിർണായകഭാഗമായതിനാൽ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും, തനിക്ക് പറയാനാകുന്ന കാര്യങ്ങൾ പറയാം എന്നും പറഞ്ഞാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചത്. ''2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോകുന്ന സമയത്താണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. അത് നിർബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോൾ പറയാൻ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്'', എന്ന് സ്വപ്ന.ഇത് മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ക്ലിഫ് ഹൗസിൽ കൊണ്ടുപോകുമ്പോൾ കോമൺ സെൻസനുസരിച്ച് ഇത് സിഎമ്മിനറിയാമല്ലോ എന്ന് സ്വപ്ന പറഞ്ഞു.

''എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്റ്, ഇത് എന്റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്'', എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും അവർ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ പ്രതിപക്ഷത്തിന്റെ കൈയിൽ കിട്ടിയ പുതിയ ഒരു ആയുധം കൂടി കിട്ടി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അവർ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.


'വീണയും കമലയും സുഖമായി ജീവിക്കുന്നു'

നേരത്തെ എല്ലാറ്റിനും കൂട്ടുനിന്ന്, തന്റെ ശരീരംവരെ മതിയാവോളം ഉപയോഗിച്ച്, ഒടുവിൽ തന്നെ തള്ളിക്കളഞ്ഞ ശിവശങ്കറിനോടുള്ള അമർഷമാണ് സ്വപ്നയെ പ്രതികരിണത്തിലേക്ക് നയിച്ചതെങ്കിൽ, ഇപ്പോൾ എല്ലാവരും കൂടി ചെയ്തതിന് താൻ മാത്രം എന്തിന് അനുഭവിക്കുന്ന എന്ന ചിന്തയാണ്, സ്വപ്നക്ക് ഉള്ളത്. പിണറായിയുമായി വ്യക്തിപരമായി യാതൊരു പ്രശ്നവും ഇല്ലെന്നും, വീണയും കമലയും സുഖമായി ജീവിക്കുമ്പോൾ ഞാൻ മാത്രം വെന്തുരുകയാണെന്നും, അവർ മാധ്യമങ്ങളോട് പറയുന്നത്. ആകെ മുങ്ങിയാൽ കുളിരില്ല എന്ന ഒരു ലൈനാണ് ഇപ്പോൾ സ്വപ്നയുടേത്. ഒപ്പം തന്നെ മാത്രം പ്രതിയാക്കിയ മാന്യന്മാർക്ക് നേരെയുള്ള ഒടുങ്ങാത്ത പ്രതികാര ദാഹവും.

''ഈ കേസുമായി ബന്ധപ്പെട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുമായി ബന്ധപ്പെട്ട സ്ത്രീകളോ, മറ്റ് വ്യക്തികളുടെ ഭാര്യയോ അമ്മയോ സുഖമായി ജീവിക്കുന്നു. മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വസ്ഥമായി വളരെ ആഡംബരത്തോടെ ജീവിക്കുന്നു. ഞാനിപ്പോഴും കേസുമായി ബുദ്ധിമുട്ടി ജീവിക്കുന്നു'', എന്ന് സ്വപ്ന തുറന്നടിക്കുന്നു.

സ്വപ്ന സുരേഷിന്റെ വാക്കുകളിങ്ങനെ:-'ആരാണ് അധികാരത്തിലുള്ളത്, ആരാണ് മുഖ്യമന്ത്രി എന്നതൊന്നും എന്റെ വിഷയമല്ല. എനിക്കിതിൽ ഗൂഢാലോചന എന്ന് പറയുമ്പോൾ അത് അംഗീകരിക്കേണ്ട കാര്യമില്ല. എനിക്ക് വ്യക്തിപരമോ രാഷ്ട്രീയമോ ആയ അജണ്ട ഇതിലില്ല. അടിസ്ഥാനപരമായി എനിക്കെതിരെ നാല് കേസ് കോടതിയിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളോ ജനങ്ങളോ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. എനിക്കൊരുപാട് ഭീഷണി ഇപ്പോഴും നിലവിലുണ്ട്. എനിക്ക് ജോലി തന്ന സ്ഥാപനമായ എച്ച്ആർഡിഎസ്സിനും ഭീഷണികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. അതുകൊണ്ട് ഞാൻ കരുതുന്നത് ഞാൻ എന്താണ് സംഭവിച്ചത് എന്ന് പറയണം എന്ന് തന്നെയാണ്.

അന്വേഷണ ഏജൻസികൾ എന്നെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതിന് പിന്നിൽ അജണ്ടയുണ്ടോ എന്ന് ചോദിച്ചാൽ, നോ! എന്നെ ഒന്ന് ജീവിക്കാൻ അനുവദിക്ക്, ഇത് ഒരു അമ്മയെന്ന നിലയിൽ സ്ത്രീയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്. കേസ് നല്ല രീതിയിൽ നടക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്'', സ്വപ്ന പറയുന്നു.

''ഇപ്പോൾ ഞാനൊരു 164 മൊഴി കൊടുത്തു. അതിനെക്കുറിച്ച് മാത്രമേ ഞാൻ പറയുന്നുള്ളൂ. ഇത്രയും നാളും പറയാത്തത് ഇപ്പോൾ വന്ന് പറയുന്നതല്ല. പറയേണ്ട സമയം വന്നപ്പോൾ പറയുന്നതാണ്. ഇത്രയും നാൾ കേസിൽ ഉൾപ്പെട്ടിട്ടുള്ള, ഞാനത് ആവർത്തിക്കുന്നു, കേസിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങളേ ഞാൻ പറയുന്നുള്ളൂ. മുഖ്യമന്ത്രിയുടെ ബാഗേജായതുകൊണ്ട് മാത്രമാണ് കറൻസി ആണെന്ന് കണ്ടെത്തിയിട്ടും ഞങ്ങൾക്ക് അയക്കേണ്ടി വന്നത്'', കഴിഞ്ഞ ദിവസത്തെ ആരോപണങ്ങൾ സ്വപ്ന സുരേഷ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു.

തകർന്ന ദാമ്പത്യം; എവിടെയും ചതി മാത്രം

വ്യക്തി ജീവിതത്തിലേക്ക് വന്നാലും, എവിടെയും ചതിയുടെ കഥകൾ മാത്രമാണ് സ്വപ്ന സുരേഷ് എന്ന വ്യക്തിക്ക് പറയാനുള്ളത്. ഭർത്താവും, പ്രണയിനിയും, സ്വന്തം കുടുംബവുമെല്ലാം പലപ്പോഴായി തന്നെ ചതിച്ച കഥയാണ് സ്വപ്നക്ക് പറയാനുള്ളത്. കൂടെ നിന്നത് സ്വന്തം അമ്മ മാത്രം. ശരീരംകൊണ്ട് എല്ലാം വെട്ടിപ്പിടിച്ച സ്വപ്നയുടെ ഇമേജല്ല, രണ്ടാം വരവിൽ അവൾക്ക് ഉണ്ടായിരുന്നത്. കുടുംബത്തിലെ സമ്പാദിക്കുന്ന ഏക അംഗം. മക്കളെ പോറ്റാൻ കഷ്ടപ്പെടുന്ന അമ്മ.

സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് സുരേഷിന് അബുദാബിയിലായിരുന്നു ജോലി. രാജ കുടുംബത്തിൽ പോലും സുരേഷിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഇതുസംബദ്ധിച്ച് പ്രചരിച്ച കഥ ഇങ്ങനെയാണ്. അബുദാബിയിൽ ജോലി തേടി ചെന്ന സുരേഷിന് തുടക്കം മികച്ചതായിരുന്നില്ല. ഒരു ദിവസം റോഡിലൂടെ കടന്നു പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കാർ വന്നു നിന്നു. കാർ പഞ്ചറായിരുന്നതിനെ തുടർന്നായിരുന്ന സഡൺ ബ്രേക്കിട്ട് വണ്ടി നിന്നത്. ആ കാറിലുണ്ടായിരുന്നത് രാജകുടുംബത്തിലെ പ്രമുഖനായിരുന്നു. ഒറ്റയ്ക്ക് കാറിലെത്തിയ അറബിയെ സുരേഷ് സഹായിച്ചു. പഞ്ചറൊട്ടിച്ച് കാറുമായി അറബി മടങ്ങുമ്പോൾ സുരേഷനും ആ വാഹനത്തിൽ ഇടം കിട്ടി. അതോടെ തിരുവനന്തപുരം മായാരമുട്ടം സുരേഷിന്റെ ജീവിതം മാറി മറിഞ്ഞു. സമ്പന്നതയിലേക്ക് സുരേഷ് നീങ്ങി.

കാറുകളോട് ഏറെ പ്രണയം സൂക്ഷിച്ചിരുന്ന റെയിൻബോ ഷെയ്ക് എന്ന് അറിയപ്പെട്ട രാജകുടുംബാഗമാണ് കാറിൽ വന്നത്. ലോകത്ത് ഏറ്റവും അധികം ആഡംബ കാറുകളുള്ള ആളുകളുടെ പട്ടികയിൽ ഇടെ നേടിയ വ്യക്തിയായിരുന്നു റെയിൻബോ ഷെയ്ക്. വഴിയരിൽ പെട്ട തന്നെ സഹായിച്ച മലയാളിയെ കാറുകളുടെ മേൽനോട്ട ചുമതല ഏൽപ്പിച്ചു. അങ്ങനെ സുരേഷ് അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പ്രമുഖന്റെ പേഴ്‌സണൽ സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം മാറി.

പക്ഷേ കുട്ടിക്കാലത്തെ സമൃദ്ധി പിന്നീട് ജീവിതത്തിൽ ഉണ്ടായില്ല. പിതാവ് ബാർ ഹോട്ടലുകളും നടത്തിയിരുന്നു. അങ്ങനെ വാടകക്ക് ബാർ നടത്താൻ വന്ന തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം നടക്കുമ്പോൾ സ്വപ്നക്ക് വെറും 18 വയസ്സായിരുന്നു പ്രായം. പക്ഷേ കാര്യങ്ങൾ പിന്നീട് കൈവിട്ടു. ഭർത്താവിന്റെ ഗൾഫിലെ ബിസിനസ് പൊളിഞ്ഞു. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ സ്വപ്ന മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. എട്ടു വർഷം മുൻപ് മറ്റൊരാളെ വിവാഹം ചെയ്തു. ഇതിൽ ഒരു മകനാണുള്ളത്. വട്ടിയൂർക്കാവ് താമസിച്ചുവന്ന അച്ഛൻ സുരേഷ് മരണപ്പെട്ടു. ഇപ്പോഴത്തേത് മൂന്നാം വിവാഹമാണ്. ഇദ്ദേഹവും ഒരു ജോലിക്കുപോയി കുടുംബം നോക്കിയിട്ടില്ലെന്ന് അവർ പറയുന്നു. വിവാഹമായാലും പ്രണയം അയാലും പുരുഷന്മാരിൽ നിന്ന് നിരന്തര വഞ്ചനയാണ് അവൾക്ക് ഉണ്ടായത്.

ഗത്യന്തരമില്ലാതെ ജോലിക്കിറങ്ങുന്നു

സത്യത്തിൽ ബിസിനസ് തകർന്ന് ഗത്യന്തരമില്ലാതെയാണ് സ്വപ്ന സ്വന്തമായി ജോലിക്ക് ഇറങ്ങുന്നത്. ബിരുദം മാത്രമുണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനുള്ള കഴിവാണ് അവളെ തുണച്ചത്. 39കാരിയായ സ്വപ്ന തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. രണ്ടുവർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്.

വിവിധ ഭാഷകളിലെ പ്രാവീണ്യവും ആകർഷണീയമായ പെരുമാറ്റവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്കായി. അതിനിടെ യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്നയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

കോൺസുലേറ്റിലെ ജോലി ഇല്ലാതായി ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ മാനേജരായും സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായും സ്വപ്ന കരാർ നിയമനം നേടി. ഇതിനിടെയാണ് സ്വർണ്ണക്കടത്ത് കേസ് വരുന്നത്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.


സ്വപ്ന കാലുവെട്ടുമെന്ന് പറഞ്ഞെന്ന് സഹോദരൻ

അമ്മ ഒഴികെ കുടുംബത്തിലെ ആരും പിന്തുണച്ചിരുന്നില്ല. ഈ വിവാദം കത്തിനിൽക്കേ, സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പറഞ്ഞത്് വൈറൽ ആയിരുന്നു. യുഎസിൽ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയിൽ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്. 'ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതൽ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവിൽ നാട്ടിലെത്തിയപ്പോൾ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാൻ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി'-ഇതാണ് സ്വന്തം സഹോദരന് സ്വപ്നയെ കുറിച്ച് പറയാനുള്ളത്.

'എനിക്കു മനസ്സിലാക്കാൻ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടിൽ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കൾ ഉപദേശിച്ചതോടെ ഉടൻ യുഎസിലേക്കു മടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നീടു നാട്ടിൽ എത്തിയിട്ടില്ല. എന്റെ അറിവിൽ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോൺസുലേറ്റിൽ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തിൽ അവകാശം ഉന്നയിച്ചിട്ടില്ല'- ബ്രൈറ്റ് പറഞ്ഞു. ഇതേസഹോദരൻ തന്നെയാണ് സ്വപ്ന പത്താംക്ലാസ് പാസായിട്ടില്ല എന്ന ഗുരുതര ആരോപണവും ഉന്നയിച്ചത്. എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് സ്വപ്ന പറയുന്നത്. കടുംബപ്രശ്നമായതിനാൽ അവർ ഈ വിഷയത്തിൽ കൂടുതൽ പ്രതികിരിച്ചിട്ടില്ല.

സ്വപ്ന സുരേഷ് തന്റെ കുടുംബജീവിതം തകർത്തെന്ന് സ്വർണക്കള്ളക്കടത്തു കേസിലെ കൂട്ടുപ്രതി സരിത് കുമാറിന്റെ ഭാര്യ പറയുന്നു. രണ്ടു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയാണ്. മകളെ വളർത്താനായി മാത്രമാണു താൻ ജീവിക്കുന്നതെന്നും അവർ പറഞ്ഞു. സരിത്തിനെ വഴി തെറ്റിച്ചത് സ്വപ്നയാണെന്ന് അവർ പറയുന്നു. സ്വപ്നയെ 'മാഡം' എന്നു വിളിക്കണമെന്നു ബിസിനസ് പാർട്‌നർ സന്ദീപ് നിർദ്ദേശിച്ചതായി ഭാര്യ സൗമ്യയുടെ മൊഴിയുണ്ട്.

ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് സ്വപ്നയുടെ ക്രിമിനൽ പശ്ചാത്തലും പലരും പറയുന്നത്. അത് ശരിയായിരിക്കാം. പക്ഷേ താൻ മാത്രമല്ല എല്ലാറ്റിനും പിന്നിൽ എന്നാണ് സ്വപ്ന പറയുന്നത്. എന്നെക്കൊണ്ട് ഇത് ചെയ്യിച്ച സൂത്രധാരന്മാരും പിടിയിലാവണം എന്നാണ് അവരുടെ ലൈൻ.


ശിവശങ്കറിലെ ചാമ്പലാക്കിയ ഊട്ടിയിലെ കുതിര

സ്വപ്നയെ ശരിക്കും തകർത്തുകളഞ്ഞത് താൻ ജീവിന്റെ ജീവനായി സ്നേഹിച്ച ശിവശങ്കറിന്റെ കാലുമാറ്റം അയിരുന്നു. ''എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയത്. ശിവശങ്കരൻ തന്ന സ്‌പേസ് പാർക്കിലെ ജോലി തനിക്ക് അന്നമായിരുന്നു. അദ്ദേഹത്തെ ഞാൻ അത്രമേൽ വിശ്വസിച്ചിരുന്നു.' -സ്വപ്ന പറഞ്ഞു.

എല്ലാം അവസാനിച്ച് സേഫായി എന്ന് കരുതിയിടത്താണ് ശിവശങ്കർ ഒരു പുസ്തകവുമായി വരുന്നത്. സ്വപ്ന പറയുന്നു. ''ശിവശങ്കറുമായുള്ള റിലേഷനെ പറ്റി ഒരു വലിയ ബുക്കു തന്നെ എനിക്കും എഴുതാനുണ്ട്. ആരേയും ഇങ്ങനെ പറഞ്ഞ് ചീത്തയാക്കാൻ പാടില്ല. ഒന്നര വർഷം ജയിലിൽ കിടന്നതിനേക്കാൾ വേദനയാണ് ഈ പുസ്തകം നൽകുന്നത്. എല്ലാം അവസാനിച്ചു എന്നു വിചാരിച്ചപ്പോഴാണ് വീണ്ടും ഈ പുസ്തകവുമായി വന്നത്. അയാൾ എന്നെ ചൂഷണം ചെയ്തു, മാനിപ്പുലേറ്റ് ചെയ്തു . അയാൾക്ക് സംതൃപ്തി കിട്ടിയിട്ടുണ്ടാവും. അതുകൊണ്ടാണ് എനിക്കിതു തുറന്നു പറയുന്നത്. ഇപ്പോഴും ഉറക്കഗുളികയിലാണ് അഭയം. ഞാൻ നല്കിയത് എന്റെ ജീവിതമാണ്. എനിക്കു നീതി കിട്ടും. കോടതിയിലെത്തുമ്പോൾ . ആരാണ് ക്രിമിനൽ എന്ന് ജനങ്ങൾ അറിയും . എന്നെ ഏറ്റവും വേദനിപ്പിച്ചത് ഈ പുസ്തകത്തിലെ പരാമർശങ്ങളാണ്. ശിവവശങ്കറുമായുള്ള ബന്ധത്തെ ഇതിലേറെ എക്‌പോസ് ചെയ്യാനാവില്ല'- സ്വപ്ന പറഞ്ഞു.

''കേരളസർവ്വീസിൽ നിന്ന് വി ആർ എസ് എടുക്കാനും ദുബായിൽ സെറ്റിൽ ചെയ്യാനും ശിവശങ്കർ പ്‌ളാൻ ചെയ്തിരുന്നു. അവിടെയാകുമ്പോൾ മാധ്യമശ്രദ്ധയൊന്നും അത്ര കിട്ടില്ലല്ലോ. വിദേശത്തും ഇന്ത്യയിൽ പലയിടത്തും അദ്ദേഹത്തൊടൊപ്പം അനൗദ്യോഗിക യാത്രകൾ നടത്തിയിട്ടുണ്ട്. ഒമാനിലുൾപ്പെടെ നടത്തിയ ഔദ്യോഗിക യാത്രകളെല്ലാം യഥാർത്ഥത്തിൽ അനൗദ്യോഗികമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തി. തന്റെ വീട്ടുകാരുമായി വർഷങ്ങളായി പിരിഞ്ഞിരിക്കുകയാണെന്നാണ് ശിവശങ്കർ തന്നോട് പഞ്ഞിട്ടുള്ളത് .

കോൺസുലേറ്റിലെ ജോലി നിർത്താൻ പറഞ്ഞതും ശിവശങ്കറാണ് . സ്‌പേസ് പാർക്കിൽ നിയമനം കിട്ടുന്നത് ശിവശങ്കറിന്റെ ശുപാർശയിലാണ് . തനിക്കെതിരായി നിലകൊണ്ട കെപിഎംജിയെ മാറ്റി , പിഡബ്‌ള്യൂസിയെ കൊണ്ടുവന്നതും നിയമനം ഉറപ്പാക്കാനായിരുന്നു. എല്ലാം ശിവശങ്കർ സാർ പറഞ്ഞതു പോലെ അനുസരിക്കുകയായിരുന്നു. ഊട്ടിയിലെ കുതിരെയേപ്പോലെ അവർ എന്നെ ഒരു ദിശയിലേക്ക് നയിക്കയായിരുന്നു''- സ്വപ്ന വെളിപ്പെടുത്തി.

കേസ് എൻഐഎയും കേന്ദ്ര എജൻസികളെയം എൽപ്പിച്ചതും ശിവശങ്കറിന്റെ കുശാഗ്രബുദ്ധിയാണെന്ന് സ്വപ്ന പറയുന്നു. ''തീവ്രാവാദ കേസിലിട്ട് എന്നെ എന്നും പൂട്ടാംമെന്നായിരുന്നു അദ്ദേഹത്തിന്റെ നീക്കം. ശിവശങ്കർ എന്റെ ഗാർഡിയൻ. എന്റെ മക്കൾക്ക് അദ്ദേഹം ദൈവ തുല്യനാണ്. ഇപ്പോൾ കുറ്റങ്ങൾ മുഴുവൻ എന്റെ പേരിൽ. വെറുമൊരു ഐ ഫോൺ നൽകി എങ്ങനെ ഒരു ഐഎഎസ് ഉദ്യോഗസസ്ഥനെ ചതിക്കാൻ കഴിയും. ജീവിതം ഇദ്ദേഹത്തിന് സമർപ്പിച്ചതായിരുന്നു''- സ്വപ്ന പറയുന്നു.

സ്വർണ്ണക്കടത്ത് കേസ് വന്നതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി. ആകെ കടം കയറി.
എന്നും കൂടെ നിൽക്കുമെന്ന് പറഞ്ഞ സരിത്തും പച്ചമലയാളത്തിൽ പറഞ്ഞാൽ തേച്ചു. ജീവിതത്തിന്റെ എല്ലാമാണെന്ന് കരുതിയിരുന്നു ശിവശങ്കറും കൈയൊഴിഞ്ഞതോടെ സ്വപ്ന പ്രതികാര ദാഹിയായി. അതോടെ ശിവശങ്കറിന്റെ അടപ്പിളകി. ഇനി ആ പ്രതികാരത്തിൽ ക്ലിഫ് ഹൗസ് അടക്കം എരിഞ്ഞ് വീഴുമോ എന്ന് മാത്രമേ ഇനി നോക്കാനുള്ളൂ.


പുത്രി വാത്സ്യല്യം കൊണ്ട് പിണറായി അന്ധനായോ?

പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്ന് പറഞ്ഞത് അന്തരിച്ച തൃക്കാക്കര എംഎൽഎയും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി ടി തോമസാണ്. ഇപ്പോൾ സ്വപ്ന സുരേഷിലുടെ കറൻസി- സ്വർണ്ണക്കടത്ത് കേസ് വീണ്ടും ഉയർന്നതാടെ പിണറായിയുടെ പുത്രീ വാൽസല്യമാണ് വീണ്ടും ചർച്ചയാവുന്നത്.

സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും ക്ലിഫ് ഹൗസിലെ സിസിടിവി പരിശോധിക്കണമെന്നും പി.ടി തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിലെ അതിഥികളെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെല്ലാം പരിഹസിച്ചു തള്ളുകയായിരുന്നു സിപിഎം. സ്വപ്നാ സുരേഷ് അന്നൊക്കെ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് പി.ടി മുമ്പ് പറഞ്ഞതിന്റെ തെളിവുകൾ സ്വപ്നാ സുരേഷ് ഇനി പുറത്തു വിടുമോ എന്നതാണ് നിർണ്ണായകം.

പക്ഷേ പഠനം മുതൽ ജോലിയും സ്വന്തമായി കമ്പനി തുടങ്ങലുമൊക്കെ വീണ നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ തണലിലാണ് എന്നാണ് തുടക്കം മുതലുള്ള ആരോപണം. അതുപോലെ പിണറായിയുടെ മകൻ വിവേക് കിരൺ ബെർമ്മിങ്ങ്ഹാം യൂണിവേഴ്‌സറ്റിയിൽ വൻ ഫീസ് മുടക്കി പഠിച്ചതും വിവാദം ആയിരുന്നു. പഠനത്തിൽ ശരാശരിയായിരുന്ന വിവേകിന് എങ്ങനെ അവിടെ അഡ്‌മിഷൻ കിട്ടി എന്നതും വിവാദമയിരുന്നു.

പഠനത്തിനശേഷം , ദീർഘകാലം പ്രമുഖ വ്യവസായി രവി പിള്ളയുടെ കമ്പനിയിലാണ് വീണ ജോലിചെയ്തത്. ഇത് അക്കാദമിക്ക് കഴിവിന്റെ പുറത്താണോ അതോ പിണറായിയുടെ സ്വാധീനം കൊണ്ട് ആണോ എന്നാണ് വിമർശകരുടെ ചോദ്യം. നേരത്തെ സിംപ്രിങ്‌ളർ വിവാദം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മകളായ വീണയുടെ എക്‌സാലോജിക്ക് ഐടി കമ്പനി സംശയത്തിന്റെ മുനയിൽ ആയിരുന്നു. ഇതിനിടെ കമ്പനിയുടെ വെബ്‌സൈറ്റ് സസ്‌പെൻഡ് ചെയ്യപ്പെട്ടു.ആ വെബ്‌സൈറ്റിൽ ആദ്യമുണ്ടായിരുന്ന വിവരങ്ങൾ പലതും എടുത്തുമാറ്റപ്പെട്ടു. ഇതെല്ലാം സംശയങ്ങൾ വർധിപ്പിച്ചു. മാത്രമല്ല തുടർച്ചയായി നഷ്ടത്തിലായ ഈ കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് ലക്ഷങ്ങൾ ലോൺ എങ്ങനെ കൊടുത്തുവെന്നതും വിവാദമായിട്ടുണ്ട്. തുടർച്ചയായ നഷ്ടം കാണിച്ച കമ്പനി പിണറായി മുഖ്യമന്ത്രിയാ ആദ്യ വർഷത്തിലാണ് പൊടുന്നനെ ലാഭം ഉണ്ടാക്കിയത്.

അതിനിടെ വീണ തൈക്കണ്ടിയിൽ കമ്പനി രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ പേരിലാണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. അതായത് പിണറായിയുടെ മകളുടെ കമ്പനിയുടെ വളർച്ചയിൽ എന്തൊക്കെഴേ ദുരൂഹതകൾ ഉണ്ടെന്ന് നേരത്തെ തന്നെ രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. ഇപ്പോഴും സ്വപ്ന പറഞ്ഞകേസിലും വീണയിലേക്കാണ് പലരും വിരൽചൂണ്ടുന്നത്. വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസ് സംസ്ഥാനതെ മന്ത്രിയാണെന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

നേരത്തെയും മുഖ്യമന്ത്രിയുടെ കുടുംബം വിവാദങ്ങളിലേക്ക് വലിച്ചഴക്കപ്പെട്ടിരുന്നെങ്കിലും അതിൽ പലതും വ്യാജമായിരുന്നു. ലാവ്‌ലിൻ കേസിന്റെ സമയത്ത് കമല ഇൻർനാഷണൽ എന്ന പേരിൽ എക്‌സ്‌പോർട്ടിങ്ങ് എന്ന കമ്പനി സിങ്കപ്പൂരിൽ ഉണ്ടെന്നെ വാർത്തകൾ ഒക്കെ മലയാള പത്രങ്ങളിൽ സ്ഥാനം പിടിച്ചിരുന്നുവെങ്കിലും അതെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ ഇപ്പോൾ സ്വപ്നയിലുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെ കുടുംബം വീണ്ടും വിവാദത്തിലായിരിക്കയാണ്. ഇതിലും അഗ്നി ശുദ്ധിതെളിയിക്കാൻ പിണറായിക്ക് ആവുമോ. കാത്തിരുന്ന് കാണം എന്നേ പറയാൻ കഴിയൂ.

വാൽക്കഷ്ണം: ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിൽ ഹരീഷ് പേരാടിയുടെ വിഖ്യത കഥാപാത്രമായ കൈതേരി സഹദേവൻ പറയുന്നണ്ട് ലാവലിൻ കരാറിനപ്പോലുള്ള ഒരു കരാറിന്റെ കഥ. '' അതിന് കട്ടിയ പണം പച്ചനോട്ടായിട്ടാണ് സഹദേവൻ എണ്ണി വാങ്ങിയത്. അത് എനക്കല്ല, പാർട്ടിക്കാണ്. ഒറ്റപ്പെസ ഞാൻ എടുത്തിട്ടില്ല. അതിന്റെ മുകളിലാണ് നിന്റെ ഭാര്യവരെ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ നാം ഉണ്ടാക്കിയത്'' എന്നാണ് കൈതേരി, മുരളിഗോപിയുടെ കഥാപാത്രത്തോടു പറയുന്ന മാസ് ഡയലോഗ്. പച്ച നോട്ടിന്റെ വാർത്ത കേട്ടപ്പോൾ വെറുതെ ഈ സിനിമ ഓർത്തുപോയതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP