മലപ്പുറം: കെ.എം ഷാജിക്കെതിരെ വിജിലൻസിനെ ഉപയോഗപ്പെടുത്തി ഇടത് ഭരണകൂടം നടത്തുന്ന പ്രതികാര നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരവും രാഷ്രീയവുമായി ഇതിനെ ചെറുക്കുമെന്നും മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്നു മലപ്പുറത്തു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കെ.എം. ഷാജിക്ക് പൂർണ പിന്തുണ നൽകാനും നിയമപരമായ സഹായം നൽകാനും മുസ്ലിംലീഗ് തീരുമാനിച്ചത്.

അതോടൊപ്പം പരിശുദ്ധ റമസാനിലെ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും റമസാൻ റിലീഫ് പ്രവർത്തനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണമെന്നും യോഗം പ്രവർത്തകരോട് അഭ്യർത്ഥിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് പൊതുപരിപാടികൾ ഒഴിവാക്കണം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അർഹമായവർക്ക് സഹായമെത്തിച്ചു കൊടുക്കാൻ അതാത് പ്രദേശങ്ങളിലെ കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പി.കെ കുഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എംപി, അബ്ദുസമദ് സമദാനി, ഡോ. എം.കെ. മുനീർ, കെ.പി.എ മജീദ് സംബന്ധിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു.