ബൊഗോട്ട: വിമാന അപകടത്തിൽ ആമസോൺ മഴക്കാട്ടിൽ അകപ്പെട്ടുപോയ ശേഷം 40 ദിവസത്തെ തെരച്ചിലിനൊടുവിൽ അത്ഭുതകരമായി രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയൻ പ്രസിഡന്റ്. ആശുപത്രിയിൽ കഴിയുന്ന കുട്ടികളെ കാണാൻ പ്രസിഡന്റ് ഗസ്താവോ പെട്രോയും ഭാര്യയും എത്തി. നിറയെ കളിപ്പാട്ടങ്ങളുമായാണ് പ്രസിഡന്റ് കുട്ടികളെ കാണാനെത്തിയത്.
കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ സന്ദർശനം നടത്തിയ, ഗസ്താവോ പെട്രോ രക്ഷാദൗത്യത്തിൽ പങ്കെടുത്ത സൈന്യത്തെയും സന്നദ്ധസംഘടനകളെയും അഭിനന്ദിച്ചു.

ഒന്നിച്ചു നിന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന വലിയ പാഠമാണ് രക്ഷാദൗത്യം നൽകുന്നതെന്നും സമാധാനത്തിന്റെ കൂടി സന്ദേശമായി കൊളംബിയ ഇതിനെ കാണണമെന്നും ഗസ്താവോ പെട്രോ ഓർമ്മപ്പെടുത്തി. ഒരുവയസുകാരൻ ഉൾപ്പെടെ നാലുപേരും ബൊഗോട്ട സൈനിക ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. നാലുപേരും ഇതുവരെയും ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ല. നിർജലീകരണമുണ്ടായിട്ടുള്ളതിനാൽ ദ്രവരൂപത്തിലാണ് ആഹാരം.

പ്രാണികളും ചെറുജീവികളും കടിച്ചുണ്ടായ പാടുകളല്ലാതെ കുട്ടികൾക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ വായിക്കാൻ പുസ്തകങ്ങൾ ആവശ്യപ്പെട്ടു. 12 വയസുള്ള ലെസ്ലി എന്ന മുതിർന്ന കുട്ടിയാണ് 40 ദിവസവും സഹോദരങ്ങളെ സുരക്ഷിതരാക്കി സൂക്ഷിച്ചതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.

തദ്ദേശീയരായ കുട്ടികൾക്ക് കാടിനെ കുറിച്ചുള്ള അറിവാണ് അതിജീവനത്തിന് സഹായിച്ചതെന്ന്‌റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിത്തുകളും വേരുകളും കായ്കനികളും ഇലകളും കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തിയത് എന്ന് നാഷണൽ ഓർഗനൈസേഷൻ ഓഫ് ഇൻഡിജീനസ് പീപ്പിൾസ് ഓഫ് കൊളംബിയ (ഒപിഐഎസി) വ്യക്തമാക്കി. കാട്ടിൽ സുലഭമായി കാണുന്ന കായ്ക്കനികളിലും വേരുകളിലും ഇലകളിലും ഭക്ഷ്യയോഗ്യമായവ ഏതെന്ന ഇവരുടെ അറിവാണ് അതിജീവനം സാധ്യമാക്കിയത്.

ഗർഭാവസ്ഥയിലിരിക്കുമ്പോൾ മുതൽ മാതാപിതാക്കളിൽ നിന്ന് പ്രകൃതിയെ കുറിച്ച് ലഭിച്ച വിവരങ്ങളാണ് പ്രതികൂല സാഹചര്യങ്ങളോട് പൊരുതാൻ ഇവർക്ക് കരുത്തുപകർന്നത്. മാതാപിതാക്കളിൽ നിന്ന് പകർന്നുകിട്ടിയ അറിവ് ഇവർക്ക് പ്രകൃതിയെ കുറിച്ച് മനസിലാക്കാൻ സഹായകമായി. ഇതാണ് ഇവരുടെ അതിജീവനത്തിന്റെ രഹസ്യമെന്നും ഒപിഐഎസി പറയുന്നു.

കഴിഞ്ഞ മെയ് ഒന്നിനാണ് കൊളംബിയൻ ആമസോൺ മേഖലയിൽപ്പെടുന്ന ഹ്യുട്ടോട്ടോയ് ഗോത്ര വിഭാഗത്തിൽ നിന്ന് 33 കാരിയായ മഗ്‌ദെലന മുകൂട്ടോയിയും നാലുമക്കളും അരാരക്കുരയിൽ നിന്ന് സാൻ ജോസിലേക്ക് യാത്ര തിരിക്കുന്നത്. 11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റിൻ, ടിൻ നൊറിൽ എന്ന നാലുവയസുകാരൻ, സോളേമി എന്ന ഒൻപതുകാരൻ, പതിമൂന്നുകാരൻ ലെസ്ലി എന്നിവരാണ് രക്ഷപ്പെട്ടത്.

അരാരക്കുരയിൽ നിന്ന് പുറപ്പെട്ട സെസ്‌ന 206 വിമാനത്തിൽ ഇവർ അഞ്ചുപേരും പൈലറ്റും കോപൈലറ്റുമടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്. യാത്ര 350 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും എൻജിൻ തകരാർ എന്ന പൈലറ്റിന്റെ മുന്നറിയിപ്പ് വന്നു. തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്നു തന്നെ അപ്രത്യക്ഷമായി. വിമാനത്തിൽ നിന്നുള്ള വിവരങ്ങളും നിലച്ചു.

തുടർന്ന് അന്വേഷണങ്ങൾക്ക് ഒടുവിൽ ആമസോൺ വനത്തിനുള്ളിൽ വിമാനം തകർന്നുവീണു എന്ന വിവരം ലഭിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുട്ടികളുടെ അമ്മയും പൈലറ്റും കോ പെലറ്റും മരിച്ചു. കാണാതായ നാലുകുട്ടികൾക്ക് വേണ്ടി നടത്തിയ ആഴ്ചകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കഴിഞ്ഞദിവസമാണ് സന്തോഷ വാർത്ത പുറത്തുവന്നത്.

തകർന്ന വിമാനത്തിൽ നിന്ന് ലഭിച്ച മരച്ചീനി പൊടിയും കുട്ടികൾക്ക് തിരച്ചിലിനായി നിയോഗിക്കപ്പെട്ട ഹെലികോപ്റ്ററുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊടുത്ത ഭക്ഷണപൊതികളും കുട്ടികളുടെ അതിജീവനത്തിന് സഹായകമായി. ഇതിന് പുറമേയാണ് കാടിനെ കുറിച്ച് അറിവുള്ള കുട്ടികൾ ഭക്ഷ്യയോഗ്യമായ വിത്തുകളും കായ്ക്കനികളും വേരുകളും ഇലകളും കണ്ടെത്തി ജീവൻ നിലനിർത്തിയതെന്നും ഒപിഐഎസി പറയുന്നു.

മെയ് 16-ന് സൈന്യത്തിന്റെ നായയാണ് കുഞ്ഞിന്റെ ഫീഡിങ് ബോട്ടിൽ അപകടസ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തുന്നത്. ഇവിടെനിന്ന് 2.5 കിലോമീറ്റർ അകലെ മരങ്ങൾക്കിടയിൽനിന്ന് ഒരുജോഡി ഷൂസും ടവ്വലും സൈന്യവും കണ്ടെത്തി. ഇതോടെ അപകടത്തിൽ ആരെങ്കിലും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് സൈന്യം തിരിച്ചറിഞ്ഞു.

തുടർന്നാണ് സൈനികജനറൽ പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തിൽ 160 സൈനികർ ചേർന്ന് ഓപ്പറേഷൻ ഹോപ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ ഡസൻകണക്കിന് ഗോത്രവിഭാഗക്കാരായ തദ്ദേശവാസികൾ തിരച്ചിലിൽ സൈന്യത്തോടൊപ്പം ചേർന്നു. പിന്നീട് അത് 200 പേരായി. ഗോത്രവർഗത്തിൽപ്പെടുന്ന ഇവർക്ക് കാടിന്റെ നേരിയ ചലനങ്ങൾപോലും അതിവേഗം തിരിച്ചറിയാമെന്നത് തിരച്ചിലിൽ മുതൽക്കൂട്ടായി. ബെൽജിയം മലിനഴ്സ് ഇനത്തിൽപ്പെട്ട 16 ശ്വാനവീരന്മാരും തിരച്ചിലിൽ സേനയുടെ കരുത്തായി.

പുലി, വിഷപ്പാമ്പുകൾ തുടങ്ങിയ വന്യജീവികളും നിർത്താതെപെയ്യുന്ന മഴയും കാറ്റും രക്ഷാദൗത്യത്തെ ബാധിച്ചു. സായുധരായ മയക്കുമരുന്നു കള്ളക്കടത്തുകാരുടെ കേന്ദ്രമാണ് കുട്ടികളകപ്പെട്ട പ്രദേശം. അവിടങ്ങളിലെ സായുധസംഘത്തിന്റെ സാന്നിധ്യവും തിരച്ചിൽ നടത്തുന്നവർക്ക് വെല്ലുവിളിയായി. ചിലയിടങ്ങളിൽ മയക്കുമരുന്ന് മാഫിയകളുടെയും ഗറില്ലകളുടെയും ഒളിസങ്കേതങ്ങൾ സൈനികർ തിരച്ചിലിനിടയിൽ കണ്ടെത്തി. കുട്ടികൾ ഇവരുടെ കൈയിലകപ്പെട്ടിരിക്കുമോയെന്ന ആശങ്കയ്ക്ക് ഇതിടയാക്കി.

കുട്ടികൾ ജീവനോടെയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുപേർ ദൗത്യം അവസാനിപ്പിച്ച് മടങ്ങി.എന്നാൽ, സൈനിക ജനറലിന്റെ നിശ്ചയദാർഢ്യവും വിശ്വാസവുമാണ് അവസാനിപ്പിക്കാൻപോയ തിരച്ചിൽ വീണ്ടും മുന്നോട്ടുകൊണ്ടുപോയത്.ദിവസങ്ങളോളം കുട്ടികളെ കണ്ടെത്താനാകാത്തത് ഇവർ കാട്ടിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന അനുമാനത്തിൽ സൈന്യത്തെ എത്തിച്ചു. ഇതോടെ, വ്യോമസേന കൂടുതൽ സജ്ജമായി. സംശയം തോന്നുന്നയിടങ്ങളിലെല്ലാം ഹെലികോപ്റ്ററിൽനിന്നും വിമാനത്തിൽനിന്നും സ്പാനിഷിലും തദ്ദേശഭാഷയിലുമുള്ള പതിനായിരത്തിലധികം നിർദേശങ്ങൾ പറത്തിവിട്ടു.

കുട്ടികളോട് കാട്ടിലൂടെ സഞ്ചരിക്കരുതെന്നും ഒരിടത്തുതന്നെ തുടരണമെന്നുമാവശ്യപ്പെടുന്ന സന്ദേശങ്ങളായിരുന്നു അത്. മൃഗങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും അതിജീവനത്തിനുള്ള വഴികളും അതിൽ കുറിച്ചു. ഭക്ഷണം, കുടിവെള്ളം, എന്നിവയടങ്ങിയ പാർസലുകൾ കാട്ടിൽ പലയിടങ്ങളിലുമായി ഇടുകയും ചെയ്തു.

അപകടം നടന്ന് നാൽപതാം ദിനമാണ് കൊളംബിയൻ സൈന്യവും സന്നദ്ധ സംഘങ്ങളും നടത്തിയ തെരച്ചിൽ ലക്ഷ്യം കണ്ടത്. ഒരു വയസുള്ള ക്രിസ്റ്റിനെ മാറോടടക്കി പിടിച്ചിരിക്കുന്ന മൂത്ത കുട്ടി ലെസ്ലിയുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കും. ലെസ്ലിയുടെ ഈ കരുതലും കാടുമായുള്ള പഴക്കവുമാണ് നാല് പേരെയും 40 ദിവസം അതിജീവിക്കാൻ സഹായിച്ചത്.

വിമാനം തകർന്നതും, അമ്മ നഷ്ടപ്പെട്ടതും മുതൽ നാൽപതു ദിവസം സഹായമില്ലാതെ കാട്ടിൽ കഴിയേണ്ടിവന്നതുൾപ്പെടെ തുടർച്ചയായി ഉണ്ടായ ആഘാതത്തിൽനിന്ന് ഇവരെ മുക്തരാക്കാൻ വേണ്ട മാനസിക പിന്തുണയും കുട്ടികൾക്ക് നൽകും.