Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

100 പേർക്ക് 120 തോക്ക്! 18 വയസ്സ് തികയുന്ന ആർക്കും വാങ്ങിക്കാം; ലോകത്ത് ആകെയുള്ള 800 മില്യൺ സിവിലിയൻ തോക്കുകളിൽ പകുതിയും യുഎസിൽ; 2020 മാത്രം തോക്കു വഴി ജീവൻ നഷ്ടമായത് 45,000 പേർക്ക്; ഒടുവിൽ ടെക്സാസിലെ സ്‌കൂൾ വെടിവെപ്പിൽ പൊലിഞ്ഞത് 21 ജീവൻ; കോവിഡിനേക്കാൾ വലിയ പൊതുജന ആരോഗ്യ പ്രശ്നം; ഗൺ വയലൻസിൽ അമേരിക്ക നടുങ്ങുമ്പോൾ

100 പേർക്ക് 120 തോക്ക്! 18 വയസ്സ് തികയുന്ന ആർക്കും വാങ്ങിക്കാം; ലോകത്ത് ആകെയുള്ള 800 മില്യൺ സിവിലിയൻ തോക്കുകളിൽ പകുതിയും യുഎസിൽ; 2020 മാത്രം തോക്കു വഴി ജീവൻ നഷ്ടമായത് 45,000 പേർക്ക്; ഒടുവിൽ ടെക്സാസിലെ സ്‌കൂൾ വെടിവെപ്പിൽ പൊലിഞ്ഞത് 21 ജീവൻ; കോവിഡിനേക്കാൾ വലിയ പൊതുജന ആരോഗ്യ പ്രശ്നം; ഗൺ വയലൻസിൽ അമേരിക്ക നടുങ്ങുമ്പോൾ

എം റിജു

''തോക്കില്ലാതെ എന്ത് അമേരിക്ക. ഒരു അമേരിക്കക്കാരന്റെ അഭിമാനമാണ് തോക്ക്. അത് ദേശീയ സ്വതന്ത്ര്യ സമരം തൊട്ട് ഞങ്ങൾ കൊണ്ടുനടക്കുന്നതാണ്. അത് സമാധാനത്തിന്റെ ചിഹ്നമാണ്. ഞങ്ങളുടെ പ്രതിരോധത്തിന്റെ അടയാളമാണ്''- യുഎസിലെ തോക്ക് സംസ്‌ക്കാരത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ, ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞത് അങ്ങനെയാണ്.

ശരിയായിരുന്നു. അമേരിക്കൻ പുരുഷന്റെ ഒരു അന്തസിന്റെ ഭാഗം കൂടിയായിരുന്നു തോക്ക്. കൗ ബോയ് കൾച്ചറിന്റെ ഒരു ഭാഗം. 1775ലെ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടൊപ്പം അവർ കൊണ്ടു നടക്കുന്ന സാധനം. ഇന്ത്യയടക്കമുള്ള ഭൂരിഭാഗം രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി തോക്ക് കൈവശം വെക്കൽ ഒരു ഭരണഘടനപരമായ അവകാശമായി കൊണ്ടുനടക്കുന്ന രാജ്യം. പതിനട്ട് തികഞ്ഞ ആർക്കും അമേരിക്കയിൽ തോക്കുകൾ വാങ്ങാം. പക്ഷേ ഈ നിയമം ആവർത്തിക്കുന്ന കൂട്ട വെടിവെപ്പുകളുടെ പശ്ചാത്തലത്തിൽ വിശദമായ പരിശോധനക്ക് വിധേയമാക്കുകയാണ് അമേരിക്കൻ ഭരണകൂടം.

ഒരു സ്‌കൂളിലെത്തി വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ കുട്ടികളെ വെടിവെച്ച് ഇടുക! സമാനകളില്ലാത്ത ക്രൂരതക്കാണ് അമേരിക്കയിലെ ടെക്സാസ് നഗരം ഏതാനും ദിവങ്ങൾക്ക് മുമ്പ് സാക്ഷിയായത്. ഉച്ചക്ക് ടെക്സാസിലെ റോബ്ബ് എലെമെന്ററി സ്‌കൂളിലെത്തി 19 കുട്ടികളെയും രണ്ടു അദ്ധ്യാപകനെയും വെടിയുതിർത്തുകൊന്ന സാൽവഡോർ റാമോസ് എന്ന 18 കാരനെ പിന്നീട് പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ചെറുതും വലുതുമായ അമ്പതിലേറെ കൂട്ട വെടിവെപ്പുകളാണ് അമേരിക്കയിൽ ഉണ്ടായത്.

എല്ലാറ്റിലും ഇരയാവുന്നത് നിരപരാധികളായ ജനങ്ങളാണെന്നതാണ് ഏറ്റവും രസം. പബ്ബിലോ, മാർക്കറ്റിലോ, സ്‌കൂളിലോ ഇരിക്കുമ്പോഴാണ്, അക്രമി കടന്നുവരുന്നതും കൂട്ടത്തോടെ വെടിവെച്ചിടുന്നതും. ടെക്സാസ് വെടിവെപ്പോടെ തോക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾ മാധ്യമങ്ങളിലും ഭരണതലത്തിനും പുരോഗമിക്കയാണ്. ഇതുവരെ കോവിഡിനെകുറിച്ചായിരുന്നു യുഎസിൽ വലിയ ചർച്ചകൾ നടന്നത്. ഇപ്പോൾ ഗൺ വയലൻസ് ഒരു പൊതുജന ആരോഗ്യ പ്രശ്നം കൂടിയാക്കി അവർ പഠിക്കയാണ്. എന്തിന് അമേരിക്കൻ യുവാക്കൾ തോക്കെടുക്കുന്നു, ഈ കൂട്ടമരണങ്ങൾക്ക് എന്താണ് പ്രതിവിധി എന്ന് ഗൗരവമായി ചർച്ച ചെയ്യുകയാണ്.

ആ സ്‌കുളിൽ സംഭവിച്ചത്

ടെക്സാസിലെ ഉവൽദേ പ്രൈമറി സ്‌കൂളിൽ 10 വയസ്സിൽ താഴെയുള്ള 19 കുട്ടികളെയും രണ്ട് അദ്ധ്യാപകരെയും 18കാരനായ അക്രമി കൊലപ്പെടുത്തിയത് യുഎസിനെ നടുക്കിയിട്ടുണ്ട്. ഈ സംഭവത്തിന് ഒരാഴ്ച മുൻപ് ന്യൂയോർക്കിലെ സൂപ്പർ മാർക്കറ്റിൽ കടന്നുകയറി 10 പേരെ വധിച്ചതും മറ്റൊരു പതിനെട്ടുകാരനായിരുന്നു. കൗമാരക്കാർ എന്തുകൊണ്ട് ഈ രീതിയിൽ വലയന്റ് ആവുന്ന എന്നതാണ് യുഎസ് ആരോഗ്യവിദഗ്ധരും പഠിക്കുന്നത്.

ടെക്സാസിൽ വെടിയേറ്റു മരിച്ച കുട്ടികളെല്ലാം തന്നെ ഏഴു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിൽ പ്രായമുള്ളവരാണെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. അക്രമി റാമോസ് തന്റെ 18ാം ജന്മദിനത്തിൽ നിയമപരമായി വാങ്ങിയ തോക്കുകളുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അയാളുടെ സമൂഹ മാധ്യമ പേജുകൾ. അജ്ഞാതയായ ഒരു സ്ത്രീയെ അയാൾ ഈ ചിത്രങ്ങളിൽ ടാഗും ചെയ്തിട്ടുണ്ട്. എന്നാൽ, ഭീതിയുണർത്തുന്ന ചിത്രങ്ങൾ എന്നാണ് ആ സ്ത്രീ മറുപടിനൽകിയിരിക്കുന്നത്.

ഏകദേശം 600 വിദ്യാർത്ഥികളോളം ഉള്ള റൊബ് എലെമെന്ററി സ്‌കൂൾ ഉവാൽഡ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് ഒരു ഹാൻഡ് ഗണും ഒരു റൈഫിളുമായി എത്തുന്നതിനു മുൻപ് അക്രമി തന്റെ സ്വന്തം അമ്മൂമ്മയെ വെടിവെച്ചിട്ടിരുന്നു. പ്രാദേശിക സമയം രാവിലെ 11:32 ന് ആണ് ഇയാൾ സ്‌കൂളിൽ എത്തി അക്രമം അഴിച്ചുവിടാൻ ആരംഭിച്ചത്.വിവരം അറിഞ്ഞെത്തിയ ബോർഡർ പട്രോൾ ഏജന്റുമാർക്ക് നേരെയും ഇയാൾ വെടിയുതിർത്തു. ഒരു ഏജന്റിന് പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. മരണമടഞ്ഞ 14 കുട്ടികൾക്ക് പുറമെ മറ്റ് 13 കുട്ടികളെ പരിക്കേറ്റ് ചികിത്സയിലാണ്. 45 കാരനായ ഒരു ജീവനക്കാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

തന്റെ രൂപത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ കുട്ടിക്കാലത്ത് നിരവധി കളിയാക്കലുകൾക്ക് വിധേയനായ ആക്രമി, സാൽവഡോർ റാമോസ്, വളർന്നു വന്നപ്പോൾ തികച്ചും അക്രമാസക്തനായി മാറുകയായിരുന്നുവത്രെ. പാതിവഴിയിൽ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ച അയാൾ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു. അങ്ങനെ സമ്പാദിച്ച തുകയിൽ നിന്നും 5000 ഡോളർ ചെലവാക്കിയാണ് ഇയാൾ രണ്ട് റൈഫിളുകളും മുന്നൂറ് റൗണ്ട് വെടിയുണ്ടകളും വാങ്ങിയത്. മയക്കുമരുന്നിന് അടിമയായ അമ്മയുമായി ഉണ്ടാക്കുന്ന കലഹങ്ങളുടെ പേരിൽ പലപ്പോഴും ഇയാളുടെ പേര് പൊലീസിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും അറിയുന്നു.

ആവർത്തിക്കുന്ന കൂട്ട വെടിവെപ്പുകൾ

അമേരിക്കയിൽ ഇപ്പോൾ വന്നുവന്ന്, എവിടെ എപ്പോഴാണ് വെടിവെപ്പ് ഉണ്ടാവുക എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്. ഈ മാസം നിരവധി അക്രമ സംഭവങ്ങളാണ് ടെക്സ്സാസ്സിൽ അരങ്ങേറിയിട്ടുള്ളത്. മെയ് 14-ന് ഒരു വെള്ളക്കാരൻ 10 പേരെ വെടിവെച്ചു കൊന്ന സംഭവമുണ്ടായിരുന്നു. അതിനടുത്ത ദിവസം ലഗുണ വുഡ്സിലെ ഒരു പള്ളിയുടെ വാതിൽ അടച്ചുപൂട്ടിയതിനു ശേഷം അതിനകത്തുണ്ടായിരുന്ന ഒരാൾ അമേരിക്കൻ വിശ്വാസികൾക്ക് നേരെ വെടിയുതിർത്തിരുന്നു. സംഭവത്തിൽ ഒരാൾ മരണമടയുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2018 ൽ ഫ്ളോറിഡയിലെ പാർക്ക്ലാൻഡിൽ 14 ഹൈസ്‌കൂൾ വിദ്യാർത്ഥികളേയും മൂന്ന് സ്‌കൂൾ ജീവനക്കാരേയും വെടിവെച്ച് കൊന്നതിനു ശേഷമുണ്ടാകുന്ന ഏറ്റവും ഭീകരവും ക്രൂരവുമായ ഒരു സംഭവമാണിത്. സ്‌കൂളുകളിലെ വെടിയുതിർക്കലുകളിൽ ഏറ്റവും ഭീകരമായത് 2012-ൽ കണക്ടികറ്റിൽ എലെമെന്ററി സ്‌കൂളിൽ നടന്ന സംഭവമായിരുന്നു. 20 കുട്ടികളും ആറ് സ്‌കൂൾ ജീവനക്കാരുമാണ് ഇതിൽ മരണമടഞ്ഞത്. 2016ൽ ഏതാനും ദിവസങ്ങൾക്കിടെ നടന്ന രണ്ട് വെടിവയ്‌പ്പുകളിൽ ഇരുപത്തിയഞ്ചോളം പേരാണ് കൊല്ലപ്പെട്ടത്. പിറ്റ്സ്ബർഗലെ വെടിവെയ്‌പ്പിൽ പതിനെന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കാലിഫോർണിയയിലെ തൗസന്റ് ഓക്സ് പട്ടണത്തിലെ ബാറിലുണ്ടായ വെടിവയ്‌പ്പിൽ പതിമൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവിടെയും കൗമാരപ്രായക്കാരാണ് കൊല്ലപ്പെട്ടവരിൽ കൂടുതലും.

2017 ഒക്ടോബിൽ 2യു എസിലെ ചൂതാട്ടകേന്ദ്രമായ ലാസ് വേഗസിൽ ഭരണകൂടത്തെ നടുക്കിയ വൻ ആക്രമണമാണ് നടന്നത്. സംഗീതപരിപാടി ആസ്വദിച്ചുകൊണ്ടിരുന്ന ജനക്കൂട്ടത്തിന് നേരെ അക്രമി നടത്തിയ വെടിവെപ്പിൽ 58 പേരാണ് മരിച്ചത്. അഞ്ഞൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൊട്ടടുത്ത ഹോട്ടലിന്റെ മുകളിൽ നിന്ന് 64കാരനായ സ്റ്റീഫൻ പെഡോക് എന്ന ഭീകരൻ ഒറ്റക്കാണ് വെടിവെപ്പ് നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. അക്രമിയെ പിന്നീട് വെടിയേറ്റു മരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തി. ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും അധികൃതർ അത് നിരാകരിക്കുന്നു.

അമേരിക്കയിൽ തോക്കുതിർത്തു ആളെക്കൊല്ലുന്ന വാർത്തകൾ പതിവാണ്. വംശീയവിദ്വേഷം, സമനില തെറ്റൽ, തർക്കങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ അമേരിക്കയിൽ പലപ്പോഴായി ആക്രമണങ്ങൾ നടക്കാറുണ്ട്. കാരണമെന്തായാലും ഉപയോഗിക്കുന്ന ആയുധം ഏറെയും തോക്കായിരിക്കും. അമേരിക്കയിൽ തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമം ഉദാരമാണ്. 18 വയസ്സായ ആർക്കും തോക്ക് കൈവശം വെക്കാൻ അനുവാദമുണ്ട്. സ്വയം രക്ഷക്ക് വേണ്ടി ഉണ്ടാക്കിയ ഈ നിയമം ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. നിസ്സാര കാര്യങ്ങൾക്കു പോലും തോക്കെടുക്കുന്ന പ്രവണത വർധിച്ചു. അവിടെ 50 ശതമാനം കുടുംബങ്ങളുടെ കൈവശവും തോക്കുകളുണ്ട്. ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ തോക്ക് കൈവശം വെക്കുന്നത് അമേരിക്കക്കാരാണ്.

പാളിപ്പോയ തോക്ക് നിയന്ത്രണ നിയമങ്ങൾ

രണ്ടാം ഭരണഘടനാ ഭേദഗതിയാണ് ആയുധങ്ങൾ കൈവശംവയ്ക്കാൻ അമേരിക്കൻ പൗരന്മാർക്ക് അധികാരം നൽകിയത്. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്നും സ്വന്തമായി തോക്കുള്ളവരാണ്. എന്നാൽ, ഇത്തരം ആയുധങ്ങളുടെ ഉപയോഗവും നിയന്ത്രണവും സംബന്ധിച്ച് വ്യക്തമായ ഫെഡറൽ നിയമം രൂപീകരിച്ചിരുന്നില്ല. സ്വരക്ഷയ്ക്കും പരമ്പരാഗതമായ മറ്റ് ആവശ്യങ്ങൾക്കും തോക്കുകൾ ഉപയോഗിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി പിന്നീടു തീർപ്പുകൽപ്പിച്ചു. നാട്ടുസേനയുടെയോ സ്വകാര്യ സൈന്യത്തിന്റെയോ ഭാഗമായല്ലാതെ തോക്ക് ഉപയോഗിക്കാനുള്ള അവകാശം ഇതോടെ എല്ലാ യുഎസ് പൗരന്മാർക്കും കൈവന്നു.

അക്രമങ്ങളെ തുടർന്ന് തോക്ക് കൈവശം വെക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ക്തമാണ്. നേരത്തെ നിയന്ത്രണം കൊണ്ടു വന്നെങ്കിലും 2008ൽ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വ്യക്തികൾക്ക് ആയുധം കൈവശം വെക്കാനുള്ള അവകാശം ഉണ്ടെന്നാണ് കോടതിയുടെ നിലപാട്. 2012 ഡിസംബറിൽ ന്യൂയോർക്കിനടുത്ത് സ്‌കൂളിലുണ്ടായ വെടിവെപ്പിൽ 20 സ്‌കൂൾ കുട്ടികളും ആറ് ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആയുധം സൂക്ഷിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രക്ഷോഭം അരങ്ങേറുകയും ഒബാമ ഭരണകൂടം സെമിഓട്ടോമാറ്റിക് മാരകായുധങ്ങൾക്ക് നിരോധമേർപ്പെടുത്തി കൊണ്ടുള്ള ബിൽ കൊണ്ടുവരികയും ചെയ്തു. എന്നാൽ, യു എസ് സെനറ്റിൽ ബിൽ പരാജയപ്പെടുകയാണുണ്ടായത്.

രാജ്യത്തെ ആയുധവ്യാപാരികളും തോക്ക് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നു. ആയുധവുമായി ബന്ധപ്പെട്ട് അമേരിക്കൻ സംസ്ഥാനങ്ങളെടുക്കുന്ന നിയമങ്ങൾ രൂപപ്പെടുത്തുന്നത് ആയുധ വ്യാപാരികളാണ്. തോക്കു കച്ചവടം മെച്ചപ്പെടുത്താനുതകുന്ന 99 നിയമങ്ങളാണ് നാഷനൽ റൈഫിൾ അസോസിയേഷൻ സമ്മർദത്തിലൂടെ അവിടെ അംഗീകരിപ്പിച്ചത്. തോക്കിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ പങ്കുണ്ട്. നിയമം അനുസരിക്കുന്ന പൗരന്മാരുടെ കൈവശം തോക്കുകൾ ഉണ്ടാകുന്നത് കുറ്റകൃത്യം കുറക്കാൻ സഹായിക്കുമെന്നാണ് അവരുടെ വാദം.

അമേരിക്കയിൽ തോക്ക് ലോബി വളരെ ശക്തമാണ്. പ്രസിഡന്റ് ബൈഡൻ തന്നെ അത് സമ്മതിക്കുന്നു. ടെക്സസിലെ കൂട്ടക്കൊലയ്ക്കു ശേഷം പ്രസിഡന്റ് ബൈഡൻ വളരെ വികാരപരമായി സംസാരിക്കുകയും ആയുധനിയന്ത്രണത്തെ എതിർക്കുന്നവരുടെ മനുഷ്യത്വരഹിത സമീപനത്തെ വിമർശിക്കുകയും ചെയ്തു. . '' രണ്ട് പതിറ്റാണ്ടുകാലത്തെ പ്രചണ്ഡ പ്രചാരണത്തിലൂടെ തോക്ക് ലോബി രാജ്യത്തെ പ്രബലശക്തിയായി മാറിക്കഴിഞ്ഞു. വൻലാഭം നൽകുന്ന വ്യവസായമായി അതു വളർന്നു. ദൈവത്തെയോർത്ത്, അവർക്കെതിരെ നിൽക്കാനുള്ള ധൈര്യം നമ്മൾ കാട്ടണം. ഭൂരിപക്ഷം അമേരിക്കക്കാരും നമ്മുടെ കൂടെ നിൽക്കും''- ബൈഡൻ പറഞ്ഞു.പക്ഷേ ഇങ്ങനെ പ്രഖ്യാപിക്കുകയല്ലാതെ എന്തെങ്കിലും നടപടികളിലേക്ക് ബൈഡൻ കടന്നിട്ടില്ല. പക്ഷേ വിശദമായ പഠനങ്ങളും സർവേകളും തുടരുകയാണ്.

തോക്ക് അമേരിക്കൻ സംസ്‌ക്കാരത്തിന്റെ ഭാഗം

പക്ഷേ അമേരിക്കക്കാരിൽനിന്ന് ഒരു സുപ്രഭാതത്തിൽ അങ്ങോട്ട് എടുത്തുകളയാൻ കഴിയുന്ന ഒന്നല്ല തോക്ക്. എവിടെ നിന്നാണ് അമേരിക്കൻ ജനതക്ക് തോക്കിനോടുള്ള കമ്പം വരുന്നത് എന്നത് ഓർക്കുമ്പോൾ അത് അവരുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വരെ പോകണം. 1775ലെ അമേരിക്കൻ വാർ ഓഫ് ഇൻഡിപെൻഡൻസിൽ ബ്രിട്ടനെതിരെ തോക്കെടുത്താണ് അവർ പോരാടിയത്. ജോർജ് വാഷിങ്ങ്ടൺ അടക്കമുള്ള നേതാക്കാൾ അക്കാലത്ത് ആയുധ നിർമ്മാണത്തെ പ്രോൽസാഹിപ്പിച്ചു. അങ്ങനെ പിന്നീട് അത് ഒരു വലിയ വ്യവസായമായി വളർന്ന് പന്തലിച്ചു. തോക്ക് ഉപയോഗിക്കുന്നത് അമേരിക്കൻ അഭിമാനത്തിന്റെ ഭാഗമായി. ഇന്ന് ലോകത്ത് 800 മില്യൺ സിവിലിയൻ തോക്കുകൾ ഉള്ളതിൽ പകുതിയിൽ ഏറെയും അമേരിക്കയിലാണ്.

100 പേർക്ക് 120 തോക്ക് എന്നാണ് അമേരിക്കയിലെ കണക്ക്. എയർഗൺ തൊട്ട് ഓട്ടോമറ്റിക്ക് ഗൺവരെ കടകളിൽ പോയി വാങ്ങിക്കാം. 1986ന് മുന്നേ നിർമ്മിച്ചതാണെങ്കിൽ മെഷീൻ ഗണ്ണും വാങ്ങിക്കാം എന്നാണ് നിയമം. നമ്മുടെ നാട്ടിലൊക്കെ തോക്ക് നേരിട്ട് കണ്ടവരുടെ എണ്ണം പോലും എത്രയോ കുറവാണ്. മാത്രമല്ല അമേരിക്കയിലെ അതിശക്തമായ ഗൺ ലോബി തങ്ങളുടെ പ്രചാരണത്തിനായി കോടിക്കണക്കിന് ഡോളർ ആണ് ചെലവിടുന്നത്. അവർ പലപ്പോഴും, നമ്മുടെ നാട്ടിലെ ശ്വാന പ്രദർശനവും മറ്റും പോലെ ഗൺ ഷോകൾ നടത്തുന്നു. വിവിധ തരം തോക്കുകൾ പ്രദർശിപ്പിച്ച് വെടിവെച്ച് മത്സരങ്ങൾ നടത്തുന്നു!

ഓർലാൻേഡാ കൂട്ടവെടിവെപ്പിനെ തുടർന്ന് ആ മേഖലയിൽ താൽക്കാലിക തോക്ക് നിയന്ത്രണം ഉണ്ടായപ്പോഴും സമാനമായ അവസ്ഥയായിരുന്നു. തോക്കുവാങ്ങിക്കൽ മത്സരം പോലും കമ്പനികൾ നടത്തി. 30 മിനുട്ട്കൊണ്ട് മറ്റിടങ്ങളിൽനിന്ന് തോക്ക് വാങ്ങി എന്നൊക്കെ പറഞ്ഞ് പലരും പോസ്റ്റിട്ടു.

ഇന്ത്യയിൽ ഒരാൾക്ക് തോക്ക് കിട്ടണമെങ്കിൽ ഒരുപാട് കടമ്പകൾ ഉണ്ട്. സ്വയ രക്ഷ, കായിക ആവശ്യങ്ങൾ, വിള സംരക്ഷണം എന്നിങ്ങനെയുള്ള മൂന്ന് വിഷയങ്ങളിൽ മാത്രമാണ് നമുക്ക് തോക്ക് അനുവദിക്കുക. അതിൽ തന്നെ നിങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ തോക്ക് കിട്ടുകയുള്ളൂ. അതും എക്കാലത്തേക്കും അല്ല. ലൈസൻസ് പുതുക്കണം. തോക്കിനൊപ്പം കൊടുക്കുന്ന തിരയ്ക്കും കണക്കുണ്ട്. വെടിയുണ്ട ഒന്ന് കാണാതായാൽ വിവരം അറിയും. പിണറായി വിജയൻ ചെന്നെ വിമാനത്താവളത്തിൽ കുടുങ്ങിയ ഉണ്ട വിവാദം നോക്കുക.

എന്നാൽ അമേരിക്കയിൽ ഈ ബുദ്ധിമുട്ട് ഒന്നുമില്ല. തിരിച്ചറിയിൽ കാർഡ് കാണിച്ച് ഒരു ഫോം പൂരിപ്പിച്ച് കൊടുക്കണം. പിന്നെ നിങ്ങൾക്ക് ക്രമിനൽ പശ്ചാത്തലം ഇല്ല എന്ന് കാണിക്കാൻ അവർ നാഷണൽ ക്രിമനൽ രജിസ്ട്രിയുടെ വെബ് സൈറ്റിൽ സേർച്ച് ചെയ്ത് നോക്കും. അതോടെ തോക്ക് ലഭിക്കും. വളരെ ലളിതം. ഇതാണ് മാറ്റേണ്ടത് എന്നാണ് പൊതുവെ അഭിപ്രായം ഉയരുന്നത്.

നമുക്ക് തൂങ്ങിമരണം, അവർക്ക് തോക്ക്!

1968 മുതൽ 2017വരെയുള്ള കണക്കെടുത്താൽ 15 ലക്ഷം അമേരിക്കക്കാർ തോക്കിനാൽ ജീവൻ നഷ്ടമായി എന്നാണ് കണക്ക്. ഇത് 1775ലെ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിനുശേഷം ഇന്നേവരെ കൊല്ലപ്പെട്ട യുഎസ് പട്ടാളക്കാരെക്കാൾ കൂടുതൽ ആണ്. 2020ലെ ഒരു കണക്ക് ഞെിട്ടപ്പിക്കുന്നതാണ്. 45,000അമേരിക്കക്കാരാണ് തോക്കിനാൽ ജീവൻ നഷ്ടമായത്. പക്ഷേ ഇതിൽ ഇരുപത്തിഅയ്യായിരം പേർ ആത്മഹത്യ ചെയ്യുകയായിരുന്നു. ബാക്കി ഇരുപതിനായിരത്തോളം പേർ വിവിധ നരഹത്യകളിലും. അതായത് അമേരിക്കക്കാർ അത്മഹത്യ ചെയ്യാൻ പോലും ഉപയോഗിക്കുന്നത്, തോക്കിനെയാണ്. നമ്മൾ തൂങ്ങിമരണവും വിഷം കഴിക്കലും തെരഞ്ഞെടുക്കുന്നതുപോലെ. ഈ കണക്കുകൾ മൊത്തത്തിൽ ചേർക്കുമ്പോഴാണ് തോക്ക് മരണങ്ങൾ കൂടുന്നത്. ഇന്ത്യയിൽ ഒരു വർഷം നടന്ന തൂങ്ങി മരണങ്ങളുടെ മൊത്തം കണക്ക് എടുത്താൽ, നമുക്ക് ചിലപ്പോൾ കയർ നിരോധിക്കാൻ വാദിക്കേണ്ടി വരും!

പക്ഷേ അമേരിക്കയിൽ കൂട്ടവെടിവെപ്പുകൾ വർധിക്കയാണെന്നത് ഒരു യാഥാർഥ്യമാണ്. 450 മില്യൺ സിവിലിയൻ തോക്കുകൾ രാജ്യത്ത് പ്രചാരത്തിൽ ഉണ്ട്.ഒരു കുടുംബത്തിൽ പലരുടെയും കൈയിൽ തോക്ക്. അതുകൊണ്ടുതന്നെ സെമി ഓട്ടോമറ്റിക്ക് ഗണ്ണുകൾ നിരോധിക്കണം എന്നാണ് ഇപ്പോൾ ഒരു വിഭാഗം ആവശ്യം ഉയർത്തുന്നത്.

ഏറ്റവും വിചിത്രമായ കാര്യം ഇത്രയേറെ വെടിവെപ്പുകൾ ആവർത്തിക്കപ്പെട്ടിട്ടും, എല്ലാ വിധി സർവേകളിലും അമേരിക്കയിൽ ഇപ്പോഴും പകുതിപേർ തോക്ക് നിയന്ത്രണത്തിന് എതിരാണ്. 52- 48 എന്ന നേരിയ ഒരു മേൽക്കെ മാത്രമെ ഇപ്പോൾ തോക്ക് നിയന്ത്രണത്തിന് ഒപ്പം നിൽക്കുന്നവർക്ക് ഉള്ളൂ. സ്ത്രീ, പുരുഷൻ, രാഷട്രീയ പാർട്ടികൾ, നഗരം, ഗ്രാമം എന്നിങ്ങനെ വേർ തിരിച്ച് എടുക്കുമ്പോൾ, സർവേയിലെ കാര്യങ്ങൾ മാറിമറയുകയാണ്.

റിപ്പബ്ലിക്കന്മാർ തോക്കിന് ഒപ്പം

സ്വന്തമായി തോക്കുള്ള അമേരിക്കക്കാരുടെ സവിശേഷതകളും രാഷ്ട്രീയ നിലപാടും വിചിത്രവും അദ്ഭുതകരവുമാണ്. റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ 44 ശതമാനം പേർ തോക്ക് കൈവശം വയ്ക്കുമ്പോൾ ഡെമോക്രാറ്റുകളിൽ 20 ശതമാനത്തിനേ ഈ അഭിനിവേശമുള്ളൂ. പുരുഷന്മാരിൽ 39 ശതമാനത്തിനും സ്ത്രീകളിൽ 22 ശതമാനത്തിനും സ്വയരക്ഷയ്ക്ക് ആയുധമുണ്ട്. ഗ്രാമീണരിൽ നൂറിൽ 41 പേരും ഇടത്തരം നഗരങ്ങളിൽ നൂറിൽ 29 പേരും നഗരവാസികളിൽ 10 പേരും തോക്കുള്ളവരാണ്. ലോകം നിശ്ചലമായ മഹാമാരിയുടെ നാളുകളിൽ തോക്ക് വിൽപന കൂടി.

ഇത്തരം നിയന്ത്രണം കൊണ്ട് ഇപ്പോൾ സംഭവിക്കുന്നതുപോലുള്ള കൂട്ടക്കൊലകൾ തടയാൻ കഴിയുമോയെന്ന കാര്യത്തിലും ജനങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. കൊലയാളികൾ മനോദൗർബല്യമുള്ളവരും നിയമം അനുസരിക്കാത്തവരുമാണെന്നാണ് അവരുടെ വാദം.

മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തോക്ക് ലോബിയുടെ പക്ഷത്തായിരുന്നു. പലതവണ അദ്ദേഹം പരസ്യമായി അക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, നിയന്ത്രണത്തിനു വേണ്ടി ശബ്ദമുയർത്തിയിരുന്ന ബറാക് ഒബാമയ്ക്കും നിയമനിർമ്മാണമെന്ന പരിഹാരത്തിലേക്ക് എത്താനായില്ല. ഇരുവരും ഈ വഴിക്ക് ചില ശ്രമങ്ങൾ നടത്തിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. അവസാനത്തെ കൂട്ടക്കൊലയെ പരാമർശിച്ച് ട്രംപ് പറഞ്ഞത്, ആളുകൾക്ക് ആയുധം നൽകുകയാണ്, നിരായുധരാക്കുകയല്ല വേണ്ടതെന്നാണ്. സമൂഹത്തിൽ തിന്മ നിലനിൽക്കുന്ന കാലത്തോളം ജനങ്ങൾക്ക് ആയുധമെടുക്കേണ്ടിവരുമെന്ന് നാഷനൽ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞത്.

അതോടൊപ്പം പരമായ വ്യകതി സ്വാതന്ത്ര്യത്തെ പ്രോൽസാഹിപ്പിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങളും അമേരിക്കയിലുണ്ട്. ഇവരും തോക്കിന് ഒപ്പമാണ്. പരമമായ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗീർവാണങ്ങളാണ് ഇത്തരമൊരു നിയമനിർമ്മാണത്തെക്കുറിച്ചുള്ള സംവാദ സദസ്സുകളിൽ മുഴങ്ങിക്കേൾക്കുന്നത്. പകർച്ചവ്യാധികൾക്കെതിരെ വാക്സീൻ സ്വീകരിക്കാനും സമൂഹത്തിന്റെ മൊത്തം സുരക്ഷയെ മുൻനിർത്തി മാസ്‌ക് ധരിക്കാനും നിർദ്ദേശിക്കുമ്പോഴും ഈ വാദം ഉയരാറുണ്ട്. പക്ഷേ, ഈ വാദം ഉന്നയിക്കുന്നത് ജനങ്ങളിൽ വലിയൊരു വിഭാഗമാണെന്നതു പലപ്പോഴും അവിശ്വസനീയമായി തോന്നാറുണ്ട്.

നിയന്ത്രണം ചെയ്താൽ കൊലകൾ കുറയുമോ?

94 മുതൽ 10 വർഷം അമേരിക്കയിൽ തോക്ക് നിരോധനംത്തിന്റെ കാലമായിരുന്നു. എന്നിട്ട് എന്തുണ്ടായി എന്നാണ് തോക്കിനെ അനകൂലിക്കുന്നവർ ചോദിക്കുന്നത്. ഗൺ കൊലകൾ അൽപ്പം കുറഞ്ഞു എന്നല്ലാതെ കാര്യമായ മാറ്റം ഉണ്ടായില്ല. തോക്ക് കള്ളക്കടത്ത് വ്യാപകമായി. അതിന്റെ പേരിൽ മറ്റൊരു മാഫിയ ഉണ്ടായി. സർക്കാറിനാകട്ടെ കോടികളുടെ നികുതി വരുമാന നഷ്ടവും ഉണ്ടായി. ഇതുതന്നെയാണ് മദ്യ നിരോധനത്തിന്റെ കാര്യത്തിലും അമേരിക്കയിൽ സംഭവിച്ചത്. അങ്ങനെയാണ് അവർ മദ്യ നിരോധനം ഒഴിവാക്കിയത്.

ഇനി ഓട്ടോമാറ്റിക്ക് ഗണ്ണുകൾക്ക് നിയന്ത്രണം വരുത്തിയാൽ ഗുണം ഉണ്ടാവുമോ എന്ന കാര്യമാണ് അവർ ഇപ്പോൾ പഠിക്കുന്നത്. പക്ഷേ പല പഠനങ്ങളിലും നെഗറ്റീവ് റിസൾട്ടാണ് കിട്ടിയത്. ഒരു കൊലയാളി എത് കരിഞ്ചന്തയിൽപോയും ആധുനിക ആയുധം സംഘടിപ്പിച്ചാണ് ഇറങ്ങുക എന്നതാണ് പലപ്പോഴും വെളിപ്പെടുന്നത്.

അമേരിക്കൻ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ, പ്രൊഫസർ ജോൺ ജെ ഡോഹ്യുനുവിന്റെ അഭിപ്രായത്തിൽ, പുരുഷത്വത്തിന്റെ അക്രമണ ത്വരയുടെയും പ്രതീകമാണ് അമേരിക്കൻ എലീറ്റുകൾക്ക് തോക്ക്. ഈ മാനസിക മാറ്റമാണ് ഉണ്ടാക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അമേരിക്കൻ പബ്ലിക്ക് ഹെൽത്ത് അസോസിയേഷൻ ഇപ്പോൾ പബ്ലിക്ക് ഹെൽത്ത് പ്രോബ്ളം ആയാണ് ഈ വിഷയത്തിൽ പഠനം നടത്തുന്നത്.

തോക്കിനെയല്ല വ്യക്തികളെയാണ് നിരോധിക്കേണ്ടത്

ഇതിൽ വരുന്ന ചില നിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്. ഒന്ന് തോക്ക് വാങ്ങുന്നവർ നിലവിൽ അതിന്റെ കാരണം വെളിപ്പെടുത്തേണ്ടതില്ല. അങ്ങനെ കാരണം ബോധ്യപ്പെട്ടാൽ അയാളെ നിരീക്ഷിക്കാൻ കഴിയും. അതുപോലെ ഇപ്പോൾ നടക്കുന്നതുപോലെയല്ല, തോക്ക് വാങ്ങുന്നയാളുടെ ബാക്ക്ഗൗണ്ട്ര് ചെക്കപ്പ് വിശദമായി നടത്തണം എന്നാണ് മറ്റൊരു നിർശേദശം. അയാളുടെ പരിചയക്കാരെ അന്വേഷിക്കണം. മെഡിക്കൽ പശ്ചാത്തലം പരിശോധിക്കുക. ആഴത്തിലുള്ള വ്യക്തിവിവരങ്ങൾ ശേഖരിക്കണം. മദ്യത്തിനോ, മയക്കുമരുന്നിനോ അടിമായാണോ, വംശീയവാദിയാണോ എന്നൊക്കെ പരിശോധിക്കണം. തോക്കു കൈവശം ഉള്ളവരിൽ അടിക്കടി സർവലൈൻസ് നടത്തണം. തോക്കിനെ അല്ല, തോക്ക് അപകടകരമായി ഉപയോഗിക്കാൻ സാധ്യതയുള്ള വ്യക്തികളെ ഇത് വാങ്ങുന്നതിൽനിന്ന് വിലക്കുക എന്നതാണ്, ആരോഗ്യവിദഗ്ദ്ധർ മുന്നോട്ടുവെക്കുന്ന നിർദ്ദേശം.

മറ്റൊരു നിർദ്ദേശം അദ്ധ്യാപർക്ക് ആയുധങ്ങൾ കൊടുക്കുക, എന്നതാണ്. മോക്ക് ഡ്രില്ല് അടക്കം നടത്തി, അക്രമികളെ എങ്ങനെ നേരിടാം എന്ന് പഠിപ്പിക്കണം. പക്ഷേ ഇത് സ്‌കൂൾ അന്തരീക്ഷം തകർക്കുമെന്ന് വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. തോക്ക് ഉപയോഗിക്കാനല്ല പഠിപ്പിക്കാനാണ് അദ്ധ്യാപകൻ ക്ലാസിൽ വരുന്നത്്. ഇതിനായി നടത്തുന്ന മോക്ക് ഡ്രിൽസ് കുട്ടികളുടെയും അദ്ധ്യാപകരുടെയും ട്രോമ വർധിപ്പിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

അതുപോലെ കുട്ടികൾ വയലന്റായ വീഡിയോ ഗെയിം കാണുന്നതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും പറയുന്നു. ഈ രീതിയിൽ പഠനം നടത്തിയിട്ടും അതിന് യാതൊരു തെളിവും കിട്ടിയിട്ടില്ല. മാത്രമല്ല ഇത്തരം ഗെയിമുകൾ കുട്ടികളുടെ ഹിംസാത്മകത കുറക്കുമെന്നും പഠനങ്ങൾ വന്നു. അതായത് അവരിൽ ചിലരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഹിംസയുടെ വെന്റിലേഷൻ നടക്കുന്നതോടെ, പോസറ്റീവായ മാറ്റമാണ് ഉണ്ടാക്കുകമെന്ന് ചില മനഃശാസ്ത്ര വിദഗധർ നിരീക്ഷിക്കുന്നു. എന്തായാലും അമേരിക്ക പോലെ ഒരു രാജ്യത്ത് മൊബൈൽ ഗെയിമുകൾ ഒന്നും നിരോധിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല എന്ന് വ്യക്തമാണ്. മാത്രമല്ല ഇത്തരം നിരോധനങ്ങൾ വ്യാപകമായ പൈറസിയിലേക്കും വഴിമാറാൻ ഇടയുണ്ട്.

അതുപോലെ വന്ന മറ്റൊരു നിർദ്ദേശം ആയിരുന്നു, സ്‌കുളുകളിൽ ഹയർ സെക്യൂരിറ്റി എർപ്പെടുത്തുക എന്നത്. അക്രമിയെ ഡ്രോൺ വഴി വെടിവെച്ചിടാൻ കഴിയുന്ന ഡിജിറ്റൽ സെക്യൂരിറ്റിയാണ് നിർദ്ദേശിക്കപ്പെട്ടത്. അതുപോലെ ഫിംഗർ പ്രിന്റ് വഴി മാത്രം പ്രവേശനം കർശനമാക്കുകയും വേണം. പക്ഷേ ഇതും വിദ്യാഭ്യാസ അധികൃതർ വലിയ രീതിയിൽ അംഗീകരിക്കുന്നില്ല. കാരണം, അമിത സുരക്ഷാ സജ്ജീകരണങ്ങൾ മൂലം ഭീതിയുടെ ഒരു അന്തരീക്ഷം സ്‌കൂളുകളിൽ ഉണ്ടായാൽ അത് കുട്ടികളുടെ മാനസിക വളർച്ചയെ ബാധിക്കുമെന്നതു തന്നെതാണ്.

മറ്റൊരു പോംവഴിയായി പറയുന്നത്, കൗമാരക്കാരെ സ്‌കുളുകളിലും കോളജുകളിലും നിരീക്ഷിക്കുക എന്നതാണ്. അതിനായി തൊട്ടടുത്ത കുട്ടിയെ തന്നെയാണ് ചുമതലപ്പെടുന്നതുന്നത്. അവന് അസ്വാഭാവികമായ മാറ്റം എന്തെങ്കിലും ഉണ്ടെങ്കിൽ നീ വിവരം നൽകണമെന്ന്. അതുപോലെ കുട്ടിയുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലവും ഇവിടെ പഠിക്കും. ഈ നിർദ്ദേശം പൊതുവെ സ്വീകരിക്കപ്പെട്ടതാണ്.

ചുരക്കിപ്പറഞ്ഞാൽ ആവർത്തിക്കുന്ന വെടിവെപ്പുകൾക്കിടയിലും തോക്ക് നിരോധനം എന്ന ആശയത്തിലേക്ക് അമേരിക്ക പോവാൻ ഇടയില്ല എന്നാണ് ബി.ബി.സിയും, സ്‌കൈ ന്യൂസും അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. പകരം അവർ തോക്ക് വാങ്ങുന്ന വ്യക്തികളെയാവും നിയന്ത്രിക്കുക. എന്തായാലും കോവിഡിനേക്കാൾ വലിയ മഹാമാരിയായി അമേരിക്ക ഇപ്പോൾ കണക്കാക്കുന്നത് ഈ ഗൺ വയലൻസിനെ ആണെന്ന് വ്യക്തമാണ്.

വാൽക്കഷ്ണം: നമ്മുടെ നാട്ടിലേക്ക് വന്നാൽ ഭൂരിഭാഗം സിവിലിയൻസും ഇന്നും ഒരു തോക്ക് തൊട്ടിട്ടുപോലുമില്ല. നമ്മുടെ ഗുണ്ടാ സംഘങ്ങൾ ഒന്നും ഇന്നും കത്തിക്കും, വടിവാളിനും അപ്പുറം പോയിട്ടില്ല. രാജാവിന്റെ മകൻ' എന്ന സിനിമയിൽ ആയിരക്കണം മലയാളി ആദ്യമായി മെഷീൻ ഗൺ കണ്ടത്. പ്രാകൃതമായി വടിവാളും, വെട്ടുകത്തിയും, ശൂലവും തന്നെയാണ് നമ്മുടെ ഗുണ്ടകളുടെയും ഇപ്പോഴത്തെയും ആശ്രയം. ഇവിടെയെങ്ങാനും അമേരിക്കയിലെപ്പോലെ ഗൺ കൾച്ചർ വന്നാലുള്ള സ്ഥിയിയെന്താവും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP