കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്നത് ആത്മവിശ്വാസക്കുറവുകൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരവും കോന്നിയും തനിക്ക് പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ 89 വോട്ടിന് സീറ്റിന് നഷ്ടമായ മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ സീറ്റ് പിടിച്ചെടുക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മഞ്ചേശ്വരത്ത് ജനവിധി തേടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സിപിഎമ്മിന്റെ സഹായത്തോടെയാണ് യുഡിഎഫ് മഞ്ചേശ്വരത്ത് വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വൈകാരികമായ ബന്ധമുണ്ടായ മണ്ഡലമാണ് കോന്നി. അതിനാലാണ് അവിടെയും ജനവിധി തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടിടത്തും വിജയിച്ചാൽ ഏത് രാജിവയ്ക്കുമെന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. രണ്ടിടത്തും തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മെട്രോമാൻ ഇ.ശ്രീധരന്റെ വരവ് ബിജെപിയുടെ കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിൽ മതന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും മികച്ച പരിഗണന നൽകിയിരിക്കുന്നത്. പട്ടികയിൽ ക്രിസ്ത്യൻ മതവിഭാഗത്തെ പ്രതിനിധീകരിച്ച് എട്ട് പേർ ഇടംപിടിച്ചിട്ടുണ്ട്. മുസ്ലിം മതവിഭാഗത്തിൽ നിന്ന് രണ്ടു പേർ ജനവിധി തേടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വളരെ മികച്ച ഒരു സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. മെട്രോമാൻ ഇ. ശ്രീധരനെപ്പോലെ കേരളം മുഴുവൻ ആരാധിക്കുന്നവരെ അണിനിരത്തിയുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖർ മത്സര രംഗത്തുണ്ട്. ജനറൽ സീറ്റുകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും സ്ഥാനാർത്ഥികളായെന്ന് സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് വിട്ടുവന്ന പന്തളം പ്രതാപൻ അടൂരിലും ഡിവൈഎഫ്ഐ നേതാവ് കെ സഞ്ജു മാവേലിക്കരയിലും ജനവിധി തേടും. മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനാണ് പന്തളം പ്രതാപൻ. പ്രഗത്ഭരാണ് പട്ടികയിൽ ഇടംപിടിച്ചത്. എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പട്ടികയാണ് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയ പട്ടികയാണ് ബിജെപി പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും വിജയപ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.