- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിൽ നരേഷ് പട്ടേൽ കോൺഗ്രസിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിന്റെ നിർണായക നീക്കം; വോട്ട് ബാങ്കിൽ മുഖ്യഘടകമായ പട്ടേൽ സമുദായം ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷ; സൗരാഷ്ട്ര മേഖലയിൽ കരുത്തേറും
ന്യൂഡൽഹി: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർണായക നീക്കവുമായി കോൺഗ്രസ്. ഗുജറാത്തിലെ പട്ടേൽ സമുദായത്തിൽ വലിയ സ്വാധീനമുള്ള നേതാവ് നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കാനാണ് നീക്കം. പ്രമുഖ വ്യവസായി കൂടിയായ നരേഷ് പട്ടേൽ വൈകാതെ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. പട്ടേൽ സമുദായം ഗുജറാത്തിലെ വോട്ട് ബാങ്കിൽ മുഖ്യഘടകമാണ്. രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നുവെന്ന് നരേഷ് പട്ടേൽ അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഇതിനിടെയാണ് കോൺഗ്രസിന്റെ നിർണായക നീക്കം.
ബിജെപിയും ആംആദ്മിയും ഉൾപ്പെടെ നരേഷ് പട്ടേലിനെ പാർട്ടിയിലേക്കെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഗുജറാത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഹേമങ് വാസവ്ദയുടെ പ്രഖ്യാപനം.
വിജയം ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ രാഹുൽ ഗാന്ധി ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നരേഷ് പട്ടേലാണ് എത്തുക എന്നും കേൾക്കുന്നുണ്ട്.
എന്നാൽ നരേഷ് പട്ടേലിനെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്ന ഊഹാപോഹങ്ങൾ വാസവ്ദ തള്ളിക്കളഞ്ഞു. നരേഷ് പട്ടേൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശരിയല്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്ന് വസവ്ദ പറഞ്ഞു.
ഖോദൽധാം ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് നരേഷ് പട്ടേൽ. പട്ടേൽ സമുദായം വലിയ പ്രാധാന്യത്തോടെ കാണുന്ന ക്ഷേത്രമാണിത്. ശക്തനായ ഒരു നേതാവിനെ കോൺഗ്രസിന്റെ തലപ്പത്ത് എത്തിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നാണ് നിരീക്ഷണം. ഈ വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അഗ്‌നി പരീക്ഷണമാണ്. കാരണം, അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല.
നരേഷ് പട്ടേലിനെയും പ്രശാന്ത് കിഷോറിനെയും പാർട്ടിയിലെത്തിച്ച് ഗുജറാത്തിൽ വിജയം നേടാൻ കോൺഗ്രസ് നേരത്തെ മുതൽ ശ്രമം തുടങ്ങിയിരുന്നു. നരേഷ് പാർട്ടിയിലെത്തിയാൽ കോൺഗ്രസിന് ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് സുഖ്റാം രത്വ പറഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വളരെ പ്രധാനമായ സൗരാഷ്ട്ര മേഖലയിൽ വിജയമുറപ്പിക്കാൻ നരേഷിന് കഴിയുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം നരേഷ് പട്ടേൽ കോൺഗ്രസിൽ ചേരുമെന്ന അവകാശ വാദത്തിൽ ബിജെപി പ്രതികരിച്ചില്ല. മറിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു പ്രതികരണം.
'എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പാർട്ടിയിൽ ചേരാൻ സ്വാതന്ത്ര്യമുണ്ട്. നരേഷ് പട്ടേൽ ഒരു മുതിർന്ന സമുദായ നേതാവാണ്. പരസ്യ പ്രഖ്യാപനത്തിന് ശേഷം ഉചിതമായ സമയത്ത് ഞങ്ങളുടെ പ്രതികരണം അറിയിക്കും,' സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ജിതു വഗാനി പറഞ്ഞു.
കോൺഗ്രസ് പാർട്ടി പോലെ മുങ്ങുന്ന കപ്പലിൽ നരേഷ് പട്ടേൽ ചേരുമെന്ന വാർത്ത തനിക്ക് വ്യക്തിപരമായി വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ആംആദ്മി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. നരേഷ് പട്ടേലിനെ സംബന്ധിച്ചിടത്തോളം ബിജെപിയാണ് പ്രവർത്തിക്കാൻ ഏറ്റവും മികച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
എന്നാൽ നരേഷ് പട്ടേൽ ഇതുവരേയും വിഷയത്തിൽ പ്രതികരിച്ചില്ല. കോദാൽദം ട്രസ്റ്റിന്റെ ചെയർമാനായ നരേഷ് പട്ടേൽ ഒരു സർവ്വേ നടത്തുകയാണിപ്പോൾ. സമുദായത്തിലെ യുവജനങ്ങൾ നടത്തുന്ന ഓരോ പട്ടേൽ വീടുകളും കയറിയിറങ്ങി നരേഷ് പട്ടേലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും ഏത് പാർട്ടിയിൽ ചേരണമെന്നും അന്വേഷിക്കുകയാണ്. സർവ്വേ ഫലത്തിനനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്ന് നരേഷ് പറഞ്ഞിരുന്നു
20 വർഷമായി കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ ഭരണം പിടിച്ച ശേഷം ബിജെപിക്ക് ഇതുവരെ അധികാരം നഷ്ടമായിട്ടില്ല. മോദിക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുള്ള മണ്ണാണ് ഗുജറാത്തിലേത്. യുപിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ആദ്യം പോയത് ഗുജറാത്തിലേക്കാണ്. യുപിയിലെ വിജയം അദ്ദേഹം ആഘോഷമാക്കിയത് ഗുജറാത്തിലാണ്. ഇത് ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്നാണ് വിലയിരുത്തൽ. അതിനിടെയാണ് കോൺഗ്രസിന്റെ പടയൊരുക്കം.