മോസ്‌കോ:യുക്രെയിനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. ഉക്രെയിന് 20 കിലോമീറ്റർ അകലെ റഷ്യ സൈനികവിന്യാസം നടത്തുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തു വന്നിരുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള സൈനികവിന്യാസത്തിന്റെ ചിത്രങ്ങൾ യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്‌സർ ടെക്നോളജീസാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഉക്രെയിനിലേക്ക് പടയൊരുക്കത്തിന് റഷന്യൻ പ്രസിഡന്റ് വ്‌ളാടിമർ പുട്ടിൻ ഉത്തരവിട്ടത്. ഉക്രൈൻ അതിർത്തിയോടു ചേർന്ന് തെക്കൻ ബെലാറസിലെയും പടിഞ്ഞാറൻ റഷ്യയിലെയും വിവിധ പ്രദേശങ്ങളിലാണ് സൈനികവിന്യാസം. ഇവിടേക്ക് റഷ്യൻ സൈന്യം ഉടൻ ഇരച്ചു കയറും.

യുക്രെയിനെ പിടിച്ചടുക്കൽ അല്ല ലക്ഷ്യമെന്നും അവിടെ നിരായുധീകരണമാണ് ഉദ്ദേശമെന്നും പുട്ടിൻ പറയുന്നു. ഉക്രെയിൻ സൈന്യത്തോട് ആയുധം വച്ച് കീഴടങ്ങണമെന്നാണ് നിർദ്ദേശം. ലോക രാജ്യങ്ങളുടെ ഉപരോധ ഭീഷണിയേയും റഷ്യ കാര്യമാക്കുന്നില്ല. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുട്ടിൻ യുദ്ധ പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ അതിർത്തി സുരക്ഷിതമാക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് പുട്ടിൻ വിശദീകരിക്കുന്നു. പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഉക്രെയിൻ നഗരമായ കീവിൽ പൊട്ടിത്തെറിയും ഉണ്ടായി. പല ഇടത്തും സംഘർഷം തുടങ്ങിയെന്നും സൂചനയുണ്ട്. ഉക്രെയിന് മേൽ വ്യോമാക്രമണം റഷ്യ തുടങ്ങിയെന്നാണ് റിപ്പോർട്ട്.

സ്‌ഫോടനങ്ങളുടെ ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറൻ ബെലാറസിലെ ബെൽഗോറോദിലെ സൈനികപാളയത്തിൽ ആശുപത്രിയുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. കൂടുതൽ സൈനികരും ആയുധങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും ചിത്രങ്ങൾ തെളിയിക്കുന്നു. തെക്കൻ ബെലാറസിലെ മസിറിലെ വ്യോമപരിധിയിൽ നൂറിലേറെ വാഹനങ്ങളും ഒട്ടേറെ സൈനിക ടെന്റുകളും കണ്ടെത്തിയിട്ടുണ്ട്. യുക്രൈൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. പടിഞ്ഞാറൻ റഷ്യയിലെ പോചെപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതിനായി വലിയൊരു പ്രദേശവും സജ്ജമാക്കിയിട്ടുണ്ട്.

ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങൾ യുക്രെയിന് 40 കിലോമീറ്റർ ചുറ്റളവിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള യുക്രെയിൻ ശ്രമങ്ങളെ അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങൾ പിന്തുണച്ചാൽ അത് മൂന്നാം ലോക മഹായുദ്ധത്തിന് സാഹചര്യമൊരുക്കും. കിഴക്കൻ ഉുക്രെയ്ൻ മേഖലയിലെ വ്യോമാതിർത്തി അടച്ച് റഷ്യ മുൻ കരുതൽ എടുക്കുന്നു.

മേഖലയിൽ സിവിലിയൻ വിമാനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. മണിക്കൂറുകൾക്കുള്ളിൽ റഷ്യ യുക്രെയ്‌നിൽ ആക്രമണം നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. അതേ സമയം, സമാധാനത്തിനായി അപേക്ഷിച്ച് യുക്രെയ്ൻ പ്രസിഡന്റ്. ചർച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിനോട് അദ്ദേഹം സഹായം അഭ്യർത്ഥിച്ചു. പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി ചേർന്നു. റഷ്യയെ പ്രതിരോധിക്കാനാണ് തീരുമാനം. അതിനിടെ റഷ്യയുമായുള്ള നയതന്ത്രബന്ധം പൂർണമായി വിഛേദിച്ച ഉക്രെയ്ൻ, രാജ്യത്ത് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുള്ള പൗരന്മാരോട് ഉടൻ നാട്ടിലേക്കു മടങ്ങാനും നിർദ്ദേശിച്ചു.

സ്വതന്ത്രരാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രെയ്‌നിലെ കിഴക്കൻ വിമത മേഖലകളായ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് എന്നിവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിന് റഷ്യൻ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു. ഉക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള തെക്കൻ ബെലാറൂസ്, പടിഞ്ഞാറൻ റഷ്യയുടെ വിവിധ മേഖലകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറിനിടെ വൻതോതിൽ സൈനികനീക്കം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് ഉപഗ്രഹ ഇമേജിങ് കമ്പനി പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്. തെക്കൻ ബെലാറൂസിലെ മൊസൈറിൽ നൂറുകണക്കിന് സൈനിക വാഹനങ്ങളും ടെന്റുകളും ദൃശ്യമാണ്. ഒന്നര ലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ഉക്രെനിലെ റഷ്യൻ അധിനിവേശത്തിന് ഉപരോധത്തിലൂടെയാണ് രാജ്യങ്ങൾ മറുപടി നൽകുന്നത്. കൂടുതൽ രാജ്യങ്ങൾ ഉപരോധവുമായി രംഗത്തെത്തി. ജപ്പാൻ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് പുതുതായി ഉപരോധം ഏർപ്പെടുത്തിയത്. റഷ്യയ്ക്കും ഡോൺട്‌സ്‌ക്, ലുഹാൻസ്‌ക് വിമത മേഖലകൾക്കുമെതിരേ ജപ്പാൻ ഉപരോധം പ്രഖ്യാപിച്ചു. റഷ്യൻ സർക്കാരിന്റെ ബോണ്ടുകളുടെ കൊടുക്കലിനും വാങ്ങലിനും ജപ്പാനിൽ വിലക്കേർപ്പെടുത്തി. വിമത മേഖലകളുമായുള്ള വ്യാപാരബന്ധത്തിന് വിലക്കേർപ്പെടുത്തിയതായും ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡ പറഞ്ഞു.

കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്നും റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും കാനഡ വ്യക്തമാക്കി. നാറ്റോയുടെ സൈനികശക്തി വർധിപ്പിക്കാൻ ലാത്വിയക്കു സമീപം 460 സൈനികരെക്കൂടി വിന്യസിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. റഷ്യൻ സുരക്ഷാ കൗൺസിലിലെ എട്ടു അംഗങ്ങൾക്ക് ഓസ്‌ട്രേലിയ ഉപരോധവും യാത്രാവിലക്കും ഏർപ്പെടുത്തി.

പ്രശ്‌നപരിഹാരത്തിന് ചർച്ചകൾക്ക് തയ്യാറാകണമെന്ന് റഷ്യൻ സ്ഥാനപതി ജോർജി സുയേവിനെ വിളിച്ചുവരുത്തി ന്യൂസീലൻഡ് ആവശ്യപ്പെട്ടു. അതേസമയം, ഉപരോധങ്ങളെ എതിർത്ത് ചൈന രംഗത്തെത്തി. ഉപരോധം പ്രശ്‌നം പരിഹരിക്കാനുള്ള മാർഗമല്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുൻ യിങ് പറഞ്ഞു. റഷ്യൻ അതിർത്തിക്കു സമീപം സൈന്യത്തെ വിന്യസിച്ച നാറ്റോയുടെയും യു.എസിന്റെയും നടപടിയെ അവർ വിമർശിച്ചു.

അതിനിടെ പ്രശ്‌നത്തിൽ നയതന്ത്രപരിഹാരത്തിനായി ചർച്ചകൾക്കു തയ്യാറാണെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡന്റ് രംഗത്തു വന്നു. എന്നാൽ റഷ്യൻ താത്പര്യങ്ങളിൽ വിലപേശലുകൾക്കില്ലെന്നും പുട്ടിൻ വ്യക്തമാക്കി.