Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

മെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; നിർണ്ണായക പ്രഖ്യാപനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; ഇ ശ്രീധരനെ പരിഗണിക്കുന്നത് തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലേക്ക്; തന്റെ മികവ് ബിജെപിക്ക് മുതൽക്കൂട്ടാവുമെന്ന് ശ്രീധരൻ

മെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; നിർണ്ണായക പ്രഖ്യാപനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; ഇ ശ്രീധരനെ പരിഗണിക്കുന്നത് തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലേക്ക്; തന്റെ മികവ് ബിജെപിക്ക് മുതൽക്കൂട്ടാവുമെന്ന് ശ്രീധരൻ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാർട്ടി പൂർണമായി തയ്യാറെടുത്തെന്നും സുരേന്ദ്രൻ പറഞ്ഞു.

പതിനെട്ടു മാസം കൊണ്ടു പൂർത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനർനിർമ്മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ഈ വികസന മാതൃകയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പതിന്മടങ്ങ് ശക്തിയിൽ കേരളത്തിൽ പ്രാവർത്തികമാക്കാൻ ഈ ശ്രീധരന്റെ നേതൃത്വത്തിൽ എൻഡിഎയ്ക്കു കഴിയുമെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്നും സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ഡിഎംആർസി ഉപദേഷ്ടാവെന്ന പദവിയിൽ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്.

വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എൺപത്തിയെട്ടുകാരനായ ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്.

ഡിജിറ്റൽ ഏജിൽ ഡിജിറ്റൽ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്നാണ് ഇ ശ്രീധരൻ വ്യക്തമാക്കിയത്. ബിജെപി കേരളത്തിൽ അധികാരത്തിൽ വരുമെന്നും ഇ ശ്രീധരൻ അവകാശപ്പെട്ടു. തന്റെ വിശ്വാസ്യത തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. നാട്ടിൽ നിന്ന് അധികദൂരത്താകരുത്. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല താൻ നടത്തുക. രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവർത്തനം. ശരീരത്തിന്റെ പ്രായമല്ല, മനസ്സിന്റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.

ഡിഎംആസിയിൽ 26 വർഷത്തിലേറെ നീണ്ട് നിന്ന ഔദ്യോഗിക ജീവിതത്തിനാണ് ഇന്ന് പാലാരിവട്ടം പാലം അറ്റകുറ്റപ്പണിയിലൂടെ ഇ ശ്രീധരൻ വിരാമമിട്ടത്. ഈ പാലവും തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമാകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എഞ്ചിനിയറിങ് വിസ്മയമായ പാമ്പൻ പാലത്തിന്റെ പുനർ നിർമ്മാണം, കൊങ്കൺ റെയിൽവെ, ഡൽഹി മെട്രോ, കൊച്ചി മെട്രോ അടക്കം നിരവധി പദ്ധതികളുടെ അമരത്ത് ഇ ശ്രീധരനുണ്ടായിരുന്നു.

2011-ൽ സർവ്വീസിൽ നിന്ന് വിരമിച്ചെങ്കിലും ഡിഎംആർസി മുഖ്യ ഉപദേഷ്ടാവായി തുടരുകയായിരുന്നു. പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ സർക്കാർ ചുമതല നൽകിയത് കഴിഞ്ഞ വർഷം. 9 മാസത്തെ കാലവധിയുണ്ടായിരുന്നെങ്കിലും 5 മാസവും 10 ദിവസവും കൊണ്ട് പാലം പണി പൂർത്തിയാക്കി ഡിഎംആർസിയിലെ അവസാന ജോലിയും കേരളത്തിന് പുതിയ അനുഭവമാക്കി അദ്ദേഹം.

അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിലെ ഈ കഴിവ് പുതിയ മേഖലയിൽ അദ്ദേഹത്തിന് ഉപയോഗപ്പെടുത്താനാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP