Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: വീണ്ടും കറക്കി വീഴ്‌ത്തി സ്പിന്നർമാർ; ഒന്നാം ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ട് 205 റൺസിന് പുറത്ത്; ഇന്ത്യ ഒരു വിക്കറ്റിന് 24

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: വീണ്ടും കറക്കി വീഴ്‌ത്തി സ്പിന്നർമാർ; ഒന്നാം ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ട് 205 റൺസിന് പുറത്ത്; ഇന്ത്യ ഒരു വിക്കറ്റിന് 24

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ. ഇംഗ്ലണ്ട് സ്‌കോറിനേക്കാൾ 181 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോൾ.ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ജെയിംസ് അൻഡേഴ്സനാണ് ഗില്ലിനെ മടക്കിയത്.

രാവിലെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 205 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.നാല് വിക്കറ്റുകൾ വീഴ്‌ത്തിയ അക്സർ പട്ടേൽ, മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ അശ്വിൻ എന്നിവരുടെ ബൗളിങിന് മുന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിര അടിയറവ് പറഞ്ഞത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും വീഴ്‌ത്തി.

അർധസെഞ്ചുറി നേടിയ ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്‌സ്‌കോറർ. 121 പന്തുകൾ നേരിട്ട താരം 55 റൺസെടുത്തു. ഡാൻ ലോറൻസ് 74 പന്തിൽ 46 റൺസെടുത്തു പുറത്തായി. ജോണി ബെയർ‌സ്റ്റോ (28), ഒലി പോപ്പ് (29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറർമാർ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങി നിലയുറപ്പിക്കും മുൻപേ ഇംഗ്ലണ്ടിന് പ്രഹരമേൽപിച്ചാണ് ഇന്ത്യ കളി തുടങ്ങിയത്. മൂന്നാം ടെസ്റ്റിൽ നിർത്തിയിടത്ത് നിന്നാണ് അക്സർ പട്ടേൽ പന്തെറിഞ്ഞത്. മൂന്നാം ടെസ്റ്റിൽ 11 വിക്കറ്റുകൾ നേടിയ അക്സർ പട്ടേൽ ഇംഗ്ലീഷ് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ പറഞ്ഞയച്ചു. ആറാം ഓവറിൽ പന്തെറിയാനെത്തിയ അക്സർ സിബ്ലിയെ(2) ബൗൾഡാക്കി. അടുത്ത ഓവറിന്റെ അവസാന പന്തിലും അക്സർ വിക്കറ്റ് നേടി. അക്സറിനെ ക്രീസ് വിട്ട് കളിക്കാനിറങ്ങിയ ക്രൗളിക്ക്(9) പിഴച്ചു. മിഡ് ഓഫിൽ മുഹമ്മദ് സിറാജിന് അനായാസ ക്യാച്ച്.

എങ്കിലും ജോ റൂട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ റൂട്ടിനെ(5) നിലയുറപ്പിക്കാനനുവദിക്കാതെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് 30 ന് 3 എന്ന നിയലിലേക്ക് കൂപ്പുകുത്തി. പിന്നീട് ജോണി ബെയർ‌സ്റ്റോയും ബെൻ സ്റ്റോക്‌സും ചേർന്ന് രക്ഷാ പ്രവർത്തനം തുടങ്ങി. കരുതലോടെയാണ് സ്റ്റോക്‌സ് തുടങ്ങിയത്.

ബെയർ‌സ്റ്റോയുമൊത്ത് 48 രൺസ് കൂട്ടുകെട്ടുയർത്തിയ സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ബെയർ‌സ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കി സിറാജ് ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷ തകർത്തു. സ്റ്റോക്‌സും ഓലി പോപ്പും(29) ചേർന്ന് ഇംഗ്ലണ്ടിനെ 100 കടത്തിയെങ്കിലും നിലയുറപ്പിച്ച സ്റ്റോക്‌സിനെ(55) വാഷിങ്ടൺ സുന്ദർ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 121 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും ആറ് ഫോറും നേടി.

മുൻനിര തകർന്നിട്ടും പിടിച്ചു നിന്ന പോപ്പ്-ലോറൻസ് സഖ്യം ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയെങ്കിലും ഈ കൂട്ടുകെട്ടും പൊളിച്ച് അശ്വിൻ വീണ്ടും ആഞ്ഞടിച്ചു. പോപ്പിനെ ഷോർട്ട് ലെഗിൽ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ച അശ്വിൻ പിന്നാലെ ക്രീസിലെത്തിയ ബെൻ ഫോക്സിനും വിധിയെഴുതി.

46 റൺസെടുത്ത് ചെറുത്തുനിന്ന ഡാനിയേൽ ലോറൻസിനെ അക്‌സറും മടക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധം അവസാനിച്ചു. അവസാനം ജാക്ക് ലീച്ചിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ പട്ടിക പൂർത്തിയാക്കി. ഇതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു. ജയിംസ് ആൻഡേഴ്സൺ (10) പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്കായി അക്‌സർ പട്ടേൽ നാലും ആർ. അശ്വിൻ മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി. പേസർ മുഹമ്മദ് സിറാജിന് രണ്ടും വാഷിങ്ടൻ സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു. അവധിയെടുത്ത ജസ്പ്രീത് ബുമ്രയ്ക്കു പകരക്കാരനായാണു മുഹമ്മദ് സിറാജ് കളിക്കുന്നത്.ഇംഗ്ലണ്ട് നിരയിൽ ജോഫ്ര ആർച്ചർക്കും സ്റ്റുവർട്ട് ബ്രോഡിനും പകരം ഡാൻ ലോറൻസും ഡോം ബെസ്സും ഇടംനേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP