പത്തനംതിട്ട: അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകിയില്ലെന്ന് ആരോപിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. കിടങ്ങന്നൂർ വല്ലന രാജവിലാസം വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54)യാണ് ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കളമശേരിയിലെ ആശുപത്രിയിൽ മരിച്ചത്.

അയൽവാസിയായ കുഞ്ഞുമോന്റെ ഇടയിലേ വീട്ടിൽ സ്റ്റോഴ്സ് എന്ന കടയുടെ മുന്നിൽ എത്തി ഇന്നലെ ഉച്ചയ്ക്ക ഒന്നേകാലോടെയാണ് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി രജനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമാിയ പൊള്ളലേറ്റ ഇവരെ നാട്ടുകാരും അയൽക്കാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 80 ശതമാനത്തിലധികം പൊള്ളലുള്ളതിനാൽ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ നിന്നുമാണ് കളമശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജർമനിയിൽ ജോലിയായിരുന്ന ത്യാഗരാജന്റെ രണ്ടാം ഭാര്യയാണ് രജനി. സാമ്പത്തികമായി ഇവർ നല്ല നിലയിലായിരുന്നു. പരിചയക്കാരും സുഹൃത്തുക്കളും വിഷമം പറയുമ്പോൾ സഹായിക്കുക എന്നത് ഇവരുടെ ശീലമാണ്. നാട്ടുകാർ നിരവധി പേർ ഇവരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട്. ദുഃഖവും ദുരിതവും പറയുന്നവരെ സഹായിക്കുന്നതിനാൽ നിരവധി പേർ ഇവരുടെ അടുത്തെത്തി വിഷമതകൾ പറഞ്ഞ് സഹായം സ്വീകരിക്കുന്ന പതിവുണ്ട്. മൂന്നു വർഷം മുൻപ് ഭർത്താവ് മരിച്ച ശേഷം മനോവിഷമത്തിലായലിരുന്നു രജനി.

്അയൽവാസിയായ കുഞ്ഞുമോന്റെ സഹോദരിയുടെ മരുമകൻ പെരിങ്ങാല സ്വദേശി സജീവ് രജനിയിൽ നിന്ന് മൂന്നു ലക്ഷം രൂപയും 35 പവൻ സ്വർണവും കടം വാങ്ങിയിരുന്നു. സജീവും ഭാര്യയും ഒരുമിച്ച് ചെന്നാണ് പണം വാങ്ങിയത്. അടുത്തിന്റെ രജനിക്ക് രക്തസമ്മർദം വർധിക്കുകയും സ്ട്രോക്ക് വരികയും ചെയ്തിരുന്നു. ഈ സമയം എൻജിനീയറിങ് വിദ്യാർത്ഥിയായ മകൻ ആരോമൽ ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് പണം കടം വാങ്ങിയാണ് ആശുപത്രി ബിൽ അടച്ചത്. സ്വത്തു വകകൾ ധാരാളമായുണ്ടെങ്കിലും ഇവരുടെ കൈവശം പണം എടുക്കാനില്ല. ആശുപത്രിയിൽ ചെലവായ തുകയ്ക്കുള്ള കടം വീട്ടുന്നതിന് വേണ്ടി രജനി സജീവിനെ സമീപിച്ച് പണവും സ്വർണവും തിരികെ ചോദിച്ചു. കുഞ്ഞുമോനെയും വിവരം അറിയിച്ചു. പല തവണ ചോദിച്ചിട്ടും പണവും സ്വർണവും തിരികെ നൽകാത്തതിന്റെ മനോവിഷമത്തിലായിരുന്നു രജനി.

സജീവാകട്ടെ വല്ലനയിൽ പല ബിസിനസുകളും ചെയ്ത് തകർന്നു പോയ ആളാണ്. എത്ര ചോദിച്ചിട്ടും ഇവർ പണം തിരികെ കൊടുക്കാനോ മറുപടി നൽകാനോ തയാറാകാതെ വന്നപ്പോഴാണ് ഇന്നലെ രജനി മണെണ്ണയുമായി കുഞ്ഞുമോന്റെ വീടിന് മുന്നിൽ ചെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാങ്ങിയത് തിരിച്ചു കൊടുക്കാത്തതിൽ മനം നൊന്താണ് താനിത് ചെയ്യുന്നത് എന്ന് രജനി കത്ത് എഴുതി വച്ചിരുന്നു. വീടിന്റെ ഭിത്തിയിൽ കൊടുക്കാനുള്ള പണത്തിന്റെ കണക്ക് പെൻസിൽ കൊണ്ട് കോറിയിട്ടിരുന്നു. രജനിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ കുഞ്ഞുമോനെയും വീട്ടുകാരെയും ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയിരുന്നു. സജീവ് നാട്ടിലില്ല എന്നാണ് അറിയുന്നത്.