Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എംഎൽഎ സ്ഥാനം രാജിവയ്ക്കണം; ഉപതെരഞ്ഞെടപ്പിൽ ജോസ് കെ മാണിയെ ജയിപ്പിക്കണം; പകരം കേരളാ കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സീറ്റ് നൽകും; മാണി സി കാപ്പനെ അടുപ്പിക്കാൻ സിപിഎം മുന്നോട്ട വയ്ക്കുന്നത് മാണിയുടെ മകനേയും ശശീന്ദ്രനേയും അലോസരപ്പെടുത്താത്ത ഫോർമുല; പാല വീണ്ടും ശ്രദ്ധാകേന്ദ്രം; ജോസ് കെ മാണി എംഎൽഎയാകുമോ?

എംഎൽഎ സ്ഥാനം രാജിവയ്ക്കണം; ഉപതെരഞ്ഞെടപ്പിൽ ജോസ് കെ മാണിയെ ജയിപ്പിക്കണം; പകരം കേരളാ കോൺഗ്രസ് എമ്മിന്റെ രാജ്യസഭാ സീറ്റ് നൽകും; മാണി സി കാപ്പനെ അടുപ്പിക്കാൻ സിപിഎം മുന്നോട്ട വയ്ക്കുന്നത് മാണിയുടെ മകനേയും ശശീന്ദ്രനേയും അലോസരപ്പെടുത്താത്ത ഫോർമുല; പാല വീണ്ടും ശ്രദ്ധാകേന്ദ്രം; ജോസ് കെ മാണി എംഎൽഎയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിലവിൽ മാണി സി കാപ്പൻ യുഡിഎഫ് എംഎൽഎയാണെന്നും ആ നിലയ്ക്ക് കാപ്പന് എൽഡിഎഫിലേയ്ക്ക് എത്താനാകില്ലെന്നും സിപിഎം പറയുന്നു. മാണി സി കാപ്പന് എൽഡിഎഫിൽ എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആദ്യം എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരും എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. അതിനിടെ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയും മാണി സി കാപ്പനും സുഹൃത്തുക്കളായെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ മാണി സി കാപ്പൻ ഇടതുപക്ഷത്ത് എത്തുമെന്ന സൂചനകൾ സജീവമാകുകയാണ്.

ഏതാനും നാളുകളായി മാണി സി.കാപ്പൻ ഇടതുമുന്നണിയിലേയ്ക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതു കൂടുതൽ കരുത്താർജിച്ചു. ജോസ് കെ.മാണിയുമായുള്ള അഭിപ്രായവ്യത്യാസം പറഞ്ഞു തീർത്തുവെന്നും കാപ്പന്റെ മുന്നണി പ്രവേശനത്തിൽ ജോസിന് എതിർപ്പില്ലെന്നുമായിരുന്നു മറ്റൊരു പ്രചരണം. എൽ.ഡി.എഫിലെത്തിയാൽ എൻ.സി.പി. പ്രതിനിധി എ.കെ. ശശീന്ദ്രനു പകരം കാപ്പൻ മന്ത്രിയാകുമെന്ന അഭ്യൂഹവും സജീവമായിരുന്നു. ഇതിനിടെയാണ് കോടിയേരിയുടെ പ്രഖ്യാപനം എത്തുന്നത്. മാണി സി കാപ്പന് ഇടതുപക്ഷത്ത് എത്താൻ ഫോർമുല തയ്യാറയെന്നാണ് സൂചന. ശശീന്ദ്രനേയും ജോസ് കെ മാണിയേയും പിണക്കാതെയാണ് ഈ ഫോർമുല തയ്യാറാക്കുന്നത്.

അതായത് പാലായിലെ എംഎൽഎ എന്ന പദവി മാണി സി കാപ്പൻ രാജിവയ്ക്കണം. ഇതോടെ ഉപതെരഞ്ഞെടുപ്പ് വരും. ഈ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി ഇടതു സ്ഥാനാർത്ഥിയാകും. മാണി സി കാപ്പനും കൂടെ നിന്നാൽ ജോസ് കെ മാണി പാലയിലെ നിയമസഭാ അംഗമാകും. ഇതിന് ശേഷം രാജ്യസഭാ സീറ്റ് ജോസ് കെ മാണി രാജിവയ്ക്കും. ആ ഒഴിവിൽ മാണി സി കാപ്പന് എംപിയാകാം. മാണി സി കാപ്പൻ എംപിയാകുമ്പോൾ കേരളത്തിൽ മന്ത്രിയാകാനുള്ള സാധ്യതയും കുറയും. ഇതോടെ എകെ ശശീന്ദ്രന് മന്ത്രിയായി അഞ്ചു കൊല്ലം പൂർത്തിയാക്കാനും കഴിയും. അങ്ങനെ കോട്ടയത്ത് സമ്പൂർണ്ണ ആധിപത്യം ഇടതു മുന്നണിക്ക് കിട്ടുമെന്നാണ് വിലയിരുത്തൽ.

ഈ സൂചന നൽകാനാണ് കോടിയേരി എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മാണി സി കാപ്പനോട് ആവശ്യപ്പെട്ടത്. ഈ ഫോർമുല അംഗീകരിച്ചാൽ മാണി സി കാപ്പനെ ഒരു പ്രതിസന്ധിയുമില്ലാതെ ഇടതു പക്ഷത്ത് എത്താം. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ഭാഗമായി പോലും രാജ്യസഭയിലെത്താം. എൻസിപിയിൽ മാണി സി കാപ്പനെതിരെ നടക്കുന്ന നീക്കങ്ങൾ കണക്കിലെടുത്താകും കേരളാ കോൺഗ്രസ് നേതൃപദവി പോലും വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന. ഏതായാലും മാണി സി കാപ്പനുമായി ചർച്ച തുടരാനാണ് ഇടതുപക്ഷത്തെ അനൗദ്യോഗിക തീരുമാനം. കോട്ടയം യു.ഡി.എഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നുവെന്നും പല പരിപാടികളും തന്നെ അറിയിക്കുന്നില്ലെന്നുമുള്ള മാണി സി.കാപ്പൻ എംഎ‍ൽഎയുടെ പരിഭവത്തിനു പിന്നിൽ അടിയൊഴുക്കുകളേറെയുണ്ടെന്നതാണ് വസ്തുത.

സിൽവർലൈൻ സമരം, മുട്ടിൽ മരം മുറി വിഷയത്തിൽ ഗവർണറെ കണ്ടത് തുടങ്ങി പലതും യുഡിഎഫ് മാണി സി കാപ്പനെ അറിയിച്ചിട്ടില്ല. വിളിച്ചാൽ പോകും. വിളിക്കാത്തതിന്റെ കാര്യം അറിയില്ല. യു.ഡി.എഫിൽ ആർക്കും എന്തും പറയാവുന്ന അവസ്ഥയാണ്. ഒരു നേതാവിനു മാത്രമാണു പ്രശ്നം, അതു വ്യക്തിപരവുമാണ്. വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല; ഇതായിരുന്നു കാപ്പന്റെ പരിഭവം. ഇതു പരസ്യമാക്കിയപ്പോഴും യു.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് കാപ്പൻ പറയുന്നു. പക്ഷേ അതിന് സാധ്യത കുറവാണെന്ന് കോൺഗ്രസ് നേതാക്കൾക്കും അറിയാം.

മാണി സി.കാപ്പനെ ഇടതു മുന്നണിയിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നവർ യു.ഡി.എഫിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ജോസ് കെ.മാണിയുടെ മുന്നണി മാറ്റത്തിനു പിന്നിലെ ശക്തികൾ തന്നെയാണ് ഇതിനും ചരടുവലിക്കുന്നതെന്നു കാപ്പനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ജോസ് എൽ.ഡി.എഫിലേക്കു പോയപ്പോൾ പാലാ സീറ്റ് മോഹിച്ച യു.ഡി.എഫ്. നേതാക്കൾ അനവധിയാണ്. ഇവരുടെയെല്ലാം സ്വപ്നങ്ങൾ തകർത്തുകൊണ്ടാണ് മാണി സി.കാപ്പൻ മറുകണ്ടം ചാടി യു.ഡി.എഫിലെത്തി സ്ഥാനാർത്ഥിയായത്. അവർ വീണ്ടും രംഗത്തു വരുന്നുവെന്നാണ് വിമർശനം,

എന്നാൽ, യു.ഡി.എഫിലെ എംഎ‍ൽഎയെ അടർത്തി എടുക്കേണ്ട സാഹചര്യം ഇപ്പോൾ എൽ.ഡി.എഫിന് ഇല്ലെന്നായിരുന്നു മന്ത്രി ശശീന്ദ്രന്റെ പ്രതികരണം. എൽ.ഡി.എഫിന് ഇപ്പോൾ ശക്തിക്കുറവില്ല. രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല കാപ്പന്റെ പ്രസ്താവന. യു.ഡി.എഫിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് കാപ്പൻ പറഞ്ഞത്. യു.ഡി.എഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണു അദ്ദേഹം ചെയ്തതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. കാപ്പൻ എൻസിപിയിലൂടെ ഇടതു പക്ഷത്ത് എത്തിയാൽ മന്ത്രിസ്ഥാനം പോകുമോ എന്ന ഭയമാണ് ശശീന്ദ്രന്. അതാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണം. ഈ സാഹചര്യത്തിലാണ് ശശീന്ദ്ര് കൂടി സ്വീകാര്യമാകുന്ന ഫോർമുല സിപിഎം പരോക്ഷ ചർച്ചയ്ക്ക് വിധേയമാക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപായിരുന്നു കോട്ടയത്തെ എൽഡിഎഫ് സീറ്റിന്റെ പേരിൽ മാണി സി കാപ്പൻ മുന്നണി വിട്ടത്. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം എൽഡിഎഫിലേയ്ക്കു വന്നതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളിലാണ് മുന്നണി വിജയിച്ചത്. എന്നാൽ പാലയിൽ ജോസ് കെ മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പൻ വിജയിക്കുകയും ചെയ്തു. പാലയിൽ വീണ്ടും പിടിമുറുക്കാൻ ജോസ് കെ മാണി ആഗ്രഹിക്കുന്നുണ്ട്. അതിനാൽ മാണി സി കാപ്പനെ അടുപ്പിക്കാൻ ജോസ് കെ മാണിക്കും താൽപ്പര്യം ഏറെയാണ്.

'മാണി സി കാപ്പൻ യുഡിഎഫിന്റെ പ്രതിനിധിയായി തെരഞ്ഞെടുപ്പിൽ ജയിച്ചയാളാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചയാൾക്ക് എൽഡിഎഫിലേയ്ക്ക് വരാൻ സാധിക്കില്ല. എൽഡിഎഫ് സ്ഥാനം രാജിവച്ചാലേ, അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കിൽ കൂടി എൽഡിഎഫിലേയ്ക്ക് വരാൻ സാധിക്കൂ. അദ്ദേഹത്തെ എൽഡിഎഫിൽ ഉൾക്കൊള്ളിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുമില്ല. യുഡിഎഫിന്റെ ഒരു എംഎൽഎയെ എംഎൽഎ സ്ഥാനം നിലനിർത്തിക്കൊണ്ട് എൽഡിഎഫിലേയ്ക്ക് ആരെയും ഉൾപ്പെടുത്തില്ല. അത് ഞങ്ങളുടെ പൊതുനിലപാടാണ്.' കോടിയേരി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP