- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
കോളേജ് കാലത്താണ് സുനിഷയുമായി പ്രണയത്തിലായത്; അന്ന് ചെറിയ കാര്യങ്ങൾക്ക് പോലും സുനിഷ ക്ഷോഭിച്ചിരുന്നു; ഒളിച്ചോടിയവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന് അവളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയിരുന്നു; തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് നുണപ്രചാരണമെന്ന് സുനിഷയുടെ ഭർത്താവ്
കണ്ണൂർ: വെള്ളൂർ ചേനോത്തെകോറോത്തെ കെ വി സുനിഷ (26) ജീവനൊടുക്കിയ സംഭവത്തിൽ തനിക്കെതിരെ നടക്കുന്നത്് നുണപ്രചാരണമാണെന്ന് ആരോപിച്ച് ഭർത്താവ് വിജീഷ് രംഗത്തെത്തി. വ്യക്തിഗതമായി തന്നെ തകർത്ത സംഭവത്തിൽ തനിക്കും വീട്ടുകാർക്കുമെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും വിജീഷ് കണ്ണൂർജില്ലാ പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന് നൽകിയ പരാതിയിൽ വിജീഷ് ആവശ്യപ്പെട്ടു.
പയ്യന്നൂർ കോളേജ് പഠന കാലത്താണ് താൻ സുനിഷയുമായി പ്രണയത്തിലായത്. ആ സമയത്തുതന്നെ ചെറിയ കാര്യങ്ങൾക്കുപോലും സുനിഷ അമിതമായി ക്ഷോഭിച്ചിരുന്നു. അവരുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. തങ്ങളെ അവഗണിച്ച് ഒളിച്ചോടിയവളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ ഭീഷണി മുഴക്കിയിരുന്നു. വിവാഹശേഷം വീട്ടിലും ബന്ധുക്കൾക്കിടയിലും അകാരണമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെങ്കിലും താനും കുടുംബവും അവളെ സംരക്ഷിക്കുകയായിരുന്നു.
അതിനിടെ വീട്ടുകാരെ ബന്ധപ്പെട്ട് ജോലി ആവശ്യത്തിന് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. അത് സുനിഷക്ക് മാനസികാഘാതം ഉണ്ടാക്കിയിരുന്നു. ജൂൺ ഒന്നിന് അമ്മാവന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൃതദേഹം കാണാൻപോലും അനുവദിച്ചില്ല. ഇതിനിടെ സുനിഷയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ വിളിപ്പിച്ചപ്പോഴും തന്നോടൊപ്പം ജീവിക്കാനാണ് തയ്യാറായത്. അവളെ ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത വീട്ടുകാർ ഇപ്പോൾ തനിക്കും കുടുംബത്തിനുമെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും വിജീഷ് എസ്പി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ സംഭവം രാഷ്ട്രീയ വിവാദമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇരുകുടുംബങ്ങളും സി.പി. എമ്മുകാരയാതിനാൽ പാർട്ടി നേതൃത്വം ഈ വിഷയത്തിൽ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. വെള്ളൂരിലെ സജീവ സി.പി. എം പ്രവർത്തകനാണ് വിജീഷ് അതുകൊണ്ടു തന്നെ ഇയാളെ സംരക്ഷിക്കാൻ സി.പി. എമ്മും പൊലിസും ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പയ്യന്നൂർ പൊലിസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തിയിരുന്നു. വിജീഷിനെതിരെ സോഷ്യൽമീഡിയയിലുംരാഷ്ട്രീയ എതിരാളികൾ പ്രചരണം നടത്തുന്നുണ്ട്.
മരണസമയത്ത് സുനിഷ കോവിഡ് ബാധിതയാണെന്നു തെളിഞ്ഞത് ഈ കേസിന്റെ തുടർ അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ടെങ്കിലും മറ്റു അന്വേഷണങ്ങളുമായി മുൻപോട്ടുപോകാൻ ഇതുകാരണം പൊലിസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് ഭർതൃവീട്ടിലെ കുളിമുറിയിൽ സുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഭർത്താവും സഹോദരനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
സുനിഷയുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പൊലീസ് മൊഴിയെടുക്കുകയും വിജീഷിന്റെയും സുനിഷയുടെയും ഫോണും അന്വേഷണ ഉദ്യോഗസ്ഥൻ എസ്എച്ച്ഒ മഹേഷ് കെ നായർ കസ്റ്റഡിയിലെടുത്തിരുന്നു. മരണസമയത്ത് സുനിഷ കോവിഡ് ബാധിതയായിരുന്നുവെന്നാണ് പരിശോധനയിലാണ് തെളിഞ്ഞത്. ഇൻക്വസ്റ്റ് സമയത്ത് ഇത്തരം വോയ്സ് റെക്കോഡുകളെക്കുറിച്ച് ബന്ധുക്കൾ മൊഴി നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്റെ അമ്മ കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിജീഷും അച്ഛനും അസുഖബാധിതനായ സഹോദരനും വീട്ടിൽ സമ്പർക്കവിലക്കിലുമാണ്. അതിനാൽ മൊഴിയെടുക്കൽ വൈകുമെന്നാണ് പൊലിസ് നൽകുന്ന സൂചന. എന്നാൽ സുനിഷയുടെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളും മറ്റും ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡിവൈഎസ്പി കെ ഇ പ്രേമാനന്ദൻ പറഞ്ഞു.




