Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രഹസ്യജീവിതങ്ങൾ

രഹസ്യജീവിതങ്ങൾ

ഷാജി ജേക്കബ്‌

'People have three lives: the public life, the private life and the secret life' - Gabriel Garcia Marques.

ജ്ഞാതവും അജ്ഞാതവുമായ പല ജീവിതങ്ങളുണ്ട് ഓരോ മനുഷ്യനും. സൈമൺ ബൊളിവറുടെ രാഷ്ട്രീയജീവിതത്തെ ഭാവനാവൽക്കരിച്ചവതരിപ്പിച്ച The General in his Labyrinth എന്ന തന്റെ നോവലിനെക്കുറിച്ച് വലിയ വിമർശനങ്ങളുയർന്നപ്പോൾ ഗബ്രിയേൽ ഗാർസിയാ മാർക്വേസ് പറഞ്ഞ മറുപടി ഇതായിരുന്നു: 'I stripped him off his uniform' വിപ്ലവകാരികൾ കണ്ട പട്ടാളയൂണിഫോമിൽ മാത്രമുള്ള ബൊളിവറെയല്ല, മാനുഷികമായ സകല കാമനകളുടെയും ഉടൽരൂപമായ ഒരു നഗ്നമനുഷ്യനെയാണ് മാർക്വേസ് നോവലിൽ പുനഃസൃഷ്ടിച്ചത്. ചരിത്രം കഥകൾ കൊണ്ടേ പൂരിപ്പിക്കാനാവൂ നോവലെഴുത്തുകാർക്ക്. Dictator Novel എന്ന വിഭാഗത്തിൽപെട്ട പല രചനകളിലും (Autumn of the Patriarch ഉൾപ്പെടെ) മാർക്വേസ് (മറ്റു പല എഴുത്തുകാരും) ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. പരസ്യജീവിതത്തിലെ കൊട്ടിഘോഷിക്കപ്പെട്ട വ്യക്തിപ്രതിഭക്കു മങ്ങലേല്പിക്കുന്നതരം ഭാവനാസ്വാതന്ത്ര്യങ്ങൾ ഏറ്റെടുക്കാൻ കെല്പുള്ള ചരിത്രനോവലുകളോ ജീവചരിത്രനോവലുകളോ മലയാളത്തിൽ ഇന്നോളമുണ്ടായിട്ടില്ല ('മരണം ദുർബ്ബല'ത്തിൽ കെ. സുരേന്ദ്രൻ ചെറിയൊരു ശ്രമം നടത്തുന്നുണ്ട് എന്നത് മറക്കുന്നില്ല). അതുകൊണ്ടുതന്നെ ചരിത്രത്തിലോ ജീവചരിത്രത്തിലോ ഭാവന കലർത്തി നോവലിന്റെ സൗന്ദര്യരാഷ്ട്രീയങ്ങളെ മുന്നോട്ടു കുതിപ്പിക്കാൻ മലയാളത്തിനിന്നോളം കഴിഞ്ഞിട്ടുമില്ല. വ്യക്തികളുടെ പ്രസിദ്ധിയും ജനപ്രീതിയും കൂടുംതോറും മുൻപറഞ്ഞ ജ്ഞാതാജ്ഞാത ജീവിതങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ നേർത്തുവരും. പൊതുബോധവും സ്വപ്നങ്ങളും ഇടകലരുന്ന മിത്തായി മാറും അത്തരം ജീവിതങ്ങൾ. രാഷ്ട്രീയനേതാക്കൾ മുതൽ സിനിമാതാരങ്ങൾ വരെയുള്ളവരുടെ ഈയൊരു പ്രഭാവലയം (Aura) മിക്കപ്പോഴും ചരിത്ര/ജീവചരിത്ര നോവലുകളുടെ കലാപരമായ ചതിക്കുഴിതന്നെയായി മാറാറുമുണ്ട്.

'ജയന്റെ അജ്ഞാതജീവിതം' എന്ന എസ്.ആർ. ലാലിന്റെ നോവൽ ഈ രംഗത്ത് മലയാളഭാവനയെ വഴിതിരിച്ചുവിടുന്നു എന്നൊന്നും പറഞ്ഞുകൂടാ. പക്ഷെ വ്യത്യസ്തമായ പ്രമേയവും വായനാക്ഷമത നിലനിർത്തുന്ന ഇതിവൃത്തഘടനയുമുള്ള ശ്രദ്ധേയമായൊരു ജനപ്രിയ നോവലാണ് ഈ രചന.

മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യദുരന്തം ജയൻ എന്ന സിനിമാതാരത്തിന്റെ ദാരുണമായ അന്ത്യമായിരുന്നു. 1980 നവംബർ 16ന് മദിരാശിക്കടുത്തുള്ള ഷോളാവാരത്ത് കോളിളക്കം എന്ന സിനിമക്കുവേണ്ടി, പറന്നുയരുന്ന ഹെലികോപ്ടറിൽ തൂങ്ങിക്കയറുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോൾ ഡ്യൂപ്പില്ലാതെ അഭിനയിച്ച ജയൻ അപകടത്തിൽ പെട്ടു മരിക്കുകയായിരുന്നു. അഞ്ച്-ആറ് വർഷമേ ആയിട്ടുണ്ടായിരുന്നുള്ളു ജയൻ സിനിമയിലെത്തിയിട്ട്. നായകവേഷത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് വെറും ഒരു വർഷവും. പക്ഷെ അക്കാലംകൊണ്ട് തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാറായിക്കഴിഞ്ഞിരുന്നു ജയൻ. മരിക്കുമ്പോൾ, പിന്നീട് നാലുവർഷത്തേക്ക് ഒറ്റദിവസംപോലും ഒഴിവില്ലാതെ അദ്ദേഹത്തിന് സിനിമകൾ ഷെഡ്യൂൾ ചെയ്യപ്പെട്ടിരുന്നു! സത്യൻ ഉൾപ്പെടെയുള്ളവരുടെ മരണങ്ങൾക്ക് മുൻപും മലയാളസിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ജയന് മുൻപോ പിൻപോ ഇങ്ങനെയൊരു ദുരന്തം മലയാളസിനിമയെ തേടിവന്നിട്ടില്ല.

മരണത്തിനുശേഷമായിരുന്നു ജയന്റെ അമാനുഷമായ താരപദവി മലയാളിക്കു കൂടുതൽ വ്യക്തമായത്. ജയൻ മരിച്ചിട്ടില്ല എന്നു വിശ്വസിച്ച എത്രയെങ്കിലും ആരാധകർ. അങ്ങനെ വാദിച്ചുറപ്പിച്ച പുസ്തകങ്ങൾ. ലേഖനങ്ങൾ. ഗൂഢവും അവിശ്വസനീയവുമായ ജീവിതസമസ്യകൾ കൊണ്ടു കെട്ടിപ്പണിത നിരവധി കഥകൾ ജയനെക്കുറിച്ചു രൂപം കൊണ്ടു. താരം, ദൈവത്തെപ്പോലെയാണ്. ഭക്തരിലൂടെയാണ് ഇരുവരുടെയും ജീവിതവും ചരിത്രവും നിലനിൽക്കുന്നതും കഥയും ഭാവനയും തുടർന്നുപോകുന്നതും. അതിമാനുഷിക പദവിയിലേക്കു മരണാനന്തരം പറിച്ചുനടപ്പെട്ട ഈ നടന്റെ ജീവിതത്തിലേക്ക് പുനർസന്നിവേശിപ്പിക്കപ്പെടുന്ന ആരാധകരുടെയും പ്രണയികളുടെയും ഒരു ലോകം ഭാവനചെയ്തും 1970കളിലെ രാഷ്ട്രീയ കേരളത്തിന്റെ സാംസ്‌കാരിക ഭൂപടം സമാന്തരമായി വിന്യസിച്ചും ലാൽ എഴുതുന്ന ഈ നോവൽ മലയാളത്തിലെ ജനപ്രിയനോവൽചരിത്രത്തിലെ വേറിട്ടൊരു രചനയാണ്. 'താരപൗരുഷം' എന്ന ഭാവസംയുക്തത്തിന് മലയാളം കണ്ട എക്കാലത്തെയും പരമമാതൃകയായിരുന്ന നടന്റെ ജ്ഞാതവും അജ്ഞാതവുമായ ജീവിതങ്ങളുടെ അസാധാരണ ചാരുതയുള്ള ആവിഷ്‌ക്കരണം. രഹസ്യജീവിതങ്ങളുടെ ചരിത്രപുസ്തകം.

1970കളിൽ ബാല്യം പിന്നിട്ട ഗൗതമന്റെ ആത്മകഥാപരമായ കാലസ്മൃതിയാകുന്നു, നോവൽ. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ അച്ഛന്റെ ഒളിവുജീവിതകാലത്ത് ഗൗതമൻ എത്തിപ്പെട്ട കാപ്പിത്തോട്ടം എന്ന മലയോരഗ്രാമത്തിന്റെ കഥ കൂടിയാണിത്. രാജഭരണകാലം തൊട്ടേ അവിടെ മാടമ്പിയായി വാഴുന്ന റെയ്ഞ്ചർ വേലുപ്പിള്ളയുടെ കൊട്ടാരവും തോട്ടവും നക്‌സലൈറ്റുകൾക്കു മാത്രമല്ല അടിയന്തരാവസ്ഥയെ എതിർത്ത ഭുവനചന്ദ്രൻ എന്ന പൂനനും കൂട്ടുകാരൻ സ്വാമിനാഥൻ എന്ന ചാമിക്കും അഭയം നൽകി. ഗൗതമന്റെ കളിക്കൂട്ടുകാരനായ ടോമി എന്ന നായയാണ് നോവലിലെ ഒരു പ്രധാന കഥാപാത്രം. പിൽക്കാലത്ത് ചാമിക്കൊപ്പം സൈക്കിളിൽ മദിരാശിയോളം സഞ്ചരിക്കുന്നുണ്ട് ടോമി. ചങ്ങാതിയായ മീനാക്ഷിയെ ഗൗതമൻ പ്രണയിക്കുകയും ഒടുവിൽ വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. ഗൗതമനെ ഒറ്റക്കാക്കി അച്ഛൻ വീണ്ടും നാടുവിട്ടതോടെ വല്യച്ഛന്റെ സംരക്ഷണത്തിലായി അവൻ. തുടർന്ന് കൊല്ലം പട്ടണത്തിലായി ഗൗതമന്റെ ജീവിതം. വായനയും എഴുത്തും തൊഴിലും പഠനവും..

ചാമി, പൂനൻ എന്നിവർക്കു പുറമെ കാപ്പിത്തോട്ടത്തിൽ വന്ന് സിനിമാ തീയറ്റർ തുടങ്ങുന്ന ജോണി പാലയ്ക്കലിനും പൊതുവായുള്ള സ്വഭാവം സിനിമാതാരം ജയനോടുണ്ടായിരുന്ന കടുത്ത ആരാധനയാണ്. ചാമി ജയന് നിരന്തരം കത്തുകളെഴുതി. സ്വന്തം ചോരകൊണ്ടുവരെ. ഒരിക്കൽ ജയന്റെ മറുപടിയും കിട്ടി. ഒടുവിൽ ജയനെ നേരിട്ടുകാണാൻ മദിരാശിയിലെത്തി അവിടെ ജയന്റെ മരണത്തിന് സാക്ഷിയായി. പിന്നീട് നാടുവിട്ട് അമേരിക്കയിലെത്തുന്നു, ചാമി. പൂനൻ കോഴിക്കോട്ടെത്തി 'അങ്ങാടി' സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു ചെറിയ സീനിൽ പ്രത്യക്ഷപ്പെട്ട് ജയന്റെ ഇഷ്ടവും സമ്പാദിച്ച് നാട്ടിൽ മടങ്ങിയെത്തി പാർട്ടിപ്രവർത്തനം തുടരുന്നു. ജോണി തീയറ്റർ ഉദ്ഘാടനം ചെയ്യാൻ പലതവണ ജയനെ നേരിട്ടുകണ്ട് ക്ഷണിക്കുന്നെങ്കിലും അതു നടന്നില്ല. റെയ്ഞ്ചർക്കുപോലുമുണ്ട് ജയനുമായി ഒരു ബന്ധം. അയാളുടെ മകൻ സുഭാഷ്ചന്ദ്രബോസ് നേവിയിൽ ജയന്റെ സുഹൃത്തായിരുന്നു. ഒരിക്കൽ ബോസിനൊപ്പം കാപ്പിത്തോട്ടത്തിലെത്തിയ ജയൻ രണ്ടു ദിവസം അവിടെ താമസിച്ചാണ് മടങ്ങിയത്.

1970കളിൽ വിശദമായി ചുറ്റിത്തിരിയുന്ന കഥാഖ്യാനം ജയന്റെ മരണത്തോടെ വഴിതിരിയുന്നു. നോവലിന്റെ പിന്നീടുള്ള ഭാഗങ്ങൾ മേല്പറഞ്ഞ കഥാപാത്രങ്ങളുടെ ജീവിതപരിണതിയിൽ ഊന്നിയും ജയനെക്കുറിച്ചുണ്ടായ മരണാനന്തര മിത്തുകളിൽ പങ്കുചേർന്നും മുന്നോട്ടുപോകുന്നു. സമാന്തരമായി, കൊല്ലത്തെ ഒരു സമ്പന്നകുടുംബത്തിലെ അംബികയെന്ന പെൺകുട്ടിക്ക് ജയനോടുണ്ടായ ആരാധനയും പ്രണയമായി അതിനുവന്ന പരിണാമങ്ങളും നോവലിൽ രൂപം കൊള്ളുന്നു. ജയൻ നിരാകരിച്ചതോടെ മറ്റൊരാളെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം തകർന്ന് ഒറ്റയ്ക്കു ജീവിച്ച അംബിക ജയന്റെ സിനിമകൾ മാത്രം പ്രദർശിപ്പിക്കാൻ ഒരു തീയറ്റർ പണിയുന്നു. വിദ്യാർത്ഥിയായിരുന്ന ഗൗതമൻ അവളുടെ സഹായിയായി. ജയന്റെ മരണമറിഞ്ഞ അംബിക സ്വന്തം തീയറ്ററിനുള്ളിൽ തൂങ്ങി മരിച്ചു. കാലാന്തരത്തിൽ എഴുത്തുകാരനായി ശ്രദ്ധ നേടിയ ഗൗതമൻ ഒരിക്കൽ അമേരിക്കയിലെത്തുമ്പോൾ ജോൺ ഏബ്രഹാം എന്ന പേരിൽ അവിടെ നല്ലനിലയിൽ ജീവിക്കുന്ന ചാമിയെ കണ്ടുമുട്ടുന്നു. ജയനോട് പറയാൻ ജീവിതകാലം മുഴുവൻ കാത്തുവച്ച രഹസ്യവും പേറി, ജയൻ മരിച്ചിട്ടില്ല എന്നു വിശ്വസിച്ചു ജീവിക്കുകയാണ് ഇപ്പോഴുമയാൾ. കാപ്പിത്തോട്ടത്തിന്റെ ഭൂതവർത്തമാനങ്ങൾ പങ്കുവയ്ക്കുന്ന ചാമിയിലും ഗൗതമനിലും ലാൽ നോവൽ അവസാനിപ്പിക്കുന്നു. ഒരു നാടകീയ വഴിത്തിരിവ് അവശേഷിപ്പിച്ചുകൊണ്ടുതന്നെ.

'ഞങ്ങൾ ഇരിക്കുന്നതിനെതിരെ തിരക്കുള്ള തെരുവ് വന്നുചേരുന്നുണ്ട്. അവിടേക്ക് രാത്രി കനംവെച്ചുകിടപ്പുണ്ട്. മങ്ങിക്കത്തുന്ന തെരുവു വിളക്കിനു താഴേ അതാ, ഒരാൾ. നീണ്ടുനിവർന്ന മനുഷ്യൻ. മുഖത്ത് സൺഗ്ലാസുണ്ട്. ഇളം പച്ചനിറത്തിലുള്ള സഫാരി സൂട്ടായിരുന്നു അയാൾ ധരിച്ചിരുന്നത്. സൂട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് അയാളുടെ കൈകൾ ആണ്ടു പോയിട്ടുണ്ട്. അയാളുടെ നിഴൽ റോഡിലേക്കു വീണു. അത് ഞങ്ങളെ സമീപിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ആകാംക്ഷയോടെ അയാളെ നോക്കി'.

ഏഴു ഭാവതലങ്ങളും ഏഴ് ഇതിവൃത്തതലങ്ങളും കൊണ്ട് പൂർത്തീകരിക്കപ്പെടുന്ന ഡോക്യൂഫിക്ഷൻ എന്ന നിലയിൽ ജയന്റെ അജ്ഞാതജീവിതമെന്ന നോവലിന്റെ ആഖ്യാനകല നമുക്ക് ഇഴപിരിച്ചുകാണാൻ കഴിയും.

സിനിമ, നാടകം, സാഹിത്യം, പത്രപ്രവർത്തനം, രാഷ്ട്രീയം, പ്രണയം, മരണം എന്നിവയാണ് ഈ ഭാവതലങ്ങൾ.

സിനിമയുടെ അകവും പുറവും അഭ്രപാളിയിലും നിത്യജീവിതത്തിലും കോർത്തിണക്കി സൃഷ്ടിക്കുന്ന എഴുപതുകളുടെ സാംസ്‌കാരിക ചരിത്രമാണ് ഒരർഥത്തിൽ ഈ നോവൽ. സിനിമയെ ഒരു ഭ്രാന്തായി ഏറ്റെടുത്ത അക്കാലത്തെ മലയാളിയുടെ ദൃശ്യജീവിതചരിത്രം. പൊരുതിനേടിയ ചലച്ചിത്രജീവിതത്തെ മുറുകെപ്പിടിച്ചു മുന്നേറിയ ജയനും മറ്റുചില താരങ്ങളും സിനിമാപ്രവർത്തകരും ഒരുവശത്ത്. സിനിമാ തീയറ്റർ നിർമ്മിച്ചും അവിടെ പണിയെടുത്തും ജീവിതം സ്വപ്നതുല്യമാക്കുന്ന ചിലർ മറുവശത്ത്. ജയനോടുള്ള ആരാധന മുഴുത്ത് ജീവിതം പലതരത്തിൽ പുനർനിർവചിക്കുന്നവർ ഇനിയുമൊരുവശത്ത്. കോടമ്പാക്കത്തെത്തി അവിശ്വസനീയമാംവിധം ജീവിതം തലകീഴ് മറിഞ്ഞുപോയവർ മറ്റൊരുവശത്ത്. കേരളീയാധുനികതയുടെ സാംസ്‌കാരിക ചരിത്രരചനയിൽ ഇനിയും ഇടം പിടിക്കാത്ത ഭാവലോകങ്ങളിലൊന്നിന്റെ സൂക്ഷ്മപാഠമായി മാറുന്നു, ഇവിടെ നോവൽ.

നാടകമാണ് സിനിമക്കു പുറത്ത് കാപ്പിത്തോട്ടത്തിലെ മനുഷ്യരെയും എഴുപതുകളിലെ കേരളീയ സമൂഹത്തെയും പലനിലകളിൽ ഊർജ്ജസ്വലതയിൽ ജീവിപ്പിച്ച മറ്റൊരു ഭാവതലം. പൂനനും സതീശനും ഈ നാടകജീവിതത്തിന്റെ കാവൽ പുരുഷന്മാരാകുന്നു. ഗൗതമന്റെ ബാല്യം കണ്ട ഏറ്റവും വലിയ ആനന്ദങ്ങളിലൊന്ന് ഈ നാടകങ്ങളായിരുന്നു. സിനിമക്കു സമാന്തരമായി രൂപംകൊണ്ട രംഗഭാവനയുടെ പ്രാദേശികവും ജനകീയവും യന്ത്രമുക്തവുമായ അനുഭൂതിലോകം.

സാഹിത്യമാണ് ഗൗതമന്റെ പിൽക്കാലജീവിതത്തിൽ രൂപംകൊണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വത്വമണ്ഡലം. കൗമാരത്തിലെ വായനശാലകളും പുസ്തകവായനയും അതിന്റെ നട്ടെല്ലായി മാറി. ജയൻ തന്നെയും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാക്കാനും ദാസന്റെ വേഷം ചെയ്യാനും എം. മുകുന്ദനുമായി ചർച്ചനടത്തുന്നുണ്ട്. കൊല്ലത്തെ സാഹിത്യപത്രപ്രവർത്തകരുടെ സാന്നിധ്യം നോവലിന്റെ സാംസ്‌കാരികബോധത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്.

പത്രപ്രവർത്തനത്തിൽ കൂടിയാണ് വല്യച്ഛനും ഗൗതമനും തങ്ങളുടെ ലോകബോധവും സാമൂഹ്യാനുഭവങ്ങളും രാഷ്ട്രീയ പ്രവർത്തനവും കെട്ടിപ്പടുക്കുന്നത്. ദ്വീപ് എന്ന ഭൂപ്രദേശവും പ്രസിദ്ധീകരണവും ഒരുമിച്ചു സൃഷ്ടിക്കുന്ന സ്ഥലകാലഭാവനകളുടെ രാഷ്ട്രീയം നോവലിന്റെ ആഖ്യാനത്തെ ഭിന്നമായൊരു സ്വരൂപത്തിലെത്തിക്കുന്നു.

രാഷ്ട്രീയമാണ് ഈ നോവലിൽ സിനിമക്കു സമാന്തരമായി നിലനിൽക്കുന്ന ചരിത്ര/സാമൂഹ്യപാഠങ്ങളിൽ ഏറ്റവും പ്രമുഖം. 1970കളുടെ രാഷ്ട്രീയ കേരളത്തിന്റെ സൂക്ഷ്മചിത്രങ്ങൾ നോവലിലുണ്ട്. നക്‌സൽപ്രസ്ഥാനത്തിന്റെയും അടിയന്തരാവസ്ഥയുടെയും ഭരണകൂടവിമർശനത്തിന്റെയും കമ്യൂണിസ്റ്റ്പാർട്ടിയുടെയും മറ്റും മറ്റും ഇടപെടലുകൾ പലനിലകളിൽ ഗൗതമന്റെ ജീവിതവും കാപ്പിത്തോട്ടത്തിന്റെ ചരിത്രവും വഴിമാറ്റി വിടുന്നു. റെയ്ഞ്ചർ പ്രതിനിധാനം ചെയ്യുന്ന അധികാരത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ ചരിത്രപാഠങ്ങളാണ് നോവലിലെ സമാന്തരമായ രാഷ്ട്രീയമണ്ഡലം. മാർക്വേസിന്റെയും മറ്റും Dictator നോവലുകളെ ഓർമ്മിപ്പിക്കുന്ന രൂപതലങ്ങളിലൊന്ന്.

പ്രണയം ഈ നോവലിൽ ആറു കഥാപാത്രങ്ങളുടെയെങ്കിലും ജീവിതങ്ങളെ ഗുപ്തവും അഗുപ്തവുമായ സംഘർഷങ്ങളിലൂടെ കടത്തിക്കൊണ്ടുപോകുന്നു. ഗൗതമനും മീനാക്ഷിയും വലിയ സംഘർഷങ്ങളില്ലാതെ പ്രണയം സാക്ഷാത്കരിച്ചവരാണ്. അംബികയും ജയനും തമ്മിലുള്ള പ്രണയം അസാധാരണവും വിസ്മയകരവുമായ പരിണതികളിലൂടെ മുന്നോട്ടുപോകുന്നു. ജയന്റെ സുഹൃത്തായ ബി.പി. മൊയ്തീനും അയാളുടെ കാമുകി കാഞ്ചനമാലയുമാണ് മറ്റു രണ്ടുപേർ. അവരുടെ കഥ സിനിമായാക്കാൻ ജയൻ ആഗ്രഹം പ്രകടിപ്പിക്കുന്നുപോലുമുണ്ട്.

മരണം, ജയന്റെ ജ്ഞാതജീവിതത്തെ മാത്രമല്ല അജ്ഞാതജീവിതത്തെയുമാണ് പിടികൂടുന്നത്. മലയാളസിനിമ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മനുഷ്യദുരന്തമായി അത് ഇന്നും ചരിത്രത്തിൽ സ്ഥാനപ്പെടുന്നു. അംബികയുടെ ആത്മഹത്യ നോവലിലെ ചരിത്രാനുഭവങ്ങളെ പൂരിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ സന്ദർഭമാകുന്നു. ജയന്റെയും അംബികയുടെയും പ്രണയമരണങ്ങളെ മുഖ്യ പ്രമേയമാക്കി ഈ നോവൽ ഭാവനചെയ്യാൻ ലാൽ എന്തുകൊണ്ട് ആലോചിച്ചില്ല എന്നു തോന്നിപ്പിക്കും വിധം തീവ്രവും തീക്ഷ്ണവുമാണ് ഈ രണ്ടു കഥാപാത്രങ്ങൾ തമ്മിലുടലെടുക്കുകയും ഉയിരറ്റുപോകുകയും ചെയ്യുന്ന കാമനകളുടെ അനുഭൂതിലോകം.

യാത്രകളാണ് ഈ ഏഴു ഭാവതലങ്ങളെയും പൂരിപ്പിക്കുകയും പരസ്പരമിണക്കുകയും അനുഭവങ്ങളോട് ചേർത്തുനിർത്തുകയും സ്ഥലകാലങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ജീവിതവൃത്തി. ലാൽ, തന്റെ മുൻനോവലുകൾ രണ്ടിലും (സ്റ്റാച്യു പി.ഒ, കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം) സൂക്ഷ്മസുന്ദരമായവിഷ്‌ക്കരിച്ച യാത്രകളുടെ ചരിത്രപാഠങ്ങളെ 'ജയന്റെ അജ്ഞാതജീവിതം' രാഷ്ട്രീയലാവണ്യത്തോടെ പുനഃസൃഷ്ടിക്കുന്നു.

ഏഴ് ഇതിവൃത്തതലങ്ങളിലും വായിച്ചെടുക്കാം ജയന്റെ അജ്ഞാതജീവിതം.

ഗൗതമന്റെ ജീവിതമാണ് ഒന്നാമത്തേത്. വീട്. നാട്. സ്‌കൂൾ. സൗഹൃദങ്ങൾ. നാടകം. സിനിമ. വായന. പ്രണയം. ടോമി.... പോസ്റ്റ്മാൻ മുതൽ റെയ്ഞ്ചർ വരെയും ചാമി മുതൽ പൂനൻ വരെയും മീനാക്ഷി മുതൽ അംബിക വരെയും അച്ഛൻ മുതൽ വല്യച്ഛൻ വരെയും പൂരിപ്പിക്കുന്ന അനുഭവങ്ങളുടെ കാലാന്തരപ്രതീതികൾ.

ചാമിയുടെ ജീവിതമാണ് രണ്ടാമത്തേത്. ജയന്റെ അജ്ഞാതജീവിതത്തിന്റെ മുഖ്യ ഉടമ ചാമിയാകുന്നു. ഭ്രാന്തോളമെത്തിയ താരാരാധന. ജയനെ കാണാൻ വേണ്ടി നടത്തുന്ന നിരന്തരയാത്രകൾ. സൈക്കിൾ ചവിട്ടി മദിരാശിക്കുപോയ സാഹസം. കോളിളക്കത്തിലെ ഹെലികോപ്ടർ സീൻ ഷൂട്ടിനു തൊട്ടുമുൻപ് ജയനെ നേരിട്ടു കണ്ടും സംസാരിച്ചും നിന്ന നിമിഷങ്ങൾ. ജയൻ മരിച്ചിട്ടില്ല എന്ന വിശ്വാസത്തിൽ തുടർന്നും ജീവിക്കുന്നു, ചാമി. ഒരു ഭാഗം വായിക്കുക:

'എന്താ നിന്റെ പേര്? ചാമിയോട് പോസ്റ്റുമാൻ ചോദിച്ചു. അയാൾക്കറിയാത്തതല്ല. നാടകീയമായിട്ട് സംസാരിക്കാൻ പോസ്റ്റുമാൻ ഇഷ്ടപ്പെടുന്നു.

ചാമി.

യഥാർഥ പേര് പറയ്?

സ്വാമിനാഥൻ. നാണത്തോടെ അവൻ പറഞ്ഞു. കുറ്റപ്പേരുപോലെയാണ് അത് അവൻ ഉരുവിട്ടത്. പോസ്റ്റുമാൻ സൈക്കിളിന്റെ സ്റ്റാൻഡിട്ടു. സൈക്കിളിന് മുൻവശത്ത് ഒരു കാരിയർകൂടിയുണ്ട്. അത് പ്രത്യേകം വെച്ചുപിടിപ്പിച്ചതാണ്. ഏറ്റവുമടുത്ത് എടുക്കേണ്ട തപാൽ ഉരുപ്പടികൾ അവിടെയാണ് സൂക്ഷിക്കുക. അയാൾ മുൻകാരിയറിൽനിന്നും കത്തുകൾ പുറത്തെടുത്തു. സ്വാമിനാഥനുള്ള കത്ത് അതിൽ സുരക്ഷിതമായി ഇരിപ്പുണ്ടായിരുന്നു. കത്ത് കൈനീട്ടി വാങ്ങുമ്പോൾ ചാമിയുടെ കൈ വിറച്ചുപോയി. കണ്ണിൽ ഇരുട്ടുകയറുംപോലെയും തോന്നി.

ചാമിക്ക് കത്ത് പൊട്ടിച്ചു വായിക്കാവുന്നതേയുള്ളൂ. ഗൗതമനൊപ്പം വായിക്കുന്നതാണ് ശരിയെന്നു തോന്നി. അവനാണല്ലോ കത്തുകളെല്ലാം എഴുതിയത്. ഗൗതമന്റെ വീട്ടിലേക്ക് മൂന്നു കുന്നുകൾ കയറിയിറങ്ങിപ്പോകണം. അവിടേക്ക് ദൂരം കൂടുതലുണ്ടെന്ന് ജീവിതത്തിലാദ്യമായി ചാമിക്ക് ബോധ്യപ്പെട്ടു. ഗൗതമന്റെ മുറ്റത്ത് എത്തുമ്പോൾ ചാമി കിതച്ചുപോയി. അത്രയും വേഗത്തിലായിരുന്നു അവൻ അവിടേക്കോടിയത്.

ഗൗതമൻ പഠനത്തിലായിരുന്നു. ചാമി കത്ത് ഉയർത്തിക്കാട്ടി. കവറിനുള്ളലായിരുന്നു കത്ത്. നീലനിറത്തിലുള്ള ഇൻലഡിലാണ് സാധാരണ കത്തു വരിക. ഗൗതമൻ സൂക്ഷ്മതയോടെ കത്ത് പൊട്ടിച്ചു. അന്നേരം ഗൗതമന്റെ കൈയും വിറച്ചിരുന്നു. ടോമി കത്തിൽ എന്തെന്നറിയാൻ മുട്ടിയുരുമ്മി.

വെളുത്ത കടലാസിലായിരുന്നു കത്ത്. എഴുത്തിന്റെ ഇടതുവശത്തായി ജയൻ എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. തൊട്ടടുത്തായി അദ്ദേഹത്തിന്റെ ചിരിക്കുന്ന ഫോട്ടോ. വലത്തായി ഹോട്ടൽ പാംഗ്രോവ്, മദ്രാസ്-34 എന്ന് കാണിച്ചിരിക്കുന്നു. പിന്നെ തീയതി.

ഡിയർ സ്വാമിനാഥൻ,

അയച്ച കത്തുകൾ കണ്ടിരുന്നു. എനിക്ക് ധാരാളം കത്തുകൾ കിട്ടാറുണ്ട്. സ്വന്തമായി മറുപടി അയച്ചാലേ തൃപ്തിയാവൂ. മറ്റാരെക്കൊണ്ടും ഞാനത് ചെയ്യിക്കാറില്ല. നല്ല തിരക്കുള്ള സമയമാണ്. കത്തെഴുതാൻ സമയം തീരെയില്ല. അവസാനം കിട്ടിയ രണ്ടു കത്തുകൾക്ക് മറുപടി അയയ്ക്കാതിരിക്കുന്നത് എങ്ങനെ! എനിക്ക് ഇങ്ങനെയും ഒരു ആരാധകനോ. എഴുത്ത് എന്നെ അഗാധമായി സ്പർശിച്ചു. താങ്കളുടെ കത്ത് എന്റെ ഉറക്കം കളഞ്ഞു എന്നു പറഞ്ഞാലും തെറ്റില്ല.

സ്വാമിനാഥൻ ആഗ്രഹിച്ചതുപോലെ നമുക്ക് തമ്മിൽ കാണാം. സ്വാമിനാഥന് പറയാനുള്ളതു കേൾക്കാം. അതെന്തെന്നറിയാൻ എനിക്കും താത്പര്യമുണ്ട്. ഇപ്പോൾ കുറച്ചധികം സിനിമകളുടെ ജോലികൾ നടക്കുകയാണ്. കേരളത്തിന് അകത്തും പുറത്തുമായിട്ടാണ് ഷൂട്ടിങ്.

ജീവിതം ഇനിയും മുന്നിൽ കിടക്കയല്ലേ. നമ്മൾ കണ്ടുമുട്ടും, വൈകാതെ.

സ്വാമിനാഥൻ എന്തു ചെയ്യുന്നു എന്നെനിക്കറിയില്ല. ജീവിതം നമുക്ക് ഒന്നേയുള്ളൂ. അതിനെ സുന്ദരമാക്കാൻ ശ്രമിക്കണം. ജീവിതത്തിനൊരു ലക്ഷ്യമുണ്ടാവണം. അപ്പോൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മളെത്തേടിയെത്തും. പരിശ്രമത്തിന് കുറവുണ്ടാകരുത്. ഞാൻ പഠിച്ച പാഠമാണത്. എന്റെ ഏറ്റവും പുതിയ പടം അങ്ങാടിയാണ്. നല്ല പടമാണ്. കണ്ടിട്ട് അഭിപ്രായം അറിയിക്കണം.

നമുക്ക് തമ്മിൽ കാണാം എന്ന പ്രതീക്ഷയോടെ

സ്‌നേഹപൂർവം

ജയൻ'.

അച്ഛനും വല്യച്ഛനും ചേർന്ന് ഗൗതമന്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയബോധങ്ങളുടേതാണ് മൂന്നാമത്തെ ഇതിവൃത്തതലം. ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും നാട്ടുരാഷ്ട്രീയത്തിലും പങ്കാളിയായ വല്യച്ഛൻ പത്രപ്രവർത്തനം തുടരുന്നു. നക്‌സൽപ്രസ്ഥാനത്തിന്റെ ഭാഗമായ അച്ഛൻ ഒളിവിൽനിന്ന് ഒളിവിലേക്ക് പലായനം തുടരുന്നു.

റെയ്ഞ്ചർ വേലുപ്പിള്ള, പൂനൻ, കുഞ്ചപ്പൻ, ആനന്ദക്കുറുപ്പ്, പോസ്റ്റ്മാൻ, അബ്ദുസാറ്, കൂതാളിയമ്മാവൻ... എന്നിങ്ങനെ കാപ്പിത്തോട്ടത്തിന്റെ ജീവിതനാടകങ്ങളാടിത്തീർക്കുന്നവരുടെ ഒറ്റയൊറ്റ ജീവിതങ്ങളുടേതാണ് മറ്റൊരു തലം. ഇതിൽ റെയ്ഞ്ചറുടെ കഥ സൃഷ്ടിക്കുന്ന അധികാരപ്രരൂപങ്ങളും പ്രതീകങ്ങളും മറ്റൊരു രാഷ്ട്രീയ-പ്രത്യയശാസ്ത്ര സ്വഭാവം തന്നെ ഈ നോവലിന് സൃഷ്ടിച്ചുനൽകുന്നുണ്ടെന്നതും മറന്നുകൂടാ.

ജോണി പാലയ്ക്കലിന്റെ കഥയാണ് ഇനിയുമൊരു ഇതിവൃത്തതലം. അയാളുടെ കാർഷിക-വ്യവസായതാൽപര്യങ്ങൾ. സിനിമാതീയറ്റർ മോഹങ്ങൾ. ഒപ്പം സിനിമാരംഗത്തേക്കുള്ള കടന്നുകയറ്റങ്ങളും. സതീശനും ചാമിയും പൂനനും ജോണിയും സൃഷ്ടിക്കുന്ന ചലച്ചിത്രബന്ധങ്ങൾ ഒരു വശത്ത്. അനിവാര്യമായ ദുരന്തത്തിലേക്കു കുതിച്ച ജോണിയുടെയും സതീശന്റെയും അവസ്ഥകൾ മറുവശത്ത്. ഒപ്പം ശർമ്മാജി, വർഗീസ് തുടങ്ങിയ കോടമ്പാക്കത്തിന്റെ ചരിത്രകഥാപാത്രങ്ങളും.

ആറാമത്തെ ഇതിവൃത്തതലം ജയന്റെ പരസ്യ, സ്വകാര്യ ജീവിതങ്ങൾ തന്നെയാണ്. ഒപ്പം ജോസ്പ്രകാശ്, അദ്ദേഹത്തിന്റെ മകൻ രാജൻ ജോസഫ്, പഴവിള രമേശൻ, വൈക്കം ചന്ദ്രശേഖരൻനായർ, ശ്രീകുമാരൻതമ്പി, ജേസി, പി.ജി. വിശ്വംഭരൻ, ഷീല, കെ.പി. അപ്പൻ, എം. മുകുന്ദൻ, ബി.പി. മൊയ്തീൻ....... തുടങ്ങിയവരുടെ സാന്നിധ്യവും ജയനുമായി അവർക്കുണ്ടായ പ്രത്യക്ഷവും പരോക്ഷവുമായ ബന്ധങ്ങളുടെ കഥകളും. ഒരു സന്ദർഭം:

'അതേസമയം ജയൻ കാറോടിക്കുകയായിരുന്നു. മദ്രാസ് റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു യാത്ര. മുൻസീറ്റിൽ ഒരു സുഹൃത്തുകൂടിയുണ്ടായിരുന്നു. ബി.പി. മൊയ്തീൻ എന്നു പേര്. കോഴിക്കോട്ടുകാരൻ. ആത്മസുഹൃത്തായ ബേബിയാണ് മൊയ്തീനെ പരിചയപ്പെടുത്തിയത്. സാമൂഹികപ്രവർത്തകനും സാഹിത്യതത്പരനുമാണ്. മൊയ്തീൻ സരസമായി സംസാരിക്കും. സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കയാണ്. ഇതിനു മുൻപ് നിഴലേ നീ സാക്ഷി എന്ന സിനിമ എടുത്തു. ബേബിയായിരുന്നു സംവിധാനം. ശാന്തി (സീമ) എന്ന നടിയുടെ ആദ്യചിത്രം. അതു പക്ഷേ പുറത്തിറങ്ങിയില്ല. ആ നഷ്ടം പുതിയ ചിത്രത്തിലൂടെ വീട്ടണം. മൊയ്തീൻ സിനിമാക്കഥ ജയനോട് പറഞ്ഞു.

മൊയ്തീനെ, ഇതിലെ ക്യാരക്ടർ എനിക്ക് പറ്റിയതല്ല. ഇതില് അഭിനയിച്ചാൽ സിനിമ വിജയിക്കില്ല. കഥ കേട്ടയുടൻ ജയൻ പറഞ്ഞു. മൊയ്തീൻ വിടുന്ന മട്ടില്ല. അയാൾക്ക് വലിയ ആത്മവിശ്വാസം. ബേബിയെയും മൊയ്തീനെയും പിണക്കാൻ വയ്യ. അങ്ങനെയാണ് സിനിമ തുടങ്ങിയത്. അഭിനയം എന്ന് സിനിമയ്ക്ക് പേരിട്ടു. വിധുബാല നായിക. പണം മുടക്കിയത് മൊയ്തീൻ ഒറ്റയ്ക്കാണ്. ഒറ്റ ഷെഡ്യൂളിൽ തീരേണ്ട സിനിമയാണ്. പലപാട് മുടങ്ങി, ഇഴഞ്ഞും നടന്നും നീങ്ങി. ഒടുക്കത്തെ സാമ്പത്തികപ്രതിസന്ധി മൊയ്തീനു പിന്നാലെ കൂടി. അയാൾ കുലുങ്ങിയില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കി. പലരിൽനിന്നും കടംവാങ്ങി. സിനിമ പൂർത്തിയായി. ഡബ്ബിങ് കഴിഞ്ഞയുടനേ പ്രതിഫലം കൊടുക്കണം. അതാണ് പതിവ്. അഭിമാനിയായിരുന്നു മൊയ്തീൻ. ആരോടും കടം പറഞ്ഞില്ല. പ്രതിഫലം കുറയ്ക്കാൻ ആരോടും കെഞ്ചിയില്ല. ചില്ലിക്കാശ് കുറയാതെ പറഞ്ഞ തുക എല്ലാവർക്കും കൊടുത്തുതീർത്തു.

മൊയ്തീൻ, എ.വി എം. സ്റ്റുഡിയോയ്ക്കു മുന്നിലുണ്ട്. അഭിനയത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ജയൻ. അടുത്ത ദിവസം മദ്രാസിലാണ് വർക്കുള്ളത്.

പോണില്ലേ. ട്രെയിനിന്റെ സമയമായല്ലോ? ജയൻ മൊയ്തീനു സമീപം വണ്ടി നിർത്തി.

മൊയ്തീൻ വിളർത്ത ചിരി ചിരിച്ചു.

കേറ്, ജയൻ അയാളെ ക്ഷണിച്ചു. മുൻസീറ്റിൽ അയാൾ കയറിയിരുന്നു.

ടാക്‌സിപിടിക്കാൻ കാശില്ലായിരുന്നു. മൊയ്തീൻ മടിച്ചുമടിച്ചു പറഞ്ഞു.

എനിക്കത് മനസ്സിലായി. കാർ ഇരുട്ടിനെ പിളർന്ന് മുന്നോട്ടു നീങ്ങി.

എപ്പഴാ കാഞ്ചനയുമൊത്തുള്ള കല്യാണം? എന്നേം വിളിക്കണം.

അഭിനയത്തിന്റെ സെറ്റിൽവച്ചാണ് മൊയ്തീന്റെ കാഞ്ചനയുമായുള്ള പ്രണയകഥ അറിയുന്നത്. അതിൽ മലയോരഗ്രാമമായ മുക്കവും അതിലൂടൊഴുകുന്ന ഇരുവഞ്ചിപ്പുഴയും തെളിഞ്ഞു. ഉള്ളാട്ടിൽ ഉണ്ണിമോയിൻ സാഹിബും ആത്മമിത്രം കൊറ്റങ്ങൽ അച്യുതനും തോളിൽ കൈയിട്ടു. അവരുടെ മക്കളായ ബി.പി. മൊയ്തീന്റെയും കാഞ്ചനമാലയുടെയും കണ്ണുകളിൽ പ്രണയം വിരിഞ്ഞു. ആത്മമിത്രത്തോടുള്ള നെറികേട് സഹിക്കാൻ വയ്യാഞ്ഞ് സാഹിബ് മകനെ കുത്തി വീഴ്‌ത്തി. മൊയ്തീൻ മരിച്ചില്ല. കേസ് കോടതിയിലെത്തി. മകൻ മൊഴി മാറ്റി ബാപ്പയെ രക്ഷിച്ചു. മൊയ്തീന്റെ ജീവിതം കേട്ട് ജയൻ കോരിത്തരിച്ചുപോയി. മൊയ്തീനെ, ഇതൊരു വലിയ സംഭവമാണല്ലോ. ഭാവനയ്ക്കപ്പുറമുള്ള ജീവിതമാണല്ലോ. നമ്മളിക്കഥ സിനിമയാക്കും. സിനിമ നിർമ്മിക്കുന്നത് നീയല്ല, ഞാനാ. 'ഫൈവ് ഫിംഗേഴ്‌സ് പ്രൊഡക്ഷൻസ്' ചിത്രം പുറത്തിറക്കും. ജയൻ, ഷീല, സംവിധായകൻ പി.ജി. വിശ്വംഭരൻ, വിജയാ മൂവീസ് ഉടമ സേവ്യറുടെ പ്രൈവറ്റ് സെക്രട്ടറി ബാബു, കോന്ത്യാമഠം അപ്പു എന്നിവർ ചേർന്നാണ് ഫൈവ് ഫിംഗേഴ്‌സിന് രൂപം കൊടുത്തിരിക്കുന്നത്. അത് അഭിനയത്തിന്റെ സെറ്റിൽവെച്ച് ഉറപ്പിച്ചു. സംവിധായകൻ ബേബി അതിന് സാക്ഷിയായി.

മൊയ്തീന് കല്യാണത്തെപ്പറ്റി പറയാനൊന്നും തോന്നിയില്ല. ജയനോട് അതുകൊണ്ടുതന്നെ മറുപടിയൊന്നും പറഞ്ഞില്ല. അഭിനയം എത്രയും വേഗം റിലീസ് ചെയ്യണം. സാമ്പത്തികപ്രശ്‌നങ്ങളിൽനിന്നും കരകയറണം. അതേപ്പറ്റിയായിരുന്നു അയാൾ വ്യാകുലപ്പെട്ടത്. മൊയ്തീന്റെ തലയ്ക്കകം പെരുത്തുവരുന്നുണ്ടായിരുന്നു.

റെയിൽവേ സ്റ്റേഷനെത്തി. മൊയ്തീൻ നന്ദി പറഞ്ഞു പുറത്തിറങ്ങി. അയാൾ നിരത്തിലേക്ക് കാലൂന്നി. ജയൻ അയാളെ മടക്കിവിളിച്ചു.

മൊയ്തീനെ ഇതു വെച്ചോളൂ. ഇത് എനിക്കു തന്ന പ്രതിഫലമാണ്. ഇതെനിക്കു വേണ്ട.

നിർബന്ധിച്ചിട്ടാണ് മൊയ്തീൻ അത് സ്വീകരിച്ചത്. തെരുവുവിളക്കുകൾ അത് കണ്ടുനിന്നു. മദ്രാസ് സെൻട്രൽ സ്റ്റേഷനിൽനിന്നും ട്രെയിൻ പുറപ്പെടാൻ സമയമാകുന്നു. മൊയ്തീൻ അകത്തേക്ക് കടന്നു. അപ്പോഴേക്കും ജയന്റെ കാറ് തിരക്കിൽ അലിഞ്ഞിരുന്നു. വല്ലാത്തൊരു സംതൃപ്തി ഉള്ളിൽ വന്നു നിറഞ്ഞതായി ജയനു തോന്നി. അയാളൊരു മൂളിപ്പാട്ടു പാടി. സൈക്കിളിൽ ഒരാൾ റോഡ് മുറിച്ചുകടക്കുന്നുണ്ട്. ജയൻ കാറിനു വേഗത കുറച്ചു. സൈക്കിളിന്റെ പുറകിൽ ഒരു കുട്ടയിരുപ്പുണ്ട്. അതിനകത്തിരുന്ന നായ്ക്കുട്ടി അയാളെ തലനീട്ടി നോക്കി'.

ഒടുവിലത്തേത് അംബികയുടെ കഥയാണ്. പ്രണയത്തെ മരണം കൊണ്ടുമാത്രം സാക്ഷാത്കരിക്കാൻ കഴിഞ്ഞ ഒരു സ്ത്രീയെന്ന നിലയിലാണ് അംബികയെ നോവൽ അവതരിപ്പിക്കുന്നത്. ജീവിതം കൊണ്ട് തനിക്കെന്തും നേടാൻ കഴിയുമെന്നു വിശ്വസിച്ച അംബികയ്ക്ക് പക്ഷെ ജയനെ മാത്രം സ്വന്തമാക്കാൻ കഴിഞ്ഞില്ല. മറ്റെന്തും കിട്ടിയിട്ടും കിട്ടാത്ത ജയനുവേണ്ടി മാത്രം അവൾ ജിവിക്കുന്നു. നേരിട്ട് സ്വന്തമാക്കാൻ കഴിയാത്ത താരത്തെ സിനിമകളിലൂടെ സ്വന്തമാക്കി മാറ്റുന്നുവെന്നവൾ സങ്കല്പിച്ചു. അതിനായി ജയന്റെ സിനിമകൾമാത്രം കളിക്കാൻ അവൾ തീയറ്റർ പണിതു. ജയന്റെ ജീവിതം തന്റേതുമാക്കാൻ കൊതിച്ച അംബികയ്ക്കു പക്ഷെ അയാളുടെ മരണമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളു. വായിക്കുക:

'അംബികാമ്മ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ വള്ളം തുഴഞ്ഞു. വീണ്ടും പാട്ടു പാടി. പിന്നെ തിരിച്ചു തുഴഞ്ഞു. മടക്കയാത്രയിൽ ചന്ദ്രൻ മറഞ്ഞു. മഴ മെല്ലെ താഴേക്കു വന്നു. പിന്നെയത് ശക്തിയായി.

നാളെ നമുക്ക് കൊല്ലത്തേക്ക് ഒരുമിച്ച് പോകാം. നിന്നെ കോളേജിൽ വിടാം. ഞാനും കൊല്ലത്തേക്ക് വരുന്നുണ്ട്. മാസത്തിലൊരിക്കൽ അംബികാമ്മ കൊല്ലത്തു പോകാറുണ്ട്. അച്ഛനെ കാണാനുള്ള യാത്രയാണ്. അദ്ദേഹം അസുഖം ബാധിച്ച് കിടപ്പാണ്.

അംബികാസദനത്തിൽ എത്തുമ്പോഴേക്കും ഞങ്ങൾ മഴയിൽക്കുതിർന്നിരുന്നു.

വീട്ടിക്കൊണ്ടാക്കണോടാ?

വേണ്ടാ, ഞാൻ വീട്ടിലേക്കു നടന്നു.

വെള്ളപ്പാറ്റേ, നീയാരെയെങ്കിലും പ്രേമിക്കുന്നുണ്ടോടാ? പിറ്റേന്നത്തെ കാർയാത്രയ്ക്കിടയിൽ അവർ ചോദിച്ചു.

ഗൗതമന് ലജ്ജ തോന്നി. മീനാക്ഷിയുടെ കാര്യം പറഞ്ഞാൽ അംബികാമ്മ കളിയാക്കും. അതെനിക്ക് നേരിടാൻ വയ്യ.

പ്രേമിച്ചാൽ അവളെ കൈവിട്ടുകളയരുത്. പെണ്ണിന്റെ പ്രേമം നഷ്ടപ്പെട്ടാൽ ആണുങ്ങള് സഹിക്കും. പക്ഷേ, പെണ്ണിനത് താങ്ങാൻ പറ്റില്ല. കേട്ടോടാ.

ഞാൻ മൂളി. അവരതു കേട്ടിരിക്കില്ല. അംബികാമ്മ പറയുന്നതെല്ലാം എനിക്ക് സമ്മതമാണ്. ജയേട്ടന്റെ മരണത്തിനു പോയിരുന്നോ എന്ന് ചോദിക്കാൻ ആഗ്രഹിച്ചു. പിന്നീടത് വേണ്ടെന്നുവെച്ചു. അച്ഛന്റെ സ്‌നേഹത്തെപ്പറ്റി അവർ സംസാരിച്ചു. സഹോദരങ്ങളുമായൊന്നും നല്ല ബന്ധത്തിലല്ല. ആദികേശവൻ കണ്ടാൽ സംസാരിക്കും. അത്രതന്നെ. എല്ലാം ശരിയാവുമെന്നൊരു നല്ലവാക്ക് ഞാൻ പറഞ്ഞു. ആളുകളെ ആശ്വസിപ്പിക്കേണ്ടത് എങ്ങനെയെന്നൊന്നും എനിക്കറിയില്ല.

വെള്ളിയാഴ്ച ആവേശം മാറും. പുതിയ സിനിമ വേണ്ടെന്ന് അംബികാമ്മ പറഞ്ഞു. നല്ല സിനിമ വരട്ടെ. അതുവരെ അടഞ്ഞുകിടക്കട്ടെ. എല്ലാവർക്കും കൊടുക്കേണ്ട ശമ്പളം എന്നെ ഏല്പിച്ചു. ഞായറാഴ്ച വീട്ടിലേക്ക് ചെല്ലണമെന്നും ചില കാര്യങ്ങൾ പറഞ്ഞേല്പിക്കാനുണ്ടെന്നും ഓർമിപ്പിച്ചു. പക്ഷേ, ഞായറാഴ്ച ഞാനക്കാര്യം വിട്ടുപോയി. മനോജും ജെയ്‌സനും കൂടി വീട്ടിലേക്കു വന്ന ദിവസമായിരുന്നു. അവർ ആദ്യമായി വീട്ടിൽ വരികയാണ്. വൈകിട്ടോടെയാണ് രണ്ടാളും മടങ്ങിപ്പോയത്.

പ്രസാദ്, തീയേറ്റർ അടിച്ചുവാരാൻ വന്നതാണ്. ടാക്കീസിന് അവധിയാണെങ്കിലും പ്രസാദിന് അതു ചെയ്തില്ലെങ്കിൽ തൃപ്തിയില്ല. ടാക്കീസിന്റെ വാതിൽ മലർക്കെ തുറന്നുകിടപ്പുണ്ടായിരുന്നു. അംബികാമ്മ ദ്വീപുകാർക്കുള്ള അവസാനകാഴ്ചയൊരുക്കി അതിനകത്തുണ്ടായിരുന്നു. സ്‌ക്രീനിൽ ഏറ്റവും അടുത്തുള്ള കഴുക്കോലിൽ അവർ തൂങ്ങിക്കിടക്കുന്നു. സ്‌ക്രീനിലേക്ക് വീണൊരു നേർത്ത കയറുപോലെ അവരെ തോന്നിച്ചു. വലിയ കോളറും പോക്കറ്റുമുള്ള ഷർട്ടും ജീൻസുമായിരുന്നു അവർ ധരിച്ചിരുന്നത്. പോക്കറ്റിനകത്ത് ഒരു കത്തുണ്ടായിരുന്നു. അന്ത്യാഭിലാഷം അതിൽ രേഖപ്പെടുത്തിയിരുന്നു. മുളങ്കാടകത്തുവേണം സംസ്‌കരിക്കാൻ. ജയേട്ടൻ ഉറങ്ങുന്നതിന്റെ എത്രയും അടുത്ത്.

വളരെ കുറച്ചുപേരേ അംബികാമ്മയുടെ സംസ്‌കാരത്തിനുണ്ടായുള്ളൂ. വരിനിന്നു കാണാനോ കരഞ്ഞുനിലവിളക്കാനോ ആരുമുണ്ടായില്ല. അസ്ഥിപെറുക്കിയെടുക്കാൻ ആരാധകർ വന്നില്ല. സഹോദരൻ ആദികേശവൻ ചടങ്ങിൽ പങ്കെടുത്തു. അയാളുടെ മകനാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. ഗൗതമൻ മനോജിന്റെ വീട്ടിൽ ഇരുന്നതേയുള്ളൂ. അംബികാമ്മ ചാരമായി മാറുന്നത് അവനു കാണേണ്ട. ആരുടെ മരണവും താങ്ങാൻ ഗൗതമനു ശക്തിയില്ല. ശ്മശാനത്തിൽ നിന്നും പുക ഉയരുന്നുണ്ട്. അംബികാമ്മയുടെ ജീവിതം അവസാനിക്കുന്നു.

അംബികാമ്മ എന്നോട് ആ ഞായറാഴ്ച പറയാൻ ആഗ്രഹിച്ചത് എന്താവും?'.

രഹസ്യജീവിതങ്ങളുടെ മാന്ത്രികയാഥാർഥ്യങ്ങൾ ഒന്നൊന്നായി ആലേഖനം ചെയ്യപ്പെട്ട ഒരു പരവതാനിയാണ് ലാലിന്റെ നോവൽ. ജയന്റേതു മാത്രമല്ല നോവലിൽ രഹസ്യജീവിതം. അംബികയോട് ജയൻ ഒരിക്കലും പറയാത്ത രഹസ്യങ്ങളുണ്ട്. അംബിക പിന്നീടു പറയാം എന്നു ഗൗതമനോടു സൂചിപ്പിച്ച രഹസ്യം അവൾക്കൊരിക്കലും പറയാൻ കഴിഞ്ഞില്ല. ചാമി, ജയനോട് പറയാൻ കാത്തുവച്ച രഹസ്യങ്ങൾ രണ്ടുപേരുടെയും മരണം വരെ വെളിപ്പെടുന്നില്ല. അച്ഛന്റെ രാഷ്ട്രീയജീവിതത്തെയും ഒളിവുകാലത്തെയുംകാൾ ഗൗതമനെ കുഴക്കിയ രഹസ്യങ്ങളൊന്നുമില്ല. പൂനൻ ജയനുമായി തനിക്കുണ്ടായ ബന്ധം ഒരാളോടും പങ്കുവയ്ക്കാതെ ഉള്ളിലടക്കുന്നു. റെയ്ഞ്ചറുടെ ഭൂതവും വർത്തമാനവും മാത്രമല്ല ഭാവിയും ഒരുപോലെ രഹസ്യാത്മകത പേറുന്ന ഗൂഢചരിതമാണ്. അയാളുടെ മകനും ഭാര്യയും നോവലിലൊരിടത്തും പ്രത്യക്ഷപ്പെടുന്നുപോലുമില്ല.... മാർക്വേസ് പറയുംപോലെ, പരസ്യ, സ്വകാര്യ ജീവിതങ്ങൾക്കപ്പുറത്ത് ഓരോ വ്യക്തിക്കുമുള്ള രഹസ്യജീവിതത്തിന്റെ മൂന്നാംലോകമാണ് ലാൽ തന്റെ നോവലിന്റെ ലാവണ്യമണ്ഡലമായി സങ്കല്പിച്ചെടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, രഹസ്യജീവിതങ്ങളുടെ സമാന്തരചരിത്രവും ഭാവരൂപവുമായി മാറുന്ന നോവലിന്റെ ലാവണ്യകലയാണ് 'ജയന്റെ അജ്ഞാതജീവിത'ത്തെ മൗലികമാക്കുന്ന മുഖ്യഭാവുകത്വം.

നോവലിൽ നിന്ന്:-

'അന്നേരം ജയൻ പാംഗ്രോവ് ഹോട്ടലിൽ ഉണ്ടായിരുന്നു. ഷോളാവാരത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മദ്രാസിലെത്തിയാൽ അയാൾ പാംഗ്രോവിലായിരുന്നു താമസം. കുളിച്ച് റെഡിയായി. കുറച്ചു നേരം കട്ടിലിൽ മലർന്നു കിടന്നു. ക്ഷീണമുണ്ട്. അറിയപ്പെടാത്ത രഹസ്യം സിനിമയുടെ സെറ്റിൽനിന്നും ഓടിപ്പാഞ്ഞ് വന്നതാണ്. പീരുമേട്ടിലായിരുന്നു ചിത്രീകരണം. കാട്ടാനയുടെ തുമ്പിക്കൈയിൽ പിടിച്ചുള്ളൊരു ഫൈറ്റുണ്ടായിരുന്നു. ആസ്വദിച്ചാണ് അത് ചെയ്തത്. ആനയുടെ കാലിനിടയിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ടുനിന്നവർ നിലവിളിച്ചുപോയി. അതിനിടയിലാണ് മദ്രാസിൽ അടിയന്തരമായി എത്തിയാൽ നന്നായെന്ന അറിയിപ്പു കിട്ടുന്നത്. കോളിളക്കം സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കണം. സുഗുണാ സ്‌ക്രീൻ എന്റെർടെയ്‌മെന്റിന്റേതാണ് സിനിമ. ഹെലികോപ്ടറിലുള്ള ഫൈറ്റ് സീനുണ്ട്. നായകനെ എല്ലാവരും കാത്തിരിക്കയാണ്. ഹെലികോപ്റ്റർ റെഡിയാണ്. ദിവസവും നാല്പതിനായിരം രൂപയാണ് ഹെലികോപ്റ്റർ വായക. ജയൻ സമയത്ത് എത്തിയില്ലെങ്കിൽ, നിർമ്മാതാവിന് വലിയ സാമ്പത്തികബാധ്യതയാവും. അങ്ങനെ ധൃതിയിൽ പുറപ്പെട്ടതാണ്.

ഹെലികോപ്റ്ററിലെ ഫൈറ്റ് ജയൻ മനസ്സിൽ ചിത്രീകരിച്ചുനോക്കി. ഇംഗ്ലീഷ്, ഹിന്ദി സിനിമകളിലൊക്കെ അത്തരം രംഗങ്ങളുണ്ട്. ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫൈറ്റ് സീൻ ചെയ്യണം. ഡ്യൂപ്പ് ചെയ്തിട്ട് അതിന്മേൽ കൈയടി കിട്ടുന്നതിലൊരു കാപട്യമുണ്ട്. സാഹസികതയോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ജീവിക്കുന്നു എന്ന തോന്നൽ വരിക. ജയൻ കിടക്കയിൽ നിന്നും എണീറ്റു. അഭിനയിക്കാനുള്ള രംഗങ്ങൾ അയാളെ ഉത്സാഹഭരിതനാക്കി. ഹോട്ടലിന്റെ പടികളിറങ്ങുമ്പോൾ, ഡ്രൈവർ സുരേന്ദ്രൻ കാറുമായെത്തിയിരുന്നു.

മുപ്പതു കിലോമീറ്റർ ദൂരമുണ്ട് ഷോളാവാരത്തേക്ക്. ചാറ്റൽമഴ വീഴുന്നുണ്ട്. മഴയത്ത് കാറിൽ സഞ്ചരിക്കാൻ അയാൾ ഇഷ്ടപ്പെടുന്നുണ്ട്. കാറിന്റെ മുൻസീറ്റിലിരിക്കാനും. കുട്ടികൾക്കും അതാണ് ഇഷ്ടം. ഇന്ന് മഴ വേണ്ടിയിരുന്നില്ലെന്ന് തോന്നി. കുറേ കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതുണ്ട്. മൂർഖൻ സിനിമയുടെ പ്രിവ്യൂ കാണണം, ദേവരാജന്മാഷിനെക്കൂട്ടി ഹരിഹരൻസാറിനെ കാണണം, അങ്കുരത്തിന്റെ സെറ്റിൽവെച്ചുണ്ടായ പിണക്കം കനിഞ്ഞാലേ എല്ലാം നടക്കൂ.

മയ്യഴിപ്പുഴയിലെ ദാസനെ എന്നാണിനി അവതരിപ്പിക്കാനാവുക? പ്രതീക്ഷയുള്ള പ്രോജക്ടാണത്; ഭാവാത്മകരംഗങ്ങളിൽ അഭിനയിക്കാനുള്ള അവസരം. ജേസിക്കും തനിക്കും അതൊരു ബ്രേക്കാവും. മസിലു പെരുപ്പിക്കുന്ന, ഫൈറ്റ് ചെയ്യുന്ന നടനിൽനിന്നുമുള്ള രൂപാന്തരപ്രാപ്തി. പുതിയ ജയനെ കണ്ട് പ്രേക്ഷകർ വിസ്മയിക്കണം. അയാൾ കുറച്ചുനേരം കണ്ണടച്ചിരുന്നു.

വേഗത കുറച്ചാണ് സുരേന്ദ്രൻ കാറോടിച്ചത്. നഗരത്തിലൂടെ അതിനേ കഴിയൂ.

രണ്ടുദിവസമായി ഇവിടെ മഴയാണ് സാർ. നാട്ടില് മഴയുണ്ടോ? സുരേന്ദ്രൻ കുശലം ചോദിച്ചു.

നല്ല കാലാവസ്ഥയാണ് അവിടെ. ഇന്ന് മഴ ചതിക്കോ സുരേന്ദ്രാ?

മഴമേഘങ്ങൾ അന്നേരം തലയ്ക്കു മുകളിലൂടെ സഞ്ചരിച്ചു. കൊള്ളിയാന്റെ വെളിച്ചം താഴേക്കിറങ്ങിവന്നു. മുന്നേ ഹോണടിച്ചുപോയ കാറിലിരുന്ന് ബാലൻ കെ. നായർ കൈവീശിക്കാണിച്ചു. ജയന്റെ ഫിയറ്റ് കാർ അയാൾക്ക് പരിചിതമായിരുന്നു.

ജയനെത്തുമ്പോൾ ചിത്രീകരണത്തിന് യൂണിറ്റ് റെഡിയായിരുന്നു. നൂറുപേരോളം വരുന്ന പ്രൊഡക്ഷൻ യൂണിറ്റാണ്. സംവിധായകൻ പി.എൻ. സുന്ദരം രംഗങ്ങൾ ഒന്നുകൂടി എല്ലാവർക്കുമായി വിശദീകരിച്ചു. ജയന്റെ അച്ഛൻ മധു. അമ്മ കെ.ആർ. വിജയ. സോമനും സുകുമാരനും സഹോദരങ്ങൾ. അവരെ വില്ലൻ ബാലൻ കെ. നായർ ആക്രമിക്കുന്നു. എയർപ്പോർട്ടിൽവച്ചായിരുന്നു അത്. ജയൻ അവരെ നേരിടുന്നു. രഹസ്യരേഖകളുടെ പെട്ടിയുമായി വില്ലൻ ഹെലികോപ്റ്ററിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നു. സുകുമാരനും ജയനും വില്ലനെ പിൻതുടരുന്നു. സുകുമാരൻ ബൈക്കിലാണ്. ജയൻ അതിന്റെ പിറകിൽ ഇരിപ്പുണ്ട്. ഉയർന്നുപൊങ്ങുന്ന ഹെലികോപ്റ്ററിലേക്ക് ജയൻ പിടിച്ചുകയറുന്നു. ഹെലികോപ്റ്ററിലിരിക്കുന്ന വില്ലനെ കീഴ്‌പ്പെടുത്തുന്നു. ഇതാണ് ചിത്രീകരിക്കേണ്ടത്.

ഷോളാവാരം ഇന്ത്യൻ വ്യോമസേനയുടെ പഴയൊരു എയർസ്ട്രിപ്പാണ്. ചെറിയ ഡെക്കോട്ട വിമാനങ്ങളൊക്കെ ഇറക്കിയിരുന്നു. ഇപ്പോൾ അടഞ്ഞുകിടപ്പാണ്. ചുറ്റും കൂന്താലൻപുല്ലുകൾ വളർന്നുകിടപ്പുണ്ട്. ചിത്രീകരണത്തിനായി ജീപ്പുകളും കാറുകളും ബൈക്കുകളുമൊക്കെ നിരന്നിട്ടുണ്ട്. സ്റ്റണ്ട് ആർട്ടിസ്റ്റുകൾ റെഡിയാണ്. ലൈറ്റുകൾ തെളിഞ്ഞു. മൂടിക്കെട്ടിയ ആകാശത്തിനു താഴം പ്രകാശം പരന്നു. ആദ്യത്തെ ഫൈറ്റുസീനുകൾ ചിത്രീകരിച്ചു. അപ്പോഴേക്കും തടസ്സംപറഞ്ഞ് മഴ വന്നു. ജയൻ മഴയെ നിരാശയോടെ നോക്കി. കാത്തിരിക്കാതെ തരമില്ല.

മൂന്നുമണിയായി. വെയിൽ ചെറുതായി തെളിഞ്ഞു. വീണ്ടും ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ നടന്നു.

ഈ സമയം നമുക്ക് ഉപയോഗപ്പെടുത്തണം. ജയൻ പി.എൻ. സുന്ദരത്തോട് പറഞ്ഞു. ഇനി വെളിച്ചം ഇത്രയും കിട്ടിയെന്നു വരില്ല. ജയൻ ഗ്രൗണ്ടിലേക്ക് നടന്നു. അപ്പോഴേക്കും മീനാമ്പാക്കം ഹെലിപ്പാഡിൽ നിന്നും വന്ന ഹെലികോപ്റ്റർ ആകാശത്ത് വട്ടമിട്ടു. ഒച്ചവെച്ച് അത് ഷോളാവാരത്ത് ലാൻഡ് ചെയ്തു. ജയൻ കൗതുകത്തോടെ ഹെലികോപ്റ്ററിന് സമീപം ചെന്നു. റബ്ബർമരങ്ങൾക്ക് തുരിശടിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററായിരുന്നു അത്. പൈലറ്റ് സീറ്റും കോ പൈലറ്റ് സീറ്റുമേയുള്ളൂ. മുന്നിൽ കൂറ്റനൊരു ഫാനുണ്ട്. ഏണികൾ ചേർത്തുവെച്ചപോലൊരു പിൻഭാഗം. അവിടെയും ഫാൻ കറങ്ങുന്നുണ്ട്. സമ്പത്ത് എന്ന ആളായിരുന്നു പൈലറ്റ്. സുന്ദരം, സമ്പത്തിന് ചിത്രികരണസംബന്ധമായ നിർദ്ദേശങ്ങൾ നല്കി.

ഡ്യൂപ്പു വേണ്ട. ഞാൻ തന്നെ ഇതു ചെയ്യും. ജയൻ സംവിധായകനോട് പറഞ്ഞു.

റിസ്‌കി ഷോട്ടാണ് മിസ്റ്റർ ജയൻ.

അത് കുഴപ്പമില്ല സാർ.

ഞാൻ ഹെലികോപ്റ്ററിൽ ചാടിപ്പിടിക്കും. നീ അപ്പോ ബൈക്കുമായി മാറിക്കൊള്ളണം. പിൻഭാഗത്തെ ഫാൻ തലയിലിടിക്കാതെ നോക്കണം. ജയൻ സുകുമാരന് മുന്നറിയിപ്പു കൊടുത്തു.

വെയിൽ തെളിഞ്ഞുതന്നെ കിടന്നു. ധൃതിയിൽ അരങ്ങൊരുങ്ങിക്കൊണ്ടിരുന്നു. റൺവേയുടെ ഇരുവശത്തുമായി ക്യാമറകൾ കണ്ണു തുറിച്ചു. ജയൻ കസേരയിൽ വന്നിരുന്നു. ചാമിയുടെ തൊട്ടടുത്തായി. കൈ നീട്ടിയാൽ തൊടാം. അദ്ദേഹത്തിനെ തൊട്ട കാറ്റാണ് ചാമിയെയും തൊടുന്നത്. എന്തൊരു തിളക്കമാണ് കണ്ണുകൾക്ക്. എന്തൊരു നൈർമല്യമുള്ള ചിരിയാണ്.

ജയൻ അവനെ കൈകാട്ടി വിളിച്ചു. ചാമിക്ക് സ്വപ്നംപോലെ തോന്നി. അവൻ അടുത്തേക്കു ചെന്നു. മെസ് ബോയിയുടെ വേഷമായിരുന്നു ചാമിക്ക്.

മോനേ, എനിക്ക് വിശക്കുന്നല്ലോടാ. വല്ലതും കഴിക്കാനിരിപ്പുണ്ടോ?

രാവിലേതന്നെ ചിത്രീകരണം അവസാനിക്കും എന്നായിരുന്നു പ്രതീക്ഷ. അതുകൊണ്ട് ഉച്ചയൂണൊന്നും പ്രൊഡക്ഷൻ കരുതിയിരുന്നില്ല. കഴിക്കാനൊന്നുമില്ലെന്ന് ചാമിക്കറിയാം. കുറച്ച് മുൻപ് എല്ലാം അവസാനിച്ചിരുന്നു.

ഒന്നുമില്ല ജയേട്ടാ, ചാമി വിനയാന്വിതനായി.

ബിസ്‌കറ്റുണ്ടോ?

അതുമില്ല ജയേട്ടാ.

ഒന്നുമില്ല! ജയൻ നിരാശയോടെ കൈമലർത്തി.

ജയേട്ടാ, ഒരു കാര്യം, ചാമിക്ക് സംസാരിക്കാൻ ഇതൊരു അവസരമായി. ജീവിതത്തിൽ ഒരിക്കൽ മാത്രമേ കാത്തിരിക്കുന്ന അവസരങ്ങൾ വന്നുചേരൂ. അത് ഉപയോഗിക്കുന്നവരാണ് വിജയികൾ. ഗൗതമന്റെ ഉപദേശം അവന് ഓർമവന്നു. ഗൗതമന് ഏതോ പുസ്തകത്തിൽനിന്നും കിട്ടിയ വിവരമാണ്.

പോക്കറ്റിൽനിന്നും അവനൊരു പൊതിയെടുത്തു. അത് ജയനു നേരെ നീട്ടി.

എന്തായിത്?

ഒരു പൂവ്. ഇത് അംബികച്ചേച്ചി തന്നതാണ്. ജയേട്ടനു തരാൻ.

നീയെങ്ങനെ അംബികയെ കണ്ടു?

പോരുന്ന സമയത്ത് ഞാൻ ചേച്ചിയെ കണ്ടിരുന്നു.

ഒരുതണ്ടു കൊഴുന്നിൻപൂവേ അതിലുണ്ടായിരുന്നുള്ളൂ. ജയൻ പൂവിനെ മണത്തുനോക്കി. അയാളെന്തോ ഓർത്തെന്നും തോന്നി. ഹൃദ്യമായ ഗന്ധം കൊഴുന്നിൻപൂവ് കരുതിവെച്ചിരുന്നു. കുറച്ചു നേരം അത് കൈയിൽത്തന്നെയിരുന്നു. പിന്നെ, അയാൾ അതിനെ പോക്കറ്റിലേക്കിട്ടു. പിന്നൊന്ന് അമർത്തിവെച്ചു; ഹൃദയത്തോട് ചേർത്തുവെച്ചതുപോലെ.

ജയേട്ടാ, ഞാനാണ് കത്തയച്ചിട്ടുള്ള ചാമി, സ്വാമിനാഥൻ. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ്.

ഓ... ഓർമ്മയുണ്ട്. ഇപ്പൊ തിരക്കാണല്ലോ. ദേ, അവരെന്നെ വിളിക്കുന്നു. ഒരുകാര്യം ചെയ്യ് മോനേ, ഇതു കഴിയട്ടെ. നീയെന്റെ കാറിൽ കയറിക്കോണം. നമുക്ക് തിരിച്ചു പോകുമ്പോ വിശദമായി സംസാരിക്കാം. പോരേ...? ജയൻ ചാമിയുടെ തോളിൽ സൗഹാർദപൂർവം തട്ടി.

മതി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഇതാ വന്നു ചേർന്നിരിക്കുന്നു. അതിനുമുൻപ്, അദ്ദേഹത്തിന് ഭക്ഷണം കൊടുക്കണം. ജയേട്ടൻ വിശന്നിരിക്കാൻ പാടില്ല. പരന്നുകിടക്കുന്ന മൈതാനമാണ്.അവിടെ വെയിലും നിഴലും ചേർന്ന് സാറ്റ് കളിക്കുന്നുണ്ട്. ചാമി മൈതാനം മുറിച്ചു നടന്നു. അതിനപ്പുറം ഭക്ഷണം കിട്ടുന്ന കടകളുണ്ടാവും. ചാമിക്കെതിരേ ആകാശത്തുകൂടി മഴമേഘങ്ങൾ പറന്നടുക്കുന്നുണ്ടായിരുന്നു. പിന്നിൽ കൂറ്റൻ കഴുകനെപ്പോലെ ഹെലികോപ്റ്റർ പറന്നുയരാൻ തുടങ്ങിയിരുന്നു.

ഷോട്ട് റെഡി. സുന്ദരം വിളിച്ചുപറഞ്ഞു.

സുകുമാരൻ ഓടിക്കുന്ന ബൈക്കിലേക്ക് ജയൻ കയറിയിരുന്നു. നെഞ്ചിലേക്ക് എന്തോ കുത്തിക്കയറുംപോലെ തോന്നി. അംബികയുടെ കൊഴുന്നിൻതണ്ടാണ്. അതവിടെത്തന്നെ ഇരുന്നോട്ടെ. അവളുടെ ജീവിതത്തിലെ പരിണതികൾ എപ്പോഴോ ജയൻ അറിഞ്ഞിരുന്നു. ഹോട്ടലിലെത്തിയശേഷം അംബികയോട് സംസാരിക്കണമെന്നും തീർച്ചപ്പെടുത്തി.

ബൈക്ക് സ്റ്റാർട്ടായി. ഇതാ യാത്ര ആരംഭിക്കുന്നു. ഹെലികോപ്റ്റർ പക്ഷിയെപ്പോലെ തൊട്ടുമുകളിൽ പറക്കുന്നു. കൈയെത്തി പക്ഷിയെ പിടിക്കണം. ഇനി നിമിഷങ്ങൾ മാത്രം ബാക്കി'.

ജയന്റെ അജ്ഞാതജീവിതം
എസ്.ആർ. ലാൽ
മാതൃഭൂമി ബുക്‌സ്
2021, വില: 330 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP