Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതാടിസ്ഥാനത്തിൽ രാഷ്ട്രീയം പറയുമ്പോൾ അത് വർഗ്ഗീയതയും ജാതിയടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ മാനവികതയുമാകുന്നത് വിരോധാഭാസമാണ്; ജാതി അടിസ്ഥാനത്തിൽ സംവരണം കൊടുത്താൽ എല്ലാ ജാതികൾക്കും കൊടുക്കേണ്ടി വരും; നിറം അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം എന്നു പറഞ്ഞാൽ എന്തായിരിക്കും നിലപാട്? സി രവിചന്ദ്രൻ എഴുതുന്നു

മതാടിസ്ഥാനത്തിൽ രാഷ്ട്രീയം പറയുമ്പോൾ അത് വർഗ്ഗീയതയും ജാതിയടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ മാനവികതയുമാകുന്നത് വിരോധാഭാസമാണ്; ജാതി അടിസ്ഥാനത്തിൽ സംവരണം കൊടുത്താൽ എല്ലാ ജാതികൾക്കും കൊടുക്കേണ്ടി വരും; നിറം അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം എന്നു പറഞ്ഞാൽ എന്തായിരിക്കും നിലപാട്? സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

അനീതിക്കും സൗന്ദര്യം ആവശ്യമുണ്ട്

(1) എല്ലാ ജാതികൾക്കും ജാതിസംവരണം വരും എന്നതായിരുന്നു സംവരണസമവാക്യങ്ങൾ' (https://www.youtube.com/watch?v=p0rcEkYOv3A) എന്ന പ്രഭാഷണത്തിലെ ഒരു നിരീക്ഷണം. രാജ്യസത്യമായി അതിന്ന് മുന്നിലുണ്ട്. കൂട്ടത്തിനുള്ളിലെ നീതിയെക്കുറിച്ചായിരുന്നു മറ്റൊരു വിശകലനം. പലജാതി ഉറഞ്ഞുതുള്ളലുകളുടെ പ്രഭവകേന്ദ്രം ഈ അനീതി ചൂണ്ടിക്കാട്ടിയതായിരുന്നു. ആത്യന്തികമായി പ്രസ്തുത ആശയപരിസരത്തിലേക്ക് ജാതി സംവരണമെക്കാനിസം നീങ്ങുന്നു. പറഞ്ഞതൊന്നും പതിരായില്ല എന്നത് ആരെയും സന്തോഷിപ്പിക്കും. മനുഷ്യസമൂഹവും മനസ്സും പുരോഗമിക്കുന്നതെങ്ങനെ എന്ന് വസ്തുനിഷ്ഠമായി നിരീക്ഷിക്കുന്ന ആർക്കും അനിവാര്യമായി എത്തിച്ചേരാനാവുന്ന നിഗമനങ്ങൾ തന്നെയാണവ. പരമ്പരാഗത ജാതിവാദത്തിനും സംവരേണ്യസാഹിത്യത്തിനും വസ്തുതകളും യാഥാർത്ഥ്യങ്ങളും ഒരിക്കലും വിഷയമല്ല. നരച്ച ജാതിമുദ്രാവാക്യങ്ങളും കാൽപ്പനികവും ചരിത്രവിരുദ്ധവുമായ പരത്തിയെഴുത്തും മാത്രമാണവിടെ പ്രസക്തം. ഒരു തെറ്റിനെ ന്യായീകരിച്ചാൽ സമാനമായവയെല്ലാം ന്യായീകരിക്കേണ്ടിവരും. വർഗ്ഗീയവാദത്തെക്കാൾ വിഷലിപ്തമാണ് ജാതീയതയും ജാതിവാദവും. മതാടിസ്ഥാനത്തിൽ രാഷ്ട്രീയംപറയുമ്പോൾ അത് വർഗ്ഗീയതയും ജാതിയടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ മാനവികതയുമാകുന്നത് വിരോധാഭാസം മാത്രമാണ്.

(2) ജാതി അടിസ്ഥാനത്തിൽ സംവരണംകൊടുത്താൽ എല്ലാ ജാതികൾക്കും കൊടുക്കേണ്ടി വരും. അവിടെ മറ്റ് മലമറിപ്പുകൾക്കൊന്നും സ്‌കോപ്പില്ല. കാളിദാസസാഹിത്യം ചമച്ചിട്ടും കാര്യമില്ല. പ്രാകൃത സമൂഹത്തിലേക്കുള്ള വിസയാണത്. കാരണം നിങ്ങളുടെ വാദത്തിൽ പത്തു പൈസയുടെ വസ്തുതയോ യുക്തിയോ ധാർമ്മികതയോ ഇല്ല. റിഗ്രസീവ് ആയ ഒരു ടൂൾ ഒരു കൂട്ടർ വിജയകരമായി ഉപയോഗിച്ചാൽ മറ്റുള്ളവരും അനുകരിക്കും. അനീതി എക്കാലത്തും അതിപ്രസരണങ്ങൾ നിർമ്മിക്കും. ജാതി പറഞ്ഞ് ജാതി കരിച്ചുകളയും എന്നൊരു ജാതിവാദഫലിതമുണ്ട്. പണ്ടേതോ പാരമ്പര്യപ്രഭു അങ്ങനെ എഴുതിവെച്ചിട്ടുണ്ട് എന്നതാണ് പ്രമാണം. മണ്ണെണ്ണ തൂവി തീ കെടുത്തണമെന്ന ഈ ജാതിസംവരണശാഠ്യത്തിനും അനിവാര്യമായ ഫലമുണ്ട്. ജാതി പറയണമെന്ന് പറയുമ്പോൾ ആരൊക്കെ പറയണം എന്ന ചോദ്യം അനിവാര്യമാകും. നമ്മൾ പറയും-അവർ കേൾക്കണം എന്ന പ്രഭുവാദം ക്ലച്ച് പിടിക്കില്ല. പറയാൻ കുറെപ്പേർ കേൾക്കാൻ കുറെപ്പേർ എന്ന വിഭജനം സംവരണം വാങ്ങാൻ കുറെ ജാതികൾ-ഔദാര്യബോധം നടിക്കാൻ മറ്റുചില ജാതികൾ എന്ന വിഭജനസമവാക്യം എങ്ങനെ ഇല്ലാതായോ അതുപോലെ അസ്ഥിരപെടും. ജാതി പറയണമെന്ന് പറയുന്നവർക്ക് ജാതിപറച്ചിലിന് സംവരണം ഏർപെടുത്താൻ കഴിയില്ല. അപ്പോൾ എല്ലാവരും പറയണം, പറയാത്തവരും പറയണം എന്നാണവിടെ പറയാതെ പറയുന്നത്. ജാതിസംവരണം മൂപ്പിച്ച് സർവജാതിസംവരണത്തിൽ തളച്ചതുപോലെ ജാതിപറച്ചിലും സർവജാതിപറച്ചിലിൽ കലാശിക്കും. ട്യൂബിൽ നിന്ന് കുഴമ്പ് പുറത്തേക്ക് ഞെക്കിയിറക്കുന്നതുപോലെ തിരിച്ചു കയറ്റാനാവില്ലല്ലോ. സർവജാതിസംവരണം റദ്ദാക്കാനാവാത്തത് പോലെ സർവജാതിപറച്ചിലും നിറുത്താനാവില്ല. മാന്തുന്നവർക്കെല്ലാം അനിവാര്യമായ സുഖം സിദ്ദിഖും, സമൂഹം മുന്നേറും.

(3) ജാതി എന്ന കൊതിവാക്ക് തൽക്കാലത്തേക്ക് മാറ്റിപിടിക്കുക. ലുക്കിസം(lookism) എന്ന വിവേചനസമവാക്യവും ഒഴിവാക്കുക. നിറം അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം എന്നു പറഞ്ഞാൽ എന്തായിരിക്കും നിലപാട്? പ്രത്യക്ഷത്തിൽ ഉടനടി വിവേചനം പ്രകടമാകുന്ന കാര്യമാണല്ലോ നിറം. വെളുക്കാനായി മരിക്കാനും തയ്യാറാകുന്ന ജനതയാണ് നാം. സിനിമയിലും സീരിയലിലുമൊന്നും കറുത്തവരെ കാണുന്നില്ല, പ്രണയത്തിൽ കറുത്തവർക്ക് സാധ്യത കുറവാണ്, കറുത്തവർ സഹസ്രാബ്ദങ്ങളായി അടിച്ചമർത്തലിനും പീഡനത്തിനും വിധേയമായമാകുന്നു, നിറം കേവലമായ സങ്കൽപ്പ സിദ്ധാന്തമല്ല, ശാരീരികവും ജനിതകവുമായ വേരുകളും അതിനുണ്ട്. നിറസംവരണസാഹിത്യം ചമയ്ക്കാനാണെങ്കിൽ ചരക്ക് ധാരാളമുണ്ട്. പക്ഷെ ജാതിക്കൊതി മൂത്തുനിൽക്കുന്നതു കൊണ്ടാവാം നിറാടിസ്ഥാനത്തിൽ സംവരണം വേണമെന്ന് തൽക്കാലം ആരും പറയുന്നില്ല. പകരം പറയുന്നത് നിറം പ്രതിഭയുടെ അളവുകോലല്ല, എല്ലാവരും തുല്യരാണ്, നിറവ്യത്യാസത്തിന്റെ ശാസ്ത്രീയകാരണം തിരിച്ചറിയണം, മറിച്ചുള്ള ചിന്തകൾ ദുർബലപെടുത്തണം, അത്തരമൊരു അവബോധം സമൂഹത്തിലുണ്ടാവണം, നിറവ്യത്യാസത്തെ കുറിച്ച് അഭിമാനപൂർവം സംസാരിക്കുന്നത് മാനവികവിരുദ്ധതയാണ്, നിറം അടിസ്ഥാനത്തിൽ വിഭവങ്ങൾ വിതരണം ചെയ്യുന്നതും തെരഞ്ഞെടുപ്പുകൾ നടത്തുന്നതും പിന്തിരിപ്പനായ കാര്യമാണ്. നിറഭേദബോധവും അനുബന്ധ വിവേചനവും മാറണം, അല്ലാതെ വ്യത്യാസങ്ങളും വകഭേദങ്ങളും ആഘോഷിക്കുകയല്ല വേണ്ടത്, എല്ലാവരും ഒന്നാണെന്ന തിരിച്ചറിവുണ്ടാകണം......വളരെ നല്ല ഒരിത്.

ഇതേ കാര്യം ജാതിയിലേക്ക് വന്നാലോ? ജാതി നിങ്ങൾ കരുതുന്നതുപോലെയുള്ള ഒരിത് അല്ല. അത് നിങ്ങൾ ഇല്ലെന്ന് പറയുമ്പോൾ ഇല്ലാതാകുന്നതല്ല, നിങ്ങൾ അവഗണിക്കുമ്പോഴും സമൂഹം നിങ്ങളുടെ അത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കും, അല്ലെങ്കിൽ ഞങ്ങളത് ചെയ്യിപ്പിക്കും... അപ്പോൾ നിറമോ? അത് നാം അവഗണിക്കണം, സമൂഹത്തെ ബോധവത്കരിക്കണം, സയൻസ് പറയണം.... ജാതിസംവരണം, അതിനി ഏതിനത്തിൽ പെട്ടതാകട്ടെ, ശുദ്ധമായ പാരമ്പര്യവാദമാണ്, മതാത്മകവും സമത്വവിരുദ്ധവുമാണ്, അങ്ങേയറ്റം റിഗ്രസീവാണ്. ജാതിയനുസരിച്ച് സംവരണം കൊടുക്കുമ്പോൾ ജാതിയും ജാതിബോധവും കനക്കും. നിറമനുസരിച്ച് കൊടുത്താൽ നിറവും നിറബോധവും പുഷ്ടിപെടും. ജാതി പറഞ്ഞാൽ പറയുന്നതേ ബലപ്പെടൂ. സാമൂഹിക ഇടങ്ങളിലെ ജാതിക്കസർത്തുകളുടെ അതേ അളവിൽ നിറം ഇടംപിടിക്കാത്തത് അതൊരു വിഷയമല്ലാത്തതുകൊണ്ടല്ല. മറിച്ച് അതിനെ സ്ഥാപനവൽക്കരിച്ച് പ്രോത്സാഹിപ്പിക്കാൻ ആളില്ലാത്തതുകൊണ്ടാണ്. ജാതിസംവരണം ഇല്ലെങ്കിലും ജാതി ഉണ്ടാവില്ലേ, ഉണ്ടായിരുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. പുകവലിക്കാത്തവർക്കും ശ്വാസകോശ സംബന്ധമായ അർബുദം വരുന്നുണ്ട്, പുകവലി തുടങ്ങുന്നതിനുമുമ്പും അതുണ്ടായിരുന്നിരിക്കണം. ജാതിസാഹിത്യത്തിൽ ഏറ്റവും അവസാനം വേണ്ടി വരുന്ന വാക്കാണ് സത്യം. കൂട്ടത്തിലെ നീതി തേടി സംവരണവാദികൾ തന്നെ ഇറങ്ങുമ്പോൾ പ്രസ്തുത അവസ്ഥ അധികം നീളില്ലെന്ന പ്രതീതി ഉണ്ടാവുകയാണ്. കാലം വരും, അനീതിക്കും സൗന്ദര്യം ആവശ്യമുണ്ട് എന്നവർ പറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP