Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ; യോഗ്യത നേടിയത് ഏഴാം സ്ഥാനക്കാരായി; പരുക്കേറ്റ സഞ്ജു പുറത്ത്; പേസർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി; ക്വാർട്ടർ പോരാട്ടം എട്ട് മുതൽ ഡൽഹിയിൽ

വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ; യോഗ്യത നേടിയത് ഏഴാം സ്ഥാനക്കാരായി; പരുക്കേറ്റ സഞ്ജു പുറത്ത്; പേസർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി; ക്വാർട്ടർ പോരാട്ടം എട്ട് മുതൽ ഡൽഹിയിൽ

സ്പോർട്സ് ഡെസ്ക്

കൊച്ചി: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് മത്സരങ്ങളിൽ നേടിയ നാല് ജയത്തോടെ ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ഇന്ന് അവസാനിച്ചതോടെയാണ് ക്വാർട്ടർ ലൈനപ്പ് വ്യക്തമായത്.

ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക. അതേസമയം, ക്വാർട്ടറിൽ കടന്ന കേരളത്തിന് തിരിച്ചടിയായ സഞ്ജു സാംസൺ പരുക്കേറ്റ് ടീമിനു പുറത്തായി. ഇതോടെ ക്വാർട്ടർ മത്സരങ്ങൾക്കുള്ള ടീമിൽ പകരക്കാരനായ പേസ് ബോളർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി.

അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കർണാടകയും മുംബൈയും സൗരാഷ്ട്രയും ക്വാർട്ടറിലെത്തിയപ്പോൾ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തർപ്രദേശും ക്വാർട്ടർ ബർത്തുറപ്പിച്ചത്.

ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഇന്ന് ഡൽഹിക്ക് അതിവേഗം ജയിക്കാനാവാഞ്ഞതും കേരളത്തിന് തുണയായി. രാജസ്ഥാൻ ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഡൽഹിക്ക് 44.4 ഓവർ എടുക്കേണ്ടിവന്നത് നെറ്റ് റൺറേറ്റിൽ കേരളത്തിന് അനുകൂലമായി. ക്വാർട്ടറിലെ അവസാന സ്ഥാനത്തിനായി പ്ലേറ്റ് ഗ്രൂപ്പിൽ ഒന്നാമതെത്തിയ ഉത്തരാഖണ്ഡുമായി ഡൽഹി ഏറ്റുമുട്ടും.

തിങ്കളാഴ്ച നടന്ന ഡൽഹി രാജസ്ഥാൻ മത്സര ഫലമനുസരിച്ചായിരുന്നു കേരളത്തിന്റെ മുന്നേറ്റ സാധ്യതകൾ. ഡൽഹി രാജസ്ഥാനെ എട്ടു വിക്കറ്റിനു തോൽപ്പിച്ചെങ്കിലും റൺറേറ്റിൽ പിന്നിലായതാണ് കേരളത്തിന് അനുകൂലമായത്. ബറോഡയെ പിന്തുള്ളി ഡൽഹി പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളുമായി എലിമിനേറ്റർ കളിക്കാൻ യോഗ്യത നേടി. ഇരു ടീമുകൾക്കും 16 പോയിന്റ് വീതമാണെങ്കിലും ഡൽഹിക്ക് +0.507 ആണ് റൺറേറ്റ്. ബറോഡയ്ക്ക് +0.399ഉം.

എലീറ്റ് ഗ്രൂപ്പ് സിയിൽ നിലവിലെ ചാംപ്യന്മാരായ കർണാടകയോട് ഒൻപതു വിക്കറ്റിനു തോറ്റെങ്കിലും ഒഡീഷ (മഴനിയമപ്രകാരം 34 റൺസിന്), ഉത്തർപ്രദേശ് (മൂന്നു വിക്കറ്റിന്), റെയിൽവേസ് (ഏഴു റൺസിന്), ബിഹാർ (ഒൻപതു വിക്കറ്റിന്) ടീമുകളെ തോൽപ്പിച്ചാണ് കേരളം 16 പോയിന്റുമായി ക്വാർട്ടറിലെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബിഹാറിനോട് ഏറ്റുമുട്ടിയ കേരളം ഇന്നലെ മികച്ച റൺറേറ്റിൽ ജയിച്ചു കയറിയിരുന്നു. ബിഹാർ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം കേരളം വെറും 53 പന്തുകളിൽ കേരളം മറികടന്നിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത കേരളത്തിനായി മുൻ ഇന്ത്യൻ താരവും ഓപ്പണറുമായി റോബിൻ ഉത്തപ്പയും വിഷ്ണു വിനോദും ക്യാപ്റ്റൻ സച്ചിൻ ബേബിയും സഞ്ജു സാംസണും മുഹമ്മദ് അസറുദ്ദീനുമെല്ലാം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുകൾ വീഴ്‌ത്തിയ ശ്രീശാന്തിന്റെ ബൗളിങ് മികവും കേരളത്തിന് അനുകൂല ഘടകമായി.

കേരള ടീം

സച്ചിൻ ബേബി (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റോബിൻ ഉത്തപ്പ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രൻ, വിനൂപ് എസ്. മനോഹരൻ, സിജോമോൻ ജോസഫ്, എസ്. മിഥുൻ, എൻ.പി. ബേസിൽ, എം. അരുൺ, എം.ഡി. നിധീഷ്, എംപി. ശ്രീരൂപ്, എസ്. ശ്രീശാന്ത്, എഫ്. ഫാനൂസ്, കെ.ജി. രോജിത്ത്, ബേസിൽ തമ്പി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP