Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?

വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീ എം എന്ന യോഗാചാര്യൻ ഇന്ന് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു വേദിയിൽ ചർച്ചവിഷയമായി മാറുകയാണ്. ആർഎസ്എസും - സിപിഎമ്മും തമ്മിലുള്ള സമാധാനത്തിന്റെ പാലമായി നിന്നു എന്നതാണ് ഇന്ന് അദ്ദേഹത്തെ കേരളത്തിൽ വിവാദ നായകനാക്കുന്നത്. തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിൽ നാലേക്കർ ഭൂമി ശ്രീ എമ്മിന്റെ യോഗാ ഫൗണ്ടേഷന് അനുവദിച്ച നടപടിയാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. പത്തു വർഷത്തെ പാട്ടത്തിനാണ് ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ഭൂമി കൈമാറുന്നത്. ഈ ഭൂമി കൈമാറിയ വാർത്തകൾക്ക് പിന്നാലെയാണ് ആർഎസ്എസും- സിപിഎമ്മും തമ്മിലുള്ള ചർച്ചകൾക്ക് ഇടനിലക്കാരനായിരുന്നു ശ്രീ എമ്മെന്ന വാർത്തകൾ പുറത്തുവന്നത്.

ഈ വിവാദം പുറത്തുവരുമ്പോവാണ് ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷൻ ഏടക്കം ചർച്ചയാകുന്നത്. മലയാളിയാണെങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തന് ശ്രീ എമ്മിനെ കുറിച്ച് അത്രയ്ക്ക് ഗ്രാഹ്യം പേരാ. ശ്രീ എം എന്ന പേരിൽ തുടങ്ങുന്ന കൗതുകം അദ്ദേഹത്തിന്റെ ജീവിതത്തിൽ മുഴുവനുണ്ട്. ആത്മീയ വഴികാട്ടി, സാമൂഹികപരിഷ്‌കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, യോഗാ ആചാര്യൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ശ്രീ എം. തിരുവനന്തപുരത്തുകാരനായ മുസ്ലിം കൗമാരക്കാൻ ഹിമാലയത്തിൽ അലഞ്ഞു പിൽക്കാലത്ത് ശ്രീ എം എന്ന പേരിൽ അറിയപ്പെട്ട ചരിത്രം ശരിക്കും ആരെയു അത്ഭുതപ്പെടുത്തുന്നാണ്. 1949 നവംബർ ആറിന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. പേര് മുംതാസ് അലി ഖാൻ. വിവാഹിതൻ. രണ്ടു മക്കളുണ്ട് ശ്രീ എമ്മിന്.

വഞ്ചിയൂരിൽ ജനിച്ച മുംതാസ് അലിഖാനാണ് ശ്രീ എമ്മായി മാറിയത്. വളരെ വിചിത്രമാണ് അദ്ദേഹത്തിന്റെ ജീവിതാനുഭവഭങ്ങൾ. നാടുവിടാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് അദ്ദേഹ പറയുന്നത് വളരെ ആത്മീയമായാണ്. ആ അനുഭവം അദ്ദേഹം വിവരിച്ചത് ഇങ്ങനെ:

' ഒമ്പതാം വയസ്സിൽ വീട്ടിൽ വൈകുന്നേരം കളിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വ്യക്തിയെ കണ്ടു. ജടയുള്ള സന്യാസി. അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ അടുത്തു ചെന്നു. തലയിൽ കൈവച്ച് ഹിന്ദിയിൽ പറഞ്ഞു. (വീട്ടിൽ ഉർദു ആയിരുന്നു സംസാരിച്ചിരുന്നത്) കുച്ച് യാദ് ആയാ(എന്തെങ്കിലും ഓർമ വരുന്നുണ്ടോ?)എന്നു ചോദിച്ചു. ഇല്ല എന്നു പറഞ്ഞു. സമയ് ഹോനെ പർ സബ് ഠീക് ഹോ ജായേകാ (സമയമാകുമ്പോൾ എല്ലാം ശരിയാകും) എന്ന് തിരിച്ചു പറഞ്ഞു. ഞാൻ തിരിച്ചു നടന്ന് അടുക്കളയിലേക്ക് പോകുന്ന വേളയിൽ തിരിഞ്ഞു നോക്കാൻ ശ്രമിച്ചു. സാധിച്ചില്ല. പിന്നെ എന്നും ഹിമാലയം സ്വപ്നം കാണും.'

സ്വയം തേടൽ ആരംഭിച്ചതോടെ പത്തൊമ്പതാം വയസ്സിലാണ് അദ്ദേഹം വീടുവിട്ട് ഹിമാലയത്തിലേക്ക് പോകുന്നത്. ഹിമാലയത്തിൽ വച്ച് ഒമ്പതാം വയസ്സിൽ കണ്ട ഗുരുവിനെ കണ്ടതായി അദ്ദേഹം പറയുന്നത്. രണ്ടര വർഷം ഗുരുവിന്റെ കൂടെ താമസിച്ചെന്നും അദ്ദേഹം പറയുന്നു. മഹേശ്വർനാഥ് ബാബാജിയാണ് തന്റെ ഗുരു എന്ന് ശ്രീ എം പറയുന്നു. ബദ്രീനാഥിൽ വച്ചാണ് ഇദ്ദേഹം ഗുരുവിനെ കണ്ടെത്തിയത്. രണ്ടര വർഷം ഗുരുവിനൊപ്പം താമസിച്ചു. നാഥ് സമ്പ്രദായത്തിലെ ഗുരുവായിരുന്നു മഹേശ്വർനാഥ്. ഒരു സമ്പ്രദായത്തിൽ മാത്രമല്ല, അതിലും വികസിച്ച ഗുരുവായിരുന്നു അദ്ദേഹം എന്ന് ശ്രീ എം പറയുന്നു. വാഹനത്തിൽ കയറാത്ത, എവിടേക്കായാലും നടന്നു പോകുന്ന, ആശ്രമമില്ലാത്ത, സംഘടനയില്ലാത്ത ഗുരുവായിരുന്നു അദ്ദേഹമെന്ന് എം പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

പഠനത്തിനായി വർഷങ്ങളോളം മഹേശ്വർനാഥ് ബാബാജിയുടെ കൂടെ ചെലവഴിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ദീക്ഷ സ്വീകരിച്ച് ശ്രീ മധുകർനാഥ് എന്ന പേരിലേക്ക് മാറുകയായിരുന്നു. അതോടെ ഹിമാലയത്തിലെ നാഥ് പരമ്പരയിൽപ്പെട്ട ഒരു ആത്മീയാചാര്യനായി അദ്ദേഹം മാറിയെന്നാണ് ശ്രീ.എമ്മിന്റെ ആദ്യ നാളുകളെ കുറിച്ച് പറയപ്പെടുന്നത്.

സത്സംഗ് ഫൗണ്ടേഷന്റെ തുടക്കം.

ആത്മീയ ജീവിതം കുറേ പിന്നിട്ട ശേഷമാണ് അദ്ദേഹം സത്സംഗ് ഫൗണ്ടേഷൻ തുടങ്ങിയത്. ആന്ധ്രയിലെ മദനപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്സംഗ് ഫൗണ്ടേഷൻ ഇദ്ദേഹത്തിന് കീഴിലുള്ള പ്രധാന സ്ഥാപനമാണ്. സത്സംഗ് വിദ്യാലയ, ചന്ദ്ര സത്സംഗ് വിദ്യാലയ, ദ പീപ്പൽ ഗ്രോവ് സ്‌കൂൾ എന്നിങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫൗണ്ടേഷന് കീഴിൽ നടക്കുന്നുണ്ട്. ആരോഗ്യം, പരിസ്ഥിതി, യോഗ എന്നിവിയിലും ഫൗണ്ടേഷൻ ശ്രദ്ധിക്കുന്നു.

'മാനവ ഏകതാമിഷൻ' എന്ന പേരിൽ ആത്മീയ പ്രചരണ പരിപാടികളും ക്യാംപയിനുകളും അദ്ദേഹം നടത്തിവരുന്നുണ്ട്. ആത്മീയതയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുമുണ്ട്. 'ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ' എന്ന പേരിൽ അദ്ദേഹത്തിന്റെ ആത്മകഥയും പുറത്ത് വന്നിട്ടുണ്ട്. 2015ൽ കന്യാകുമാരി മുതൽ കശ്മീർ വരെ 7500 കിലോമീറ്റർ നടന്നുകൊണ്ട് അദ്ദേഹം നടത്തിയ 'വാക്ക് ഓഫ് ഹോപ്'എന്ന ആത്മീയ പ്രചാരണ യാത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുസ്ലിം പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന താൻ എങ്ങിനെ ഹൈന്ദവ വിശ്വാസങ്ങളുടെ ഭാഗമായി നിൽക്കുന്ന നാഥ് പരമ്പരയിൽപ്പെട്ട യോഗി ആയി എന്നും എന്തുകൊണ്ട് ഇത്തരമൊരു ജീവിതരീതിയിലേക്ക് ആകർഷിക്കപ്പെട്ടു എന്നും ശ്രീ എം തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. എന്നാൽ അമാനുഷിക വിവരണങ്ങളും അതിനിഗൂഢവും അതിശയോക്തി കലർന്നതുമായ ആത്മകഥയിലെ നിരവധി ഭാഗങ്ങൾക്കെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.

തന്റെ മുൻജന്മത്തെക്കുറിച്ചും ഇരു ജന്മങ്ങളിലെയും യജമാനൻ, ഗുരു എന്നീ സങ്കൽപങ്ങളെക്കുറിച്ചും കുട്ടിക്കാലത്ത് തന്റെ മുന്നിൽ വന്ന് പെട്ടെന്ന് അദൃശ്യനായ സന്യാസിയെ പിന്നീട് ഹിമാലയത്തിൽ കണ്ടെത്തിയെന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങളുമെല്ലാം വായനക്കാരെ സംബന്ധിച്ച് അവിശ്വസനീയം മാത്രമായിരുന്നു. ആത്മീയാചാര്യന്മാർ ആൾദൈവങ്ങളായി മാറുന്നതിനെ പലപ്പോഴും തുറന്നെതിർത്ത അദ്ദേഹത്തിന്റെ ആത്മകഥയിൽ യുക്തി നിരക്കാത്ത പല കാര്യങ്ങളും സംഭവപരമ്പരകളും കടന്നുവന്നത് വലിയ വിമർശനത്തിനിടയാക്കി. അതേസമയം ആത്മീയാചാര്യർ കാഷായ വസ്ത്രമണിഞ്ഞ് സഞ്ചരിക്കുമ്പോൾ സാധാരണക്കാരെ പോലെ മാത്രം വസ്ത്രം ധരിച്ച് നീണ്ട താടിയും മുടിയുമൊന്നുമില്ലാതെ ഒരു ശരാശരി ജീവിതം നയിച്ച് തന്റെ ആത്മീയ സഞ്ചാരത്തിലൂടെ മുന്നേറാൻ ശ്രീ എം ശ്രമിച്ചു.

ആർഎസ്എസുമായി അടുത്ത ബന്ധം

ആർഎസ്എസുമായി അടുത്ത ബന്ധമാണ് ശ്രീ എമ്മിനുള്ളത്. 2019 ജനുവരിയിൽ ഓർഗനൈസറിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആർഎസ്എസ് ബന്ധത്തെ കുറിച്ച് ശ്രീ എം തുറന്നു പറഞ്ഞത്. അതിങ്ങനെയാണ്:

'ആർഎസ്എസുമായി ഞാൻ അടുത്തു സഞ്ചരിച്ചിട്ടുണ്ട്. അന്തരിച്ച സുഹൃത്ത് കെആർ മൽകാനി വഴി നാനാജി ദേശ്മുഖുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. മൻതൻ മാഗസിന്റെ (ആർഎസ്എസ് ജേർണൽ) ജോയിന്റ് എഡിറ്ററായിരുന്നു അദ്ദേഹം. ദേവേന്ദ്ര സ്വരൂപ് ജിയായിരുന്നു എഡിറ്റർ. ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ ഒരു വിവേചനവുമില്ലാത്ത ഗോണ്ട ഗ്രാമത്തിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അവർ ഗ്രാമത്തിന്റെ സമ്പൂർണ വികസനത്തിനായി ഇടത്തരം സഹകരണകൃഷിയൊക്കെ ചെയ്തിരുന്നു. അതിന് മുമ്പ്, ചെന്നൈയിൽ ഞാൻ ഓർഗനൈസറിന്റെ കറസ്പോണ്ടന്റായിരുന്നു. 'ഒരു ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു' എന്ന തലക്കെട്ടിൽ അന്ന് ഞാൻ ഓർഗനൈസറിൽ ലേഖനമെഴുതിയിരുന്നു'

ജനസംഘം നേതാവും ഓർഗനൈസർ, പാഞ്ചജന്യം ചീഫ് എഡിറ്ററുമായിരുന്നു കെആർ മൽകാനി. ജനസംഘ്-ആർഎസ്എസ് നേതാവായിരുന്നു നാനാജി ദേശ്മുഖ്. ആർഎസ്എസിന്റെ സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ എന്നറിയപ്പെടുന്ന നേതാവാണ് ദേവേന്ദ്ര സ്വരൂപ്. ഈ ആർഎസ്എസ് ബന്ധം കാരണമാണ് ശ്രീ എമ്മിനെ സംഘപരിവാർ സഹയാത്രികനായി വിലയിരുത്തുന്നത്. യോഗയുമായി ബന്ധപ്പെട്ടും അല്ലാതെയുമൊക്കെ സംഘപരിവാർ സംഘടിപ്പിച്ചിട്ടുള്ള നിരവധി ആത്മീയ പരിപാടികളിൽ സന്നിഹിതനായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുമായും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. മുസ്ലിമായി ജനിച്ചിട്ടും ഹിന്ദുവായി മാറിയ സന്യാസി എന്നാണ് ആർ.എസ്.എസിന്റെ മുഖമാസികയായ ഓർഗനൈസർ ശ്രീ എമ്മിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ശ്രീ എമ്മിന്റെ ദീർഘ അഭിമുഖവും ഓർഗനൈസർ പ്രസിദ്ധീകരിച്ചിരുന്നു.

2013ൽ ശ്രീ എമ്മിന്റെ ആത്മകഥ പ്രകാശനം ചെയ്തത് നരേന്ദ്ര മോദിയായിരുന്നു. മോദിക്കേറ്റവും പ്രിയപ്പെട്ട ഗുരുവായാണ് ശ്രീ എമ്മിനെ പലരും കണക്കാക്കുന്നത്. 2015ൽ ശ്രീ എം നടത്തിയ വാക്ക് ഓഫ് ഹോപ്പിനെ ആധുനിക ഇന്ത്യയെ ചേർത്ത് കെട്ടാനുള്ള മഹത് യാത്ര എന്നായിരുന്നു മോദി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദിയെ കരുത്തനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. യോഗ പ്രചരിപ്പിക്കാൻ വേണ്ടി വലിയ ശ്രമങ്ങൾ നടത്തിയ ശ്രീഎമ്മായിരുന്നു. യോഗ കേവലം കായികവ്യായാമാണെന്ന സന്ദേശം ഉയർത്തി സിപിഐ.എം ക്യാംപയിൻ ആരംഭിച്ചപ്പോൾ ഈ പരിപാടിക്ക് കേരളത്തിലും ശ്രീ എം പിന്തുണ നൽകി. ആർഎസ്എസുമായുള്ള സമാധന ചർച്ചകൾ കൂടിയാപ്പോൾ അദ്ദേഹം ഇടതുപക്ഷത്തിന്റെ പ്രിയങ്കരനായി മാറുകയായിരുന്നു.

അടുത്ത കാലത്തായി ശ്രീ എമ്മിനെതിരെ ഏറ്റവും കൂടുതൽ വിമർശനം ഉയർന്നതും അദ്ദേഹത്തിന്റെ ഹിന്ദുത്വ-ബിജെപി അനുകൂല നിലപാടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടതും പൗരത്വ ഭേദഗതി നിയമവുമായി പ്രതിഷേധമുയർന്ന സന്ദർഭത്തിലായിരുന്നു. നിയമത്തെ കുറിച്ച് മനസ്സിലാകാത്തവരും തെറ്റിദ്ധരിക്കപ്പെട്ടവരുമാണ് സമരം ചെയ്യുന്നതെന്നും താൻ മധ്യസ്ഥതക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു 2020 ഫെബ്രുവരിയിൽ പൗരത്വ പ്രതിഷേധം ശക്തമായി നിൽക്കുന്ന സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞത്.

ഗുരുസമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ എന്ന പുസ്‌കതമാണ് ശ്രീ എമ്മിന്റെ ആത്മകഥ. വീടുവിട്ടതിനെ കുറിച്ചും ഹിമാലയത്തിൽ ഗുരുവിനെ കണ്ടതും അവിടത്തെ ആത്മീയാന്വേഷണത്തെ കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിശയോക്തി നിറഞ്ഞ പുസ്തകത്തിനെതിരെ വിമർശനവും ശക്തമാണ്. 2011ലാണ് ആത്മകഥ പുറത്തുവന്നത്. 2019ൽ പത്ഭൂഷൺ പുരസ്‌കാരം ലഭിച്ചു.

ഇപ്പോൾ ആർഎസ്എസുമായുള്ള സിപിഎമ്മിന്റെ ചർച്ചക്ക് മുൻകൈയെടുത്തപ്പോൾ നിരവധി വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ ഒര രാഷ്ട്രീയക്കാരനും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ തയ്യാറല്ല. അതിന് കാരണം അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാണ് എന്നതാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു പദയാത്ര നടത്തിയിരുന്നു. മനുഷ്യ മനസ്സുകളെ കോർത്തിണക്കലായിരുന്നു യാത്രയുടെ ലക്ഷ്യം. ഈ യാത്രയിൽ അദ്ദേഹത്തെ സ്വീകരിച്ചവരിൽ മുസ്ലിംലീഗുകാരും സംഘപരിവാറുകാരും ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിലും ദർഗ്ഗകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായിരുന്നു പദയാത്രക്കിടയിലെ അദ്ദേഹത്തിന്റെയും സഹയാത്രികരുടെയും വിശ്രമവും അന്തിയുറക്കവും. അതുകൊണ്ട് തന്നെ ഒരു സമാധാനത്തിന്റെ ദൂരതെന്ന പരിവേഷമാണ് ശ്രീ എമ്മിനുള്ളത്. മറിച്ചുള്ള ആരോപണങ്ങൾ അത്രകണ്ട് ഏൽക്കുന്നില്ലെന്നതാണ് യാഥാർഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP