കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിനെതിരേ പരാതിയുമായി ദിലീപിന്റെ അഭിഭാഷൻ എത്തുമ്പോൾ വാർത്തകളെല്ലാം ആദ്യം നൽകുന്നത് ഷാജൻ സ്‌കറിയയുടെ ഓൺലൈൻ ചാനലാണെന്ന സമ്മതവും. കേസിൽ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ശ്രീജിത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി. ബൈജു പൗലോസ് എന്നിവർക്കെതിരേ അഡ്വ. ഫിലിപ്പ് ടി. വർഗീസാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ഷാജൻ സ്‌കറിയയേയും ഓൺലൈൻ ചാനലിനേയും കുറിച്ച് പറയുന്നത്.

കേസിൽ വിചാരണ അട്ടിമറിക്കാനാണ് എ.ഡി.ജി.പി. ശ്രീജിത്ത് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നത്. എ.ഡി.ജി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അഭിഭാഷകർക്കെതിരേ അപവാദം പ്രചരിപ്പിക്കുകയാണ്. കേസിൽ വിചാരണ നടന്നുവരവേ ബാലചന്ദ്രകുമാർ എന്നയാളെ രംഗത്തിറക്കി കഥകൾ മെനയുകയാണ്. ബാലചന്ദ്രകുമാർ വർഷങ്ങളായി എ.ഡി.ജി.പി.യുടെ സുഹൃത്താണെന്നാണ് ആരോപണം. ഓഡിയോ ക്ലിപ്പുകൾ ആദ്യം പുറത്തു വരുന്നത് മറുനാടൻ മലയാളിയിലൂടെയാണെന്ന് സമ്മതിക്കുന്ന ദിലീപിന്റെ അഭിഭാഷകൻ മറ്റ് ഗൂഢാലോചനകളൊന്നും മറുനാടനെതിരെ ആരോപിക്കുന്നുമില്ലെന്നതാണ് വസ്തുത. മറുനാടനൊപ്പം റിപ്പോർട്ടർ ടിവിക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണോ എന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ. അതിന് കാരണം ക്രൈംബ്രാഞ്ചിന് കിട്ടിയ ഒരു ഓഡിയോയാണ്. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും ദിലീപിന്റെ കൂട്ടുകാരൻ ശരത്തും തമ്മിലുള്ള സംഭാഷണം. ദിലീപിന്റെ അളിയനിൽ നിന്ന് ക്രൈംബ്രാഞ്ചിന് കിട്ടിയ മൊബൈലുകളിലെ പരിശോധനയിലൂടെയാണ് ഈ നിർണ്ണായക തെളിവിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ഈ തെളിവ് മറുനാടനാണ് പുറത്തുവിട്ടത്. നടിയെ ആക്രമിച്ചതിന് പിന്നാലെ പല നിർണ്ണായക വസ്തുതകളും ചർച്ചയാക്കിയ മറുനാടന്റെ മറ്റൊരു സൂപ്പർ എക്‌സ്‌ക്ലൂസീവ്. ഇതാണ് ദിലീപിന്റെ അഭിഭാഷകന്റെ വ്യാജ ആരോപണങ്ങൾക്ക് കാരണം. ഈ സാഹചര്യത്തിലാണ് ഫിലിപ്പ് ടി വർഗ്ഗീസിന്റെ ആരും പുറത്തു വിടാത്ത പരാതിയുടെ പൂർണ്ണ രൂപവും മറുനാടൻ പ്രസിദ്ധീകരിക്കുന്നത്.

ഒൻപതര മിനിറ്റ് നീളുന്നതാണ് ഓഡിയോ. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ദിലീപിനെതിരെ വധഗൂഢാലോചന കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോൺ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കോടതി അംഗീകരിച്ചതോടെ വൈമനസ്യത്തോടെയാണെങ്കിലും ദിലീപ് ഫോണുകൾ കൈമാറി. ഫോറൻസിക് ലാബിൽ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഈ വേളയിൽ നടി ആക്രമിക്കപ്പട്ട കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്ന് കിട്ടി എന്നാണ് അന്വേഷണ സംഘം പറയുന്നത്.

കോടതിയിൽ നിന്നുള്ള സുപ്രധാന രേഖകളാണ് ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ചതത്രെ. ഇതിലാണ് കാവ്യാ മാധവനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഫോൺ സംഭാഷണവുമുള്ളത്. ഇത് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആ ഓഡിയോ മറുനാടൻ പുറത്തുവിട്ടത്. സുരാജിന്റെ ഫോണിലെ ഓഡിയോ ക്ലിപ്പ് കിട്ടിയത് മുംബൈ ലാബിലെ ഇമേജ് കോപ്പിയിൽ നിന്നാണെന്നും ആ ഓഡിയോ ആദ്യം എത്തിയത് ഷാജൻ സ്‌കറിയയുടെ ഓൺലൈൻ ചാനലിൽ ആണെന്നും ആരോപിക്കുന്നു. അതിന് കാരണം എഡിജിപി ശ്രീജിത്തുമായുള്ള അടുപ്പമാണെന്നും പറയുന്നു. ഡിജിപിയായ ബി സന്ധ്യയ്‌ക്കെതിരേയും ആരോപണങ്ങളുണ്ട്.

കാവ്യയോട് ദിലീപിന്റെ വീട്ടിലുള്ളവർക്ക് പോലും അതൃപ്തിയുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നതാണ് സുരാജിന്റെ ഫോണിൽ നിന്ന് കിട്ടിയ ശബ്ദ സംഭാഷണം. ദിലീപ് വെറുതെ പെട്ടു പോയതാണെന്ന വാദമാണ് സൂരജ് ഈ സംഭാഷണങ്ങളിൽ ഉയർത്തുന്നത്. കാവ്യയെ കുറ്റപ്പെടുത്തുന്നുമുണ്ട് താനും. ഈ ഓഡിയോയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പരാതിയുടെ ഒൻപതാം പാരയിലാണ് മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ട പരമാർശമുള്ളത്. ശ്രീജിത്തുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ഷാജൻ സ്‌കറിയയെന്ന് തെറ്റിധരിപ്പിക്കാനുള്ള വ്യാജ ശ്രമമാണ് പരാതിയിലുള്ളത്. ദിലീപ് കേസുമായി ബന്ധപ്പെട്ട ഏല്ലാ വാർത്തകളും ആദ്യ ഘട്ടം മുതൽ നൽകിയത് മറുനാടൻ മലയാളിയാണ്. ദിലീപിനെ അറസ്റ്റു ചെയ്യുമെന്ന് പോലും നടിയെ ആക്രമിച്ചതിന് പിന്നാലെ തെളിവുകൾ സഹിതം മറുനാടൻ വാർത്ത നൽകി. അന്നൊന്നും മുഖ്യധാരാ മാധ്യമങ്ങൾ പോലും അത്തരം വാർത്തകൾ നൽകിയിരുന്നില്ല. അന്ന് മറുനാടൻ പറഞ്ഞതെല്ലാം ശരിവച്ചായിരുന്നു അറസ്റ്റ്.

ദിലീപിന്റെ അറസ്റ്റിലെ വിശദാംശങ്ങൾ ആദ്യം നൽകിയതും മറുനാടനായിരുന്നു. കാർണിവൽ ഗസ്റ്റ് ഹൗസിലെ അറസ്റ്റും മറ്റും ഏറെ ചർച്ചയാവുകയും ചെയ്തു. അന്നൊന്നും അന്വേഷണ സംഘത്തിന്റെ തലപ്പത്ത് ശ്രീജിത്തുണ്ടായിരുന്നില്ല. കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്നും മുമ്പ് വാർത്ത നൽകി. കേസിൽ പ്രതിയാക്കേണ്ടവരെ സാക്ഷിയാക്കിയാൽ കേസ് തന്നെ അട്ടിമറിക്കുമെന്നും തുറന്നു കാട്ടി. എന്നാൽ അതിൽ ക്രൈംബ്രാഞ്ചിന് ചില വീഴ്ചകളുണ്ടായി. അത് വിചാരണ ഘട്ടത്തിൽ ദിലീപിന് അനുകൂലവുമായി. ഇതിന് പിന്നാലെയാണ് ദിലീപിനെതിരെ പുനരന്വേഷണം വരുന്നത്. അപ്പോഴും മറുനാടൻ എക്‌സ്‌ക്ലൂസിവുകൾ നൽകി.

ദിലീപ് കേസിലെ ആദ്യ ഘട്ടത്തിൽ മറുനാടൻ നടത്തിയ സത്യസന്ധമായ വെളിപ്പെടുത്തലുകൾ ഏവർക്കും അറിയാവുന്നതാണ്. അന്ന് കേസ് അന്വേഷണത്തിൽ ശ്രീജിത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഫിലിപ്പ് ടി വർഗ്ഗീസിന്റെ പുതിയ പരാതിയിൽ മറുനാടനെ കുറിച്ചുള്ള പരാമർശത്തിലെ പൊള്ളത്തരം ചർച്ചയാകേണ്ടത്. ഏതായാലും മറുനാടൻ നൽകിയത് സുരാജിന്റെ തന്നെ ക്ലിപ്പാണെന്ന് അഭിഭാഷകൻ സമ്മതിക്കുന്നുണ്ട്. കാവ്യാ മാധവനെ കുറിച്ച് സുരാജ് നടത്തിയ ഓഡിയോ ക്ലിപ്പ് ആദ്യം നൽകിയതിന്റെ പേരിലാണ് ശ്രീജിത്ത് ബന്ധം വ്യാജമായി ആരോപിച്ചുള്ള കുറ്റപ്പെടുത്തൽ.

ദിലീപിന്റെ അഭിഭാഷകരായ അഡ്വ. രാമൻപിള്ളയ്‌ക്കെതിരേയും തനിക്കെതിരേയും അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് സൈബർ കുറ്റവാളിയായ സായ് ശങ്കറെ ഉപയോഗിക്കുന്നുവെന്നും ഫിലിപ്പ് ടി വർഗ്ഗീസ് ആരോപിക്കുന്നു. ചില മാധ്യമങ്ങളെയും ഇതിനായി കൂട്ടുപിടിക്കുന്നു. ഏത് ചാനലിന് സായ് ശങ്കർ പ്രതികരണം നൽകണമെന്ന് നിശ്ചയിക്കുന്നതുപോലും എ.ഡി.ജി.പി.യാണ്. ഒരു ദൃശ്യമാധ്യമത്തിന്റെയും ഒരു ഓൺലൈൻ മാധ്യമത്തിന്റെയും പേര് പരാതിയിലുണ്ട്. ഡി.വൈ.എസ.പി. ബൈജു പൗലോസിനെതിരേയും അഭിഭാഷകൻ പരാതി ഉന്നയിക്കുന്നുണ്ട്.

ചില ഓഡിയോ ഫയലുകളിൽ കൃത്രിമത്വം സൃഷ്ടിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നിൽ അന്വേഷണസംഘമാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. ഇതേ അഭിഭാഷകർക്കെതിരെ പരാതിയുമായി അക്രമത്തിന് ഇരയായ നടി രംഗത്തെത്തിയിരുന്നു. നടി നൽകിയ പരാതിയിൽ ബാർ കൗൺസിൽ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് അഭിഭാഷകർ അന്വേഷണ സംഘത്തിനെതിരേ രംഗത്തെത്തിയത്. ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ള ഓഡിയോയുടെ പ്രസക്ത ഭാഗങ്ങൾ(ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും കൂട്ടുകാരൻ ശരത്തുമായുള്ളത്): ഈ ഓഡിയോയാണ് മറുനാടൻ എക്‌സ്‌ക്ലൂസീവായി കുറച്ചു ദിവസം മുമ്പ് പുറത്തു വിട്ടത്

'റിപ്പോർട്ട് വന്നാലെ മൂവ് ചെയ്യാൻ പോകൂ. റോത്തഗി സാർ അതൊക്കെ പറയും. ഒരു ദിവസം വാദിക്കുന്നത് അമ്പത് ലക്ഷം രൂപ. റോത്തഗി സാർ അതൊക്കെ പറയും. സുപ്രീംകോടതിയിൽ ഡിസ്ചാർജ് ചെയ്യണമെങ്കിൽ ശക്തമായ റിപ്പോർട്ട് വേണം. കേസ് ട്രയലിന് പോകാതെ ഡിസ്ചാർജ് ചെയ്യണമെന്ന് പറയുന്നത് കേസ് നീട്ടിക്കൊണ്ടു പോകാനാണെന്ന് വാദമെത്തും. ഡിസ്ചാർജ്ജിന് പോകണമെങ്കിൽ കൃത്യമായ ലോജിക്കും മറ്റും വേണം. റോത്തഗി സാറിനേയും കുറ്റപ്പെടുത്തുന്നു. സംഭാഷണത്തിന്റെ ആദ്യ ഭാഗത്തിൽ എങ്ങനെ കേസ് മുമ്പോട്ടു പോകുന്നുവെന്നതാണ്. റിപ്പോർട്ട് വന്നാലെ സാധ്യതയുള്ളൂവെന്നും

മൂവിങ്ങ് വണ്ടി അല്ലെന്ന് പറയുന്നത് ശരിയല്ല. മൂവിങ് വണ്ടി തന്നെയാണെന്ന് എക്‌സ്‌പേർട്ട് പറഞ്ഞതാണെന്നും സൂരജ് പറയുന്നുണ്ട്. രണ്ടാം ഭാഗത്തിലാണഅ കാവ്യയെ കുറിച്ച് പറയുന്നത്. എന്തായാലും പുള്ളിയുടെ ഓരോ കാര്യം. ഇത് ശരിക്കും പറഞ്ഞാൽ ഇത് മറ്റവർക്ക് വച്ചിരുന്ന സാധനമാണ്. ഇത് കാവ്യയ്ക്ക് പണി കൊടുക്കണമെന്ന് കൂട്ടുകാരികൾ എല്ലാം തീരുമാനിച്ചപ്പോൾ തിരിച്ചു കൊടുത്ത പണിയാണ്. അതിന് ചേട്ടന്റെ സമ്മതവുമില്ല. ഈ വന്ന കോളുണ്ടല്ലോ.. ജയിലിൽ നിന്ന് വന്ന കോൾ... അത് നാദിർഷാ എടുത്ത ശേഷമാണ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കിൽ കാവ്യ തന്നെയാണ് ഉണ്ടായിരുന്നത്.

കാവ്യയെ കുടുക്കാൻ വച്ചിരുന്ന സാധനത്തിൽ ചേട്ടൻ കേറി ഏറ്റു പിടിച്ചതാണ്. ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ. ചേട്ടന് അത് വേണമെങ്കിൽ ആർക്കും കേറി ഇറങ്ങി നടക്കാവുന്ന ചാലക്കുടിയിലെ ഡി സിനിമാസുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്തുകൊണ്ടാണ് ഇത് ലക്ഷ്യയിൽ എത്തി എന്നത് കോമൺസെൻസ് ഉള്ള എല്ലാവർക്കും മനസ്സിലാകും. ചേട്ടനെ കാണാൻ പോകാനും പാടില്ല. എല്ലാം ഒഴിവാക്കി ലക്ഷ്യയിൽ എന്തിന് പോയെന്ന ചോദ്യവും സൂരജ് ഉയർത്തുന്നു. അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ടുകൂട്ടി നടന്നിട്ട്. അവരെല്ലാം പറ്റിച്ച് ഒന്നുമില്ലാ എന്ന് പറഞ്ഞിട്ട് കൂട്ടുകാരികളെ വലിപ്പിച്ചിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ടു പോയിട്ട് തോന്നിയ വൈരാഗ്യം. കാവ്യയ്ക്ക് പണി കൊടുക്കണമെന്ന്.. ഇത് പുള്ളിക്ക് സമ്മതിക്കാൻ വിഷമമാണ്. ഇത് ചേട്ടന് സമയ ദോഷമാണ്. അമ്പലത്തിലും മറ്റും

ഇവരുടെ മാരീജിന്റെ എന്തെങ്കിലും കുഴപ്പമുണ്ടോ... എനിക്ക് ഇങ്ങനെ പ്രശ്‌നമുണ്ടായപ്പോൾ അങ്ങേര് മരിച്ചു പോയി. ഇതിന്റെ ദോഷം ഒഴിവാക്കാൻ.. താലിയൊക്കെ തീയിലിടും. അപ്പോൾ ശരത് എന്തോ എന്ന് പറയുന്നു. അത് ഏറ്റിട്ടില്ലെന്നും സൂരജ് മറുപടി പറയുന്നു. ധനനഷ്ടം വളരെ വലുതാണ്. ജാക്ക് ഡാനിയൽ പൈസ തിരിച്ചു കിട്ടിയിട്ടില്ല. ഒന്ന് ആലോചിച്ച് നോക്കിയിട്ട് ... ഡിങ്കൻ പകുതി വച്ച് മുടങ്ങി പ്രൊഡ്യൂസർ കുത്തുപാളയെടുത്തു. പണം മുടക്കിയതെല്ലാം പൊളിഞ്ഞു. എന്തൊക്കെയോ കുഴപ്പമുണ്ട്. അത് പരിഹരിച്ചാൽ മാത്രമേ പ്രശ്‌നം തീരൂ. രണ്ടു പേരും ഒരുമിച്ചിരുന്ന് പൂജയും മറ്റും ചെയ്യണം. ഇവരുടെ ഇത് മാറ്റണം. ശർമ്മാജിയെ കുറിച്ചും മധുരയിൽ നിന്നുള്ള ആളുകളുടെ പൂജയെ കുറിച്ചും പറയുന്നു. കുട്ടിയേട്ടൻ മരിച്ചു പോയി-ഇങ്ങനെയൊക്കെ പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

പുറത്തുവന്ന ഓഡിയോയുടെ അടിസ്ഥാനത്തിലാണ് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. മൂന്ന് മാസത്തിനുള്ളിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതും. കേസിലെ മുഖ്യപ്രതി പൾസർ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവൻ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കേസിൽ കാവ്യയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് കോടതിയിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിൽ കാവ്യ മാധവൻ സംസ്ഥാനത്തിന് പുറത്താണ്.

ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള ഓഡിയോയെ കുറിച്ച് സൂചന ലഭിച്ചതോടെയാണ് കാവ്യ മുങ്ങിയത് എന്നും സൂചനകളുണ്ട്. പുറത്തുവന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും കാവ്യാമാധവനെ ചോദ്യം ചെയ്യുക. ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തെ കുറിച്ച് വിശദമായി തന്നെ ചോദ്യം ചെയ്യൽ നടക്കും. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഏപ്രിൽ 15 ന് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും സമയം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാനാണ് തീരുമാനം. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ തിരിച്ചെടുക്കാൻ കഴിയാത്ത വിധം ഫോൺ രേഖകൾ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര് കണ്ടെത്തി. കേസിൽ അതിജീവിതയുടെ പരാതിയിൽ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

അഡ്വ ഫിലിപ്പിന്റെ പരാതിയുടെ പൂർണ്ണ രൂപം

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ നാളെ പോർട്ടലിൽ അപ് ഡേഷൻ ഉണ്ടായിരിക്കുന്നതല്ലഎഡിറ്റർ)