- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഐസ്ലാൻഡിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് 20 മൈൽ അകലെ കൂറ്റൻ അഗ്‌നിപർവ്വതം കത്തുന്നു; വിഷവാതകം ഭയന്ന് വീടടച്ചുപൂട്ടി നാട്ടുകാർ; യൂറോപ്പിലെ വിമാന യാത്രയെയും ബാധിക്കുമെന്ന് ആശങ്ക
ഐസ്ലാൻഡിലെ പ്രധാന വിമാനത്താവളത്തിൽ നിന്നും കേവലം 20 മൈൽ മാത്രം മാറിയുണ്ടായ അഗ്‌നിപർവ്വത സ്ഫോടനം ആശങ്കയുണർത്തുകയാണ്. പർവത മുകളിൽ നിന്നും താഴേക്ക് ഒലിച്ചിറങ്ങുന്ന ലാവ വിഷാംശമുള്ള വാതകങ്ങൾ അന്തരീക്ഷത്തിൽ പടരാനും ഇടയാവുന്നുണ്ട്. ഫാഗ്രഡാസ്ഫൽ മലനിരകളിലാണ് ഈ അഗ്‌നി പർവ്വതം സ്ഥിതിചെയ്യുന്നത്. തിങ്കളാഴ്‌ച്ചയായിരുന്നു സ്ഫോടനം ആരംഭിച്ചത്.
കുമിളകളോട് കൂടിയ ലാവ തുടർച്ചയായി പുറത്തേക്കൊഴുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കെഫ്ലാവിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 20 മൈൽ തെക്ക് കിഴക്ക് മാറിയാണ് അഗ്‌നിപർവ്വതം സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത റെയ്ക്ജേയ്ൻസ് ഉപദ്വീപിലെ നിവാസികളോട് വീടിനകത്ത് തന്നെ കഴിഞ്ഞു കൂടാനും ജനലുകളും വാതിലുകളും പൂർണ്ണമായും അടച്ചിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അഗ്‌നിപർവ്വതത്തിൽ നിന്നും വിഷ വാതകങ്ങൾ വ്യാപിച്ചേക്കാം എന്ന ആശങ്കയിലാണിത്.
വിഷവാതക ഭയത്താൽ അഗ്‌നി പർവ്വതം സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് ആളുകൾ പോകുന്നതിനും പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞരുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാൺ' പൊലീസ് ഇത്തരത്തിൽ ഒരു നിയന്ത്രണം ഏർപ്പെടുത്തിയത്. അഗ്‌നിപർവ്വത സ്ഫോടനത്തിനു ശേഷം ചെറിയ രീതിയിലുള്ള ഭൂകമ്പങ്ങൾക്കും സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷക്കാലത്തിനിടയിൽ ഈ അഗ്‌നിപർവ്വതം രണ്ട് തവണയാണ് പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇത് വ്യോമ ഗതാഗതത്തിന് തടസ്സങ്ങൾ ഒന്നും തന്നെ സൃഷ്ടിച്ചിരുന്നില്ല. സ്ഫോടനമുണ്ടായ ഉടൻ കനത്ത പുക മൂടിയതിനാൽ ഇത്തവണ ചില ആഭ്യന്തര സർവ്വീസുകൾ വൈകിയതായി വിമാനത്താവളാധികൃതർ അറിയിച്ചു.
ഇപ്പോൾ നടന്നിരിക്കുന്നത് ഫിഷർ എന്ന വിഭാഗത്തിൽ പെടുന്ന വിസ്ഫോടനമാണ്. ഈ വിഭാഗത്തിൽ പെടുന്ന വിസ്ഫോടനങ്ങളിൽ വലിയ തോതിലുള്ള ലാവാ പ്രവാഹം ഉണ്ടാവുകയോ പുക ഉണ്ടാവുകയോ ചെയ്യില്ല എന്ന് ശാസ്ത്രജ്ഞർ പറയുന്നു. താരതമ്യേന ചെറിയ തോതിലുള്ള വിസ്ഫോടനമാണ് ഇപ്പൊൾ നടന്നിരിക്കുന്നതെന്നും അവർ പറയുന്നു. എന്നാൽ, ദീർഘകാലം ലാവ തുടർച്ചയായി ഒഴുകുവാൻ ഇടയുണ്ട്. 2021 ൽ നടന്ന സമാനമായ ഒരു വിസ്ഫോടനത്തിൽ മാസങ്ങളോളമായിരുന്നു ലാവ പ്രവഹിച്ചിരുന്നത്.
ഉത്തര അറ്റ്ലാന്റിക്കിലെ വോൾക്കാനോ ഹോട്ട്സ്പോട്ടിൽ സ്ഥിതി ചെയ്യുന്ന ഐസ്ലാൻഡിൽ ഓരോ നാലോ അഞ്ചോ വർഷം കൂടുമ്പോൾ അഗ്‌നിപർവ്വത സ്ഫോടനങ്ങൾ നടക്കാറുണ്ട്. ഏറ്റവും നാശകാരിയായ സ്ഫോടനം അടുത്ത കാലത്ത് നടന്നത് 2010 ൽ ആയിരുന്നു. അന്ന് ഇവിടെ മറ്റൊരു അഗ്‌നി പർവ്വതം പൊട്ടിത്തെറിച്ചപ്പോൾ വലിയ അളവിലുള്ള പുകയും ചാരവുമായിരുന്നു അന്തരീക്ഷത്തിൽ പടർന്നത്. യൂറോപ്പിൽ വ്യാപകമായി വിമാന ഗതാഗതം നിർത്തിവയ്ക്കേണ്ടതായി വരെ വന്നു. ഏകദേശം 1 ലക്ഷത്തോളം വിമാന സർവ്വീസുകളായിരുന്നു അന്ന് റദ്ദാക്കിയത്.