തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ നിയന്ത്രണം മുഴുവൻ കണ്ണൂരിലാണെന്ന വാദത്തെ ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് എ എൻ ഷംസീറിന്റെ സ്പീക്കർ പദവി.ഇതിനോടകം നിരവധി മന്ത്രിമാരൊക്കെ കണ്ണൂരിൽ നിന്നും ഉണ്ടായിരുന്നെങ്കിലും സ്്പീക്കർ പദവി ഇല്ലായിരുന്നു.ആ കുറവ് കൂടി നികത്തുന്നതാണ് ഷംസീറിന്റെ സ്ഥാനാരോഹണം.എം വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായി പ്രഖ്യാപനം വന്നതിന് ശേഷം മാധ്യമപ്രവർകരുടെ കണ്ണൂർ അധികാരത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ഞങ്ങളൊക്കെ കണ്ണൂർ വിട്ട് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളെത്രയായി എന്നായിരുന്നു.

സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ നേതാക്കളുടെയൊക്കെ അടിത്തറ ഇപ്പോഴും കണ്ണൂർ തന്നെയാണ്.ഇപ്പോൾ സ്പീക്കർ പദവി കൂടി എത്തുന്നതോടെ കണ്ണൂർ ജില്ലയ്ക്ക് സംസ്ഥാന ഭരണത്തിലും പാർട്ടിയിലും കരുത്ത് വർധിക്കുകയാണ്.മന്ത്രിസ്ഥാനമൊഴിഞ്ഞ് എം വി ഗോവിന്ദൻ സെക്രട്ടറിയായതിന് പിന്നാലെ സഭാധ്യക്ഷ സ്ഥാനത്തേക്ക് കൂടി കണ്ണൂർ ജില്ലയിൽ നിന്ന് ഒരാളെത്തുമ്പോൾ ഫലത്തിൽ കേരള ഭരണത്തിന്റെയും പാർട്ടിയുടെയും കടിഞ്ഞാൺ കണ്ണൂരിനാണെന്ന പരോക്ഷ പ്രഖ്യാപനം കൂടിയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ, ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ എന്നിവരെല്ലാം കണ്ണൂരിൽ നിന്നുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടിയുടെ രാഷ്ട്രീയതലസ്ഥാനമായ കണ്ണൂരിനാണ് പ്രാമുഖ്യം.എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. മോശം പ്രകടനത്തിന്റെ പേരിൽ പഴികേട്ട ഏതാനും മന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭ മുഖം മിനുക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പാർട്ടി നേതൃത്വം അതെല്ലാം തള്ളിക്കഞ്ഞിരുന്നു.

എം വി ഗോവിന്ദന്റെ ഒഴിവ് മാത്രം നികത്തിയാൽ മതിയെന്നും സജി ചെറിയാൻ രാജിവെച്ച സ്ഥാനം ഒഴിച്ചിടാനുമായിരുന്നു പാർട്ടി തീരുമാനം.കണ്ണൂരിൽ നിന്നുള്ള എം.വി ഗോവിന്ദൻ ഒഴിയുമ്പോൾ പകരം മന്ത്രി കണ്ണൂരിൽ നിന്ന് തന്നെയാകുമെന്നായിരുന്നു കരുതിയിരുന്നത്. തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിന് നറുക്ക് വീണേക്കുമെന്നായിരുന്നു നിഗമനം. ഗോവിന്ദൻ രാജിവെച്ചതോടെ കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായിരുന്നു മന്ത്രിസഭയിലുണ്ടായിരുന്നത്.

കെ.കെ ശൈലജ ഒഴികെ ജില്ലയിലെ മറ്റ് സിപിഎം എംഎൽഎമാരെല്ലാം നിയമസഭയിൽ പുതുമുഖങ്ങളുമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനസമിതി അംഗമെന്ന നിലയിൽ ഷംസീർ മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് കരുതിയത്.വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ അഡ്വ.എ.എൻ.ഷംസീർ കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ബ്രണ്ണൻകോളേജിൽ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്.

തലശ്ശേരിയിൽനിന്ന് രണ്ടാം തവണയാണ് ഷംസീർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. 2016-ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021-ൽ 36,801 വോട്ടിന്റെ ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു.