- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
5.9 മാഗ്നിറ്റിയുഡ് ഭൂമികുലുക്കത്തിൽ വിറച്ച് ന്യുസിലാൻഡ്; 210 കിലോമീറ്റർ നീളത്തിൽ കെട്ടിടങ്ങൾ കുലുങ്ങി; പ്രസ്സ് കോൺഫറൻസിനിടയിൽ ഭൂമി കുലുങ്ങിയിട്ടും ശാന്തത കൈവിടാതെ പ്രധാനമന്ത്രി
ന്യുസിലാൻഡിൽ വൻ ഭൂകമ്പം. റിട്ച്ചർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ രണ്ടു ദ്വീപുകളിലേയും കെട്ടിടങ്ങൾ കുലുങ്ങി വിറച്ചു. നോർത്ത് ഐലൻഡിലെ ന്യുവ പ്ലിമത്തിൽ സംഭവിച്ച ഭൂമികുലുക്കം സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ് ചർച്ച് വരെ അനുഭവപ്പെട്ടു. വെള്ളിയാഴ്ച്ച പ്രാദേശിക സമയം 10.58 നായിരുന്നു ഭൂമികുലുക്കം നടന്നത്. 210കിലോമീറ്റർ ആഴത്തിൽ വരെ രേഖപ്പെടുത്തിയ ഭൂകമ്പം അരംഭത്തിൽ 5.4 മാഗ്നിറ്റിയുഡ് ആയിരുന്നു എന്ന് ജിയോനെറ്റ് പറഞ്ഞു. പിന്നീട് അത് 5.9 ആയി ഉയർന്നു.
കോവിഡ് പ്രതിസന്ധിയെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ സംഭവിച്ച ഭൂമികുലുകം ന്യുസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡനെ അല്പം അലസോരപ്പെടുത്തിയെങ്കിലും അവർ ശാന്തത കൈവിട്ടില്ല. അവർ നിന്ന കെട്ടിടവും കുലുങ്ങാൻ തുടങ്ങിയപ്പോൾ, പോഡിയത്തിൽ പിടിയുറപ്പിച്ച്, ചെറു ചിരിയോടെ അവർ, ചെറിയ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നതായി റിപ്പോർട്ടർമാരോട് പറഞ്ഞു. ചോദ്യം ശരിക്കും കേട്ടില്ലെന്നും അത് ആവർത്തിക്കുവാനും ആവശ്യപ്പെട്ടു.
അതേ വേദിയിലുണ്ടായിരുന്ന ഉപ പ്രധാനമന്ത്രി ഗ്രാന്റ് റോബെർട്ട്സൺ, അതൊരു ഭൂകമ്പമാണെന്ന് വിശ്വസിക്കാൻ ഇനിയും തയ്യാറായിട്ടില്ലെന്ന് ജസിന്ത പത്രസമ്മേളനത്തിനുശേഷം റിപ്പോർട്ടർമാരോട് പറഞ്ഞു. ശക്തമായ ഒരു കാറ്റ് ആഞ്ഞുവീശിയതാണെന്നാണ് ഇപ്പോഴും അദ്ദേഹം വിശ്വസിക്കുന്നതെന്നും പറഞ്ഞു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ഏകദേശം 24,000 പേരോളമാണ് തങ്ങൾക്ക് ഭൂമികുലുക്കം അനുഭവപ്പെട്ടു എന്ന് ജിയോനെറ്റിനെ അറിയിച്ചിരിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും ഏകദേശം 295 കി. മീ അകലെ താമസിക്കുന്ന ഒരു വ്യക്തി പറഞ്ഞത് ആരോ കട്ടിൽ പിടിച്ച് കുലുക്കുന്നതുപോലെ തോന്നി എന്നാണ്.
അതേസമയം കുലുക്കം ഏതാണ്ട് 15 സെക്കണ്ടോളം നീണ്ടുനിന്നതായി പ്രഭവകേന്ദ്രത്തിൽ നിന്നും 160 കി. മീ ദൂരെ താമസിക്കുന്ന മറ്റൊരു വ്യക്തി അറിയിച്ചു. നോർത്ത് ഐലൻഡിലെ ഒരു തീരദേശ നഗരമായ നാപിയറിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നുള്ള വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അടുക്കള ഉപകരണങ്ങളും പാത്രങ്ങളും സൂക്ഷിച്ച ഷെൽഫ് അപ്പാടെ കുലുങ്ങുന്നതാണ് ദൃശ്യം. ഭൂകമ്പം അതീവ ശക്തമായിരുന്നെങ്കിലും കനത്ത നാശങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
ഏറെ ഭൂകമ്പ സാധ്യതയുള്ള റിങ് ഓഫ് ഫയർ എന്ന പ്രദേശത്ത് നിലനിൽക്കുന്നതിനാൽ ന്യുസിലാൻഡിൽ ഇടയ്ക്കൊക്കെ ചെറിയ തോതിലുള്ള ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. 2011-ൽ 185 പേരുടെ മരണത്തിനിടയാക്കിയ 6.3 മാഗ്നിറ്റിയുഡ് ഉണ്ടായിരുന്ന ഭൂകമ്പത്തിന്റെ അനന്തരഫലങ്ങളിൽ നിന്നും ക്രൈസ്റ്റ്ചർച്ച് നഗരം മുക്തി നേടിക്കൊണ്ടിരിക്കുന്നതേയുള്ളു. അതുപോലെ 2016-ൽ സൗത്ത് ഐലൻഡിലെ കൈകൗറ പട്ടണത്തിൽ നടന്ന 7.8 മാഗ്നിറ്റിയുഡുള്ള ഭൂകമ്പത്തിൽ ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.