Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമരം നടത്തി വെല്ലുവിളിച്ച യൂണിയൻ നേതാക്കളെ സ്ഥലം മാറ്റി കെ.എസ്.ഇ.ബി ചെയർമാന്റെ പൂഴിക്കടകൻ; എം ജി സുരേഷ് കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റി; ജാസ്മിൻ ബാനുവിനെ മാറ്റിയത് വനമേഖലയായ സീതത്തോടിലേക്ക്; സെക്രട്ടറിയുടെ പ്രൊമോഷനും റദ്ദാക്കി; ഇടത് സംഘടനകളും ബി അശോകും തമ്മിലുള്ള പോര് സൂപ്പർ ക്ലൈമാക്‌സിലേക്ക്

സമരം നടത്തി വെല്ലുവിളിച്ച യൂണിയൻ നേതാക്കളെ സ്ഥലം മാറ്റി കെ.എസ്.ഇ.ബി ചെയർമാന്റെ പൂഴിക്കടകൻ; എം ജി സുരേഷ് കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റി; ജാസ്മിൻ ബാനുവിനെ മാറ്റിയത് വനമേഖലയായ സീതത്തോടിലേക്ക്; സെക്രട്ടറിയുടെ പ്രൊമോഷനും റദ്ദാക്കി; ഇടത് സംഘടനകളും ബി അശോകും തമ്മിലുള്ള പോര് സൂപ്പർ ക്ലൈമാക്‌സിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെയടക്കം സസ്പെൻഷൻ പിൻവലിച്ചത് സ്ഥലംമാറ്റത്തോടെ. എം ജി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി. ഹരികുമാർ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. സുരേഷ് കുമാറിനെ പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റിയപ്പോൾ ഹരികുമാറിന്റെ പ്രൊമോഷൻ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയനായിരുന്ന ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ നേരത്തെ പിൻവലിച്ചിരുന്നു. എന്നാൽ സീതത്തോട് ഡിവിഷനിലേക്ക് സ്ഥലം മാറ്റിയാണ് നടപടി സ്വീകരിച്ചത്.

സസ്പെൻഷനിലിരിക്കെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാറടക്കമുള്ള ഭാരവാഹികൾ ഇരുന്ന സീറ്റിലേക്ക് പുതിയ ആളുകളെ നിയമിച്ച് നേരത്തെ ഉത്തരവായിരുന്നു. എം.ജി. സുരേഷ് കുമാർ വഹിച്ച പവർ സിസ്റ്റം എൻജിനീയറിങ്ങിൽ പുതിയ ഇ.ഇ.യെയും ജാസ്മിൻ ബാനുവിന്റെ സീറ്റായ തിരുവനന്തപുരം ഡിവിഷണിൽ പുതിയ ഇ.ഇയെയും നിയമിച്ച് ഉത്തരവിറക്കി. സ്ഥാനക്കയറ്റം ലഭിച്ച എ.ഇ.ഇമാരെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. എന്നാൽ സംഘടന ജനറൽ സെക്രട്ടറി ബി. ഹരികുമാറിന് പ്രൊമോഷൻ നൽകിയിട്ടില്ല.

സമരം നടത്തി മാനേജ്‌മെന്റിനെ വെല്ലുവിളിച്ച കെഎസ്ഇബിയിൽ ഇടത് സംഘടനകൾക്ക് തിരിച്ചടിയാകുന്നതാണ് സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ. യൂണിയൻ നേതാക്കളും ചെയർമാനും തമ്മിലുള്ള പോരിനിടെയാണ് സർവീസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് എം ജി സുരേഷ് കുമാർ അടക്കമുള്ള നേതാക്കളെ സസ്പെൻഡ് ചെയ്തത്.

കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിയും സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്ഇബിയിലെ വനിതാ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്തതാണ് കെഎസ്ഇബിയിലെ പോരിന് കാരണമായത്. അനുമതി കൂടാതെ അവധിയിൽ പോയി, ചുമതല കൈമാറുന്നതിൽ വീഴ്ച വരുത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ച് മാർച്ച് 28നായിരുന്നു സസ്പെൻഷൻ ഉത്തരവ് നൽകിയത്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ ചെയർമാൻ പരിഹസിച്ചുവെന്നും, സംഘടനയുമായി ചർച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷൻ ആരോപിച്ചിരുന്നു.

ഓൺലൈനായി ഇന്ന് നടന്ന യോഗത്തിൽ ഇവരുടെ സസ്പെൻഷൻ റദ്ദാക്കാൻ ധാരണയിലെത്തിയിരുന്നു. എന്നാൽ നേരത്തെയുള്ള ഇടത്ത് പോസ്റ്റിങ് നൽകാനാവില്ലെന്ന് ബോർഡ് അറിയിച്ചിരുന്നു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായിരുന്നത്. 15 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം, അച്ചടക്ക നടപടി തുടരും എന്നീ കർശന ഉപാധികളോടെയാണ് ജാസ്മിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. എന്നാൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജാസ്മിൻ ബാനു പറഞ്ഞു. കോടതി പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്ന് അവർ കുറ്റപ്പെടുത്തി.

ചർച്ചയിൽ തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞുവെന്നും ഒരു തീരുമാനവുമെടുത്തില്ലെന്നും എന്നാൽ സസ്പൻഷൻ നടപടി തെറ്റായിരുന്നുവെന്ന് ബോർഡ് മാനേജ്‌മെന്റ് സമ്മതിച്ചിരിക്കുകയാണെന്നും ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി സുരേഷ് കുമാർ പറഞ്ഞു. ഏകപക്ഷീയ സമീപനം തിരുത്താൻ മാനേജ്‌മെന്റ് തയാറാകണമെന്നും സസ്പൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബോർഡ് ചെയർമാന്റെ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനാൽ സമരം തുടരുമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

ജാസ്മിൻ ബാനുവിനെ സീതത്തോടേക്ക് സ്ഥലം മാറ്റിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി എംഡി പങ്കെടുത്തില്ലെന്നും ഡയറക്ടർ ബോർഡ് അംഗങ്ങൾ പങ്കെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. ഇനി പോസിറ്റീവായ തീരുമാനം ഉണ്ടായാൽ സമരം അവസാനിപ്പിക്കുമെന്നും ദുരൂഹമായ നടപടികളാണ് ബോർഡ് മാനേജ്‌മെന്റ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോർഡിനെതിരെ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് കെഎസ്ഇബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെ ചെയർമാൻ ബി അശോക് സസ്പെന്റ് ചെയ്തിരുന്നത്. നേരത്തെ തന്നെ ചെയർമാനും കെഎസ്ഇബി ഓഫീസേർസ് അസോസിയേഷനും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു. രണ്ടു ദിവസം പണിമുടക്ക് നടത്തുകയും സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്പെൻഷൻ ലഭിച്ചത്. എന്നാൽ തങ്ങൾ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും നടപടിയെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP