- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരസ്യമായി യുപിഎ സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞ ആ 'ബിൽ' വീണ്ടും ചർച്ചയിൽ; രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് കപിൽ സിബലും; അപ്പീലിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനും സ്റ്റേ അനിവാര്യം; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിൽ ചർച്ച; വയനാടിന് എംപി ഇല്ലാതെയായോ? രാഹുലിനെ പൂട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ബിജെപി
ന്യൂഡൽഹി: അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ വിധി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയഭാവിയെ ബാധിക്കില്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ്. അതിനിടെ അതിവേഗ നടപടികളുമായി ബിജെപിയും മുന്നോട്ട് പോകും. രണ്ടോ അതിലധികമോ കൊല്ലം ശിക്ഷിക്കപ്പെട്ടാൽ പാർലമെന്ററി പദവിയിൽ അയോഗ്യത കൽപിക്കപ്പെടും. ഇത് മുതലെടുക്കാനാണ് ബിജെപി നീക്കം. അതിവേഗം ലോക്‌സഭാ അംഗത്വം അയോഗ്യമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. അതിന് ശേഷം വയനാട് ഉപതെരഞ്ഞെടുപ്പിലേക്കും കാര്യങ്ങളെത്തിക്കാനാണ് ഭരണപക്ഷ നീക്കം. അതിനാൽത്തന്നെ മേൽക്കോടതി വിധിയായിരിക്കും ഇനി നിർണായകമാകുക. അതിവേഗം രാഹുൽ അപ്പീൽ നൽകും.
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ടുകൊല്ലം തടവിന് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, സാങ്കേതികമായി രാഹുൽ ഗാന്ധി ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടുവെന്നാണ് ബിജെപി പറയുന്നത്. ലോക്സഭാ സെക്രട്ടേറിയേറ്റിലേക്ക് സൂറത്ത് കോടതിയുടെ ഉത്തരവ് എത്തിച്ച് അതിവേഗ വിജ്ഞാപനം പുറത്തിറക്കാനാണ് നീക്കം. സ്പീക്കർ ഓംബിർളയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തിയത് ഈ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തൽ. അതിനിടെ ഈ കേസിലെ അപ്പീലിൽ അനുകൂല വിധി വരും വരെ രാഹുൽ ലോക്‌സഭയിൽ എത്തില്ല. ഫലത്തിൽ നിയമ പോരാട്ടം ജയിക്കും വരെ വയനാട് എംപി മാറി നിൽക്കും.
രാഹുൽ ഗാന്ധിക്കെതിരായ വിധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയെ കാണാൻ സമയം തേടി കോൺഗ്രസ് പുതിയ നീക്കവും തുടങ്ങി. വിഷയത്തിൽ നാളെ പത്ത് മണിക്ക് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുമെന്നാണ് വിവരം. തിങ്കളാഴ്ച കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും. രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് എഐസിസി അറിയിച്ചു. വിമർശനങ്ങളെ കേന്ദ്രം ഭയപ്പെടുന്നു എന്നതിന് തെളിവായാണ് രാഹുലിനെതിരായ വിധിയെ കാണുന്നതെന്നും എഐസിസി പറഞ്ഞു.
കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ടുകൊല്ലമോ അതിൽക്കൂടുതലോ ശിക്ഷിക്കപ്പെടുകയും ചെയ്താൽ ആ നിമിഷം മുതൽ അയോഗ്യത നിലവിൽ വരുമെന്നാണ് 2013-ലെ ലില്ലി തോമസ് കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. ലില്ലി തോമസ് കേസിലെ ഈ ഉത്തരവ് മറികടക്കാൻ അന്നത്തെ യു.പി.എ. സർക്കാർ ഒരു ഓർഡിനൻസ് കൊണ്ടുവരാൻ ശ്രമം നടത്തി. എന്നാൽ അന്ന് രാഹുൽ ഗാന്ധി അതിനെ എതിർത്തിരുന്നു. ഇതോടെ അത് നടക്കാതെ പോയി. ജനപ്രതിനിധി ശിക്ഷിക്കപ്പെടുന്നപക്ഷം അപ്പീൽ നൽകാൻ മൂന്നുമാസത്തെ കാലാവധി അനുവദിക്കുന്ന, മുൻപ് നിലവിലുണ്ടായിരുന്ന ചട്ടം തിരിച്ചുകൊണ്ടുവരാനായിരുന്നു യുപിഎ സർക്കാർ ശ്രമിച്ചത്. ആ ഭേദഗതി ബില്ലിന്റെ പകർപ്പ് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽവെച്ച് രാഹുൽ ഗാന്ധി കീറിയെറിഞ്ഞു. ഇതോടെ അത് വേണ്ടെന്ന് വച്ചു.
അതുകൊണ്ട് തന്നെ കോടതിവിധിക്കും കുറ്റക്കാരനെന്ന കണ്ടെത്തലിനും ശിക്ഷയ്ക്കും കോടതിയുടെ സ്റ്റേ ലഭിച്ചാൽ മാത്രമേ രാഹുലിന് ഈ കേസിൽ ആശ്വാസം ലഭിക്കുകയുള്ളൂ. ജില്ലാ കോടതിയോ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇങ്ങനെ മേൽക്കോടതികൾ ഏതെങ്കിലും ഒന്നിൽ നിന്ന് രാഹുലിന് അനുകൂല വിധി അനിവാര്യതയാണ്. എന്നാൽ സൂറത്തിലെ വിധിയെ മേൽകോടതി തള്ളുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് (സി.ജെ.എം.) കോടതിയാണ് കേസിൽ ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സി.ജെ.എം. കോടതിക്ക് തൊട്ടുമുകളിലുള്ള ജില്ലാ കോടതി കുറ്റക്കാരനെന്ന കണ്ടെത്തലും ശിക്ഷയും സ്റ്റേ ചെയ്യുന്ന സാഹചര്യമുണ്ടായാൽ രാഹുലിന് ആശ്വസിക്കാം.
അല്ലെങ്കിൽ രണ്ടുവർഷത്തെ ശിക്ഷയും അതിനു ശേഷമുള്ള ആറുകൊല്ലത്തെ അയോഗ്യതയും രാഹുലിന് ലഭിച്ചേക്കും. അങ്ങനെയെങ്കിൽ എട്ടുകൊല്ലം രാഹുലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതെവരും. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് ഇതെല്ലാം ചർച്ചയാക്കുന്നത്. അതിനിടെ രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് മുതിർന്ന സുപ്രിംകോടതി അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായ കപിൽ സിബൽ പ്രതികരിച്ചു. വിചിത്രമായ ആ ശിക്ഷാ വിധി വന്നതോടെ രാഹുൽ ഗാന്ധി സ്വയമേവ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാഹുലിനോട് അടുപ്പമുള്ള കോൺഗ്രസ് നേതാവ് കൂടിയാണ് കപിൽ സിബൽ.
കള്ളന്മാർക്കെല്ലാം മോദിയെന്ന പേര് പരാമർശത്തിലായിരുന്നു സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. 2 വർഷം തടവ് ശിക്ഷയായിരുന്നു സിജെഎം കോടതിയുടെ വിധിച്ചത്. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയായിരുന്നു ഇത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. രാഹുലിനെതിരായ ശിക്ഷാവിധി അദ്ദേഹത്തെ ലോക്‌സഭയിൽ വരുന്നതിൽ നിന്ന് തടയുമോ എന്ന് പലർക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി നിലവിൽ അയോഗ്യനാണെന്ന് മുൻ കോൺഗ്രസ് നേതാവ് കൂടിയായ കപിൽ സിബൽ ഊന്നിപ്പറയുന്നു. ശിക്ഷ സസ്‌പെൻഡ് ചെയ്താൽ പോരാ, വിധി സസ്‌പെൻഡ് ചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് പാർലമെന്റ് അംഗമായി തുടരാനാകൂ എന്ന് കപിൽ സബൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് വർഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ആ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്ന് നിയമം പറയുന്നു. സ്വാഭാവികമായും സ്പീക്കർക്ക് നിയമാനുസൃതം നീങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഏറെ ശ്രദ്ധിച്ച ലില്ലി തോമസ് വി എസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ 2013 ജൂലൈ 10 ലെ വിധിക്ക് പിന്നാലെ യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. 'ഏതെങ്കിലും എം പി, എം എൽ എ അല്ലെങ്കിൽ ജനപ്രതിനിധി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ഉടനടി അയോഗ്യരാകും എന്നതായിരുന്നു വിധിയുടെ ചുരുക്കം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യതയുണ്ടാകും.
മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ ഉടൻ തന്നെ സഭയിലെ അംഗത്വം നഷ്ടപ്പെടുമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാൽ വിധി വന്നാൽ ഉടനടി തന്നെ ജനപ്രതിനിധികൾ അയോഗ്യരാക്കുന്നത് ഒഴിവാക്കാനായിരുന്നു യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. ജനപ്രതിനിധികൾക്ക് അപ്പീൽ നൽകാൻ സമയം അനുവദിക്കണം എന്നതായിരുന്നു ഓർഡിനൻസിന്റെ ലക്ഷ്യം. എന്നാൽ ഈ ഓഡിനൻസ് രാഹുൽ ഗാന്ധി പരസ്യമായി കീറിയെറിഞ്ഞത് വാർത്തയായിരുന്നു.
രാഹുലിനെതിരായ വിധി പ്രഥമദൃഷ്ട്യാ തന്നെ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് എഐസിസി നേതാക്കൾ പറഞ്ഞു. മാനഹാനി ഉണ്ടയ വ്യക്തിക്ക് നേരിട്ടാണ് സാധാരണ ക്രിമിനൽ, മാനനഷ്ട കേസുകൾ നൽകാവുന്നത്. ഭയാശങ്കയില്ലാതെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. വിമർശനങ്ങളെ തടയാൻ സർക്കാർ എല്ലാ മാർഗങ്ങളും പയറ്റുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ, 'എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?' എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് ഐപിസി സെക്ഷൻ 499, 500 പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്.




