Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ഗതാഗത വകുപ്പിനെന്തെങ്കിലും കുഴപ്പമുണ്ടോ? നീല ലോഹിത ദാസൻ നാടാരും ഗണേശ് കുമാറും ജോസ് തെറ്റയിലും എകെ ശശീന്ദ്രനും പുറത്തായത് 'വീക്നെസ്' ആരോപണം നേരിട്ട്; തോമസ് ചാണ്ടിക്ക് കുരുക്കായത് കൈയേറ്റത്തിലെ ഏഷ്യാനെറ്റിന്റെ യോർക്കർ; സീറ്റുറയ്ക്കാതെ ഗതാഗത വകുപ്പിൽ നിന്നും പടിയിറങ്ങുന്നത് ഒൻപതാമൻ

ഈ ഗതാഗത വകുപ്പിനെന്തെങ്കിലും കുഴപ്പമുണ്ടോ? നീല ലോഹിത ദാസൻ നാടാരും ഗണേശ് കുമാറും ജോസ് തെറ്റയിലും എകെ ശശീന്ദ്രനും പുറത്തായത് 'വീക്നെസ്' ആരോപണം നേരിട്ട്; തോമസ് ചാണ്ടിക്ക് കുരുക്കായത് കൈയേറ്റത്തിലെ ഏഷ്യാനെറ്റിന്റെ യോർക്കർ; സീറ്റുറയ്ക്കാതെ ഗതാഗത വകുപ്പിൽ നിന്നും പടിയിറങ്ങുന്നത് ഒൻപതാമൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാം വിക്കറ്റിനെ സംരക്ഷിക്കാൻ ആവുന്നതെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്തു. ഒന്നരക്കൊല്ലത്തിനിടെ മൂന്നാമന്റെ രാജി പിണറായി വിജയന് ഒരിക്കലും താങ്ങാനാവുന്നതായിരുന്നില്ല. പക്ഷേ ഒടുവിൽ അതും സംഭവിച്ചു. ഗതാഗതമന്ത്രി സ്ഥാനത്ത് നിന്ന് തോമസ് ചാണ്ടിയും രാജിവച്ചു. ഇവിടെ സ്ത്രീവിഷയം പരോക്ഷമായി ഉയരുന്നില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. പക്ഷേ കിളിരൂരിൽ ചില ആരോപണങ്ങൾ തോമസ് ചാണ്ടിക്കെതിരേയും ചർച്ചയാകുന്നു. സിഡി കഥകൾ ഉയർന്നു കേൾക്കുന്നു. അങ്ങനെ എകെ ശശീന്ദ്രന് പകരം എൻസിപി പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടിയും ഔട്ട്.

ഏഷ്യാനെറ്റിന്റെ ലക്ഷ്യം തെറ്റാതെയുള്ള യോർക്കറുകളാണ് തോമസ് ചാണ്ടിയെ കുടുക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ രാജിവയ്ക്കുന്ന അഞ്ചാമത്ത ഗതാഗത മന്ത്രിയാണ് കുട്ടനാട്ടിലെ ജനപ്രതിനിധി. നാലു ഗതാഗത മന്ത്രിമാർ സ്ത്രീവിഷയ പ്രശ്നങ്ങളിൽ ുപെട്ടായിരുന്നു രാജിവച്ചത്. എന്നാൽ തോമസ് ചാണ്ടിക്ക് അഴിമതിയും സിഡി കഥകളും. ഇവിടെ അധികാരം ഉറപ്പിക്കാൻ തോമസ് ചാണ്ടി സിഡി ഉപയോഗിച്ചുവെന്നാണ് ആരോപണം. കളിരൂരിലെ വിവാദ പുരുഷനെ മന്ത്രിയാക്കുന്നത് പലരും ചോദ്യം ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയും സിപിഎമ്മും ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു. എന്നും വിവാദങ്ങളിലൂടെ സഞ്ചരിച്ച തോമസ് ചാണ്ടിയെ മന്ത്രിയാക്കുമ്പോൾ പലരും ഭയന്നത് ഒടുവിൽ സംഭവിച്ചു.

സീറ്റുറയ്ക്കാതെ ഗതാഗതമന്ത്രിമാർ
അരനൂറ്റാണ്ടിനിടെ രാജിവച്ചത് ഒൻപത് മന്ത്രിമാർ

  • ആർ.ബാലകൃഷ്ണപിള്ള (കേരള കോൺഗ്രസ്) 1976 ജൂൺ 25
    ലോക്‌സഭാംഗമായ പിള്ളയ്ക്ക് നിയമസഭാംഗമാകാൻ കഴിയാത്തതിനാൽ അച്യുതമേനോൻ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
  • കെ.കെ.ബാലകൃഷ്ണൻ (കോൺഗ്രസ്) 1983 ഓഗസ്റ്റ് 29
    കരുണാകരൻ മന്ത്രിസഭയിൽ കോൺഗ്രസ് മന്ത്രിമാരെ മാറ്റി നിയമിച്ചപ്പോൾ.
  • ആർ ബാലകൃഷ്ണ പിള്ള (കേരള കോൺഗ്രസ് ബി) 1995 ജൂലൈ 28
    ഇടമലയാർ കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു പ്രത്യേക കോടതി കണ്ടെത്തിയതിനെ തുടർന്ന് ആന്റണി മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
  • പി.ആർ.കുറുപ്പ് (ജനതാദൾ) 1999 ജനുവരി 11
    ജനതാദളിലെ ആഭ്യന്തര പ്രശ്‌നം കാരണം നായനാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
  • എ.നീലലോഹിതദാസൻ നാടാർ (ജനതാദൾ) 2000 ഫെബ്രുവരി 12
    മന്ത്രി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗതാഗത സെക്രട്ടറി നളിനി നെറ്റോയുടെ പരാതിയെ തുടർന്നു നായനാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
  • കെ.ബി.ഗണേശ്കുമാർ (കേരള കോൺഗ്രസ് ബി) 2003 മാർച്ച് പത്ത്
    ഗ്രാഫൈറ്റ് കേസിൽ കുറ്റവിമുക്തനായ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നൽകാൻ ആന്റണി മന്ത്രിസഭാംഗമായ ഗണേശ് രാജി നൽകി.
  • മാത്യു ടി.തോമസ് (ജനതാദൾ എസ്) 2009 മാർച്ച് 20
    ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജനതാദളിനു നിഷേധിച്ചതിൽ പ്രതിഷേധിച്ച് അച്യുതാനന്ദൻ മന്ത്രിസഭയിൽ നിന്നു രാജിവച്ചു.
  • എ.കെ.ശശീന്ദ്രൻ (എൻസിപി) 2017 മാർച്ച് 26
    ഫോണിൽ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന വിവാദത്തെ തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്ന് രാജി.
  • തോമസ് ചാണ്ടി(എൻസിപി) 2017 നവംബർ 11
    കൈയേറ്റ ആരോപണത്തിലെ ഹൈക്കോടതി പരമാർശത്തെ തുടർന്ന് രാജി

പിണറായി സർക്കാരിലെ ആദ്യ രാജി ബന്ധുത്വ നിയമന വിവാദത്തിൽ ഇപി ജയരാജന്റേതായിരുന്നു. പിന്നീട് ഹണിട്രാപ്പിലെ സ്ത്രീ വിഷയത്തിൽ എകെ ശശീന്ദ്രനും രാജി വച്ചു. ജനതാദൾ നേതാവ് നീല ലോഹിതദാസൻ നാടാരും മുമ്പ് ഇടതുപാളയത്തിൽ ഇരിക്കുമ്പോൾ പിജെ ജോസഫും സ്ത്രീവിഷയ ആരോപണങ്ങൾ ഉയർന്നപ്പോഴാണ് മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നീട് ജോസഫ് യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറി. ഇത്തരത്തിൽ രാജിവച്ച ഗതാഗത മന്ത്രിമാരുടെ കണക്കെടുത്താൽ സ്ഥാനം നഷ്ടപ്പെടുന്ന നാലാമനായിരുന്നു ശശീന്ദ്രൻ. നാടാരും കെബി ഗണേശ്കുമാറും ജോസ് തെറ്റയിലുമാണ് മുമ്പ് ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി സ്ഥാനമൊഴിഞ്ഞ മന്ത്രിമാർ.

ഇ.കെ. നായനാർ മന്ത്രി സഭയിൽ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് നീലലോഹിതദാസൻ നാടാർ വിവാദത്തിൽപ്പെടുന്നത്. 1999ൽ ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു നാടാർക്ക് എതിരായ ആരോപണം. ജനതാദളിനെ പ്രതിനിധീകരിച്ചിരുന്ന നാടാൻ നിയമസഭാ മന്ദിരത്തിലെ ചേംബറിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നെറ്റോയുടെ പരാതി.ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന വിളിപ്പിച്ച മന്ത്രി തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ഇപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നെറ്റോ പരാതിപ്പെട്ടതിനെ തുടർന്ന് നാടാർ രാജിവെയ്ക്കുകയായിരുന്നു. പിന്നീട് നെറ്റോ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി.

കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫാണ് പിന്നീട് ഇതേ കാരണത്താൽ രാജിവെച്ചൊഴിഞ്ഞ എൽഡിഎഫ് മന്ത്രി. വി എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് അദ്ദേഹം വിവാദത്തിൽ കുടുങ്ങിയത്. ചെന്നൈ- കൊച്ചി വിമാനത്തിൽ 2006 ഓഗസ്റ്റ് 3ന് യാത്ര ചെയ്യുമ്പോൾ ലക്ഷ്മി ഗോപകുമാർ എന്ന സ്ത്രീയോട് മോശമായി പെരുമാറി എന്നതായിരുന്നു പി.ജെ. ജോസഫിനെതിരായ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസ് പി.ജെ. ജോസഫിനെതിരെ സ്ത്രീ പീഡനകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദന്റെ നിർദ്ദേശ പ്രകാരം ബി.സന്ധ്യ ഐ.പി.എസ് കേസന്വേഷിച്ച് 2006 ആഗസ്റ്റിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രശ്‌നം വിവാദമായതിനെത്തുടർന്ന് 2006 നവംബർ 4ന് പി.ജെ. ജോസഫിന് മന്ത്രിസഭയിൽ നിന്നും രാജി വെക്കേണ്ടതായി വന്നു. എന്നാൽ ഇരുവരേയും കോടതി കുറ്റവിമുക്തരാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം.

നാടാർക്ക് ആദ്യം കീഴ്‌ക്കോടതി മൂന്നുമാസം തടവും പിഴയും ചുമത്തിയെങ്കിലും അഡീഷണൽ സെഷൻസ് കോർട്ട് കുറ്റവിമുക്തമാക്കുകയായിരുന്നു. സമാനമായ അവസ്ഥയായിരുന്നു പി.ജെ.ജോസഫിന്റെ കാര്യത്തിലും സംഭവിച്ചത്. 1964ൽ ആഭ്യന്തര- റവന്യു മന്ത്രിയായിരുന്ന പി.ടി ചാക്കോയാണ് ഇതേ വിവാദത്തിൽ രാജിവെച്ച ആദ്യ മന്ത്രി. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, കെ.ബി. ഗണേശ് കുമാർ എന്നിവരും സമാനമായ ആരോപണങ്ങളുടെ പേരിലാണ് രാജിവയ്ക്കേണ്ടി വന്നത്. ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയിലിനും പിന്നീട് ലൈംഗിക ആരോപണം നേരിടേണ്ടിവന്നു. ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും ആയതുമില്ല. ഇത്തരത്തിൽ ശശീന്ദ്രൻ രാജിവച്ചതോടെ ഈ മുൻകാല വിഷയങ്ങളെല്ലാം സജീവ ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ.

ഐസ്‌ക്രീംപാർലർ പെൺവാണിഭ കേസുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സരിത എസ് നായരുടെ വെളിപ്പെടുത്തൽ പ്രകാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിരവധി യുഡിഎഫ് നേതാക്കൾക്കെതിരെ പരക്കെ ലൈംഗിക അപവാദങ്ങൾ ഉയർന്നെങ്കിലും ആരും രാജിവച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP