Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റിയാദ് ഇന്ത്യൻ മീഡിയാ ഫോറം കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തിൽ വെബിനാർ ഒരുക്കി

റിയാദ് ഇന്ത്യൻ മീഡിയാ ഫോറം കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തിൽ വെബിനാർ ഒരുക്കി

സ്വന്തം ലേഖകൻ

റിയാദ്: ചരിത്രത്തിൽ എല്ലാ അർത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാൻ കഴിയുന്നതെന്ന് മാധ്യമപ്രവർത്തകൻ ഷാജഹാൻ മാടമ്പാട്ട്. ലോക ജനതയെ മുഴുവൻ ഇതുപോലെ ബാധിച്ച മറ്റൊരു പ്രതിസന്ധി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യൻ മീഡിയാ ഫോറം സംഘടിപ്പിച്ച 'കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും' വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളവത്ക്കരണത്തെ തുടർന്ന് ലോകത്ത് തീവ്ര വലതുപക്ഷ ചിന്താഗതി ശക്തിപ്രാപിക്കുകയാണ്. ലോകക്രമത്തെ നിയന്ത്രിക്കുന്ന പല പ്രധാന രാജ്യങ്ങളും തീവ്ര വലതു നിലപാടുകളാണ് പുലർത്തുന്നത്. അതുകൊണ്ടുതന്നെ വംശീയ സംഘർഷങ്ങളും വർഗീയ ധ്രുവീകരണളും വർധിക്കുന്നു. ഇത്തരം ആശങ്കകൾക്കിടയിലാണ് ആഗോളവത്കൃത രോഗാണു പ്രത്യക്ഷപ്പെട്ടത്. ഇതോടെ സാംസ്‌കാരികവും ദേശീയവും ഭാഷാപരവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കി ലോകത്ത് ഏകതാനത സൃഷ്ടിക്കപ്പെട്ടു. ഇത് ആഗോളവത്ക്കരണത്തിന്റെ രസകരമായ വിപരീതാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കാലത്ത് ആഗോള തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകൾ നിശ്ചിലമായി. ഇത് സാമ്പത്തിക മാന്ദ്യമല്ല. മറിച്ച് സാമ്പത്തിക പക്ഷാഘാതം ആണ്. കേരളം പ്രവാസി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കൾക്ക് ഗൾഫ് മലയാളികളുടെ പണം മാത്രമാണ് ആവശ്യം. രാഷ്ട്രീയ നേതൃത്വത്തോട് പ്രവാസികൾക്കുള്ള വിധേയത്വം മാറണമെന്നും ഷാജഹാൻ മാടമ്പാട്ട് പറഞ്ഞു

ഗൾഫ് തൊഴിൽ വിപണിയുടെ ഭാവി, കൊവിഡും സാമൂഹിക, സാസ്‌കാരിക മാറ്റങ്ങളും, ഗൾഫിലെ സാമ്പത്തിക മാന്ദ്യം; കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ എന്നീ വിഷയങ്ങളാണ് വെബിനാർ ചർച്ച ചെയ്തത്.

യാഥാർത്ഥ്യം തിരിച്ചറിയാൻ കോവിഡ് കാലം പ്രവാസികളെ പഠിപ്പിച്ചുവെന്ന് എം സി എ നാസർ (ദുബായ്) പറഞ്ഞു. ഇന്നലെവരെയുള്ള പ്രവാസം ഇനി ഉണ്ടാവില്ല. ഈ തിരിച്ചറിവ് പ്രവാസികൾക്ക് ഉണ്ടാവണം. ആഡംബരം ഒഴിവാക്കണം. വരുമാനവും ചെലവും ക്രമീകരിക്കാൻ പ്രവാസി കുടുംബങ്ങൾ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികൾ പ്രവാസികൾ മറികടന്നിട്ടുണ്ടെന്നും കോവിഡ്19 സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കുമെന്നും നിലവിലുള്ള സൗദിയിലെ സവിശേഷ സാഹചര്യങ്ങൾ അതിലേക്കാണ് സൂചനനൽകുന്നതെന്നും മുസാഫിർ (ജിദ്ദ) പറഞ്ഞു. അതേസമയം സാമ്പ്രാദായികമായ നമ്മുടെ സങ്കൽപ്പങ്ങളെ അടിമുടി അഴിച്ചു പണിയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാറുന്ന തൊഴിൽ സാഹചര്യത്തിനനുസരിച്ച് തൊഴിൽ നൈപുണ്യം കൈവരിച്ചാൽ മാത്രമേ തൊഴിൽ വിപണിയിൽ നിലനിൽക്കാൻ കഴിയുകയുള്ളുവെന്ന് അനസ് യാസീൻ (ബഹ്റൈൻ) പറഞ്ഞു.

നസറുദ്ദീൻ വി ജെ മോഡറേറ്ററായിരുന്നു. റിംഫ് ഈവന്റ് കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുലൈമാൻ ഊരകം, ജനറൽ സെക്രട്ടറി നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു. ജയൻ കൊടുങ്ങല്ലൂർ, അഷ്റഫ് വേങ്ങാട്ട്, ഡോ മുബാറക് സാനി, അഷ്റഫ് വടക്കേവിള, മൈമൂന അബ്ബാസ്, ഡോ ജയചന്ദ്രൻ, നാസർ കാരന്തൂർ, കനകലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP