Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല; പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? രൂക്ഷവിമർശനവുമായി അഡ്വ ഹരീഷ് വാസുദേവന്റെ കുറിപ്പ്

ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല; പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം?  രൂക്ഷവിമർശനവുമായി അഡ്വ ഹരീഷ് വാസുദേവന്റെ കുറിപ്പ്

അഡ്വ.ഹരീഷ് വാസുദേവൻ

 'ചീഫ് ജസ്റ്റിസ് വിവാഹ ദല്ലാളോ?

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കയറി വാ പൊത്തിപ്പിടിച്ചു ബലാൽസംഗം ചെയ്തു. മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് 10-12 തവണ ബലാൽസംഗം ചെയ്തു. പരാതിപ്പെടാൻ പൊലീസിൽ പോയ അമ്മയെ ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പിടീച്ചു, വിവാഹം കഴിച്ചുകൊള്ളാം എന്നു വാഗ്ദാനം നൽകി. സർക്കാർ ജീവനക്കാരനായ പ്രതി. പെണ്കുട്ടി പ്രായപൂർത്തി ആയപ്പോൾ അവൾ പരാതി നൽകി. പോക്‌സോ കേസെടുത്തു.

സെഷൻസ് കോർട്ട് മുൻകൂർ ജാമ്യം അനുവദിച്ചു. ഇര ഹൈക്കോടതിയെ സമീപിച്ചപ്പോൾ അത് റദ്ദാക്കി. അതിനെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചു.സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി ശരിയാണോ അല്ലയോ എന്ന് നോക്കേണ്ട ജോലിയാണ് സുപ്രീംകോടതിയുടെത്.

കേസിൽ ജാമ്യഹരജി കേൾക്കവേ, 'നിങ്ങൾക്കവളെ വിവാഹം കഴിക്കാമോ' എന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. 'ഞങ്ങൾ പറഞ്ഞതുകൊണ്ടാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എന്നു നാളെ നിങ്ങൾ പറയും. അത് വേണ്ട, ഞങ്ങൾ നിർബന്ധിക്കുകയല്ല' ചീഫ് ജസ്റ്റിസ് പറഞ്ഞു.
'അറസ്റ്റ് ചെയ്താൽ പ്രതിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യും' - വക്കീൽ.

'ഒരു മൈനർ പെൺകുട്ടിയെ ബലാൽസംഗം ചെയ്യുമ്പോ ഓർക്കണമായിരുന്നു ജോലി ഉണ്ടെന്ന്' - ചീഫ് ജസ്റ്റിസ്.

'നേരത്തേ വിവാഹം കഴിക്കാൻ തയാറായിരുന്നു. ഇര സമ്മതിച്ചില്ല.

അതുകൊണ്ട് പ്രതി വേറെ വിവാഹം കഴിച്ചു' - വക്കീൽ.

4 ആഴ്ചത്തേയ്ക്ക് അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിട്ടു. ഇനി പ്രതിക്ക് ജാമ്യഹരജി നൽകാം. ചോദ്യം ചെയ്യാനോ തെളിവെടുക്കാനോ പൊലീസിന്റെ കയ്യിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്ന കാര്യം സംശയമാണ്. ആ കേസ് ഒരു തീരുമാനമാകും.

Bar & Bench ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ കോർട്ട് റിപ്പോർട്ടിങ് മാധ്യമങ്ങളിൽ വന്ന വാർത്തയിലെ വിവരങ്ങളാണ്. ഇത് ശരിയാണെന്ന് വിശ്വസിച്ചാണ് ബാക്കി പറയുന്നത്.സത്യമാണെങ്കിൽ, ഇത്തരം ജഡ്ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല.വക്കീലല്ലേ, ആ വിധിയെ അതിന്റെ മെറിറ്റിൽ അല്ലേ വിമർശിക്കേണ്ടത് എന്നൊക്കെ സഹപ്രവർത്തകർ ചോദിച്ചേക്കാം. ക്ഷമിക്കണം, ഇക്കാര്യത്തിൽ എനിക്കങ്ങനെ തോന്നുന്നില്ല.

പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? വിവാഹം ചെയ്താൽ ചെയ്ത കുറ്റം ഇല്ലാതാകുമോ? ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ ആ ഇരയുടെ വിവാഹ ദല്ലാൾപ്പണി ഏല്പിച്ചിട്ടുണ്ടോ? റേപ്പ് കേസിൽ വിവാഹം എങ്ങനെയാണ് ഓപ്ഷനായി വരുന്നത്? ഏത് നിയമം?

18 തികഞ്ഞ യുവതി ആയിരുന്നെങ്കിൽ Consent ഉണ്ടായിരുന്നു എന്ന് വാദത്തിനെങ്കിലും സമ്മതിക്കമായിരുന്നു. ഇത് 16 വയസുള്ള പെൺകുട്ടിയാണ്. സമ്മതം കൊടുക്കാനുള്ള പ്രായം പോലുമായിട്ടില്ല. ഈ കാരണങ്ങളാൽ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവ് 'അട്രോഷ്യസ്' എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതിൽ എന്ത് തെറ്റുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്?

അധികാരത്തിന്റെ ആനപ്പുറത്ത് ഇരിക്കുമ്പോൾ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം അല്ലാതെ മറ്റെന്താണ് ഇത്? തോന്നിയവാസം അല്ലാതെ മറ്റെന്താണിത്? മൈ ലോഡ്,
നിങ്ങൾ ജാമ്യം കൊടുക്കുകയോ റദ്ദാക്കുകയോ ഒക്കെ ചെയ്‌തോളൂ, വിധിയിൽ അതിന്റെ കാരണങ്ങൾ എഴുതി വെയ്ക്കൂ. അല്ലാതെ റേപ്പിസ്റ്റിനു ഇരയെ വിവാഹം കഴിക്കാനുള്ള ഓപ്ഷൻ വെയ്ക്കാൻ നിങ്ങളാരാണ്? റേപ്പ് വിക്ടിമിന്റെ സെക്ഷ്വൽ ഏജൻസി സുപ്രീംകോടതിക്കാണോ?

Shame on you, Mr.Chief Justice.

ഇത് പറയുന്നതിന്റെ പേരിൽ എന്നെ കോടതിയലക്ഷ്യം എടുത്ത് കഴുവേറ്റാൻ വിധിക്കുകയാണെങ്കിൽ മൈ ലോഡ്, അങ്ങോട്ടു വിളിപ്പിക്കൂ. ബാക്കി നേരിൽ മുഖത്ത് നോക്കി പറയാം. സന്നദ് പോയാലും ഈ രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കുന്നവരുടെ മുന്നിൽ മുട്ടിലിഴയാൻ ഉദ്ദേശിച്ചിട്ടില്ല. ആവർത്തിക്കുന്നു, ഇങ്ങനെ പോയാൽ ഇത്തരം ജഡ്ജിമാരെ ജനം തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP