Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോരാട്ടമികവിന്റെ 'കനൽ' കെടാതെ ശ്രീശാന്ത്; വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ വീഴ്‌ത്തിയത് 13 വിക്കറ്റ്; ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷിച്ചത് 2006ന് ശേഷമുള്ള അഞ്ച് വിക്കറ്റ് പ്രകടനത്തോടെ; ഒപ്പമുണ്ടായിരുന്നവർ കളം ഒഴിഞ്ഞിട്ടും കളി കാര്യമാക്കി മലയാളി താരം

പോരാട്ടമികവിന്റെ 'കനൽ' കെടാതെ ശ്രീശാന്ത്; വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ വീഴ്‌ത്തിയത് 13 വിക്കറ്റ്; ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷിച്ചത് 2006ന് ശേഷമുള്ള അഞ്ച് വിക്കറ്റ് പ്രകടനത്തോടെ; ഒപ്പമുണ്ടായിരുന്നവർ കളം ഒഴിഞ്ഞിട്ടും കളി കാര്യമാക്കി മലയാളി താരം

സ്പോർട്സ് ഡെസ്ക്

ബെംഗളുരു: വിലക്കിനു ശേഷമുള്ള തിരിച്ചുവരവിൽ മിന്നും പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് മലയാളി താരം ശ്രീശാന്ത്. ഏഴ് വർഷത്തോളം തന്നെ കളിക്കളത്തിന് പുറത്ത് നിർത്തിയവരോടുള്ള മധുര പ്രതികാരം കൂടിയാണ് വിജയ് ഹസാരെ ട്രോഫിയിൽ ഈ 38 കാരൻ പുറത്തെടുക്കുന്ന മികവുറ്റ പ്രകടനം.

അഞ്ച് കളിയിൽ നിന്നും ശ്രീശാന്ത് ഇതുവരെ നേടിയത് 13 വിക്കറ്റുകൾ. അതിൽ ഉത്തർ പ്രദേശിനെതിരെ പുറത്തെടുത്ത അഞ്ച് വിക്കറ്റ് പ്രകടനവും ബിഹാറിനെതിരായ നാല് വിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു.

65 റൺസ് വഴങ്ങിയാണ് കരുത്തരായ യു പി ബാറ്റിങ് നിരയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്തതെങ്കിൽ 30 റൺസ് മാത്രം വഴങ്ങിയാണ് ബിഹാറിന്റെ നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്.

അതും ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരെ രണ്ടുപേരെയും മടക്കി ശ്രീശാന്ത് ബീഹാറിനെ ഞെട്ടിച്ചു.തുടർന്നങ്ങോട്ട് ശ്രീശാന്തിന്റെ ബിഹാറിനെ വരിഞ്ഞുമുറുക്കി. രണ്ടാം ഓവറിൽ റൺസ് വഴങ്ങിയതൊഴിച്ചാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ശ്രീശാന്ത് ബീഹാറിനെ പിടിച്ചുകെട്ടി.


ഇതിൽ രണ്ട് മെയ്ഡൻ ഓവറുകളും ശ്രീശാന്ത് എറിഞ്ഞു. ഏഴു വർഷങ്ങൾക്കുശേഷം ക്രിക്കറ്റ് കളത്തിലേക്കുള്ള തിരിച്ചുവരവ് വെറുതെയല്ല എന്ന സൂചനയാണ് ബെംഗളൂരുവിലെ കെഎസ്സിഎ സ്റ്റേഡിയത്തിൽ മൂളിപ്പറന്ന ശ്രീയുടെ 'തീപാറുന്ന' പന്തുകൾ നൽകുന്നത്.

2006നു ശേഷം ആദ്യമായാണ് ശ്രീശാന്ത് ലിസ്റ്റ് എ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്. രാജ്യാന്തര മത്സരങ്ങളിൽ നാലു തവണയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ടെസ്റ്റിൽ മൂന്നു തവണയും ഏകദിനത്തിൽ ഒരു തവണയും. ഇതിൽ കരിയർ ബെസ്റ്റ് പെർഫോമൻസായ ഇംഗ്ലണ്ടിനെതിരെയുള്ള ആറ് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.

2006 ഏപ്രിൽ 15ന് ഇൻഡോറിൽ നടന്ന ഏകദിനത്തിലാണ് ശ്രീശാന്ത്, 55 റൺസ് വിട്ടുകൊടുത്ത് ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് കൊയ്തത്. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ഇതായിരുന്നു. പിന്നീട് അതേവർഷംതന്നെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലും 2009, 2011 വർഷങ്ങളിൽ യഥാക്രമം ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ടെസ്റ്റിലും ശ്രീശാന്ത് 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

അഞ്ച് മത്സരങ്ങളിൽ നിന്നും 13 വിക്കറ്റുകളുമായി നിലവിൽ വിക്കറ്റ് വേട്ടയിൽ നാലാം സ്ഥാനത്താണ് ശ്രീശാന്ത്. 18 വിക്കറ്റുകൾ വീഴ്‌ത്തിയ ഉത്തർപ്രദേശിന്റെ ഇടംകൈയൻ സ്പിന്നർ ശിവം ശർമയാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത്. ബിഹാറിനെതിരെ 31 റൺസ് വഴങ്ങി ശിവം ശർമ ഏഴ് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. കൂടാതെ ഒഡീഷയ്‌ക്കെതിരെ 22 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടി ഈ ഇടംകൈയൻ സ്പിന്നർ. 15 വിക്കറ്റ് വീഴ്‌ത്തിയ ഗുജറാത്ത് താരം അർസൻ നഗസ് വാലയാണ് രണ്ടാമത്. 14 വിക്കറ്റുമായി പഞ്ചാബ് താരം സിദ്ദാർത്ഥ് കൗൾ മൂന്നാം സ്ഥാനത്ത് തുടരുന്നു.

കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നും പ്രകടനം കാഴ്ചവച്ച കർണാടകയുടെ യുവ താരം പ്രസീദ് കൃഷ്ണ അഞ്ച് മത്സരങ്ങളിൽ നിന്നും പത്ത് വിക്കറ്റ് മാത്രമാണ് നേടിയിട്ടുള്ളത്. മുൻ ഇന്ത്യൻ താരം അഭിമന്യു മിഥുൻ നേടിയതാകട്ടെ എട്ട് വിക്കറ്റുകൾ മാത്രം.

മുംബൈയ്ക്കായി കളത്തിലിറങ്ങിയ ഷാർദൂൽ ഠാക്കൂർ മൂന്ന് മത്സരങ്ങളിൽ നിന്നും ഏഴ് വിക്കറ്റും നാഗലാന്റ് ടീമിൽ ചേക്കേറിയ സ്റ്റുവർട്ട് ബിന്നി നാല് മത്സരങ്ങളിൽ നിന്നും ഏഴ് വിക്കറ്റുമാണ് ഇതുവരെ നേടിയത്.

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ മുംബൈ വിളിച്ചെടുത്ത മുൻ ഇന്ത്യൻ താരം പിയുഷ് ചാവ്‌ല അഞ്ച് മത്സരങ്ങളിൽ നിന്നും ഇതുവരെ നേടിയത് ഏഴ് വിക്കറ്റുകൾ മാത്രമാണ്. ഇവരുടെ പ്രകടനങ്ങളുമായി വിലയിരുത്തുമ്പോഴാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ശ്രീശാന്ത് പ്രകടന മികവ് തിരിച്ചറിയാൻ സാധിക്കുക.

8 വർഷം കാത്തിരിക്കാമെങ്കിൽ ഇനിയുമാകാം. 38 വയസ്സേ ആയിട്ടുള്ളൂ. ഐപിഎലിൽ കളിക്കാൻ വിധിച്ചിട്ടുണ്ടെങ്കിൽ അടുത്ത സീസണിൽ അല്ലെങ്കിൽ അതിനടുത്തതിൽ നിശ്ചയമായും ഉണ്ടാകും. ആരുടെയും സഹതാപം വേണ്ട.' ഈ സീസണിലെ ഐപിഎൽ താരലേലത്തിനുള്ള അന്തിമപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇത് വെറുംവാക്കല്ലെന്ന് വ്യക്തമാക്കുന്നതാണ് വിജയ് ഹസാരെ ട്രോഫിയിൽ പുറത്തെടുക്കുന്ന മിന്നും പ്രകടനം.

ടൂർണമെന്റിൽ, ഒഡീഷയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ശ്രീ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.

ഐപിഎൽ താരലേലത്തിനുള്ള പ്രാഥമിക പട്ടികയിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുമായാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. എന്നാൽ രജിസ്റ്റർ ചെയ്ത 1114 താരങ്ങളിൽനിന്ന് 822 പേരെ ഒഴിവാക്കിയപ്പോൾ, അതിൽ ശ്രീശാന്തും പേരും ഉൾപ്പെട്ടു.

ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ടീമിൽ. അല്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പ് ടീമിൽ. ഇതു ലക്ഷ്യംവച്ചാണ് ശ്രീശാന്ത് കളത്തിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യൻ ടീം പ്രവേശത്തിനുള്ള പ്രധാന 'ജാലകമായ' ഐപിഎല്ലിൽ കളിക്കാൻ സാധിക്കാത്ത ശ്രീശാന്തിന് വലിയ നഷ്ടം തന്നെയാണ്. പക്ഷേ ആഭ്യന്തര മത്സരങ്ങളിൽ സ്ഥിരതയുള്ള പ്രകടനം പുറത്തെടുത്താൽ ദേശീയ ടീമിൽ ഇനിയും അവസരം ലഭിച്ചു കൂടായ്കയില്ല.

വെറുതെവന്നു 2 ഓവർ എറിഞ്ഞു വിരമിക്കാനില്ല എന്ന ശ്രീശാന്തിന്റെ വാക്കുകൾ എല്ലാ സ്പോർട്സ് താരങ്ങൾക്കും ഒരു പ്രചോദനംതന്നെയാണ്. ഒപ്പം കളിച്ചിരുന്ന പല പ്രമുഖ താരങ്ങളും വിരമിച്ച പ്രായത്തിൽ, ശ്രീശാന്തിന്റെ ഈ ആത്മവിശ്വാസം തീർച്ചയായും പോരാട്ട മികവിന്റെ കനൽ കെട്ടടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP