തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുഴുവൻ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോപണങ്ങളിൽ വ്യക്തത വരുന്നതുവരെ മുഖ്യമന്ത്രി മാറിനിൽക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകൻ ഷാജ് കിരൺ പൊലീസ് അയച്ച ഇടനിലക്കാരൻ ആയിരുന്നോയെന്ന് സതീശൻ ചോദിച്ചു.' സ്വപ്നയുടെ അടുത്തേക്ക് ദൂതനായി ഷാജ് കിരണിനെ വിട്ടത് പൊലീസ് ആയിരുന്നോ? ഇതിലൊക്കെ വേണ്ടാത്തതു നടന്നിട്ടുണ്ട്. വഴിവിട്ട രീതിയിൽ സർക്കാരും സിപിഎമ്മും പ്രവർത്തിച്ചിട്ടുണ്ട്.' മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഷാജ് കിരൺ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് സതീശന്റെ പ്രതികരണം.

സമരം ചെയ്ത് മുഖ്യമന്ത്രിയെ രാജി വയ്‌പ്പിക്കാൻ പറ്റില്ലെന്നാണ് കോടിയേരി പറയുന്നതെങ്കിൽ പണ്ട് തിരുവനന്തപുരം നഗരം മുഴുവൻ വൃത്തികേടാക്കി സിപിഎം സമരം ചെയ്തത് എന്തിനാണെന്ന് വി ഡി സതീശൻ ചോദിച്ചു. എന്നാൽ മുഖ്യമന്ത്രി പേടിക്കേണ്ടതില്ല. ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞതുപോലെ പിണറായിയെ കോൺഗ്രസുകാർ കല്ലെറിയില്ലെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കാത്തത് ബിജെപി-സിപിഎം ധാരണമൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വപ്ന സുരേഷിനെതിരെ സർക്കാരും സിപിഎമ്മും കോടതിയുടെ വരാന്തയിൽ പോലും നിൽക്കാത്ത കേസ് ചുമത്തി അന്വേഷണത്തിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ 12 അംഗ സംഘത്തെ നിയോഗിച്ചത് കേട്ടുകേൾവിയില്ലാത്തതാണ്. മറ്റൊരു പ്രതിയെ ഗുണ്ടകളെ പോലെ പൊലീസ് തട്ടിക്കൊണ്ട് പോയി ഫോൺ പിടിച്ചെടുത്തു. ഹൈക്കോടതി നിയമവിരുദ്ധമെന്നു പറഞ്ഞ കമ്മീഷന്റെ കാലാവധി നീട്ടിനൽകി. ഇതിനൊക്കെ പിന്നാലെയാണ് മൊഴിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരൻ സ്വപ്നയുമായി സംസാരിക്കുന്നത്.

അയാളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ചില ഏജൻസികൾ വഴി പണമിടപാട് ഉണ്ടെന്ന് അയാൾ പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. സ്വപ്ന നൽകിയിരിക്കുന്ന കുറ്റസമ്മത മൊഴിക്കെതിരെ സർക്കാരിന് കോടതിയെ സമീപിക്കാം. മൊഴി തെറ്റാണെന്ന് തെളിഞ്ഞാൽ അവരെ ഏഴ് വർഷത്തേക്ക് ശിക്ഷിക്കും. എന്നിട്ടും കോടതിയിൽ പോകാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ അപകീർത്തികരമായ ആരോപണം വന്നാൽ സെഷൻസ് കോടതിയെ സമീപിക്കാം. അതിനും തയ്യാറായില്ലല്ലോ. ഇതൊന്നും ചെയ്യാതെയാണ് കോടതിയുടെ വരാന്തയിൽ പോലും നിൽക്കാത്ത കേസ് ചുമത്തി എ.ഡി.ജി.പിയെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. ഒത്തുതീർപ്പിന് സമീപിച്ചെന്ന് പ്രതിയായ സ്ത്രീ പറയുന്ന മുൻ മാധ്യമ പ്രവർത്തകൻ പൊലീസ് വിട്ട ഇടനിലക്കാരൻ ആയിരുന്നോ? അവർ സത്യം തുറന്ന് പറയാതിരിക്കാൻ വേണ്ടിയാണോ പഴയ മാധ്യമ പ്രവർത്തകനെ പൊലീസ് വിട്ടത്? വേണ്ടാത്തത് എന്തോ നടന്നിട്ടുണ്ട്. ഒത്തുതീർപ്പിനുള്ള ശ്രമം നടന്നിട്ടുണ്ട്. നിയമം കയ്യിലെടുത്ത് സർക്കാരും പാർട്ടിയും മുന്നോട്ട് പോകുകയാണ്. ഈ മൂന്ന് കാര്യങ്ങൾക്കും ഉത്തരം പറയാതെ പ്രതിപക്ഷത്തിന്റെ പാപ്പരത്തമെന്നല്ല കോടിയേരി പറയേണ്ടത്.

സ്വർണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെ കുറ്റസമ്മത മൊഴിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസും യു.ഡി.എഫും സമരം ചെയ്യുന്നത്. തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും പരാതി എഴുതി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ട പിണറായി വിജയന് യു.ഡി.എഫ് സമരം ചെയ്യുമ്പോൾ വിഷമം വരുന്നത് എന്തിനാണ്?

പണ്ട് സെക്രട്ടേറിയറ്റ് വളയുകയും കേരളം മുഴുവൻ സമരം നടത്തുകയും ചെയ്ത ആളല്ലേ പിണറായി. അന്ന് അദ്ദേഹം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണമെന്നാണ് ഉമ്മൻ ചാണ്ടിയോട് പറഞ്ഞത്. പണ്ട് പിണറായി പറഞ്ഞ അതേ വാചകം യു.ഡി.എഫും ആവർത്തിക്കുന്നു. മൊഴി സംബന്ധിച്ച് അന്വേഷണം നടത്താനും മുഖ്യമന്ത്രി കസേരയിൽ നിന്നും മാറി നിൽക്കാനും പിണറായി തയാറാകണം. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.

സിപിഎമ്മിലെ ഒരാളും ഇക്കാര്യത്തിൽ മറുപടി പറയാൻ പോലും തയാറായിട്ടില്ല. നേരത്തെ ആരോപണം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തതെന്ന് ബിജെപി നേതാക്കൾ വിശദീകരിക്കണം. നേരത്തെയും രഹസ്യമൊഴി വന്നതിന് പിന്നാലെ സിപിഎമ്മും ബിജെപിയും ചേർന്ന് അന്വേഷണം അട്ടിമറിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിയായ സ്ത്രീയുടെ വെളിപ്പെടുത്തൽ വരുന്നത് അറിഞ്ഞപ്പോൾ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ ഒരു വർഷത്തിന് ശേഷം ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്തു. ഇനി ഈ രണ്ട് കേസുകളിലും ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കും. കുഴൽപ്പണ കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും സെറ്റിൽ ചെയ്തത് പോലെ ഈ കേസുകളും ഒത്തുതീർപ്പാക്കും. ഓഡിയോയുടെ സത്യസന്ധത സംബന്ധിച്ചും അന്വേഷിക്കണം. ഒരു കേന്ദ്ര ഏജൻസിയെയും യു.ഡി.എഫിന് വിശ്വാസമില്ല. അതുകൊണ്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം -സതീശൻ ആവശ്യപ്പെട്ടു.