- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു

കൊച്ചി: ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചെന്ന് ആരോപിച്ച് വിനോദ സഞ്ചാരികളായ രണ്ട് ഓസ്‌ട്രേലിയൻ ജൂത വനിതകൾക്കെതിരെ കേസ്. ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ പതിച്ചതാണ് ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ. ഇന്ത്യൻ എക്സ്‌പ്രസാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആരോപണവിധേയരുടെ പേരുകൾ പരാമർശിക്കുന്നില്ല. എന്നാൽ,സമൂഹത്തിൽ കലാപമുണ്ടാക്കാനായി പ്രകോപനം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയെന്ന പേരിൽ ഐപിസി 153 ാം വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ഇവരെ ജാമ്യം നൽകി വിട്ടയച്ചു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഫോർട്ട് കൊച്ചി ബോട്ട് ജെട്ടിക്കടുത്ത് എസ്‌ഐഒ സ്ഥാപിച്ച പോസ്റ്റർ വിനോദ സഞ്ചാരികൾ കീറിക്കളയുകയായിരുന്നു. ഏതാനും യുവാക്കൾ പോസ്റ്റർ കീറിയത് ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ചൂടേറിയ വാക്കേറ്റം നടന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയ ജൂത വംശജരായ സ്ത്രീകൾ കീറിയിട്ടിരിക്കുന്ന ഫലസ്തീൻ അനുകൂല പോസ്റ്ററുകൾക്കടുത്ത് നിൽക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്.
ചൊവ്വാഴ്ച എസ്‌ഐഒ മേഖലാ നേതാവ് കെ എസ് അസീം ഇരുവനിതകൾക്കും എതിരെ പരാതി നൽകി. ഫോർട്ട് കൊച്ചിക്ക് അടുത്തുള്ള ഹോം സ്‌റ്റേയിലാണ് യുവതികളിൽ ഒരാൾ താമസിക്കുന്നതെന്നും എസ്‌ഐഒ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തി.
പൊലീസ് പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എസ്‌ഐഒ പ്രവർത്തകർ ചൊവ്വാഴ്ച രാത്രി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. കേസെടുക്കാതെ പിരിഞ്ഞുപോകില്ലെന്ന് നിർബന്ധം പിടിച്ചതോടെ, അർദ്ധരാത്രിയോടെ പൊലീസ് കേസെടുക്കാൻ സമ്മതിക്കുകയായിരുന്നു. ഫോർട്ട് കൊച്ചിയിൽ ഇവർ താമസിക്കുന്ന ഹോം സ്റ്റേ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും യുവതികളെ ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്നും എസിപി കെ.ആർ. മനോജ് അറിയിച്ചു.
പുതുവർഷത്തിൽ സ്ഥാപിച്ചതാണ് ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ എന്ന് പൊലീസ് പറഞ്ഞു. ' അനുമതിയില്ലാതെയാണ് പോസ്റ്ററുകൾ പതിച്ചത്. തദ്ദേശ ഭരണ സ്ഥാപമാണ് അത്തരം അനധികൃത പോസ്റ്ററുകൾ നീക്കേണ്ടതെന്നും പൊലീസ് വ്യക്തമാക്കി.

