- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിൽ പലയിടത്തും കനത്ത മഴ, തലസ്ഥാന നഗരിയിൽ തമ്പാനൂരടക്കം വെള്ളക്കെട്ട്; വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും കനത്ത മഴ. തിരുവനന്തപുരത്ത് വൈകുന്നേരം ആരംഭിച്ച ഇടിയോട് കൂടിയ മഴ രാത്രി വൈകിയും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി.
തമ്പാനൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എസ് എസ് കോവിൽ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. റെയിൽവേ ട്രാക്കിലും വെള്ളം കയറി.
ലെക്ഡൗൺ ആയതിനാൽ ജനങ്ങൾ കുറവാണെങ്കിലും ഫയർഫോഴ്സ് സംഘം പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ മാത്രം രണ്ടര മണിക്കൂറിൽ 79 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.
കോഴിക്കോട് കക്കയത്തും കാസർഗോഡ് വെള്ളരിക്കുണ്ടിലും മഴ തുടരുകയാണ്.സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ മറ്റന്നാൾ മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കലക്ടർ എസ് സുഹാസ് നിർദ്ദേശിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അഥോറിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
വെള്ളപ്പൊക്കമുണ്ടായാൽ ക്യാമ്പുകൾ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലുള്ള സിഎഫ്എൽടിസികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കണം.
ആക്ടീവ് കേസുകൾ കൂടുതലുള്ള പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കി വരികയാണ്. ബിപിസിഎല്ലിൽ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനസജ്ജമാകും. 1000, 500 വീതം ഓക്സിജൻ ബെഡുകളാണ് ഇവിടെ സജ്ജമാകുന്നത്. ഇവയുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നതിനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
വാർഡ് തല ദ്രുത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കിയാലേ കോവിഡ് വ്യാപനം ചെറുക്കാനാകൂ എന്ന് യോഗം വിലയിരുത്തി. കൂടുതൽ അംഗങ്ങളെ ചേർത്ത് പ്രവർത്തനം ശക്തമാക്കും. ആരോഗ്യം, പൊലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഇൻസിഡെൻസ് റെസ്പോൺസ് സിസ്റ്റം ദ്രുത കർമ്മ സേനയുടെ പ്രവർത്തനം നിരീക്ഷിക്കും. സെക്ടറൽ മജിസ്ട്രേറ്റുമാർ അവരവരുടെ പരിധിയിൽ നടക്കുന്ന വിവാഹം, മരണം പോലുള്ള ചടങ്ങുകൾ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലനം ഉറപ്പാക്കും.
കോവിഡ് ബാധിതരാകുന്ന ജയിലുകളിലെ പ്രതികൾക്ക് ജയിലുകളിൽ തന്നെ ചികിത്സ ഉറപ്പാക്കും. സ്ഥിരം ആംബുലൻസ് സംവിധാനം ഏർപ്പെടുത്തും. ടെലി മെഡിസിൻ, ഓൺ കോൾ മെഡിസിൻ എന്നിവയും ലഭ്യമാക്കും. കോവിഡ് പോസിറ്റീവാകുന്ന റിമാൻഡ് പ്രതികളെ കളമശേരി നുവാൽസിൽ സജ്ജമാക്കുന്ന എഫ്എൽടിസിയിലേക്ക് മാറ്റും.