കൊച്ചി: എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരു നൽകണമെന്ന് സിപിഎം ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ പ്രമേയം പാസാക്കിയത് വിവാദത്തിൽ. സിപിഎം ഭരിക്കുന്ന കോർപ്പറേഷനാണ് ഇത്തരമൊരു പ്രമേയം കൊണ്ടുവന്നത് എന്നതാണ് വിവാദമാകുന്നത്. പ്രമേയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. പേരുമാറ്റലിലെ ബിജെപി രീതി ഇടതുപക്ഷവും പിന്തുടരുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ചേർന്ന കോർപ്പറേഷൻ യോഗത്തിലാണ്, എറണാകുളം സൗത്ത് സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് ഇടണമെന്ന പ്രമേയം മുന്നോട്ടു വെച്ചത്. തീരുമാനം ഒറ്റക്കെട്ടായാണെന്നും, പ്രതിപക്ഷത്തിന് മാത്രമാണ് ആശയക്കുഴപ്പമെന്നും മേയർ അനിൽകുമാർ പറഞ്ഞു. എറണാകുളം റെയിൽവേ സ്റ്റേഷൻ നവീകരണം പുരോഗമിക്കുകയാണ്.

ഇതോടൊപ്പമാണ് പേരുകൂടി മാറ്റണമെന്ന നിർദ്ദേശം സിപിഎം ഭരിക്കുന്ന കൊച്ചി കോർപ്പറേഷൻ കൗൺസിൽ മുന്നോട്ടു വെച്ചത്. ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽവേ നിർമ്മാണം യാഥാർത്ഥ്യമാക്കിയത് രാജർഷി രാമവർമ്മൻ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റം നിർദേശിച്ചത്.

മധ്യകേരളത്തിലെ വികസനത്തിലെ പ്രധാന ചുവടുവെയ്പായിരുന്നു ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽവേ നിർമ്മാണം. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളിൽ 14 എണ്ണം വിറ്റു കിട്ടിയ തുക കൊണ്ടാണ് രാജർഷി രാമവർമ്മൻ ഷൊർണൂർ മുതൽ എറണാകുളം വരെയുള്ള റെയിൽപ്പാത നിർമ്മിച്ചതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവായ രാജർഷി രാമവർമ്മന്റെ പേരു നൽകണമെന്ന് കൊച്ചി കോർപ്പറേഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവേയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കേന്ദ്രസർക്കാരും റെയിൽവേയും അന്തിമ തീരുമാനമെടുക്കും.

അതേസമയം പ്രമേയത്തിനെതിരെ കോർപറേഷൻ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ രംഗത്തുവന്നു. മേയർ ഏകപക്ഷീയമായി പ്രമേയം പാസാക്കുകയായിരുന്നെന്നാണ് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. രാജർഷി രാമവർമന്റെ സംഭാവനകളെ അംഗീകരിക്കുന്നവരാണ് ഞങ്ങൾ. പുതിയൊരു പ്രൊജക്ടിന് അദ്ദേഹത്തിന്റെ പേര് നൽകാമല്ലോ. ലക്ഷക്കണക്കിന് ജനങ്ങൾ കാലങ്ങളായി ഉപയോഗിക്കുന്ന ഒരു സ്റ്റേഷന്റെ പേരുമാറ്റുന്നത് അനാവശ്യവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. അതിനെതിരേ ജനങ്ങൾ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. പേരുമാറ്റം സംബന്ധിച്ച എതിർപ്പ് കേന്ദ്രത്തെ അറിയിക്കും. ആവശ്യമെങ്കിൽ നിയമത്തിന്റെ മാർഗവും സ്വീകരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. പേരുമാറ്റ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ ഇന്നും ആവർത്തിച്ചിരിക്കുന്നത്.