കോട്ടയം: അന്തരിച്ച മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംസ്‌കരിച്ച കല്ലറയിലേക്കുള്ള ജനങ്ങളുടെ പ്രവാഹം തുടരുമ്പോൾ 'വിശുദ്ധ' ചർച്ചകളും സജീവമായിരിക്കയാണ്. ഉമ്മൻ ചാണ്ടിക്ക് വിശുദ്ധപദവി നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയ്യുന്നു. കോൺഗ്രസും ഈ വിഷയത്തിൽ തന്ത്രപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഉമ്മൻ ചാണ്ടി വികാരം ഉപതെരഞ്ഞെടുപ്പു സമയം വരെ നിലനിർത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താൻ അൽപ്പം അത്ഭുതവഴികളിൽ നീങ്ങാമെന്നാണ് കോൺഗ്രസിന്റെയും കണക്കു കൂട്ടൽ. ഇതിലെ അപകടം തിരിച്ചറിഞ്ഞ സിപിഎം മറുതന്ത്രങ്ങളുമായി രംഗത്തു വന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന വിധത്തിലാണ് വി ഡി സതീശൻ പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് കെ അനിൽകുമാർ രംഗത്തുവന്നു. വിഡി സതീശന്റെ ഈ നീക്കം പുതുപ്പള്ളിയെ അയോധ്യയാക്കാനാണെന്ന് അനിൽകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സൂത്രത്തിൽ ജയിക്കാനാണ് സതീശന്റെ നീക്കം. ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് സതീശനെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ അനിൽകുമാർ കുറ്റപ്പെടുത്തുന്നു.

'അടിയന്തിരാവസ്ഥക്കാലത്താണ് ഉമ്മൻ ചാണ്ടിയുടെ കീഴിലെ കോൺഗ്രസ്സ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്. കൊലയാളികൾക്കൊപ്പം നിന്ന ഒരാൾ എങ്ങനെ ഭൂമിയിലും സ്വർഗ്ഗത്തിലും അല്ലെങ്കിൽ നരകത്തിലും വിശുദ്ധനാകും. ഗ്രൂപ്പുവഴക്കിൽ ഇതേ പുതുപ്പള്ളിയിൽ ഒരു കോൺഗ്രസ്സ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാർ കൊന്നില്ലേ. പയ്യപ്പാടിയിൽ. കോൺഗ്രസ്സിനായി കൊല്ലപ്പെട്ട ഒരു കോൺഗ്രസ്സുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകർത്താവിന് എങ്ങനെ ലഭിക്കാനാണ്'.-അനിൽ കുമാർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

എറണാംകുളം ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിലാണ് സതീശൻ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണെമെന്ന പരാമർശം നടത്തിയത്. മതമേലധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിലെ പരാമർശം ചർച്ചയായിരുന്നു. അചഞ്ചലമായ ദൈവവിശ്വാസത്തിൽ അടിയുറച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഉമ്മൻ ചാണ്ടി കേരളത്തിന്റെ ജനമനസ്സിൽ വിശുദ്ധനാക്കപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു യോഗത്തിൽ സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ തനിക്കറിയില്ല. ഇക്കാര്യത്തിൽ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

ഓർത്തഡോക്സ് സഭാംഗമായിരുന്ന ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓർത്തഡോക്സ് സഭാനേതൃത്വത്തിൽ നിന്നാണെന്നായിരുന്നു പിന്നീടു സംസാരിച്ച മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ. എന്നാൽ, ഓർത്തഡോക്സ് സഭ അൽമായരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ സംഭവങ്ങൾ തനിക്കറിയില്ലെന്നും കർദിനാൾ വിശദീകരിച്ചു. ഇതിന്റെ സാധ്യതകൾ കുറവാണെന്ന വിലയിരുത്തലാണ് കർദിനാൾ പങ്കുവച്ചത്.

സ്നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ വാക്കുകൾ. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തിൽ അൽമായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കർദിനാൾ ആലഞ്ചേരിയുടെ പരാമർശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതായത് ഉമ്മൻ ചാണ്ടിയെ പരിശുദ്ധനാക്കാനുള്ള സാധ്യതയാണ് ഓർത്തഡോക്സ് സഭാ ഭദ്രാസനാധിപൻ വിശദീകരിക്കുന്നത്.

അതേസമയം, പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് കോൺഗ്രസ്. അഭിമാനകരമായ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ ജയിക്കണമെന്ന് വിഡി സതീശൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. 182 ബൂത്ത് കമ്മിറ്റികളുടെ യോഗം ഈ മാസം 23നകം ചേരാനാണ് തീരുമാനം. ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹത്തിന്റേയും ആദരവിന്റേയും പ്രതിഫലനം തെരഞ്ഞെടുപ്പിൽ കാണുമെന്ന് കെസി ജോസഫ് പറഞ്ഞു. ഏറ്റവും മികച്ച വിജയം പുതുപ്പള്ളിയിൽ കോൺഗ്രസിനുണ്ടാവും. തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.