Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിടിവാശി ഉപേക്ഷിച്ചാൽ മാണി സി കാപ്പന് മന്ത്രിയാകാം! സിറ്റിങ് സീറ്റ് വേണ്ടെന്ന് വച്ചാൽ കടുത്തുരുത്തി നൽകാൻ ജോസ് കെ മാണി തയ്യാർ; എൻസിപിയിൽ അടിമൂപ്പിച്ച് പി സി ചാക്കോയുടെ നീക്കങ്ങൾ; മുംബൈയിലെ 'ഡിഎൻഎ' കേസും മാണി സി കാപ്പനെ തുണച്ചേക്കും; പാലാ എംഎൽഎ മുന്നണി മാറിയേക്കും

പിടിവാശി ഉപേക്ഷിച്ചാൽ മാണി സി കാപ്പന് മന്ത്രിയാകാം! സിറ്റിങ് സീറ്റ് വേണ്ടെന്ന് വച്ചാൽ കടുത്തുരുത്തി നൽകാൻ ജോസ് കെ മാണി തയ്യാർ; എൻസിപിയിൽ അടിമൂപ്പിച്ച് പി സി ചാക്കോയുടെ നീക്കങ്ങൾ; മുംബൈയിലെ 'ഡിഎൻഎ' കേസും മാണി സി കാപ്പനെ തുണച്ചേക്കും; പാലാ എംഎൽഎ മുന്നണി മാറിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എൻസിപിയിൽ കലാപാന്തരീക്ഷം ഉയരുമ്പോൾ മാണി സി കാപ്പൻ ഇടതുമുന്നണിയിൽ എത്തുമെന്ന സൂചനയുമായി രംഗത്ത്. എൻസിപിയിൽ മാണി സി കാപ്പൻ മടങ്ങി എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി മാണി സി. കാപ്പൻ എംഎ‍ൽഎ രംഗത്തു വന്നത്. ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യു.ഡി.എഫിലുള്ളതെന്ന് മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പനെ ഇടതുപക്ഷത്തേക്ക് കൊണ്ടു വരുന്നതിൽ സിപിഎമ്മിനും അനുകൂല നിലപാടാണ്. കേരളാ കോൺഗ്രസും ഫോർമുലയുമായി രംഗത്തുണ്ട്. പാലായിലെ എംഎൽഎയാണ് മാണി സി കാപ്പൻ. പാലാ സീറ്റ് കേരളാ കോൺഗ്രസിന് അവകാശപ്പെട്ടതാണ്. പാലായിൽ നിന്ന് മാറാൻ മാണി സി കാപ്പൻ തയ്യാറായാൽ കേരളാ കോൺഗ്രസ് മാണി സി കാപ്പനെ എതിർക്കില്ല.

പാലായ്ക്ക് പകരം കടുത്തുരുത്തിയിൽ മാണി സി കാപ്പന് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്. പാലാ വിട്ടു കൊടുത്തുള്ള ഒത്തുതീർപ്പിന് ജോസ് കെ മാണി തയ്യാറുമല്ല. ഈ ഫോർമുല അംഗീകരിച്ചാൽ എൻസിപി വഴി മാണി സി കാപ്പന് വീണ്ടും ഇടതു പക്ഷത്തെത്താം. മഹാരാഷ്ട്രയിൽ എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യമാണ് ഭരണത്തിൽ. ശരത് പവാറിന്റെ വിശ്വസ്താനായ മാണി സി കാപ്പനെ ഇടതുപക്ഷത്തെത്തിച്ച് മുംബൈയിലെ 'ഡിഎൻഎ' കേസിൽ ആശ്വാസമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. അതുകൊണ്ടു തന്നെ പാലായിലെ പിടിവാശി ഉപേക്ഷിച്ചാൽ മാണി സി കാപ്പന് ഇടതു പക്ഷത്ത് എത്താം. എൻസിപിയിൽ മാണി സി കാപ്പനെത്തിയാൽ മന്ത്രിസഭയിലും അംഗമാകും.

ഇതിന്റെ ഭാഗമാണ് മാണി സി കാപ്പന്റെ ഇടതു അനുകൂല പ്രസ്താവന. ''മുന്നണിയിൽ അസ്വസ്ഥതകളുണ്ട്. യുഡിഎഫ് പരിപാടികളൊന്നും എന്നെ അറിയിക്കുന്നില്ല. യു.ഡി.എഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. ആർക്കും ആരെയും എന്തും പറയാവുന്ന അവസ്ഥയാണ് യു.ഡി.എഫിൽ. എന്നാൽ ഇടതുമുന്നണിയിൽ ഇത്തരം പ്രതിസന്ധിയില്ല. രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി സതീശൻ പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്നമാണ്. ''-മാണി സി കാപ്പൻ പറഞ്ഞു. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നും കാപ്പൻ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് ഫോർമുലകളിൽ അന്തിമ രൂപം ഉണ്ടാകാത്തതു കൊണ്ട് മാത്രമാണ്.

അതിനിടെ എൻ.സി.പിയിൽ സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയ്ക്കെതിരെ പടയൊരുക്കം മറു വിഭാഗവും തുടങ്ങി. സീനിയർ നേതാക്കളെ പരിഗണിക്കാതെ പി.സി ചാക്കോ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കണ്ടു. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പ് ദേശീയ നേതൃത്വം നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് കെ തോമസ് അറിയിച്ചു. മാണി സി കാപ്പനെ എൻസിപിയിൽ എത്തിക്കാൻ ശ്രമിക്കുന്നത് പിടി ചാക്കോയാണ്. ഇത് കൂടി കണക്കിലെടുത്താണ് വിമത നീക്കം. മാണി സി കാപ്പൻ എത്തിയാൽ ശശീന്ദ്രൻ എന്തു ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ശശീന്ദ്രനും തോമസ് കെ തോമസും ചേർന്നാൽ പാർലമെന്ററീ പാർട്ടിയിൽ ഭൂരിപക്ഷമാകും. ഇതും എൻസിപിയെ പ്രതിസന്ധിയിലാക്കും. ഈ ഘട്ടത്തിൽ ശരത് പവാറിന്റെ വാക്കാകും അന്തിമമായി മാറുക.

ശശീന്ദ്രനെ മന്ത്രി പദവിയിൽ നിന്ന് മാറ്റിയാൽ താനാകണം മന്ത്രിയെന്നതാണ് തോമസ് കെ തോമസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഡൽഹി ദൗത്യം. കോൺഗ്രസിൽ നിന്ന് വന്ന ആളുകൾ എൻസിപിയെ ഹൈജാക്കു ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം. പി.സി ചാക്കോ നേതൃത്വത്തിൽ വലിയൊരു സംഘം അതിനായി പ്രവർത്തിക്കുന്നു. മണ്ഡലം കമ്മിറ്റികളിൽ പോലും കോൺഗ്രസിൽനിന്ന് വന്ന ആളുകൾക്ക് കൂടുതൽ പരിഗണന നൽകുന്നു. ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങളിൽ കൂടുതലായി കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തിയ ആളുകൾക്ക് പരിഗണന നൽകുന്നു. എന്ത് തീരുമാനമാണെങ്കിലും പിസി ചാക്കോയും അദ്ദേഹത്തിന്റെ അടുത്ത ആളുകളും മാത്രമാണ് എടുക്കുന്നത്. നേരത്തെ മുതൽ എൻസിപിയിൽ ഉള്ള ആരേയും അതിൽ പങ്കെടുപ്പിക്കുന്നില്ലെന്നും പിസി ചാക്കോയ്‌ക്കെതിരെ ആരോപണമുണ്ട്. ദേശീയ നേതൃത്വവുമായി ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തുവെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്നും തോമസ് കെ തോമസ് പറഞ്ഞു.

തോമസ് ചാണ്ടിയുടെ കൂടെനിന്ന് കഴിഞ്ഞ 15 വർഷമായി എൻസിപിക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന ആളാണ് താൻ. ഒരുപാട് കഷ്ടപ്പെട്ടാണ് കുട്ടനാട് സീറ്റ് തിരിച്ചു പിടിച്ചത്. അത് ആരും വിലകുറച്ചു കാണരുത്. പുതിയ ആളുകളുടെ ചില ധാരണകൾ തെറ്റാണ്. പലരുടേയും ശൈലി മാറണം. പാർട്ടിയിൽ മാനസികമായി ബുദ്ധിമുട്ട് നേരിട്ട സന്ദർഭങ്ങളുണ്ടായി. എല്ലാം ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. പ്രശ്‌നങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പു നൽകിയതായി ദേശീയ നേതൃത്വം ഉറപ്പു നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മാണി സി കാപ്പൻ തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, അങ്ങനെ ആർക്കും വന്ന് പോകാവുന്ന പാർട്ടിയല്ല എൻസിപി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിയിൽ പോയാലും എൻസിപിയേക്ക് ഇല്ല എന്നാണ് മാണി സി കാപ്പൻ എന്നോട് പറഞ്ഞത്. പിന്നെ എങ്ങനെയാണ് കാപ്പൻ തിരിച്ചു വരുമെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP